കരുനാഗപ്പള്ളിയിലെ ട്രാഫിക് പരിഷ്‌കരണം; വാഹന പാര്‍ക്കിങ് ക്രമീകരിക്കാന്‍ തീരുമാനം

Posted on: 03 May 2015കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനുള്ള നടപടികള്‍ ശക്തമായി തുടരാന്‍ അവലോകനയോഗത്തില്‍ തീരുമാനം. ഇതിന്റെ ഭാഗമായി നഗരത്തില്‍ വാഹന പാര്‍ക്കിങ് സ്ഥലങ്ങള്‍ പ്രത്യേകം ലൈന്‍ വരച്ച് വേര്‍തിരിക്കും. നഗരത്തിലെ ഓട്ടോ സ്റ്റാന്‍ഡുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഓട്ടോ ഡ്രൈവര്‍മാരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.
നഗരത്തിലെ വാഹനനിയന്ത്രണം ഇനിമുതല്‍ വനിതാ ട്രാഫിക് വാര്‍ഡന്‍മാര്‍ക്കാവും. ആദ്യഘട്ടത്തില്‍ ലാലാജി ജങ്ഷന്‍, ആസ്​പത്രി ജങ്ഷന്‍, പുതിയകാവ്, സിവില്‍ സ്റ്റേഷന് മുന്‍വശം, പോലീസ് സ്റ്റേഷന് മുന്‍വശം എന്നിവിടങ്ങളിലായാണ് ട്രാഫിക് വാര്‍ഡന്‍മാരെ നിയമിച്ചിട്ടുള്ളത്. നിലവില്‍ രാവിലെ 9 മുതല്‍ 12 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയുമാണ് ട്രാഫിക് വാര്‍ഡന്‍മാരുടെ സേവനം ഉണ്ടാകുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍സമയം ഇവരുടെ സേവനം ലഭ്യമാക്കും. നഗരത്തില്‍ പാര്‍ക്കിങ് അനുവദിച്ചിട്ടുള്ള സ്ഥലങ്ങള്‍ക്ക് പുറത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. കാല്‍നട യാത്രക്കാര്‍ക്ക് ദേശീയപാത മുറിച്ച് കടക്കാന്‍ സീബ്രാ ലൈനുകള്‍ വരയ്ക്കും. ആസ്​പത്രിയ്ക്കുമുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ആംബുലന്‍സുകള്‍ വടക്കുഭാഗത്തേക്ക് മാറ്റും. ഈ സ്ഥലം ആസ്​പത്രിയില്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് അനുവദിക്കും. ഹൈസ്‌കൂള്‍ ജങ്ഷനില്‍ കോണ്‍ട്രാക്ട് കാരേജുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും നിയന്ത്രണം ഉണ്ടാകും. ഒരു സമയത്ത് മൂന്ന് വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാവൂ.
നഗരത്തിലേക്കിറക്കി വലിയ ഫ്ലക്‌സ് ബോര്‍ഡുകള്‍ വയ്ക്കുന്നതും കടകളുടെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും അനുവദിക്കില്ല. ഇത്തരത്തിലുള്ള നിരവധി ബോര്‍ഡുകള്‍ പോലീസ് പിടിച്ചെടുത്തു. ഇത് തുടരുമെന്നും പോലീസ് അറിയിച്ചു. ഓട്ടോ സ്റ്റാന്‍ഡുകള്‍ ക്രമീകരിക്കാനും തീരുമാനിച്ചു. ഇതിനായി ചൊവ്വാഴ്ച വൈകിട്ട് 5 ന് ഓട്ടോ ഡ്രൈവര്‍മാരുടെ യോഗം വിളിക്കും. നഗരത്തില്‍ ഉന്തുവണ്ടികളില്‍ കച്ചവടം നടത്തുന്നവര്‍ അവ രാത്രിയില്‍ അവിടെനിന്ന് മാറ്റണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മാറ്റാത്ത ഉന്തുവണ്ടികള്‍ക്കെതിരെ നടപടി ഉണ്ടാകും. പഴം, പച്ചക്കറി കടകളില്‍ റോഡിലേക്ക് ഇറക്കിവച്ച് സാധനങ്ങള്‍ വില്‍ക്കുന്നതിനെതിരെ നടപടി എടുക്കാനും യോഗം തീരുമാനിച്ചു.
കരുനാഗപ്പള്ളി എ.സി.പി. കെ.ആര്‍.ശിവസുദന്‍ പിള്ള, സി.ഐ. കെ.എ.വിദ്യാധരന്‍ എന്നിവര്‍ പോലീസ് സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ വിശദീകരിച്ചു. വ്യാപാരി-വ്യവസായി സംഘടനാ ഭാരവാഹികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വഴിയോരക്കച്ചവട സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നടപടികള്‍ അവലോകനം ചെയ്യുന്നതിനായി 23 ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam