Photo: gettyimages.in
ഇഴഞ്ഞു നീങ്ങുന്ന ജീവികളുടെ കൂട്ടത്തിൽപ്പെടുന്നവരാണല്ലോ മുതലകൾ. ഏത് മൃഗത്തേയും അനായാസേന പിടിച്ച് അകത്താക്കുന്ന ഒരു ഇരപിടിയനായാണ് ഇവ ശരിക്കും അറിയപ്പെടുന്നത്. നിരവധി കഥകളിലും കാർട്ടൂണുകളിലും കൂട്ടുകാർ കണ്ട് പരിചയിച്ച മുതലകളെക്കുറിച്ച് ചില രസകരമായ വിവരങ്ങളറിയാം.
* ഇഴഞ്ഞു നടക്കുന്ന ഉരഗങ്ങളുടെ കൂട്ടത്തിൽപ്പെട്ട ജീവികളാണ് മുതലകൾ. മിക്ക മുതലകളും ശുദ്ധജലത്തിൽ ജീവിക്കുമ്പോൾ ചില വിഭാഗം മുതലകൾ ജീവിക്കുന്നത് ഉപ്പുവെള്ളത്തിലാണ്. ജന്തുവർഗത്തിലെ മികച്ച വേട്ടക്കാരുടെ കൂട്ടത്തിൽപ്പെടുന്ന ജീവികളാണ് മുതലകൾ. ജീവനുള്ള ഫോസിലുകൾ എന്നറിയപ്പെടുന്ന ഇവ ദിനോസറുകളുടെ കാലം മുതൽ ലോകത്ത് ജീവിച്ചു വരികയാണ്. ഇവയ്ക്ക് 300 മുതൽ 1000 കിലോഗ്രാം വരെ ഭാരവും 4 മീറ്റർ വരെ നീളവുമുണ്ടാകും.
* നല്ല മൂർച്ചയുള്ള പല്ലിന് ഉടമകളാണ് ഇവ. ഈ പ്രത്യേകത കൊണ്ടുതന്നെ മറ്റ് മൃഗങ്ങളെ കടിച്ചുകൊല്ലാനും ഇവയ്ക്ക് സാധിക്കുന്നുണ്ട്. കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഇവർക്ക് മറ്റ് ഉരഗങ്ങളെപ്പോലെ ശീതരക്തവും പുറന്തോലുമുണ്ട്. ഭക്ഷണമില്ലാതെ ഏറെക്കാലം അതിജീവിക്കാൻ സാധിക്കുന്നവരാണ് ഇവർ. മാംസഭുക്കുകളായ ഇവർ ചെറു മീനുകൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയെയാണ് ഭക്ഷണമാക്കുന്നത്. രാത്രിയിലും നല്ല കാഴ്ചയുള്ള ഇക്കൂട്ടർക്ക് മികച്ച ഘ്രാണശേഷിയാണുള്ളത്.
* ആശയവിനിമയത്തിനായി വിവിധ ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ടിവർ. എന്തെങ്കിലും അപകടമുണ്ടാകുമ്പോഴും തമ്മിൽ ആശയവിനിമയത്തിനായുമെല്ലാമാണ് ഈ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നത്. മികച്ച നീന്തൽക്കാരായ ഇവർക്ക് മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിൽ വെള്ളത്തിലൂടെ സഞ്ചരിക്കാൻ സാധിക്കും. കൊഴിഞ്ഞ് പോകുന്ന പല്ലുകൾക്ക് പകരം ജീവിതകാലം മുഴുവൻ ഇവർക്ക് പുതിയ പല്ലുകൾ വരും. വളരെക്കുറച്ച് സമയം മാത്രം ഉറങ്ങുന്ന ജീവികളുടെ കൂട്ടരാണിവർ.
* മുട്ടയിട്ടാണ് ഇവർ പുതിയ തലമുറയ്ക്ക് ജന്മം നൽകുന്നത്. മുട്ടയിട്ട് കഴിഞ്ഞതും കുട്ടികൾ വിരിയുന്നത് വരെ അവയെ നോക്കുന്നത് പെൺ മുതലകളാണ്. ഒറ്റത്തവണ 60 മുട്ടകൾ വരെയിടാൻ മുതലകൾക്കാകും. ഈ മുട്ടകൾ വിരിയാൻ 80 മുതൽ 90 ദിവസം വരെ സമയമെടുക്കും. കുഞ്ഞുങ്ങൾ പുറത്തു വന്നുകഴിഞ്ഞാൽ അവ പൂർണമായും സ്വയം പര്യാപ്തമാകുന്നതുവരെ അമ്മമാർ കാവൽ നിൽക്കും. 70 മുതൽ 100 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ചീങ്കണ്ണികളിൽ നിന്നും വ്യത്യസ്തരാണ് മുതലകൾ.
Content Highlights: Facts about crocodiles for kids