ഗ്രാമപ്പഞ്ചായത്ത് യാഥാര്‍ഥ്യമായി; വികസന പ്രതീക്ഷയില്‍ പുത്തൂര്‍

Posted on: 03 May 2015പുത്തൂര്‍: പുത്തൂരിലെയും പരിസര ഗ്രാമങ്ങളിലെയും ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള മുറവിളികള്‍ക്ക് വിരാമമിട്ട് പുത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് യാഥാര്‍ഥ്യമായി. എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടെങ്കിലും വികസന മുരടിപ്പ് നേരിട്ടുകൊണ്ടിരിക്കുന്ന പുത്തൂരിന് പുതിയ തീരുമാനം പുനര്‍ജീവനത്തിന്റെ കരുത്ത് പകരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്തിലെ കരിമ്പിന്‍പുഴ, കാരിക്കല്‍, താഴം തെക്കുംചേരി, ചെറുപൊയ്ക, കാരിക്കല്‍ ചെറുപൊയ്ക, എസ്.എന്‍.പുരം, ചെറുമങ്ങാട് എന്നിങ്ങനെ ഏഴു വാര്‍ഡുകളും കുളക്കട ഗ്രാമപ്പഞ്ചായത്തിലെ പുത്തൂര്‍, മൈലംകുളം, ആറ്റുവാശ്ശേരി എന്നിവയും നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കല്ലേലി, തെക്കുംപുറം, കുഴയ്ക്കാട് എന്നീ വാര്‍ഡുകളും ഉള്‍പ്പെടെ 13 വാര്‍ഡകളാണ് പുതിയ പഞ്ചായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ ഏറ്റവും വലിയ വിപണനകേന്ദ്രങ്ങളിലൊന്നായ പുത്തൂരിനെ പഞ്ചായത്താക്കി ഉയര്‍ത്തണമെന്ന ജനകീയാവശ്യം ഉന്നയിച്ച് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്കുമുമ്പ് മാതൃഭൂമിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തുകയും തുടര്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
വാര്‍ഡ് വിഭജനത്തില്‍ അശാസ്ത്രീയത ആരോപിച്ചും ആസ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ചും നിരവധി പരാതികള്‍ പുത്തൂര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് ലഭിച്ചിരുന്നു. രണ്ടു നിയമസഭാ നിയോജകമണ്ഡലങ്ങളുടെയും മൂന്ന് ഗ്രാമപ്പഞ്ചായത്തുകളുടെയും സംഗമ കേന്ദ്രമാണ് പുത്തൂര്‍. എന്നാല്‍ പുത്തൂരിന്റെ വികസനത്തിനായി ജനപ്രതിനിധികളും മറ്റ് അധികാരകേന്ദ്രങ്ങളും അവഗണനാപരമായ സമീപനം കാട്ടുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ഒരിക്കലും തീരാത്ത ഗതാഗതക്കുരുക്ക്, റോഡിന്റെ വികസനം, വണ്‍വേ സമ്പ്രദായത്തിന്റെ അപര്യാപ്തത, കുടിവെള്ളപ്രശ്‌നം, പൊതു ശൗചാലയത്തിന്റെ കുറവ് എന്നിവ വളരെക്കാലമായി പുത്തൂരിന് ശാപമായി നില്‍ക്കുകയാണ്. സുരക്ഷിതമായി വാഹനങ്ങള്‍ കാത്തുനില്‍ക്കാനോ സ്വാകാര്യവാഹനങ്ങള്‍ പാര്‍ക്കുചെയ്യാനോ ഉള്ള സംവിധാനം സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. പോലീസ് സ്റ്റേഷനു സമീപം, പുത്തൂര്‍ ചന്തമുക്കിലുമുള്ള പൊതു മാര്‍ക്കറ്റ് എന്നിവയുടെ കാര്യക്ഷമമായ വികസനവും വാഗ്ദാനങ്ങള്‍ മാത്രമായി അവശേഷിക്കുകയാണ്. പുതിയ പഞ്ചായത്ത് നിലവില്‍ വരുന്നതോടെ ഇവയ്‌ക്കെല്ലാം ശാശ്വതമായ പരിഹാരം കാണാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam