ട്രോളിങ് നിരോധനം: പുതുക്കിയ ഉത്തരവ് പിന്‍വലിക്കണം

Posted on: 03 May 2015കരുനാഗപ്പള്ളി: ട്രോളിങ് നിരോധനകാലം 47 ദിവസത്തില്‍നിന്ന് 61 ദിവസമായി കൂട്ടുകയും യന്ത്രവത്കൃത ബോട്ടുകള്‍ക്കുപുറമെ യന്ത്രം ഘടിപ്പിച്ച വള്ളങ്ങള്‍ക്കും നിരോധനം ബാധകമാക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് അഖില കേരള ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
26 വര്‍ഷമായി ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെ 47 ദിവസത്തെ നിരോധനമാണ് ഉണ്ടായിരുന്നത്. ഇതാണ് കേന്ദ്രസര്‍ക്കാര്‍ 61 ദിവസമായി കൂട്ടിയിരിക്കുന്നത്. 2006ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം 10 കുതിരശക്തിയില്‍ കൂടുതല്‍ എന്‍ജിന്‍ ബലമുള്ള വള്ളങ്ങള്‍ക്ക് ട്രോളിങ് നിരോധനം ബാധകമാക്കിയിരുന്നു. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 2007 ജൂലായ് 20ന് കേരള നിയമസഭ പാസാക്കിയ നിയമമാണ് വര്‍ഷകാല ഉപരിതല മത്സ്യബന്ധനത്തിന് സംരക്ഷണം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവുമൂലം ഈ പരിരക്ഷ നഷ്ടമാകുകയാണ്.
മത്സ്യലഭ്യതയുള്ള ജൂണ്‍-ജൂലായ് മാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിരോധനം ദോഷകരമാണ്. യന്ത്രവത്കൃത മത്സ്യബന്ധനം നടത്തുന്ന 27000 ഇന്‍ബോര്‍ഡ്-ഔട്ട്‌ബോര്‍ഡ് വള്ളങ്ങളും അയ്യായിരത്തിലധികം യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും നിര്‍ദ്ദിഷ്ട നിരോധന കാലയളവില്‍ പ്രവര്‍ത്തനരഹിതമാകുമെന്നും ഏഴരലക്ഷം മത്സ്യത്തൊഴിലാളികള്‍ വറുതിയിലാകുമെന്നും അഡ്വ. കെ.കെ.രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതിപത്രം നല്‍കുന്നതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ 2014 നവംബറില്‍ പുറപ്പെടുവിച്ച ഉത്തരവുകളും ഡോ. മീനാകുമാരി, ഡോ. സെയ്ദുറാവു കമ്മിറ്റി റിപ്പോര്‍ട്ടുകളും പുനഃപരിശോധിക്കുമെന്ന് സംസ്ഥാനത്തെ എം.പി.മാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. തീരദേശമേഖലയിലെ തൊഴില്‍ സമാധാനവും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവന സുരക്ഷയും തകര്‍ക്കുന്ന സമീപനം ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam