Representational Image | Pic Credit: Getty Images
മനുഷ്യക്കടത്തിന് ഇരയായവരുടെ ജീവിതത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും അവരുടെ അവകാശങ്ങളുടെ ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ഐക്യരാഷ്ട്രസഭ (യു.എൻ.) ജൂലായ് 30 മനുഷ്യക്കടത്ത് വിരുദ്ധദിനമായി ആചരിക്കുന്നത്
തുടക്കം
2010-ലാണ് ഇടത്തരമൊരു ദിനത്തെപ്പറ്റി യു.എൻ ജനറൽ അസംബ്ലി ആലോചിക്കുന്നത്. 2013-ൽ യു.എൻ അംഗരാജ്യങ്ങൾ പ്രമേയം അംഗീകരിച്ചു. മനുഷ്യക്കടത്തിനെ എല്ലാവിധത്തിലും പരാജയപ്പെടുത്തുന്നതിന് കൂട്ടായ നടപടികൾ സ്വീകരിക്കാൻ എല്ലാ രാജ്യങ്ങളിലേയും സർക്കാരുകളോട് അഭ്യർഥിക്കുകയാണ് യു.എൻ ഈ ദിനത്തിൽ ചെയ്യുന്നത്. ലോകത്ത് വിവിധ രാജ്യങ്ങളിൽ മനുഷ്യക്കടത്തിന് ഇരയായവരിൽ മൂന്നിലൊന്നും സ്ത്രീകളും കുട്ടികളുമാണെന്ന് ഐക്യരാഷ്ട്രയുടെ മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഓഫീസ് (യു,എൻ.ഡി.സി) പറയുന്നു.
ആപ്തവാക്യം-2020
''പ്രതിജ്ഞാബദ്ധരായി ലക്ഷ്യബോധത്തോടെ-മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ മുന്നിൽനിന്ന് പ്രവർത്തിക്കാം'
നീലഹൃദയം
കടത്തപ്പെടുന്ന മനുഷ്യരുടെ സങ്കടത്തെ ബ്ലൂ ഹാർട്ട് എന്ന ലോഗോ പ്രതിനിധാനംചെയ്യുന്നു. അതിനൊപ്പംതന്നെ കൂടെയുള്ള മനുഷ്യരെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവരുടെ മരവിച്ച മനസ്സിനെ ഓർമപ്പെടുത്തുകയും ചെയ്യുന്നു.
തുറന്നുപറച്ചിലുകൾ വേണം...
ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഓഫീസുമായി ചേർന്ന് പ്രവർത്തിക്കുന്ന, ഡാർജിലിങ്ങിലെ സർക്കാരിതര സന്നദ്ധസംഘടനയാണ് മാർഗ്. സംഘടനയുടെ ജനറൽ സെക്രട്ടറി നിർണയ് ജോൺ ഛേത്രി പങ്കുവെക്കുന്ന ഒരനുഭവം ഇങ്ങനെയാണ്:
'ഒരു രാത്രി 14 വയസ്സുള്ള മകൾ ടീനയെ കാണാതായതായി ഒരാൾ വന്നു സങ്കടം പറഞ്ഞു. മകൾ ആരോടോ നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നും അറിയാൻ കഴിഞ്ഞു. മനുഷ്യക്കടത്തിന്റെ കേസാണെന്ന് അപ്പോൾത്തന്നെ തോന്നി. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടൊപ്പം ഞങ്ങളുടെ സംഘടനയും ഈ കേസ് അന്വേഷിക്കാൻ തുടങ്ങി.
അടുത്തുള്ള ടാക്സി സ്റ്റാൻഡുകളിൽ ഞങ്ങൾ അവളുടെ ഫോട്ടോ കാണിച്ചു. ഒരു ഡ്രൈവർ തിരിച്ചറിഞ്ഞു. അയാളുടെ കാറിൽ അവൾ ഒറ്റയ്ക്ക് യാത്രചെയ്തിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ മുത്തശ്ശിക്ക് അവളുടെ ഫോൺ വന്നു. നമ്പർ തിരഞ്ഞുപിടിച്ച് ഡൽഹിയിൽ ആണെന്ന് കണ്ടെത്തി. വീട്ടിൽനിന്ന് 1500 കിലോമീറ്ററിലധികം ദൂരത്തിൽ അവൾ എത്തിക്കഴിഞ്ഞിരുന്നു. ഡൽഹിയിലെ സി.ബി.ഐ.യുമായി ബന്ധപ്പെടുകയും ഒരു റെയ്‌ഡിലൂടെ അവളെ കണ്ടെത്തുകയും ചെയ്തു.'
ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത, ഫോണിലൂടെ മാത്രം പരിചയപ്പെട്ട ഒരാളെ വിശ്വസിച്ച ആ പെൺകുട്ടി തിരിച്ചെത്തിയത് ഇങ്ങനെയൊരാൾ സഹായിക്കാൻ ഉണ്ടായതുകൊണ്ടുമാത്രമാണ്.
കേരളത്തിലെ ഒരു ജില്ലയിൽനിന്ന് കുറച്ചുദിവസങ്ങൾക്കുമുമ്പ് 16-കാരിയെ രക്ഷിച്ച കഥയും നമുക്കുമുന്നിലുണ്ട്. പ്രണയത്തിൽക്കുടുക്കി ഫോട്ടോകളെല്ലാമെടുത്ത് അതുവെച്ച് ഭീഷണിപ്പെടുത്തിയുള്ള തട്ടിക്കൊണ്ടുപോകലായിരുന്നു അത്. കുട്ടികളെയും സ്ത്രീകളെയുമാണ് ഇത്തരക്കാർ ലക്ഷ്യംവെക്കുന്നത്.
തട്ടിക്കൊണ്ടുപോകുന്നവർ എത്തപ്പെടുന്ന സ്ഥലങ്ങൾ
* നിർബന്ധിത ജോലി
* ലൈംഗിക ചൂഷണം
* മയക്കുമരുന്നു കടത്ത്
* ഭീകരവാദ പ്രവർത്തനം
കുട്ടികൾ ചെയ്യേണ്ടത്
* ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അപരിചിതരുമായി അടുക്കാതിരിക്കുക
* കൂടുതൽ അന്വേഷണങ്ങളുമായി വരുന്ന അപരിചിതരെ രക്ഷിതാക്കൾക്ക് കാണിച്ചുകൊടുക്കുക.
* വീട്ടിലുള്ളവരോട് കൂട്ടുകാരോട് പറയുന്നതുപോലെ മടികൂടാതെ തുറന്നുപറയുക.
* രക്ഷിതാക്കളോട് പറയാൻ ഭയമുണ്ടെങ്കിൽ അധ്യാപകരോട് മനസ്സു തുറക്കാം.
രക്ഷിതാക്കൾ ചെയ്യേണ്ടത്
* കുട്ടികൾക്ക് കൂട്ടുകാരെപ്പോലെ മനസ്സുതുറക്കാൻ അവസരമൊരുക്കുക
* ഫോൺ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കുമ്പോൾ കൃത്യമായ ശ്രദ്ധയുണ്ടാവണം.
* വീട്ടിൽ എല്ലാവർക്കും കാണാവുന്ന ഇടങ്ങൾ കുട്ടികൾക്ക് ഇന്റർനെറ്റ് ഉപയോഗത്തിനായി നൽകുക.
കണക്കുകൾ പറയുന്നത്
ഇന്ത്യയിൽ ദേശീയ ക്രെം റെക്കോഡ്സ് ബ്യൂറോയുടെ 2018-ലെ കണക്കനുസരിച്ച് 2465 കേസുകളാണ് തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്തത്. കേരളത്തിൽ സ്ത്രീകളും കുട്ടികളുമായി തട്ടിക്കൊണ്ടുപോകൽ കേസുകളുടെ എണ്ണം 2020 ജൂൺ വരെ 198 ആണ്.
Content Highlights: World Day against Trafficking in Persons, Human Trafficking