തിരുനെറ്റിത്തടത്തിൽ


By ജ്യോതിലാൽ

3 min read
Read later
Print
Share

മലമടക്കുകളിലെ ചോലവനങ്ങളുടെ കടുംപച്ചയും പുൽമേടുകളുടെ

കോഴിക്കോട് കണ്ണൂർ തളിപ്പറമ്പ് കരുവഞ്ചാൽ ആലക്കോട് ഉദയഗിരിവഴി ജോസ്ഗിരിക്ക് 150 കിലോമീറ്ററാണ് ദൂരം. ജോസ്ഗിരിക്കടുത്തുള്ള തിരുനെറ്റിക്കുള്ള യാത്രയാണിത്. തീവണ്ടിമാർഗം പോവുകയാണെങ്കിൽ പയ്യന്നൂർ ഇറങ്ങി ചെറുപുഴ വഴി ബസിനും പോവാം. അങ്ങനെയായിരുന്നു ഈ യാത്ര.
ചെറുപുഴ പഞ്ചായത്തിൽ പുളിങ്ങോം കോഴിച്ചാൽ കഴിഞ്ഞ് ജോസ്ഗിരിയിലേക്കുള്ള റോഡിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് മരുതംതട്ടിലേക്കായിരുന്നു ആദ്യം പോയത്. വഴി മോശമാണ്. കയറ്റത്തിനൊപ്പം കുണ്ടും കുഴിയും. പോകുംവഴി താഴോട്ട് നോക്കിയാൽ കുടകുവനങ്ങളുടെയും കേരളഗ്രാമങ്ങളുടെയും മലനിരകളുടെയും ചേതോഹരമായ കാഴ്ച. അവിടെയൊരു ഹോംസ്റ്റേയിൽ അന്തിയുറങ്ങിയാണ് യാത്ര പ്ളാൻ ചെയ്തത്.
മരുതംതട്ടിനടുത്ത് കാണാൻ കമ്മാളിക്കൈ എന്നൊരു ഗുഹയുണ്ട്. ഒരമ്പതുമീറ്റർ നടന്നാൽ മതി. പണ്ട് നായനാർ ഒളിവിൽ കഴിഞ്ഞിരുന്നിടമാണെന്ന് പറയുന്നു. കുറച്ചുകാലം മുമ്പു വരെ ഒരു കുടുംബം അതിനകത്ത് താമസമുണ്ടായിരുന്നു. പിന്നെ ഈ തൊട്ടടുത്ത്‌ കാണുന്നതാണ് തേവർകല്ല്. മുകളിൽ ചെന്നാൽ ഒരു വ്യൂപോയിന്റാണ്. അതിന്റെ തൊട്ടുതാഴെ കരിങ്കൽ ക്വാറിയാണ്.
പിറ്റേദിവസമാണ് പ്രധാന ലക്ഷ്യമായ തിരുനെറ്റിയിലേക്ക് പോയത്. അതിനടുത്തുള്ള കുര്യച്ചന്റെ കൃഷിയിടവും ഒന്നു കാണണം. അങ്ങനെ മരുതംതട്ടിറങ്ങി, ജോസ്ഗിരിയിലേക്കു പോയി. ചെറിയൊരു കുടിയേറ്റഗ്രാമമാണ് ജോസ്ഗിരി. മുതുവള്ളിത്തട്ട് എന്നായിരുന്നു ഈ സ്ഥലത്തിന്റെ പേര്. സെന്റ് ജോസഫ്‌സ് ചർച്ച് വന്നതിൽ പിന്നെ ജോസ്ഗിരിയായി. പണ്ട് തെങ്ങും കവുങ്ങും തഴച്ചുവളർന്നിരുന്ന ഗ്രാമം. ഇപ്പോൾ രണ്ടിനും ക്ഷീണകാലമാണ്. വാഴയും കപ്പയുമെല്ലാമാണ് ഇപ്പോഴത്തെ കൃഷി. വിനോദസഞ്ചാരത്തിന്റെ വാതായനങ്ങൾ തുറന്നു തുടങ്ങിയിട്ടുണ്ട്. തലശ്ശേരി അരയക്കണ്ടി ഗ്രൂപ്പിന്റെ ഒരു റിസോർട്ട് പൂർത്തിയായിട്ടുണ്ട്. ചില ഹോംസ്റ്റേകളും. പത്തോളം കടമുറികളുള്ള ഒരു ജങ്‌ഷനാണ് പ്രധാനകവല. അരിവിളഞ്ഞ പൊയിലിലേക്കുള്ള റോഡ് ഇവിടെനിന്നു തുടങ്ങുന്നു. നേരേ കിടക്കുന്ന റോഡ് തിരുമേനിക്ക് പോവാനുള്ളതാണ്.
ജോസ്ഗിരിയിൽനിന്ന് തിരുനെറ്റിയിലേക്ക് 2.5 കിലോമീറ്റർ എന്നെഴുതിയ ബോർഡുകാണാം. സ്ഥലത്തെ യു.പി. സ്കൂളിനടുത്തുകൂടെയുള്ള റോഡിലൂടെ ഒരു കിലോമീറ്റർ പോയാൽ ഒരു കട കാണാം. അടച്ചിട്ടിരിക്കുന്ന ആ കടയുടെ അടുത്ത് വണ്ടി നിർത്താം. നാലുചക്ര ജീപ്പാണെങ്കിൽ നിർത്തണമെന്നില്ല. അവിടുന്നങ്ങോട്ട് നല്ല കയറ്റമാണ്. ചെങ്കല്ലുപാകിയ റോഡ്.
തിരുനെറ്റി എന്നു എഴുതിയ ബോർഡിലെ അന്പടയാളം പറഞ്ഞപ്രകാരം നടന്നു. ചവിട്ടടിപ്പാതയുണ്ട്. ഉയരങ്ങളിലേക്ക് യാത്ര തുടങ്ങി. ദൂരെ തിരുനെറ്റിത്തടം കണ്ടു. കുരിശുനാട്ടിയ ഒരു പാറയും മൂന്നു പാറക്കല്ലുകളും. തിരുനെറ്റിക്കല്ലായി. ആകാശത്തു നിന്ന് ശരംപോലെ വന്ന് കുന്നിൽ തറഞ്ഞുനിന്നുപോയതുപോലെ മൂന്നു പാറകൾ. രണ്ട് പാറകൾക്കിടയിൽ വീണു തങ്ങിപോയ പോലൊരു ഉരുളൻപാറയും. തൊട്ടടുത്ത് നെറ്റിത്തടംപോലൊരു പാറ. അതിനുമുകളിൽ ഒരു കുരിശും. ഒരു മുരിക്കിൽ കുരിശ് ചാരി നിർത്തിയിട്ടുമുണ്ട്. ഈസ്റ്റർ വേളയിൽ കുരിശിന്റെ വഴിയുടെ ഭാഗമായി കൊണ്ടുവന്നതാവാം.
കുന്നിനുമുകളിൽനിന്നു നോക്കുമ്പോൾ ചുറ്റും വിലാസവതിയായ പ്രകൃതി. ഒരു വശത്ത് ജോസ്ഗിരിയിലെ പള്ളിയും രാജഗിരി പള്ളിയും കോഴിച്ചാൽ പള്ളിയും കാണാം. ദൂരെ തലക്കാവേരിയിലെ കാറ്റാടി. തലക്കാവേരിയിലെ ഉത്സവനാളിൽ ദീപാലംകൃത കാവേരിയുടെ ദൃശ്യം ചേതോഹരമാണ്.
ബ്രഹ്മഗിരി കാടുകളാണ് ദൂരെ കാണുന്നത്. മലമടക്കുകളിലെ ചോലവനങ്ങളുടെ കടുംപച്ചയും പുൽമേടുകളുടെ ഇളംപച്ചയും കോടമഞ്ഞിന്റെ വെൺമയും ചേർന്ന് പശ്ചിമഘട്ടമെന്ന വലിയ ക്യാൻവാസിൽ നിറങ്ങളുടെ നീരാട്ട്. ഒരു ഹരിതോത്സവചന്തം.
കാടുപിടിച്ചു കിടക്കുന്നതിനിടയിൽ ഒരു പാറ കാണാം. ദൂരെനിന്നു നോക്കുമ്പോൾ ഒരു കരിവീരൻ നിൽക്കുന്നതുപോലെ. തൊട്ടുമുന്നിലൊരു കുട്ടിയാനപാറയും.
താഴെയിറങ്ങി. അടുത്തലക്ഷ്യം കുര്യച്ചന്റെ കൃഷിയിടമായിരുന്നു. കുര്യച്ചനെ വിളിച്ചു വഴിചോദിച്ചു. ‘‘നിങ്ങൾ നിൽക്കുന്നിടത്തുനിന്ന് നേരേവന്നാൽമതി. കുറച്ചു ദൂരം വണ്ടിവരും. പിന്നെ നടക്കണം.’’
കുര്യച്ചന്റെ കൃഷിയിടം കൃഷിവൈവിധ്യത്തിന്റെ കേദാരമാണ്. കാപ്പി, കുരുമുളക്, ഇഞ്ചി, മഞ്ഞൾ തുടങ്ങി സ്‌ട്രോബറിയും ആപ്പിളുംവരെയുണ്ട് അവിടെ. അപൂർവമായ സോമലത പൂത്ത ഇവിടെ മണിത്തക്കാളിയും കോവലും സമൃദ്ധമാണ്. സ്വന്തമായ ഒരു വെള്ളച്ചാട്ടം തന്നെയുണ്ട് കുര്യച്ചനെന്നു പറയാം. ആ നീരുറവയാണ് ഈ തോട്ടത്തിന്റെ ശക്തി. ഏതു വേനലിലും വറ്റാത്ത നീരുറവ. അതിൽനിന്നുള്ള വെള്ളംകൊണ്ട് മൂന്നു കുളങ്ങളും അതിൽ വളർത്തുമത്സ്യങ്ങളമുണ്ടിവിടെ. കൃഷി തത്പരർക്കും കാർഷികവിദ്യാർഥികൾക്കും ഒരു പാഠശാല. റബ്ബറിനും കവുങ്ങിനും തെങ്ങിനും പുറകെ പായാതെ ഓരോ സ്ഥലത്തിനനുയോജ്യമായ കൃഷി കണ്ടെത്തി അതിൽ വൈവിധ്യം നിറയ്ക്കണമെന്നാണ് കുര്യച്ചന്റെ പോളിസി. ആ തോട്ടത്തിലെ കാപ്പിക്കും പ്രത്യേക രുചിയായിരുന്നു. ചുക്കും കുരുമുളകുമിട്ടു കാച്ചിയ കാപ്പിയുംകുടിച്ച് ഇറങ്ങുമ്പോൾ കുര്യച്ചൻ ഛത്തീസ്ഗഢിൽ നിന്നുകൊണ്ടുവന്ന നാരകത്തുളസിയുടെ ഒരു തൈയും ഒരു സഞ്ചിനിറയെ പാഷൻഫ്രൂട്ടും തരാൻ മറന്നില്ല. ഓർമകളുടെ തിരുനെറ്റിയിൽ തുളസീദളങ്ങളുടെ ഔഷധവീര്യവും പച്ചപ്പും നഷ്ടമാവുന്നില്ല.

പ്ളാൻചെയ്യാം

ജോസ്ഗിരിയിലെ യാത്രയ്ക്കൊപ്പം പ്ലാൻചെയ്യാവുന്നത് തേജസ്വനിയിലെ റാഫ്റ്റിങ്ങാണ്. പുളിങ്ങോമിലാണ് ഇതിനുള്ള സൗകര്യം. ആറു കിലോമീറ്റർ ദൂരം. മഴക്കാലത്തും തുടർന്നുള്ള മൂന്നുമാസങ്ങളിലുംമാത്രമേ റാഫ്റ്റിങ് ഉണ്ടായിരിക്കുകയുള്ളൂ. പൈതൽമലയാണ് അടുത്തുള്ള മറ്റൊരു വിനോദസഞ്ചാരകേന്ദ്രം (22 കി.മീ). സാഹസിക യാത്രികർക്ക് പുളിങ്ങോമിൽ നിന്ന് തലക്കാവേരിവരെ കാട്ടിലൂടെ നടന്നുപോകാം (25 കി.മീ). അതും മുൻകൂട്ടി അനുമതിവാങ്ങണം.
ജോസ്ഗിരിയിലേക്ക് യാത്ര പ്ളാൻചെയ്യാൻ ബന്ധപ്പെടാവുന്ന നമ്പർ-9447851341.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram