-
അവസാനിക്കാത്ത കളികൾ. എന്റെ വേനലവധിക്കാലം അതു മാത്രമായിരുന്നു. കളികൾ ഒന്നിൽ തുടങ്ങി മറ്റൊന്നിലേക്ക് നീണ്ടുനീണ്ടു പോകും. ഇടയ്‍ക്ക് ചില പുതിയ കളികൾ കണ്ടുപിടിക്കുകയും ചെയ്‌യും. രണ്ടുമാസം കഴിഞ്ഞാലും ആ കളികളുടെ ഓളങ്ങൾ അടങ്ങിയിട്ടുണ്ടാവില്ല. ഇന്നും ആ കുട്ടികളികളും അതിനിടയിൽ പറ്റിയ അബദ്ധങ്ങളുമോർത്ത് ഊറിച്ചിരിക്കുക രസം തന്നെയാണ്. അവധിക്കാലത്തെയും അന്നത്തെ കളികളെയും കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്നത് എന്റെ ചേട്ടന്റെ കൂടെയുള്ള രസികൻ ദിനങ്ങളാണ്. ചേട്ടന് എന്നേക്കാൾ ഒരു വയസ്സിന്റെ മൂപ്പേയുള്ളൂ. ഞങ്ങൾക്ക് ഒരു ചേച്ചിയുണ്ട്. ചേച്ചി എന്നേക്കാൾ നാല് വയസ്സ് മൂത്തതാണ്. ഞങ്ങൾ ഒരുമിച്ചായിരുന്നു കളികളൊക്കെയും.
വലിയ മുറ്റവും നിറയെ മരങ്ങളും
അന്ന് കളിച്ചുരസിച്ച അതേ സ്ഥലത്ത് തന്നെയാണ് ഞാൻ ഇപ്പോഴും താമസിക്കുന്നത്. അതുകൊണ്ട് ഓർമകൾ ഒപ്പം നടക്കുന്നത് പോലെ ഇപ്പോഴും തോന്നും. പക്ഷെ കുട്ടിക്കാലത്തെ വീടല്ല ഇപ്പോഴുള്ളത്. അതേ സ്ഥലത്ത് പിന്നീട് പുതിയ വീട് വെക്കുകയായിരുന്നു. പഴയ വീടിന്റെ പുറകിൽ കുറച്ചുകൂടെ വലിയ മുറ്റമുണ്ടായിരുന്നു. വീടിന് ചുറ്റും നിറയെ മരങ്ങളും. പുറകിലെ മുറ്റത്തും ഒരു വശത്തും മുന്നിലുമായി മൂന്ന് മാവുകൾ, പിന്നെ ഒരു പ്ലാവ്, പേര, ചാമ്പ മൊസാന്ത... മാവിന്റെ മുകളിൽ കയറലും അതിൽ ഊഞ്ഞാലുകെട്ടി ആടലുമൊക്കെയായിരുന്നു അവധിക്കാലത്തെ പ്രധാന പരിപാടികൾ.
പട്ട ബാറ്റാണ് താരം
വീടിന്റെ പിന്നിലെ പറമ്പായിരുന്നു ഞങ്ങളുടെ കളിസ്ഥലം. ക്രിക്കറ്റ് ബാറ്റിന്റെ രൂപത്തിൽ പട്ടവടി വെട്ടിക്കൊണ്ട് വരും. പിന്നെ ഫോറും സിക്സുമൊക്കെ പറക്കുന്നത് കാണാം. അന്നത്തെ ഞങ്ങളുടെ പ്രധാന ആയുധം പട്ടവടിയായിരുന്നു. കളികൾ രസം പിടിക്കുന്നത് വീട്ടിൽ കസിൻസ് കൂടി വരുമ്പോഴാണ്. കളിക്കാൻ കുറച്ച് സ്ഥലവും കുറേ മരങ്ങളുമൊക്കെ ഉള്ളതുകൊണ്ട് അവർക്കും ഞങ്ങളുടെ വീട്ടിൽ വന്നുനിൽക്കാൻ വലിയ ഇഷ്ടമായിരുന്നു.കസിൻസ് വന്നാൽ പിന്നെ പലതരം കളികൾ ആണ്. പേരറിയുന്നതും അറിയാത്തതും ലോകത്ത് അന്നുവരെ കളിച്ചിട്ടില്ലാത്തതുമായ കളികൾ... വീടിനകത്തും പുറത്തുമായി കളിയുടെ മേളമാണ്. 'രണ്ടുമാസത്തിൽ ഒരു ദിവസം പോലും പാഴാക്കരുത്. പരമാവധി അടിച്ചുപൊളിക്കണം', അതായിരുന്നു അന്നത്തെ ചിന്ത.വേനൽക്കാലത്ത് ഒരുനിമിഷം പോലും വെറുതെയിരിക്കാറില്ലായിരുന്നു.
കുറച്ചു വികൃതിയാവാം
'കുറച്ചു വികൃതിയൊക്കെ ആവാം' എന്ന് ഞാനെന്റെ മോളാട് ഇപ്പോൾ പറയാറുണ്ട്. അതുതന്നെയാണ് ബാക്കിയെല്ലാ കുഞ്ഞുമക്കളോട് പറയാനുള്ളത്. കുറച്ചു വികൃതിയൊക്കെ കാട്ടുന്നതിൽ കുഴപ്പമില്ല. മാതാപിതാക്കൾ അത് വകവെച്ചു കൊടുക്കുകയും വേണം എന്നാണ് ഞാൻ കരുതുന്നത്. ഒരു വികൃതിയും കാണിക്കാൻ സമ്മതിക്കാതെ, വരച്ച വരയിൽ നിർത്തി വളർത്തുന്ന കുട്ടികളുണ്ട്. സ്വയമേവ ഉണ്ടായിവരേണ്ട ഒരു മിടുക്ക് അവർക്ക് ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ വികൃതികൾ പരിധി വിട്ട് പോകാതിരിക്കാൻ മാതാപിതാക്കളും കുട്ടികളും ഒരുപോലെ ശ്രദ്ധിക്കണം.
ഒന്നിച്ചാർമാദിക്കാം
അവധിക്കാലം ടി.വി. കണ്ടു സമയം കളയാനുള്ളതല്ല എന്ന് ആദ്യമേ ഓർക്കാം. ഈയൊരു രണ്ടുമാസത്തേക്ക് മൊബൈൽഫോണും ടാബ്ലറ്റുമൊക്കെ മാറ്റിവെക്കാം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്‌യാനും മറ്റും ഈ സമയം ചെലവഴിക്കാം. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇങ്ങനെ ആർമാദിച്ചു കളിക്കുക, അല്ലേ?
പുതിയ കൂട്ട് കിട്ടിയല്ലോ
പിന്നെ ഈ സമയത്ത് പുതിയ ചില കൂട്ടുകാരെ കണ്ടെത്താം. പുസ്തകങ്ങൾ ഏറ്റവും നല്ല കൂട്ടുകാരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവധിക്കാലത്ത് പഠിക്കുന്ന പുസ്തകങ്ങൾ വായിക്കണമെന്നില്ല. എന്നാലും കിട്ടുന്ന കഥാപുസ്തകങ്ങളെല്ലാം വായിക്കാൻ ശ്രമിക്കാം. അങ്ങനെ വായിക്കുന്ന കാര്യങ്ങൾ നമ്മുടെ ഭാവന വളരാനും ഭാഷ നന്നാവാനുമൊക്കെ സഹായിക്കും. അവധിക്കാലത്തെ കളികളിൽ കുറച്ചു കാര്യമുണ്ടെന്ന് മനസ്സിലായില്ലേ. പിന്നെ അവധിക്കാലത്ത് ട്യൂഷൻ, സ്പെഷൽ ക്ലാസ് തുടങ്ങിയ ഏർപ്പാടുകൾക്ക് പോകുന്നതിനോട് എനിക്ക് യോജിപ്പില്ല. നമുക്ക് കളിക്കാനും കുടുംബവീടുകളിൽ പോയി നിൽക്കാനും നല്ല ഭക്ഷണങ്ങൾ കഴിക്കാനുമൊക്കെയുള്ള സമയമാണ് അവധിക്കാലം.
ജീവിതത്തിൽ എപ്പോഴും ഓർമകൾ ഉണ്ടാക്കാനും അത് കൂട്ടിവെക്കാനും പറ്റുന്ന സമയമാണ് അവധിക്കാലം. ചിലപ്പോൾ വളർന്ന് വരുമ്പോൾ ചിലർക്കെങ്കിലും വലിയ ഉത്‌കണ്ഠയും ഒറ്റപ്പെടലും ഒക്കെ ഉണ്ടാവാൻ സാധ്യതയുണ്ട്. അത്തരം വിഷമങ്ങൾ വരുമ്പോൾ ഈ ഓർമകളായിരിക്കും ഏറ്റവും വലിയ സന്തേഷം.
Content Highlights:malayalam actor tovino thomas remembering his childhood life
tag kids, balabhumi