മുടി വെട്ടുന്നതിനിടെ പൊട്ടിച്ചിരിക്കുന്ന കുരുന്ന് | Screengrab: twitter.com|cctv_idiots|status
മുടിയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ എപ്പോഴും തയ്യാറായി നില്‍ക്കുന്ന കൂട്ടരാണ് കുട്ടികള്‍. അതിപ്പോള്‍ മുടി കളര്‍ ചെയ്യാനാണെങ്കിലും നീട്ടി വളര്‍ത്താനാണെങ്കിലുമെല്ലാം അവര്‍ റെഡി. പക്ഷേ മുടി വെട്ടുന്ന കാര്യം പറഞ്ഞാല്‍ ഇവരില്‍ പലരുടേയും ഭാവം ഭാവം മാറും. കരച്ചിലും പ്രതിഷേധവുമൊക്കെയായി ആകെ ബഹളമാകും പിന്നെയിവര്‍. എന്നാല്‍ അങ്ങനെ ബഹളത്തിനൊന്നും മുതിരാത്ത ഒരു കുട്ടിക്കുറുമ്പന്റെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മുടി വെട്ടാനായി ബാര്‍ബര്‍ ഷോപ്പിലിരിക്കുന്ന ഈ കുരുന്ന് കരയുന്നില്ലെന്നു മാത്രമല്ല, കുടുകുടെ ചിരിക്കുക കൂടിയാണ്. ഒരു സ്ത്രീയുടെ മടിയിൽ ഇരുന്നുകൊണ്ട് മുടിവെട്ടാനുപയോഗിക്കുന്ന ഇലക്ട്രിക് റേസറിന്റെ വയര്‍ കൈയ്യില്‍പ്പിടിച്ച് പൊട്ടിച്ചിരിക്കുകയാണ് കുരുന്ന്. തലയിലേക്ക് റേസര്‍ കൊണ്ടു വരുന്നതനുസരിച്ച് ഈ കുട്ടിക്കുറമ്പന്റെ ചിരി കൂടിക്കൂടി വരികയാണെന്നും വീഡിയോയില്‍ കാണാം.
'ഹാപ്പി ഫ്രൈഡേ'യെന്ന അടിക്കുറിപ്പോടെ സിസിടിവി ഇഡിയറ്റ്‌സെന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചത്. മൂന്നു ലക്ഷത്തിലേറെപ്പേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. 'എത്ര മനോഹരമായ വീഡിയോ, എന്തു ക്യൂട്ടാണ് ഈ കുരുന്ന്' തുടങ്ങിയ നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
Content Highlights: Baby laughing hysterically while getting a haircut, video goes viral