ഓര്‍മ്മകള്‍ തണല്‍ വിരിച്ച മുറ്റത്ത് ഒരിക്കല്‍ക്കൂടി

Posted on: 03 May 2015കൊല്ലം: പൊള്ളുന്ന വേനല്‍ച്ചൂടില്‍ സെന്റ് അലോഷ്യസിന്റെ മുറ്റത്ത് അവര്‍ ഒത്തുകൂടി. ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും വ്യവസായപ്രമുഖരും കാലം നല്‍കിയ ഗൗരവം വലിച്ചെറിഞ്ഞ് ഒരു നിമിഷം പഴയ പത്താംക്ലാസ്സുകാരായി. ഇടവേളകളില്‍ ഓടിപ്പോയി വാങ്ങുന്ന തേന്‍മിഠായിയുടെയും സഹപാഠി സ്റ്റാന്‍ലിയുടെ വീട്ടിലേക്ക് സ്‌കൂള്‍മതില്‍ ചാടിപ്പോയി കഴിച്ചിരുന്ന ഭക്ഷണത്തിന്റെയും രുചി ഒരിക്കല്‍ക്കൂടി നാവിന്‍തുമ്പില്‍...
കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂളില്‍നിന്ന് 1988-89 ബാച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞിറങ്ങിയവരാണ് വീണ്ടും ഒത്തുചേര്‍ന്നത്. 'ഇതാരാണെന്ന് മനസ്സിലായോ? വര്‍ഗ്ഗീസ് സാറിന്റെ അടിയില്‍നിന്ന് രക്ഷപെടാന്‍ അഞ്ച് പാന്റിട്ട് വന്നവന്‍!' പേരിനൊപ്പമുള്ള പദവികളില്‍നിന്ന് മാറി ഇത്തരത്തിലുള്ള പരിചയപ്പെടുത്തലുകള്‍ ഈ ഒത്തുചേരലുകള്‍ക്കുമാത്രം സ്വന്തം.
ആണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂളില്‍നിന്ന് ആ വര്‍ഷം പഠിച്ചിറങ്ങിയ 73 പേരില്‍ നാല്‍പതോളം ആളുകളാണ് സംഗമത്തിലെത്തിയത്. ഇവിടെയും ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒത്തുചേരലിന് അവസരമൊരുക്കിയത് വിവരസാങ്കേതിക വിദ്യയാണ്. സെന്റ് അലോഷ്യസ് എന്ന് പേരിട്ടിരിക്കുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ 45ന് മുകളില്‍ ആളുകള്‍ അംഗങ്ങളാണ്. ഒത്തുചേരലെന്ന ആശയത്തിന് എല്ലാവരുടെയും പൂര്‍ണപിന്തുണ. വളരെ ദൂരത്തുനിന്നും തലേദിവസംതന്നെയെത്തി ഒത്തുചേരലിനായി കാത്തിരുന്നവരുമുണ്ട്.
സംഗമത്തില്‍ അന്ന് ക്ലാസ്സ് ടീച്ചറായിരുന്ന െറയ്മണ്ട് ഉള്‍പ്പെടെ പതിനഞ്ച് അധ്യാപകരെ ആദരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് മൂര്‍ ചടങ്ങില്‍ അധ്യക്ഷനായി. അകാലത്തില്‍ മരിച്ചുപോയ രണ്ട് സഹപാഠികളുടെ പേരില്‍ എന്റോവ്‌മെന്റും ഏര്‍പ്പെടുത്തി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam