നായയും കുട്ടിയും പരസ്പരം കെട്ടിപ്പിടിക്കുന്നു | Photo: twitter.com|HopkinsBRFC|status|
വളര്‍ത്തു മൃഗങ്ങള്‍ക്ക് ചെറിയ കുട്ടികളോടുള്ള സ്‌നേഹം വ്യക്തമാക്കുന്ന ഒട്ടേറെ വീഡിയോകള്‍ നമ്മള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്. കുട്ടികളുടെ കളികളില്‍ പങ്കാളികളാകുകയും അവര്‍ക്കൊപ്പം കൂട്ടുകാരെപ്പോലെ കഴിയുകയും ചെയ്യുന്ന ഒട്ടേറെ മൃഗങ്ങളുണ്ട്. അത്തരത്തിലൊരു നായയുടേയും കുട്ടിയുടേയും വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വീട്ടിലെ വളര്‍ത്തുനായയെ കെട്ടിപ്പിടിക്കുന്ന കുട്ടിയെ വീഡിയോയുടെ ആദ്യഭാഗത്തില്‍ക്കാണാം. നായയെ കെട്ടിപ്പിടിക്കുന്നത് പതുക്കെ വേണമെന്ന് പറയുന്ന അമ്മയുടെ ശബ്ദവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. എന്നാല്‍ കുട്ടി കെട്ടിപ്പിടിക്കുമ്പോള്‍ അതേ സ്‌നേഹത്തോടെ അവനെ തിരികെ ആലിംഗനം ചെയ്യുകയാണ് നായ. രണ്ടു തവണയാണ് ഇരുവരും തമ്മില്‍ കെട്ടിപ്പിടിക്കുന്നത്. പെട്ടെന്നുള്ള നായയുടെ പ്രതികരണം കണ്ട് അല്‍ഭുതപ്പെടുന്ന അമ്മയുടെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം.
'നായ അവനെ തിരികെ കെട്ടിപ്പിടിക്കുന്നു. എത്ര മനോഹരമാണിത്' എന്ന അടിക്കുറിപ്പോടെ സൈമണ്‍ ബി.ആര്‍.എഫ്.സി ഹോപ്കിന്‍സെന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചത്. ആയിരക്കണക്കിന് പേരാണ് 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടിരിക്കുന്നത്. ഇരുവരുടേയും സൗഹൃദത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ പ്രതികരണം അറിയിച്ചത്.
Content Highlights: Baby hugs pet dog with love, video goes viral