നാല്പത് വര്‍ഷമായി കേരളം ഒത്തുതീര്‍പ്പുരാഷ്ട്രീയത്തിന്റെ നഷ്ടം അനുഭവിക്കുന്നു-ബി.മുരളീധരന്‍

Posted on: 03 May 2015ബി.ജെ.പി. ജില്ലാ രാഷ്ട്രീയ പ്രചാരണജാഥ തുടങ്ങി

കൊട്ടാരക്കര: നാല്പത് വര്‍ഷമായി മുന്നണികളുടെ ഒത്തുതീര്‍പ്പുരാഷ്ട്രീയത്തിന്റെ നഷ്ടം കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.മുരളീധരന്‍ പറഞ്ഞു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.സുനില്‍ നയിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥ കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി ആരോപണങ്ങളില്ലാത്ത ഒരു മന്ത്രിപോലും യു.ഡി.എഫില്‍ ഇല്ല. നാലുവര്‍ഷമായി ചെയ്ത തെറ്റുകള്‍ തിരുത്തുമെന്ന് പറയുന്ന ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുള്‍െപ്പടെയുള്ള മന്ത്രിമാരെ മാറ്റാന്‍ കഴിയുമോ. കേരളത്തില്‍ ഭീകരവാദത്തിന് ഒത്താശ ചെയ്യുംവിധം മുസ്ലിം ലീഗിനെ വളര്‍ത്തിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ എല്‍.ഡി.എഫിന് കഴിയില്ല. നെഹ്‌റു ചത്തകുതിരയെന്ന് വിളിച്ച ലീഗിനെ മന്ത്രി സഭയിലെടുത്ത് രണ്ട് മന്ത്രിമാരെ നല്‍കിയതും മുസ്ലിം ഭൂരിപക്ഷപ്രദേശമെന്ന പേരില്‍ മലപ്പുറം ജില്ല രൂപവത്കരിച്ചതും എല്‍.ഡി.എഫിന്റെ ഭരണത്തിലാണ്. മുന്നണികളുടെ ഒത്തുതീര്‍പ്പുരാഷ്ട്രീയം കേരളജനത തിരിച്ചറിഞ്ഞെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് അനുകൂലമായ വലിയ മാറ്റം കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റ് വയയ്ക്കല്‍ സോമന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് എം.സുനിലിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി നേതാക്കളായ ജെ.ആര്‍.പത്മകുമാര്‍, ബി.രാധാമണി, രാജി പ്രസാദ്, എം.എസ്.ശ്യാംകുമാര്‍, വയയ്ക്കല്‍ മധു, അണ്ടൂര്‍ രാധാകൃഷ്ണന്‍, കണ്ണാട്ട് രാജേന്ദ്രന്‍, മാലുമേല്‍ സുരേഷ്, വെള്ളിമണ്‍ ദിലീപ്, ദിനേശ്കുമാര്‍, മഠത്തില്‍ ശശി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam