എഡിൻബറോ കാഴ്ചബംഗ്ലാവിലെ കാണ്ടാമൃഗത്തിന് പല്ല് വേദന. (അതിന് പല്ല് വേദന ഉണ്ടെന്ന് മനുഷ്യർ എങ്ങനെ അറിഞ്ഞു എന്നു ചോദിക്കരുത്). മൃഗ ഡോക്ടർമാർ ഉടനെ തന്നെ പാഞ്ഞെത്തി. പക്ഷേ ഒരു പ്രശ്നം. അവർക്ക് ചികിത്സ നടത്തുവാൻ വേണ്ട സ്ഥലം കിട്ടണമെങ്കിൽ ഈ കാണ്ടാമൃഗത്തിനെ ഇടയ്ക്കൊന്നു പൊക്കി മാറ്റുകയൊക്കെ വേണം. ചികിത്സ വേണ്ട ബെർട്ടസ് എന്ന എട്ട് വയസ്സുകാരൻ കാണ്ടാമൃഗത്തിന്റെ ഭാരം രണ്ടു ടൺ ആണ്.
മൃഗശാല അധികൃതരും ഡോക്ടർമാരുമൊക്കെ കൂടി ആലോചിച്ചിട്ട് ഒരു വഴിയും കാണാതെ അവസാനം അവർ ന്യൂ ക്രെയിഗ്ഹാൾ അഗ്നിശമന സേനക്കാരെ സഹായത്തിന് വിളിച്ചു. വലിയ ട്രക്കുകൾ തമ്മിൽ ഇടിച്ചാൽ വലിച്ചു മാറ്റുവാൻ ഉപയോഗിയ്ക്കുന്ന ഉപകരണങ്ങളുമായാണ് അവർ വന്നത്. ആദ്യം മൃഗ ഡോക്ടർമാർ ബെർട്ടസിനെ മയക്കു വെടി വെച്ചു വീഴ്ത്തി. പിന്നീടായിരുന്നു അഗ്നിശമനക്കാരുടെ പ്രകടനം.
അവർ അവനെ പൊക്കി ഡോക്ടർമാർക്ക് ചികിത്സിക്കുവാൻ ഉള്ള പാകത്തിൽ കിടത്തിക്കൊടുത്തു. ഇടയ്ക്കൊക്കെ ഡോക്ടർമാർ ആവശ്യപ്പെട്ടപ്പോൾ ബെർട്ടസിനെ തിരിച്ചും മറിച്ചുമൊക്കെ അവർ കിടത്തി. സംഗതി ക്ലീൻ. പല്ല് ചികിത്സ വിജയം. ഒരു ചെറിയ ഓപ്പറേഷൻ വേണ്ടി വന്നുവെന്ന് മാത്രം. കാഴ്ചബംഗ്ലാവിന്റെ മേധാവി സൈമൺ ഗേർലിംഗിന്റെ വാക്കുകളിൽ അഗ്നിശമനക്കാരോടുള്ള നന്ദിയും ആരാധനയും മാത്രം. ഏതായാലും ബെർട്ടസ് ആരോഗ്യവാൻ ആണ് .
പൂർവാധികം ആരോഗ്യത്തോടെ അവൻ ഇപ്പോൾ ഭക്ഷണം കഴിക്കുന്നുണ്ട്.