കുണ്ടറ സബ് സ്റ്റേഷന് 75 വയസ്സ്‌

Posted on: 03 May 2015കൊല്ലം: കേരളത്തിലെ ആദ്യകാല വൈദ്യുതി സബ് സ്റ്റേഷനുകളിലൊന്നായ കുണ്ടറ സബ് സ്റ്റേഷന് മെയ് മൂന്നിന് 75 വയസ്സ് പൂര്‍ത്തിയാകുന്നു. 1940 മെയ് മൂന്നിന് 66 കെ.വി.സബ് സ്റ്റേഷനായി പ്രവര്‍ത്തനമാരംഭിച്ച കുണ്ടറ സബ് സ്റ്റേഷന്‍ തെക്കന്‍ കേരളത്തിലെ വൈദ്യുതി സിരാകേന്ദ്രങ്ങളിലൊന്നായി നിരവധി വര്‍ഷങ്ങള്‍ തുടര്‍ന്നു. വര്‍ധിച്ചുവരുന്ന ലോഡ് ഏറ്റെടുക്കാന്‍ പിന്നീട് 110 കെ.വി.യും 220 കെ.വി.യുമായി ഉയര്‍ത്തപ്പെട്ട സബ് സ്റ്റേഷന്‍ ഇന്നും കൊല്ലം ജില്ലയിലെ വൈദ്യുതി സംവിധാനത്തിലെ പ്രധാനകേന്ദ്രങ്ങളില്‍ ഒന്നാണ്.
മൂന്നാറില്‍ 1940ല്‍ കണ്ണന്‍ ദേവന്‍ കമ്പനി സ്വന്തം ആവശ്യത്തിനായി നിര്‍മിച്ച ഒരു ചെറിയ ജലവൈദ്യുത ജനറേറ്ററാണ് സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിന് തുടക്കം കുറിച്ചത്. 1929 ല്‍ തിരുവനന്തപുരത്തും 1934 ല്‍ കൊല്ലം, കോട്ടയം, നാഗര്‍കോവില്‍ എന്നിവിടങ്ങളിലും പൊതുജനങ്ങള്‍ക്ക് വൈദ്യുതി നല്‍കാനായി സര്‍ക്കാര്‍ വക ഓയില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്ന് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെയും ദിവാന്‍ സി.പി.രാമസ്വാമി അയ്യരുടെയും നേതൃത്വത്തില്‍ പള്ളിവാസല്‍ മുതല്‍ തിരുവനന്തപുരംവരെ 66 കെ.വി.ലൈന്‍ നിര്‍മിച്ച് തിരുവിതാംകൂറിലെ വൈദ്യുതിവിതരണത്തിന് തുടക്കം കുറിച്ചു. 1940 ല്‍ പള്ളിവാസല്‍ വൈദ്യുതി നിലയവും കുണ്ടറയുള്‍പ്പെടെയുള്ള ഏതാനും സബ് സ്റ്റേഷനുകളും പ്രവര്‍ത്തനമാരംഭിച്ചു.
വൈദ്യുതി ബോര്‍ഡില്‍നിന്ന് റിട്ടയര്‍ ചെയ്ത ചീഫ് എന്‍ജിനിയര്‍മാരടക്കം മിക്ക ഉദ്യോഗസ്ഥര്‍ക്കും കുണ്ടറ സബ് സ്റ്റേഷനില്‍ ഒരിക്കലെങ്കിലും പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം കുണ്ടറ സബ് സ്റ്റേഷനോട് ഗൃഹാതുരത്വം നിറഞ്ഞ വൈകാരിക ബന്ധമാണുള്ളതെന്ന് ഇവിടെ സ്റ്റേഷന്‍ എന്‍ജിനിയറായി പ്രവര്‍ത്തിച്ചിട്ടുള്ള ചീഫ് എന്‍ജിനിയറും മെമ്പറുമായി റിട്ടയര്‍ ചെയ്ത കെ.രാധാകൃഷ്ണന്‍ പറഞ്ഞു.
കെ.എസ്.ഇ.ബി. എന്‍ജിനിയേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കുണ്ടറ സബ് സ്റ്റേഷന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കും. ചൊവ്വാഴ്ച അഞ്ചിന് കൊല്ലം എന്‍ജിനിയേഴ്‌സ് ഹൗസില്‍ ചേരുന്ന ജൂബിലി സമ്മേളനം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.മുഹമ്മദ് ഷെറീഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയര്‍മാന്‍ ബി.ഉദയവര്‍മയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വി.രഞ്ജിത്ത്കുമാര്‍, സെക്രട്ടറി വിജി പ്രഭാകരന്‍ എന്നിവരുള്‍പ്പെടെ നിരവധി സംസ്ഥാന ഭാരവാഹികളും നേതാക്കളും സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് ജില്ലാ സെക്രട്ടറി എ.അമീര്‍ അറിയിച്ചു. കുണ്ടറ സബ് സ്റ്റേഷനില്‍ ജോലി ചെയ്തിട്ടുള്ള സീനിയര്‍ എന്‍ജിനിയര്‍മാരെ ചടങ്ങില്‍ ആദരിക്കും.
ഇലക്ട്രിസിറ്റി പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച ജില്ലാ പ്രസിഡന്റ് കെ.പ്രഭാകരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം സംസ്ഥാന ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam