ഉസ്താദ് അലിക്ക


കെ.രാജേഷ് കുമാർ | korothrajesh@mpp.co.in

6 min read
Read later
Print
Share

തലശ്ശേരി ചിറാളക്കണ്ടി ഹസ്സന്റെയും റുഖിയയുടെയും മകൻ പാറക്കണ്ടി അലിക്ക് കുഞ്ഞുനാൾ മുതൽ കൂട്ട് പട്ടിണി മാത്രമായിരുന്നു. ചക്യത്തുമുക്ക് എൽ.പി.സ്കൂളിൽ നാലാംതരം വരെ അലി പോയത് അടിവയറ്റിൽനിന്ന് അരിച്ചുകയറുന്ന വിശപ്പ് മാറ്റാൻവേണ്ടിമാത്രം. സ്വന്തം വയർ നിറയുമ്പോഴും ഉമ്മയും സഹോദരിമാരായ ജമീലയും കൗലത്തുമുള്ള വീട്ടിൽ അടുപ്പ് പുകയുന്നില്ലെന്ന് മനസ്സിലാക്കിയ നാൾ മുതൽ സ്കൂൾ വിട്ട് ജോലിക്ക് പോയിത്തുടങ്ങി. ദിവസം 50 പൈസ കൂലിക്ക് കടകളിൽനിന്നു. കല്യാണവീടുകളിൽ പാത്രം കഴുകി. ഒരു രൂപയും വീട്ടി ലേക്കുള്ള ഭക്ഷണവുമായിരുന്നു അതിന്റെ ആകർഷണം. ഐസ് മിഠായി വിറ്റുനടന്നു. ഉന്തുവണ്ടി തള്ളി. ചുമടെടുത്തു. 16-ാം വയസ്സ് മുതൽ പാചകക്കാർക്കൊപ്പം സഹായിയായിക്കൂടി. തന്റെ ജീവിതം മാറ്റിമറിച്ച ബിരിയാണിയെ അലി അടുത്തറിഞ്ഞത് അപ്പോഴാണ്. ബിരിയാണിയാണ് പിന്നീട് ഇന്നുവരെ അലിയുടെ ആത്മാവ്. ആ മസാലയും മണവും അലിയെ അറബിനാട്ടിലേക്ക് കടൽകടത്തിക്കൊണ്ടുപോയി. എന്നാൽ, അവിടം അദ്ദേഹത്തിന് കരുതിവെച്ചത് അനുഭവങ്ങളുടെ കരിങ്കടലായിരുന്നു. സന്തോഷത്തിന്റെ മധുരവും വേദനകളുടെയും ചതിയുടെയും എരിവുമസാലകളും ചേർന്നുള്ള

ദം ബിരിയാണി. അതിൽ ചേർക്കുന്ന മസാലയൊക്കെ അലീക്ക പറഞ്ഞുതരും. അതിനെക്കാളും വലുതാണ് കഴിക്കുന്ന മനസ്സിന്റെ തോന്നൽ- മൊഹബത്ത്. ഓരോ ബിരിയാണിയിലും അതുണ്ടാവണം. മസാലയും കൂട്ടി വിരലിനിടയിലൂടെ അരിമണി ഉരുളുമ്പോൾ വയറിനൊപ്പം മനസ്സിലും ആ മൊഹബത്ത് നിറയണം. ആ രുചിയിൽ എല്ലാം അലിഞ്ഞ് നമ്മൾ ഇല്ലാണ്ടാവും. അതാണ് ശരിയായ മൊഹബത്ത്. ആയിരാൾക്കാർക്ക് ബിരിയാണി ഉണ്ടാക്കുമ്പോൾ ഒരാൾക്ക് തൃപ്തിയായില്ലെങ്കിൽ പോയി. ആൾക്കാരെ മനസ്സിലാക്കി അടുപ്പൊരുക്കുന്നവനാണ് യഥാർഥ പാചകക്കാരൻ. ആളുകളുടെ വയറുമാത്രം നിറച്ചാൽ പോരാ, മനസ്സും നിറയണം. ന്നാലും കിസ്മത്ത് എന്നൊന്നുണ്ട്, അതാർക്കും തടുക്കാൻ ആവൂല.

