മീന്‍പിടിക്കുന്നതിനിടെ വള്ളംമുങ്ങി കടലില്‍വീണ 14 പേരെ രക്ഷിച്ചു

Posted on: 03 May 2015കൊല്ലം: കടലില്‍ മീന്‍നിറഞ്ഞ വല കയറ്റുന്നതിനിടെ വള്ളം മറിഞ്ഞ് 14 മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു. മുങ്ങിത്താഴ്ന്ന ഇവരെ തീരദേശ പോലീസും കടലില്‍ ഉണ്ടായിരുന്ന മറ്റു വള്ളത്തിലെയും ബോട്ടുകളിലെയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി.

തിരുമുല്ലവാരത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. വലയില്‍ അപ്രതീക്ഷിതമായി കൂടുതല്‍ മീന്‍ കുടുങ്ങിയപ്പോള്‍ പിടിച്ചുകയറ്റുന്നതിനിടെ ഭാരം താങ്ങാനാകാതെ വള്ളം മറിയുകയായിരുന്നു. ഇതോടെ തൊഴിലാളികളും വെള്ളത്തില്‍ വീണു. വിവരം അറിഞ്ഞ് തീരദേശ പോലീസിന്റെ നേത്ര, ദര്‍ശന, യോദ്ധ എന്നീ ബോട്ടുകള്‍ വിവിധഭാഗങ്ങളില്‍നിന്ന് സ്ഥലത്തെത്തി. സമീപഭാഗങ്ങളില്‍നിന്ന് മറ്റു മത്സ്യത്തൊഴിലാളികളും എത്തി 14 പേരെയും രക്ഷിച്ചു. പുത്തന്‍തുറ സ്വദേശിയുടെ പനയ്ക്കറ്റോടില്‍ എന്ന വള്ളമാണ് മുങ്ങിയത്.

തീരദേശ പോലീസിന്റെ റെസ്‌ക്യൂ ടീമിലെ റെനോള്‍ഡ് ബേബി, എസ്.ഐ. രാജഗോപാല്‍, സി.പി.ഒ.മാരായ ഹരി, വിജയന്‍ തുടങ്ങി എട്ടോളം പേരാണ് പോലീസില്‍നിന്ന് രക്ഷയ്‌ക്കെത്തിയത്. രക്ഷപ്പെട്ടെത്തിയ തൊഴിലാളികളില്‍ ചിലര്‍ തിരികെ വള്ളം മുങ്ങിയ ഭാഗത്ത് എത്തി വലയും വള്ളവും കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചു. വലമുറിച്ച് മീനുകളെ പുറത്തുവിട്ടാണ് വലയുടെ ഭാരം കുറച്ചത്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam