ആദ്യ ഇന്‍ര്‍നെറ്റ് ജീവകാരുണ്യ റേഡിയോ പത്തനാപുരം ഗാന്ധിഭവനില്‍

Posted on: 03 May 2015കൊല്ലം: മലയാളത്തിലെ ആദ്യ ഇന്റര്‍നെറ്റ് ജീവകാരുണ്യ റേഡിയോ പത്തനാപുരം ഗാന്ധി ഭവനില്‍ ഏഴിന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്യും.
ആകാശവാണി മുന്‍ ഡയറക്ടര്‍ ജനറല്‍ ജി.ജയലാലിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന റേഡിയോ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായെന്നും ഇപ്പോള്‍ത്തന്നെ പരിപാടികള്‍ കിട്ടിത്തുടങ്ങുന്നതായും സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
12ന് ഗാന്ധിഭവനില്‍ എത്തുന്ന കലാം അന്തേവാസികളെ സന്ദര്‍ശിക്കും. 12.45ന് റേഡിയോ ഗാന്ധിഭവന്‍ ഹരിതവാണിയും സ്‌നേഹഗ്രാമം പത്താമത് വാര്‍ഷികവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഐ.എന്‍.ടി.യു.സി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. സ്വാമി ഗരുരത്‌ന ജ്ഞാനതപസ്വി അനുഗ്രഹപ്രഭാഷണം നടത്തും. എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.എന്‍.ബാലഗോപാല്‍, കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തും. മുരളിയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.മുരളീധരന്‍ മുന്‍ പ്രസിഡന്റിന് ഉപഹാരം നല്‍കും. www.i-radiolive.com എന്ന വിലാസത്തില്‍ തിരഞ്ഞാല്‍ റേഡിയോ പരിപാടികള്‍ കേള്‍ക്കാം.
പത്രസമ്മേളനത്തില്‍ ജി.ജയലാല്‍, ഗാന്ധി ഭവന്‍ ഭാരവാഹികളായ ജി.ഭുവനചന്ദ്രന്‍, പി.എസ്.അമല്‍രാജ്, സി.ഇ.ഒ. ഗോപിനാഥ് മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam