കേരളത്തിലെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടാല്‍ സര്‍വകലാശാലകള്‍ മുഖം തിരിക്കുന്നു-കെ.എന്‍.ബാലഗോപാല്‍

Posted on: 03 May 2015എസ്.എഫ്.ഐ. ജില്ലാ സമ്മേളനം തുടങ്ങി

കൊട്ടാരക്കര: കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളുമായി ചെന്നാല്‍ സര്‍വകലാശാലകള്‍ മുഖം തിരിക്കുന്ന അവസ്ഥയാണുള്ളതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. എസ്.എഫ്.ഐ. കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന നയങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്. ഹിന്ദുത്വ അജന്‍ഡ അടിച്ചേല്പിക്കുന്നതിനായി വിദ്യാഭ്യാസ പദ്ധതിയും സിലബസുകളും ക്രമീകരിക്കുകയാണ് കേന്ദ്രം. വിദ്യാഭ്യാസത്തിന്റെ നന്മകള്‍ തകര്‍ക്കുന്നതിനെതിരായ സമരങ്ങള്‍ എസ്.എഫ്.ഐ. ശക്തമാക്കണം. തൊഴിലും കച്ചവടവും സംരക്ഷിക്കാന്‍ താത്പര്യം കാണിക്കാത്ത സര്‍ക്കാരുകള്‍ വിദേശ കമ്പനികളെ ൈകയയച്ച് സഹായിക്കുന്നു. സാസ്‌കാരിക-സാമൂഹിക രംഗങ്ങളിലെ അഴിമതി നിയന്ത്രിക്കാന്‍ നടപടികളില്ല. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റുന്ന സാഹചര്യമില്ല. സ്വാശ്രയസ്ഥാപനങ്ങളിലെയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലെയും ശമ്പളവ്യവസ്ഥ പുതുതലമുറയെ ചൂഷണത്തിനിരയാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര നിസ്സ ഓഡിറ്റോറിയത്തില്‍ സമ്മേളനത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റ് ആര്‍.എല്‍.വിഷ്ണുകുമാര്‍ പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിനിധിസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.സാജര്‍, ചിന്ത ജെറോം, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.സുദേവന്‍, സൂസന്‍ കോടി, അഡ്വ. രവീന്ദ്രന്‍ നായര്‍, അയിഷ പോറ്റി എം.എല്‍.എ., സി.ബാള്‍ഡ്വിന്‍ എന്നിവര്‍ സംസാരിച്ചു. എസ്.ഷബീര്‍ അനുശോചനപ്രമേയവും ടി.പി.അഭിമന്യു രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.ബേബി സ്വാഗതം പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam