-
കടലാഴങ്ങളിലെ ഓളങ്ങൾക്കൊപ്പം പഞ്ഞിക്കെട്ടുപോലെ ഒഴുകി നടക്കുന്ന ജെല്ലിഫിഷുകൾ സ്വതവേ പാവങ്ങളായാണ് അറിയപ്പെടുന്നത്. എന്നാൽ ഇവരിലെ ബോക്സ് ജെല്ലിഫിഷ് എന്നയിനം അത്യധികം അപകടകാരികളാണ്. ഇന്തോ-പസഫിക് സമുദ്രങ്ങളുടെ മുകൾത്തട്ടിൽ കാണപ്പെടുന്ന ഇവ ലോകത്തിലെ ഏറ്റവും വിഷമേറിയ സമുദ്രജീവികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
കാഴ്ചയിൽ അതീവ സുന്ദരനായ ബോക്സ് ജെല്ലിഫിഷ് യഥാർഥത്തിൽ വിഷ വാഹകരാണ്. ഒരു ബോക്സിനോട് രൂപസാദൃശ്യമുള്ള ഉടലും അതിൽ നിന്ന് താഴേക്ക് നീണ്ടുകിടക്കുന്ന ടെൻഡക്കിളുകളും ഉൾപ്പെടുന്നതാണ് ഇവയുടെ രൂപം. 15 സെന്റിമീറ്ററോളം നീളമുള്ള ഓരോ ടെൻഡക്കിളുകളിലും കൂർത്ത അഗ്രഭാഗങ്ങളുണ്ടാകും. ഇതുപയോഗിച്ചാണിവ വിഷം കുത്തിവെയ്ക്കുന്നത്. ഇരപിടിക്കുന്നതിനായി പ്രകൃതി നൽകിയ ഈ വിഷം പക്ഷേ പലപ്പോഴും മനുഷ്യന്റെ ജീവനെടുക്കാറുണ്ടെന്നതാണ് വാസ്തവം.
മനുഷ്യ ശരീരത്തിലെ ഹൃദയം, നാഡീവ്യവസ്ഥ, ത്വക്കിലെ കോശങ്ങൾ തുടങ്ങിയവയെ ഒരേ സമയം ആക്രമിക്കാൻ ശേഷിയുള്ള വിഷമാണ് ഇവയുടേത്. ഈ വിഷത്തെ ചെറുക്കാൻ ആന്റിവെനം കണ്ടെത്തിയിട്ടുണ്ടെങ്കിലും വളരെ വേഗത്തിൽ വ്യപിക്കുന്ന വിഷമായതിനാൽ കടലിൽ വെച്ച് കുത്തേറ്റ വ്യക്തിയെ കരയ്ക്കെത്തിക്കും മുൻപ് തന്നെ ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടാകും. രക്ഷപ്പെടുകയാണെങ്കിലും ആഴ്ചകളോളം കടുത്ത ശരീരവേദന അനുഭവപ്പെടും.
70 കോടി വർഷങ്ങൾക്ക് മുൻപ് സമുദ്രത്തിൽ രൂപം കൊണ്ടവയാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. രണ്ടു കിലോ വരെയാണ് പൂർണ വളർച്ചയെത്തിയ ബോക്സ് ജല്ലി ഫിഷിന്റെ ഭാരം. ഇവയ്ക്ക് ആകെ 24 കണ്ണുകളാണുള്ളത്. ബോക്സ് പോലെ കാണപ്പെടുന്ന ശരീരഭാഗത്തിന് ചുറ്റുമായാണ് കണ്ണുകളുടെ സ്ഥാനം. ഈ കണ്ണുകളുടെ സഹായത്തോടെ പത്തു മീറ്റർ ദൂരത്തിലുള്ള ഇരകളെ ഇവയ്ക്ക് കാണാൻ സാധിക്കും.
ചെറു മൽസ്യങ്ങൾ, ചെമ്മീൻ, വിരകൾ തുടങ്ങിയ ജീവികളാണ് ഇവയുടെ ഭക്ഷണം. ഇത്ര വലിയ ഭീകരനാണെങ്കിലും ഇവയ്ക്ക് വലിയ ആയുസ്സില്ലെന്നതാണ് സത്യം. പരമാവധി രണ്ടു വർഷം വരെയാണ് ഇവ ജീവിക്കുന്നത്. ചിലപ്പോളിവ കടലാമകൾക്ക് ഭക്ഷണമാകാറുണ്ട്.
Content Highlights: Facts about box jellyfish for kids