Photo: PTI
ഹോക്കി ഇന്ത്യയുടെ ദേശീയ കായികവിനോദമായി പറയാറുണ്ടെങ്കിലും ഔദ്യോഗികമായി ഇതിന് രേഖകളൊന്നുമില്ല. ഇന്ത്യയിലും ലോകത്തും ഏറെ ആരാധകരുള്ള ഒരു കളിയാണിത്. ഹോക്കിയില്‍ പതിനൊന്നുപേര്‍ വീതമുള്ള രണ്ട് ടീമുകളുണ്ടാകും. ഹോക്കി സ്റ്റിക് ഉപയോഗിച്ച് എതിരാളികളുടെ ഗോള്‍പോസ്റ്റില്‍ പന്തടിക്കുക എന്നതാണ് ഇരുടീമുകളുടെയും ലക്ഷ്യം. പ്രതിരോധവും ആക്രമണവും നിറഞ്ഞുനില്‍ക്കുന്ന ഹോക്കി അത്യന്തം ആവേശകരമാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഹോക്കിയുമായി സാമ്യമുള്ള കളികള്‍ പണ്ടുമുതല്‍ക്കേ പ്രചാരത്തിലുണ്ടായിരുന്നു. ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരാണ് ഇന്ത്യയില്‍ ഈ കളി പ്രചാരത്തില്‍ വരുത്തിയത്. ഇന്ത്യയില്‍ ആദ്യത്തെ ഹോക്കി അസോസിയേഷന്‍ ആരംഭിച്ചത് ബംഗാളിലാണ്. 1908-ല്‍ ഒളിമ്പിക്‌സിലെ ഒരു ഇനമായി ഹോക്കി മാറി. 1928 മുതല്‍ 1956 വരെ ഇന്ത്യ ഒളിമ്പിക്‌സിലെ ഹോക്കിയില്‍ ജേതാക്കളായിരുന്നു.
ഹോക്കി സ്റ്റിക്
ഹോക്കി കളിയില്‍ പന്ത് തട്ടുന്നതിന് ഉപയോഗിക്കുന്ന വളഞ്ഞ വടിയാണ് ഹോക്കി സ്റ്റിക് എന്നറിയപ്പെടുന്നത്. തടിയും ചൂരലും ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്. ഇടതുവശം പരന്ന മുഖമുള്ള വടിയാണിത്. ലോഹങ്ങളോ മൂര്‍ച്ചയേറിയ വസ്തുക്കളോ ഹോക്കി സ്റ്റിക്കില്‍ ഉണ്ടാകാന്‍ പാടില്ല.
ഹോക്കി മാന്ത്രികന്‍
ഇന്ത്യയുടെ ഹോക്കിമാന്ത്രികനായി അറിയപ്പെടുന്ന കളിക്കാരനാണ് ധ്യാന്‍ചന്ദ്. 1905 ഓഗസ്റ്റ് 29-ന് അലഹാബാദില്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന സാമേശ്വറിന്റെ മകനായി ജനിച്ചു. 1921-ല്‍ അച്ഛന്റെ പാത പിന്‍തുടര്‍ന്ന് സൈന്യത്തില്‍ ചേര്‍ന്നു. കുട്ടിക്കാലംതൊട്ടേ ഹോക്കി കളിച്ചു വളര്‍ന്ന ധ്യാന്‍ചന്ദ് സൈന്യത്തില്‍ ചേര്‍ന്നതോടെയാണ് ഗൗരവമുള്ള കളിക്കാരനായി മാറിയത്.

1926-ല്‍ ഒളിമ്പിക്‌സ് ടീമിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ധ്യാന്‍ചന്ദും അംഗമായി. 1928-ലെ ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സിലും 1932-ലെ ഒളിമ്പിക്‌സിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയ്ക്ക് സുവര്‍ണകിരീടം ചാര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 1936-ലെ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായി വീണ്ടും മിന്നുന്ന ജയം സമ്മാനിച്ചു. സൈനിക ഉദ്യേഗസ്ഥനായിരുന്ന ധ്യാന്‍ചന്ദ് 1956-ല്‍ മേജര്‍പദവിയില്‍ നിന്ന് വിരമിച്ചു. കായികരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്ത പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
Content Highlights: game of hockey and legendary player dhyanchand of India