പുത്തൂര്‍ പഞ്ചായത്ത് ആസ്ഥാനം തര്‍ക്കത്തില്‍: തിങ്കളാഴ്ച കര്‍മസമിതിയുടെ ഹര്‍ത്താല്‍

Posted on: 03 May 2015പഞ്ചായത്ത് ആസ്ഥാനം പുത്തുരില്‍ വേണമെന്നും പാങ്ങോട്ട് വേണമെന്നും തര്‍ക്കം

കൊട്ടാരക്കര:
പുതുതായി രൂപവത്കരിക്കുന്ന പുത്തൂര്‍ പഞ്ചായത്തിന്റെ ആസ്ഥാനം പുത്തൂരില്‍ത്തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങുന്നു. പഞ്ചായത്തിന്റെ ആസ്ഥാനം പാങ്ങോട്ടാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ പുത്തൂരില്‍ ഹര്‍ത്താല്‍ നടത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പുത്തൂര്‍ പഞ്ചായത്ത് അനുവദിച്ചത്. എന്നാല്‍ അശാസ്ത്രീയമായി വാര്‍ഡുകള്‍ ഉള്‍പ്പെടുത്തിയും പാങ്ങോട് ആസ്ഥാനമാക്കിയുമുള്ള പഞ്ചായത്തിനാണ് ചില ഉദ്യോഗസ്ഥര്‍ രൂപം നല്‍കിയിരിക്കുന്നതെന്ന് കര്‍മസമിതി ആരോപിച്ചു. കരടുരേഖ തയ്യാറാക്കിയപ്പോള്‍ത്തന്നെ നൂറ്റിയമ്പതിലധികം പരാതികളാണ് ഇതിനെതിരായി നല്‍കിയത്. പരാതി കേട്ട ഉദ്യോഗസ്ഥര്‍ പഞ്ചായത്തിന്റെ ആസ്ഥാനം പുത്തുരില്‍ത്തന്നെ ആയിരിക്കുമെന്ന് ഉറപ്പ് നല്‍കുകയും മന്ത്രിസഭായോഗം അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് ചില ഇടപെടലുകളിലൂടെ പഞ്ചായത്തിന്റെ ആസ്ഥാനം വീണ്ടും പാങ്ങോട്ടേക്ക് മാറ്റാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തീരുമാനിക്കുകയായിരുന്നെന്ന് കര്‍മസമിതി ഭാരവാഹികള്‍ ആരോപിക്കുന്നു. കുളക്കട, നെടുവത്തൂര്‍, പവിത്രേശ്വരം പഞ്ചായത്തുകളില്‍നിന്ന് തുല്യമായ എണ്ണം വാര്‍ഡുകള്‍ ഉള്‍പ്പെടുത്താതെ പവിത്രേശ്വരം പഞ്ചായത്തില്‍നിന്ന് ഏഴും മറ്റ് പഞ്ചായത്തുകളില്‍നിന്ന് മൂന്നും വീതം വാര്‍ഡുകളാണ് നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പുത്തൂര്‍ പട്ടണത്തോട് ചേര്‍ന്നുകിടക്കുന്ന വല്ലഭന്‍കര, ആറ്റുവാശ്ശേരി ഈസ്റ്റ്, കരുവായ എന്നിവ ഉള്‍പ്പെടുത്താത്തത് അശാസ്ത്രീയമാണെന്നും സമിതി ആരോപിക്കുന്നു. പാങ്ങോട്ട് നിലവിലുള്ള പഞ്ചായത്ത് വക കെട്ടിടങ്ങള്‍ പഞ്ചായത്ത് ഓഫീസായി ഉപയോഗിക്കാമെന്ന സൗകര്യമാണ് പാങ്ങോട് ആസ്ഥാനമാക്കണമെന്ന വാദത്തിന് പിന്നില്‍. കൂടാതെ കൂടുതല്‍ വാര്‍ഡുകള്‍ ഏറ്റെടുത്ത പവിത്രേശ്വരം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പാങ്ങോട് പഞ്ചായത്ത് ആസ്ഥാനമാക്കണമെന്ന ന്യായവും മറുവിഭാഗം ഉയര്‍ത്തുന്നു. പുത്തൂര്‍ കിഴക്കേ ചന്തയിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ പഞ്ചായത്ത് ആസ്ഥാനം പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുള്ളതിനാല്‍ പുത്തൂരില്‍ത്തന്നെ പഞ്ചായത്ത് ആസ്ഥാനം സ്ഥാപിക്കണമെന്നും വാര്‍ഡുകള്‍ ഉള്‍പ്പെടുത്തിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താലെന്നും പരിഹാരമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കര്‍മസമിതി ഭാരവാഹികളായ ഡി.മാമച്ചന്‍, കെ.എസ്.വേണുഗോപാല്‍, ടി.കെ.ജോര്‍ജ്കുട്ടി, വസന്തകുമാര്‍ കല്ലുംപുറം, എസ്.കൃഷ്ണന്‍ ഉണ്ണിത്താന്‍, കെ.രാധാകൃഷ്ണപിള്ള എന്നിവര്‍ പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam