മീനെത്തും രാവുകൾ


കെ.പി. ഷൗക്കത്തലി shouk.786@gmail.com

3 min read
Read later
Print
Share

ബ്രിട്ടീഷുകാരുടെ കാലത്തോളം പഴക്കമുണ്ട്‌ കോഴിക്കോട്ടെ സെൻട്രൽ മാർക്കറ്റിന്‌. ഒരുകാലത്ത്‌ പല ജില്ലകളിലേക്കും മത്സ്യം കൊണ്ടുപോയത്‌ ഇവിടെനിന്നായിരുന്നു. അത്‌ മാറിയെങ്കിലും ഇപ്പോഴും പുലർകാലങ്ങളിൽ തിരക്കിന്റെ പൂരമാണ്‌. മാർക്കറ്റിന്റെ പലതരം കാഴ്ചകളിലൂടെ...

രാത്രി പത്തുമണിയോടെയാണ് അവസാനത്തെ മീന്‍വില്‍പ്പനക്കാരനും സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്ന് മടങ്ങിയത്. പക്ഷേ, രണ്ട് മണിക്കൂര്‍ ഇടവേളയേ ഉണ്ടായുള്ളൂ. പന്ത്രണ്ടു മണിയോടെ ആന്ധ്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമൊക്കെ മീനുകളുമായി കണ്ടെയ്‌നറുകളെത്തിത്തുടങ്ങിയിരുന്നു. എലികളുടെ കൂട്ടയോട്ടവും മാര്‍ക്കറ്റിന്റെ ഗന്ധവും പ്രശ്നമല്ലാതെ സുഖസുഷുപ്തിയിലാണ്ടവരും ലോറികള്‍ക്ക് നല്ല കന്നടയിലും തെലുങ്കിലും ഗതി പറഞ്ഞുകൊടുക്കുന്ന ഇതരസംസ്ഥാനക്കാരായ ലോറിജീവനക്കാരും മാത്രമാണ് അവിടെയുണ്ടായിരുന്നത്. പക്ഷേ, പതികാലത്തില്‍ കൊട്ടിത്തുടങ്ങിയ ചെണ്ടമേളം പോലെ പതുക്കെപ്പതുക്കെ കൊട്ടുമുറുകി ആവേശത്തിന്റെ പെരുമ്പറയായി തീരുന്നതുപോലെയാണ് മാര്‍ക്കറ്റ് സജീവമായിത്തുടങ്ങിയത്. മീനിറക്കിവെക്കുന്ന ഒന്നോ രണ്ടോ തൊഴിലാളികളെയേ ആദ്യം കണ്ടുള്ളൂ. പക്ഷേ, പുലര്‍ച്ചെ ഒന്നരയോടടുത്തപ്പോള്‍ തന്നെ മാര്‍ക്കറ്റില്‍ മീന്‍പെട്ടികള്‍ നിറഞ്ഞുതുടങ്ങി. അധികം ഇടവേളകളില്ലാതെ വണ്ടികളുടെ വരവായി പിന്നെ. മംഗലാപുരത്തുനിന്ന് ഗോവവരെയുള്ള തുറമുഖങ്ങളില്‍നിന്നുള്ള മീനുകളുണ്ട് ആ ലോറികളില്‍. കണയനും മാന്തളുമാണ് അവിടെ നിന്നെത്തിയത്. അതുകഴിഞ്ഞാണ് തമിഴ്‌നാട്ടില്‍ നിന്നും കൊല്ലത്തു നിന്നും ചേറ്റുവയില്‍ നിന്നുമൊക്കെ ആവിപറക്കുന്ന പെട്ടിയിലാക്കി നല്ല തിളങ്ങ്ണ മത്തിയും അയലയുമൊക്കെ എത്തിയത്. മൂന്നരയോടടുത്തതോടെ കാഴ്ചകള്‍ മാറിത്തുടങ്ങി. ഹോള്‍സെയില്‍ കച്ചവടക്കാരുടെ വരവായി. നിരത്തിവെച്ച ബോക്സുകള്‍ തുറന്ന് ടോര്‍ച്ചടിച്ച് ഓരോ പെട്ടിയില്‍നിന്നും മീനെടുത്ത് അതിന്റെ ഗുണമേന്‍മ സ്വയമുറപ്പുവരുത്തുന്നുണ്ട്. അതിനിടെ മൊത്ത വ്യാപാരിയായ നജീബിന്റെ ഫോണുകള്‍ തുരുതുരാ ശബ്ദിച്ചുകൊണ്ടിരുന്നു. എന്തൊക്കെ മീനാണെന്ന് തേടിയുള്ള അന്വേഷണങ്ങളാണ്. ‘‘ചൂടയുണ്ട്, കണയനുണ്ട് മാന്തയുണ്ട്’’ എന്നു പറഞ്ഞു തീര്‍ന്ന് തൊട്ടുപിന്നാലെ തന്നെ അടുത്ത ഫോണ്‍കോളായി. സംശയങ്ങള്‍ ചോദിച്ച ഞങ്ങളോട് ‘‘ഒരു മിനിറ്റേ’’ എന്നു പറഞ്ഞെങ്കിലും ഫോണ്‍വിളികൾ നീണ്ടു. ഒപ്പമുണ്ടായിരുന്ന മാര്‍ക്കറ്റിലെ ഏറ്റവും മുതിര്‍ന്ന കച്ചവടക്കാരിലൊരാളായ ഹസ്സന്‍ ഹാജിയാണ് പിന്നീട് കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതൊന്നും ഒരു തിരക്കല്ല എന്നാണ് ഹസ്സന്‍ ഹാജി പറയുന്നത്. പണ്ടൊക്കെ രാത്രി എട്ടുമണിക്കുതന്നെ പിറ്റേദിവസത്തേക്കുള്ള കച്ചവടം തുടങ്ങും. കുന്ദംകുളത്തേക്കുവരെ ഇവിടെനിന്നാണ് മീന്‍ കൊണ്ടുപോയിരുന്നത്. തിരൂര്‍, കുന്ദംകുളം, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ നിന്നൊക്കെ രാത്രി എട്ടുമണിക്ക് തന്നെ കച്ചവടക്കാര്‍ എത്തും. ഇവിടെ രാത്രി തങ്ങിയാണ് മീനുമായി മടങ്ങുക. കച്ചവടം അന്നത്തേതില്‍ നിന്ന് നാലിലൊന്നായി കുറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. സംസാരം തുടര്‍ന്ന് നാലുമണി കഴിഞ്ഞു. മാര്‍ക്കറ്റിന്റെ കാഴ്ചകള്‍ തന്നെ മൊത്തം മാറി. ഐസിന്റെ ചീളുകള്‍ ചിതറിത്തെറിക്കുന്ന യന്ത്രത്തിന്റെ മുരള്‍ച്ചയ്ക്കൊപ്പം മാര്‍ക്കറ്റ് ശബ്ദ കോലാഹലങ്ങളിലേക്ക് നീങ്ങി. ഒരുഭാഗത്ത് പലയിടത്തുനിന്നായി എത്തുന്ന കണ്ടെയ്‌നറില്‍ നിന്ന് മീനിറക്കുന്നവര്‍. അതിനുശേഷം കച്ചവടശേഷം ഉറപ്പിച്ച് നാലുഭാഗത്തുകൂടെയും തണുത്ത വെള്ളം കുതിച്ചു ചാടുന്ന പെട്ടിയില്‍ മീനുമെടുത്തു ലോറികളിലേക്ക് ഓടുന്നവര്‍. അയലതരാം, മാന്തതരാം, മത്തിതരാം എന്നിങ്ങനെ ബഹളങ്ങള്‍ വേറെയും. കിലോയ്ക്ക് 30 മുതല്‍ പെട്ടിക്ക്‌ ആയിരം കണക്കുകളുടെ കളികളായി. ഫോണിലൂടെയുള്ള കച്ചവടം നേരിട്ടുള്ള വിലപേലശലിനു മാറി.

അയല, മത്തി, മാന്ത, തല

പുലര്‍ച്ചെ നാലേമുക്കാലായപ്പോഴേക്കും അന്‍പത് കണ്ടെയ്‌നര്‍ ലോറികളെങ്കിലും മീനുമായെത്തിയിട്ടുണ്ടാവും. കോര്‍ട്ട് റോഡില്‍ കോടതി മുതല്‍ രണ്ടാംഗെയിറ്റിനടുത്ത് വരെയും കെ.പി. കേശവമേനോന്‍ റോഡില്‍ ടൗണ്‍സ്റ്റേഷന്‍വരെയും മീനെടുക്കാനെത്തിയ വാഹനങ്ങളും മറ്റുലോറികളും നിറഞ്ഞു. അതിനിടയിലൂടെ ട്രോളിയില്‍ മീന്‍പെട്ടി ഉന്തിക്കാണ്ടുപോവുന്നവരും പെട്ടി തിലയിലെടുത്തോടുന്നവരെയും കാണാം. അയല മത്തി, മാന്ത വിളികള്‍ക്കിടെ തന്നെ നിന്നായി തല, തല എന്ന വിളികളുയരുന്നുണ്ട്. ആദ്യം കരുതിയത് അയക്കൂറത്തല വില്‍പ്പനയാണെന്നാണ്‌. പിന്നീടാണ് മനസ്സിലായത് മീന്‍തലയല്ല. മീന്‍പെട്ടിയെടുക്കുന്ന ചുമട്ടുതൊഴിലാളികളോട് വരാന്‍ ആവശ്യപ്പെട്ടുള്ള വിളിയാണെന്ന്. അതുകൊണ്ടുതന്നെ തല എന്ന് വിളിക്കുമ്പോള്‍ തലയില്‍ വട്ടത്തൊപ്പിയുമണിഞ്ഞ് വിളികേട്ട ഭാഗത്തേക്ക് അവര്‍ ഓടിയെത്തുന്നുണ്ട്. അരീക്കോട്, കൊയിലാണ്ടി, വടകര എന്ന് മാത്രമേ പറഞ്ഞുകൊടുക്കുന്നുള്ളൂ. കൃത്യമായി ആ വാഹനങ്ങളില്‍ മീനെത്തിച്ച് അവര്‍ അടുത്ത വിളിക്കായി പിന്നീട് വീണ്ടും ഓടിയെത്തുന്നു. ഇവര്‍ പോവുന്ന ഭാഗത്തുനിന്ന് മാറിനിന്നില്ലെങ്കില്‍ മീന്‍വെള്ളത്തില്‍ കുളിക്കും. നാലുഭാഗത്തുകൂടെയും വെള്ളം കുതിച്ചു ചാടുന്നുണ്ട്. പെട്ടിയുമായി ഓടുന്നതിനിടെ ആദ്യത്തെ പെട്ടിയെടുത്തതിന്റെ കൂലി പോക്കറ്റില്‍ ഇട്ടുകൊടുക്കുന്നുമുണ്ടായിരുന്നു. അതു വാങ്ങാനിടയില്ലാതെ അടുത്ത വിളിക്ക് മറുപടിയായി നിലയ്ക്കാത്ത ഓട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു.

ആപ്പിള്‍ മാന്ത ഇന്ത്യന്‍ ചോക്ലേറ്റ്

കച്ചവടക്കാരെ ആകര്‍ഷിക്കുന്ന രീതികണ്ടാല്‍ തോന്നും ഇവിടെ മീന്‍ മാത്രമല്ല. ആപ്പിളും ചോക്ലേറ്റുമൊക്കെ വില്‍ക്കുന്നുണ്ടെന്ന്. കച്ചവടത്തിന്റെ വാശികൂടിയപ്പോള്‍ മാന്തളിനെ സൂപ്പര്‍ മാന്തയാക്കി. അതുകേട്ട് അടുത്തയാള്‍ ആവേശം അല്പമൊന്നുകൂടെ കൂട്ടി. ആപ്പിള്‍ മാന്തയാക്കി. തൊട്ടപ്പുറത്ത് നില്‍ക്കുന്ന മാന്തള്‍ വില്‍പ്പനക്കാരന്‍ കുറച്ച് കടന്ന കൈ പരീക്ഷിച്ചു. അയാള്‍ ഇന്ത്യന്‍ ചോക്ലേറ്റ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഇതിനിടെതന്നെ എന്താണ് മീനുള്ളതെന്ന് അപ്പോള്‍ കയറിവന്ന ഒരു കച്ചവടക്കാരന്റെ ചോദ്യത്തിനുള്ള മറുപടി കളിക്കാനും കുളിക്കാനും മീനുണ്ടെന്നായിരുന്നു. മീനുകളുടെ വിശേഷണങ്ങള്‍ കച്ചവടം തീരുന്നത് വരെ തുടര്‍ന്നു. വളവ് നിവരാത്ത അയല. ഒന്നല്ല... ഒന്നര അയല, തറവാട്ടില്‍ പിറന്ന മത്തി അങ്ങനെ പലതരം. മീന്‍ നല്ലതാണോ എന്ന ചോദ്യത്തിനും മറുപടികൃത്യം. തൊട്ടുനോക്കി വിലപറഞ്ഞാല്‍ മതിയെന്നായി കച്ചവടക്കാരന്‍. അതോടെ ടോര്‍ച്ചടിച്ച് മീന്‍ എടുത്തുനോക്കി തൊട്ടപ്പുറത്ത് നില്‍ക്കുന്നയാളോടും ആയാള്‍ വിലപേശി. എട്ടുമണികഴിഞ്ഞപ്പോഴാണ് മാര്‍ക്കറ്റില്‍ കച്ചവടത്തിരക്കൊഴിഞ്ഞ് നേരത്തേ മൊത്തക്കച്ചവടക്കാരായിരുന്ന പലരും പിന്നെ ചെറുകിടക്കാരായിമാറിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram