ഗൃഹനാഥന്‍ തലയ്ക്കടിയേറ്റ് മരിച്ച കേസ്: മരുമകന്‍ അറസ്റ്റില്‍

Posted on: 03 May 2015ഓയൂര്‍: അമ്പലംകുന്ന് ചെങ്കൂര്‍ കടയില്‍വീട്ടില്‍ അബ്ദുല്‍ സലാം(65) തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന മരുമകന്‍ ഓയൂര്‍ അമ്പലംകുന്ന് നെട്ടയം സലിം മന്‍സിലില്‍ സലീമിന്റെ മകന്‍ മുഹമ്മദ് ഷാ(24)നെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 8ന് ചങ്ങനാശേരിയില്‍നിന്നാണ് പ്രതി പിടിയിലായത്. പ്രതി ഒളിവില്‍ പോകാന്‍ സഹായിച്ച പ്രതിയുടെ അച്ഛന്‍ സലിം(49) സുഹൃത്തായ അമ്പലംകുന്ന് എസ്.എസ്.വില്ലയില്‍ ഷാജഹാന്റെ മകന്‍ സജിന്‍(24) ബന്ധുവായ ചെങ്കൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ നജിം(27) എന്നിവരും അറസ്റ്റിലായി. കഴിഞ്ഞ 26ന് വൈകിട്ട് 3.30 മണിയോടെയായിരുന്നു സംഭവം. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത:

പ്രതി മുഹമ്മദ്ഷാന്‍, തന്റെ ഭാര്യാസഹോദരിയോട് അപമര്യാദയായി പെരുമാറുകയും ശല്യം ചെയ്യുകയും ചെയ്യുക പതിവായിരുന്നു. സംഭവദിവസം ഭാര്യാവീട്ടിലുണ്ടായിരുന്ന ഷാന്‍ ഭാര്യാസഹോദരി റസിയയെ കടന്നുപിടിക്കുകയും സംഭവം കണ്ടുകൊണ്ടുവന്ന ഭാര്യാപിതാവ് ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് ഷാന്‍ കുന്താലിക്കൈകൊണ്ട് ഭാര്യാപിതാവിന്റെ തലയ്ക്കടിച്ച് മാരകമായി പരിക്കേല്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 29ന് രാത്രി അബ്ദുല്‍സലാം മരിച്ചു.

സംഭവത്തിനുശേഷം ഷാന്‍ ബന്ധുവായ നജിമിന്റെ വാടക വീട്ടിലെത്തി വസ്ത്രംമാറി അവിടെനിന്നും പോയി. സുഹൃത്ത് സജിന്‍ തന്റെ ബൈക്കില്‍ കൊട്ടാരക്കരയിലെ ലോഡ്ജില്‍ എത്തിച്ചു. അവിടെനിന്ന് ഷാന്‍ വിതുരയിലെത്തുകയും പോലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ ഷാന്റെ പിതാവ് സലിം ഇയാളെ വിതുരയില്‍നിന്ന് ബൈക്കില്‍ ചങ്ങനാശേരിയില്‍ ബന്ധുവീട്ടിലെത്തിച്ചു ബന്ധുക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചങ്ങനാശേരിയിലെ ലോഡ്ജില്‍ തങ്ങുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഷാന്‍ പോലീസ് പിടിലിയായി.

തെളിവ് നശിപ്പിച്ചതിന് നജിമിനെയും മറ്റ് രണ്ടുപേരെ പ്രതി ഒളിവില്‍ പോകാന്‍ സഹായിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് അന്വേഷണച്ചുമതലയുള്ള എഴുകോണ്‍ സി.ഐ. പി.വി.രമേശ്കുമാര്‍ പറഞ്ഞു. നാലുപേരെയും കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam