വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Posted on: 03 May 2015ചാത്തന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്സില്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ രണ്ടുപേര്‍ അറസ്റ്റിലായി. ചാത്തന്നൂര്‍ എ.സി.പി. എസ്.ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ചാത്തന്നൂര്‍ കുമ്മല്ലൂര്‍ മൂലത്തെങ്ങ് ലക്ഷംവീട് കോളനിയില്‍ സഞ്ചു (22), ചാത്തന്നൂര്‍ വരിഞ്ഞം പുത്തന്‍വിള വീട്ടില്‍ രാഹുല്‍ (22) എന്നിവരെ പിടികൂടിയത്.
ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ 13 വയസ്സുകാരായ വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. കഴിഞ്ഞ 22ന് പെണ്‍കുട്ടികളെ ഓട്ടോറിക്ഷയില്‍ കയറ്റികൊണ്ടുപോയി വരിഞ്ഞത്ത് ആളില്ലാത്ത ഒരു വീട്ടില്‍വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളുടെ ഭീഷണികാരണം മാനസികസമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടികള്‍ വീട്ടിലറിയുമെന്ന ഭയത്തെ തുടര്‍ന്ന് നാടുവിട്ടു. നാഗര്‍കോവിലിലെ ഒരു മഠത്തില്‍ എത്തുകയും പോലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് തിരികെ വീട്ടിലെത്തുകയുമായിരുന്നു.
പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന പോലീസ് ഇവര്‍ നാഗര്‍കോവിലിലുണ്ടെന്ന് മനസ്സിലാക്കി. കന്യാകുമാരി ക്രൈം സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വിജയന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിരുന്നു. വീട്ടിലെത്തിയ കുട്ടികളെ വനിതാ സെല്‍ സി.ഐ. സിസിലികുമാരിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തി. മെഡിക്കല്‍ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടികളെ കോടതി രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം വിട്ടയച്ചു.
കൊട്ടിയം സി.ഐ. വി.ജോഷിയുടെ നേതൃത്വത്തില്‍ എസ്.ഐ. ഐ.ഫറോസ്, അശോക്കുമാര്‍, ഷാഡോ പോലീസുകാരായ ഷാജി, വിനു, ജയിന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam