To advertise here, Contact Us



കടപ്പുറത്തെ കാവോതി | കുട്ടികളുടെ നോവല്‍ | ഭാഗം 9


എഴുത്ത്: സുഭാഷ് ഒട്ടുംപുറം, വര: ജോയ് തോമസ്‌

3 min read
Read later
Print
Share

കക്കകൊണ്ടുള്ള ഹെയര്‍ ക്ലിപ്പുകൊണ്ട് മുടി കുരുക്കിയിട്ടു. കടല്‍ക്കുതിരകള്‍ ചേര്‍ത്തുണ്ടാക്കിയ ഹെയര്‍ബോ വെച്ചു. കണവയുടെ മഷിയാല്‍ കണ്ണെഴുതി.

വര: ജോയ് തോമസ്‌

പ്പിളും മുന്തിരിയും ചക്കയും മാങ്ങയും ഓറഞ്ചുമൊക്കെ മലപോലെ കിടക്കുകയായിരുന്നു. ഏതെടുക്കണം എന്നറിയാതെ അവളിത്തിരിനേരം ആശയക്കുഴപ്പത്തില്‍ അകപ്പെട്ടു. അവള്‍ ഒരു മാമ്പഴമെടുത്ത് കടിച്ചു.

To advertise here, Contact Us

തേനിനേക്കാള്‍ മധുരം, പിന്നെ ഒരു മുന്തിരിയെടുത്ത് വായിലിട്ടു. മധുരത്തിന്റെ കാര്യത്തില്‍ പഴങ്ങള്‍ പരസ്പരം മത്സരിക്കുകയാണെന്നുതോന്നി അവള്‍ക്ക്. കുറച്ച് കഴിച്ചപ്പോള്‍തന്നെ അവള്‍ക്ക് വയര്‍ നിറഞ്ഞു. ഒരു ഇലക്കുമ്പിളില്‍ കരടിക്കുട്ടന്‍ നീട്ടിയ ചെറുതേന്‍ കുടിച്ചപ്പോള്‍ ദാഹവും തീര്‍ന്നു.

അവള്‍ കഴിക്കുന്നത് കൗതുകത്തോടെ നോക്കിനിന്ന ജീവികളെ ചൂണ്ടി കാവോതി പറഞ്ഞു: ''ഡോഡോ പക്ഷികള്‍ക്ക് സംഭവിച്ചതുപോലെ വംശനാശം വരാതിരിക്കാന്‍ മനുഷ്യരുടെ കണ്ണില്‍പ്പെടാതെ ഞാന്‍ കാത്തുസൂക്ഷിക്കുകയാണിവരെ.'' അതുകേട്ടപ്പോള്‍ അവള്‍ക്ക് കാവോതിയോടുള്ള സ്‌നേഹം വര്‍ധിച്ചു.

വിശപ്പും ദാഹവും തീര്‍ന്നപ്പോള്‍ അവള്‍ക്ക് കാക്കത്തുരുത്ത് ഒന്ന് ചുറ്റിക്കാണണമെന്ന് തോന്നി. കാവോതി അവളുടെ കൈപിടിച്ച് നടന്നു. മലകളും അരുവികളും പുല്‍മേടുകളുമൊക്കെയായി ശരിക്കും ഒരു സ്വര്‍ഗലോകംതന്നെയായിരുന്നു കാക്കത്തുരുത്ത്. ഒരു തെളിനീരരുവി കണ്ടപ്പോള്‍ ഒന്നിറങ്ങിനോക്കിയാലോ എന്നുതോന്നി താമരയ്ക്ക്. അവള്‍ക്ക് നീന്താനറിയില്ലായിരുന്നു.

''ചെറുപ്പത്തിലേ നീന്താന്‍ പഠിച്ചേ പറ്റൂ. ഇല്ലെങ്കില്‍ അപകടമാണ്.'' കാവോതി പറഞ്ഞത് ശരിയാണെന്ന് അവള്‍ക്ക് തോന്നി. ഒത്തിരി കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിമരിച്ച കഥ അവള്‍ കേട്ടിട്ടുണ്ട്. നീന്താനറിയാമായിരുന്നെങ്കില്‍ അവരൊക്കെ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു.

കാവോതി അവളെ അരുവിയിലേക്കിറക്കി. കൈകളില്‍ കിടത്തി നീന്തല്‍ പഠിപ്പിച്ചു. ആദ്യമൊക്കെ കുറേ കൈകാലിട്ടടിച്ചെങ്കിലും പെട്ടെന്നുതന്നെ അവള്‍ നീന്താന്‍ പഠിച്ചു. അവര്‍ രണ്ടുപേരും കുറേനേരം നീന്തിത്തുടിച്ചു.

കുളികഴിഞ്ഞ് കടല്‍പ്പക്ഷികളുടെ തൂവല്‍കൊണ്ടുണ്ടാക്കിയ തോര്‍ത്തുകൊണ്ട് കാവോതി അവളുടെ തല തോര്‍ത്തിക്കൊടുത്തു. മുടി ഉണങ്ങാനായി കാറ്റത്ത് പിടിച്ചു. പിന്നെ ഉണങ്ങിയ മുടിയിഴകള്‍ കാവോതി മെടഞ്ഞ് കെട്ടിക്കൊടുത്തു.

കക്കകൊണ്ടുള്ള ഹെയര്‍ ക്ലിപ്പുകൊണ്ട് മുടി കുരുക്കിയിട്ടു. കടല്‍ക്കുതിരകള്‍ ചേര്‍ത്തുണ്ടാക്കിയ ഹെയര്‍ബോയും വെച്ചുകൊടുത്തു. കണവയുടെ മഷിയാല്‍ കണ്ണെഴുതിക്കൊടുത്തു. ശംഖുകള്‍ കോര്‍ത്ത മാലകൂടി ധരിച്ചപ്പോള്‍ താമര ശരിക്കുമൊരു രാജകുമാരിയെപ്പോലെയായി. ''എന്റെ കടല്‍ രാജകുമാരി!'', കാവോതി അവളുടെ കവിളില്‍ നുള്ളി.

കാവോതി അവളുടെ കൈപിടിച്ച് കാക്കത്തുരുത്തിന്റെ എല്ലാ ഭാഗത്തേക്കും നടന്നു. അവിടുത്തെ ഓരോ സ്ഥലവും അവള്‍ക്ക് വിസ്മയങ്ങളായി. മഞ്ഞുപുതഞ്ഞ ഒരു മലഞ്ചെരിവായിരുന്നു അവള്‍ക്ക് മറക്കാനാവാത്ത കാഴ്ച.

മഞ്ഞിലൂടെ നടക്കുമ്പോള്‍ അവള്‍ ഒരു അദ്ഭുതപ്പെടുത്തുന്ന കാഴ്ച കണ്ടു. കറുപ്പുവസ്ത്രങ്ങള്‍ ധരിച്ച്, തലതാഴ്ത്തി കുറേ മനുഷ്യര്‍ അവര്‍ക്കുനേരേ നടന്നുവരികയായിരുന്നു. അവിടെ മനുഷ്യരൊന്നുമില്ലെന്നാണ് കാവോതി പറഞ്ഞത്. പിന്നെ ഇവരെങ്ങനെ ഇവിടെയെത്തി? അവള്‍ക്ക് പിടികിട്ടിയില്ല.

വളരെ പതുക്കെയായിരുന്നു അവര്‍ നടന്നിരുന്നത്. ആയിരക്കണക്കിനുണ്ടായിരുന്നു അവര്‍. അടുത്തുവരുന്തോറും അവര്‍ പിറുപിറുക്കുന്നപോലെയുള്ള ശബ്ദങ്ങള്‍ കേട്ടു. ഒരു ജാഥയിലേക്കെന്നപോലെ താമര അവര്‍ക്കിടയിലേക്ക് കയറി. പെന്‍ഗ്വിനുകളായിരുന്നു അവര്‍. മനുഷ്യരെപ്പോലെ രണ്ടുകാലിലുള്ള അവരുടെ പോക്കിനിടയില്‍ പലരും അവളെ മുട്ടിയുരുമ്മി.

അവരെല്ലാം കടന്നുപോയപ്പോള്‍ മഞ്ഞില്‍ കാല്പാടുകള്‍ മാത്രം ബാക്കിയായി. അവിടുത്തെ തണുപ്പില്‍ അവള്‍ക്ക് പെട്ടെന്ന് ഉറങ്ങണമെന്ന് തോന്നി. കാവോതി അവളേയുമെടുത്ത് പൊത്തിലേക്ക് പറന്നു. പഞ്ഞിക്കിടക്കയില്‍ കിടന്ന ഉടനെ അവള്‍ ഉറക്കത്തിലേക്ക് വീണു. കുറേനേരം അവള്‍ സുഖമായുറങ്ങി. ഉണര്‍ന്നപ്പോള്‍ അവള്‍ കടപ്പുറത്തെ പാറപ്പുറത്തായിരുന്നു.

കണ്ണുതിരുമ്മി നോക്കിയപ്പോള്‍ സ്വന്തം കടപ്പുറം കണ്ട് അവള്‍ അദ്ഭുതപ്പെട്ടു. കാക്കത്തുരുത്തില്‍നിന്ന് എപ്പോഴാണ് തിരിച്ചെത്തിയതെന്ന് അവള്‍ക്ക് ഓര്‍മയുണ്ടായിരുന്നില്ല. ''നിന്നെ ഉണര്‍ത്താതെ കൊണ്ടുവന്നതാണ്.'' കാവോതി പറഞ്ഞു.

സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍. കാവോതി അവളെ പാറപ്പുറത്തുനിന്ന് കരക്കെത്തിച്ചു.

''നാളെ ഞാന്‍ തിരിച്ച് മലയിലേക്ക് പോവുകയാണ്.'', കാവോതി പതിയെ പറഞ്ഞു.

അതുകേട്ടപ്പോള്‍ താമരയുടെ അത്രനേരമുണ്ടായിരുന്ന സന്തോഷമൊക്കെ എങ്ങോ മറഞ്ഞു. അവളുടെ മുഖം വാടി. അതുകണ്ടപ്പോള്‍ കാവോതിക്ക് സങ്കടമായി.

''വിഷമിക്കരുത്. ആറുമാസം കഴിഞ്ഞ് ഞാന്‍ വീണ്ടും വരും. അതുവരെ നീ കാത്തിരിക്കണം.'' കാവോതി പറയുന്നത് അവള്‍ക്ക് മനസ്സിലാവുമായിരുന്നു.

''എപ്പോഴാണ് പോവുന്നത്?'', അവള്‍ ചോദിച്ചു.

''നാളെ. നാളെ നീ പുറത്തേക്കിറങ്ങരുത്.'' കാവോതി പോകുന്ന ദിവസം ശക്തമായ കാറ്റും കോളുമുണ്ടാകുമെന്ന് അവള്‍ക്കറിയാം. അന്നേ ദിവസം ആരും പുറത്തിറങ്ങില്ല.

അവള്‍ തലകുലുക്കി സമ്മതിച്ചു. ''ആറുമാസം പെട്ടെന്ന് കടന്നുപോകും. ആദ്യത്തെ മഴത്തുള്ളി വീഴുമ്പോള്‍ ഞാനീ പാറപ്പുറത്തുണ്ടാവും.'' കാവോതി അവളുടെ കവിളില്‍ തലോടി.

''വേഗം ചെല്ല്. അമ്മമ്മ കാത്തിരിക്കുന്നുണ്ടാകും.'' കാവോതി അവളെ യാത്രയാക്കി. അവള്‍ നടന്ന് മറയുവോളം കാവോതി അവളെത്തന്നെ നോക്കിനിന്നു. ഓരോ തവണ തിരിഞ്ഞുനോക്കിയപ്പോഴും കാവോതി അവള്‍ക്ക് കൈവീശിക്കാണിച്ചു. പിന്നെ പെട്ടെന്ന് ചക്രവാളത്തിലേക്ക് മറഞ്ഞു.

തുടരും

(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights; kadappurathe kavothi, children's novel, chapter 9, written by subash ottumpuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us