ബിരിയാണിക്കുള്ള മസാലയിൽ ഉള്ളി നല്ലോണം ചേർക്കണം. ഇഞ്ചിയും മുളകും വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഉള്ളി അലിയും വരെ ഇളക്കി വേവിക്കണം. കുരുമുളക് പൊടികൊണ്ട് മസാലയിൽ ഒരു പ്രയോഗമുണ്ട്. അതിന്റെ ടൈമിങ്ങാണ് ടൈമിങ്. ആ രഹസ്യം അലിക്ക് സ്വന്തം. മസാലയുടെ രുചിയിലാണ് ബിരിയാണിയുടെ ജീവൻ തുടിക്കുന്നത്. ദമ്മിടുമ്പോൾ മസാലയുടെ ആവി ചോറിലേക്ക് അരിച്ചരിച്ച് കയറും. ഓരോ അരിയിലും അത് പടരും. ഓരോ വയറിലും മനസ്സിലും മൊഹബത്ത് പോലെ അതെത്തും. ആർക്കും കുറ്റം പറയാനാകാത്ത അസ്സൽ ബിരിയാണി അങ്ങനെ ജനിക്കും.

പണ്ട് മംഗലവീട്ടിൽ നേരത്തേയെത്തി ബിരിയാണി അരി ചോക്കെ നെയ്യിൽ വറുക്കും. ഒരുമണിക്കൂറോളം കനലുകൊണ്ട് കണ്ണ് ചോക്കും. അപ്പോൾ ബിരിയാണിച്ചെമ്പിൽനിന്ന് ഒരു മണം ഉയരും. വീശിയടിക്കുന്ന കാറ്റിൽ നാടുമുഴുവൻ പോയി ആ മണം എല്ലാരേം ഒന്നൂടെ കല്യാണം ഓർമിപ്പിക്കും. പിന്നീടുള്ള കാത്തരിപ്പ് ആ മൊഹബത്തിന് മുന്നിലെത്താനാണ്. നാവിൽ അറബിക്കപ്പലോട്ടവുമായി നാടുമുഴുവൻ അടുക്കളയ്ക്ക് ചുറ്റും ഊഴം കാത്തിരിക്കും. അലീക്കയ്ക്ക് തിരക്കൊഴിഞ്ഞൊരു നേരം ഇന്നില്ല. ചെറിയ ഓർഡറുകൾ വീട്ടിൽനിന്ന് ചെയ്തുനൽകും. വലുത് സ്ഥലത്തുപോയി ചെയ്യും. അതിന് കൂട്ടായി മകൻ അഷ്‌ഫാഖുണ്ട്. നൂറിൽ തുടങ്ങി പതിനയ്യായിരം പേരുടെ വരെ ബിരിയാണി ഓർഡറുകൾ അലിയെ തേടിയെത്തുന്നുണ്ട് ഇപ്പോൾ.

ചങ്ങായീന്റെ പെങ്ങൾ

22 വയസ്സായിരുന്നു അന്ന്. മട്ടാമ്പ്രംപള്ളി റഷീദ്ക്കയ്ക്കൊപ്പം നാട്ടിലൊരു നിക്കാഹിന് ബിരിയാണിയുണ്ടാക്കാൻ പോയതായിരുന്നു അന്ന് അലി. വിറകടുപ്പിൽ വലിയ കുട്ടകം ചോന്ന് നിന്ന്. ചൂട് നെയ്യിൽ കിടന്ന് മാനന്തവാടി അരി പുയ്യാപ്ലയെപ്പോലെ ചോത്ത് മിനുങ്ങിത്തുടങ്ങി. ബിരിയാണിച്ചെമ്പിൽനിന്ന് കണ്ണ് തെറ്റിയൊരു നേരത്താണ് അലീക്ക ആദ്യമായി ആ ഹൂറിയെ കണ്ടത്. ചങ്ങായി കാസീമിന്റെ ഇളയപെങ്ങൾ മിസ്‌രിയ ബീവിയെ. നെഞ്ചിൽ എന്തോ ഒന്ന് വല്ലാതെ പെടപെടച്ചു. നിക്കാഹും സത്കാരവും കഴിഞ്ഞ് ബിരിയാണിച്ചെമ്പ് കഴുകി കമിഴ്ത്തിവെച്ചെങ്കിലും ഖൽബിനുള്ളിലെ മിടിപ്പ് കൂടിക്കൂടിവന്നു. മറ്റൊന്നും ചിന്തിച്ചില്ല. കാസിമിനോട് ഒറ്റച്ചോദ്യം. അന്റെ പെങ്ങളെ യ് എനക്ക് മംഗലം കയിച്ച് ത​േര്വാ. ദിവസങ്ങൾക്കുള്ളിൽ അലിക്ക് കൂട്ടായി മിസ്‌രിയ എത്തി.

കൈക്കാരനിൽനിന്ന് പാചകക്കാരനിലേക്ക് അലി വളർന്നു. തലശ്ശേരി ദം ബിരിയാണിയുടെ രുചിയറിയാൻ അലീക്കയെ തേടി ജില്ലയ്ക്ക് പുറത്തുനിന്നുപോലും ആളുകളെത്തി. തലശ്ശേരിയിലെ പല ഹോട്ടലുകളും അവർക്ക് ലഭിക്കുന്ന കല്യാണ ഓർഡറുകൾ അലിയെ വിശ്വസിച്ച് ഏൽപ്പിച്ചുതുടങ്ങി. എല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ബിരിയാണിയുടെ സുൽത്താനായിമാറി അലി. വീട്ടിൽ സന്തോഷത്തിന്റെ നാളുകൾ. അതിനിടയിൽ ജസ്‌നീറ, അസ്കർ, അറഫാത്ത്, അർഷാദ്, അൽത്താഫ്, അഷ്‌ഫാഖ് എന്നിങ്ങനെ മക്കൾ അവർക്ക് കൂട്ടായെത്തി.

അക്കരെനിന്നൊരു വിളി

ഒരുനാൾ അലിയെത്തേടി തലശ്ശേരി പാരീസ് ഹോട്ടൽ ഉടമ അസീസ് ഹാജി അലിയുടെ വിളിയെത്തി. നീയിങ്ങനെ നാട്ടിൽനിന്നാൽ പോരെന്ന് അദ്ദേഹം പറഞ്ഞു. അബുദാബിയിൽ തുടങ്ങുന്ന ടോപ്പ് ഫോം ഹോട്ടലിലേക്ക് ബിരിയാണി സ്പെഷ്യലിസ്റ്റായി പോകാൻ അലിയോട് അസീസ് ഹാജി നർദേശിച്ചു. നാട്ടിൽ കുടുംബത്തോടൊപ്പം കഴിയാനായിരുന്നു അലിക്ക് മോഹം. എന്നാൽ അസീസ് ഹാജിയുടെ സ്നേഹപൂർവമായ നിർബന്ധത്തിനുമുന്നിൽ അലി പാസ്പോർ​െട്ടടുത്ത് പറന്നു.

തലശ്ശേരി ദം ബിരിയാണിയുടെ മണം അബുദാബിയിലെ മലയാളികളെയും അറബികളെയും മത്ത് പിടിപ്പിച്ചു. അലിയുടെ കൈപ്പുണ്യം നുകരാൻ ആളുകൾ കൂട്ടമായി എത്തി. അലിയും ഹൈദരാബാദുകാരൻ രാജുവുമായിരുന്നു പ്രധാന പാചകക്കാർ. അടുക്കളയിലെ ജീവിതത്തിനിടയിൽ രാജുവിൽനിന്ന് ഹിന്ദി പഠിക്കാൻ അലി ശ്രമിച്ചു. എന്നാൽ അലിയിൽനിന്ന് രാജു മലയാളം പഠിച്ചതോടെ ആ പഠനം നിലച്ചു.
വർഷങ്ങൾ കടന്നുപോയി. അതിനിടയിൽ അലിയും രാജുവും പലപ്രാവശ്യം നാട്ടിൽ വന്നുപോയി. ഒരു പെരുന്നാളിന് നാട്ടിലേക്ക് പുറപ്പെട്ട അലിയെ എമിഗ്രേഷൻ അധികൃതർ തിരിച്ചയച്ചു. ഭൂമി കീഴ്‌മേൽ മറിഞ്ഞതുപോലെയാണ് അലിക്ക് തോന്നിയത്. തിരിച്ച് മുറിയിൽ എത്തിയശേഷം സുഹൃത്തുക്കൾ വഴി കാര്യമന്വേഷിച്ചു. ഉപ്പിന്റെയും മുളകിന്റെയും മനക്കണക്കല്ലാതെ എഴുത്തും വായനയും അറിയാത്ത അലിയെ സ്പോൺസറായ അറബി പറ്റിച്ചു. അന്നത്തെ 78 ലക്ഷം രൂപ കെട്ടിവെച്ചാൽ മാത്രമേ അലിക്ക് രാജ്യം വിടാൻ കഴിയൂ എന്ന് മനസ്സിലായപ്പോൾ ജീവിതത്തിൽ അതുവരെ അനുഭവിക്കാത്ത നിരാശയുടെ രുചി അലി അറിഞ്ഞു. സ്പോൺസറോട് കാര്യം പറഞ്ഞെങ്കിലും അദ്ദേഹം കൈമലർത്തി. രാജുവും സ്പോൺസറുടെ അതേ ചതിയിൽപ്പെട്ടതായി മനസ്സിലായി. 60 ലക്ഷം രൂപയുടെ ബാധ്യതയാണ് അദ്ദേഹത്തിന്റെ തലയിൽ വീണത്. കൂട്ടിലകപ്പെട്ട പക്ഷികളെപ്പോലെയായി രണ്ടുപേരും. അബുദാബിയിൽ ജോലിചെയ്ത് ജീവിക്കാം. എന്നാൽ, പണം കെട്ടിവെക്കാതെ രാജ്യം വിടാനാകില്ല.

കൂട്ടിലകപ്പെട്ട കിളികൾ

ഒരായുസ്സ് മുഴുവൻ ജോലിയെടുത്താലും തീർക്കാൻ കഴിയാത്ത സാമ്പത്തികബാധ്യതയാണ് രണ്ടുപേരുടെയും തലയിലായിരിക്കുന്നത്. എന്തായാലും മരിക്കും. അതിനുമുമ്പ് എങ്ങനെയെങ്കിലും നാടുവിടണമെന്ന് മാത്രമായി പിന്നീടുള്ള ചിന്ത. ഒരിക്കൽ ഷാർജ വിമാനത്താവളം വഴി രക്ഷപ്പെടാൻ ഒരുശ്രമം നടത്തി. ആയിരം ദിർഹമാണ് ഒരുസംഘം അതിനായി കൈക്കൂലി ആവശ്യപ്പെട്ടത്. അപ്പോഴേക്കും അലിക്ക് മനുഷ്യരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. വിമാനം കയറിക്കഴിഞ്ഞാൽമാത്രം തുക നൽകിയാൽ മതിയെന്ന് പറഞ്ഞുറപ്പിച്ച് ആയിരം ദിർഹം ഒരു ബാർബർ ഷോപ്പിൽ ഏൽപ്പിച്ചാണ് അലി അന്ന് വിമാനത്താവളത്തിലേക്കു പോയത്.

എല്ലാം പറഞ്ഞുറപ്പിച്ചതുപോലെ മുന്നോട്ടുപോയി. എന്നാൽ അലി എമിഗ്രേഷൻ കൗണ്ടറിലെത്തുന്നതിനു തൊട്ടുമുമ്പ് അതുവരെ ഉണ്ടായിരുന്ന പുരുഷജീവനക്കാരന്റെ സമയം തീർന്നു. അടുത്തതായി സീറ്റിലെത്തിയ സ്ത്രീയോട് അദ്ദേഹം അലിയുടെ കാര്യം പറഞ്ഞു. എന്നാൽ, പിടിക്കപ്പെട്ടാൽ പണി പോകുന്ന കാര്യം ചെയ്യാൻ അവർ തയ്യാറായില്ല. ആ വഴി അടഞ്ഞെന്ന് മനസ്സിലാക്കി വീണ്ടും നിരാശയോടെ ഹോട്ടലിലേക്ക് മടങ്ങി. പണം അടയ്ക്കുന്നതിന് മധ്യസ്ഥർവഴി സ്പോൺസറെ സമീപിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. വിധിയുടെ നിശ്ചയം മറ്റൊന്നായിരിക്കുമെന്ന് കരുതി അലി നാളുകൾ തള്ളിനീക്കി.

നുഴഞ്ഞുകയറ്റം

അലിയുടെയും രാജുവിന്റെയും സങ്കടം അബുദാബിയിൽ പലരുടെയും മനസ്സലിയിക്കുന്നുണ്ടായിരുന്നു. അവരും അവർക്കുവേണ്ടി പല വാതിലുകൾ മുട്ടിക്കൊണ്ടിരുന്നു. അതിലൊരാളായിരുന്നു പയ്യന്നൂർ സ്വദേശിയും ടാക്സിഡ്രൈവറുമായ അഷറഫ്. മസ്കറ്റിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് അങ്ങോട്ടുപോയി രക്ഷപ്പെടാനുള്ള വഴിയുമായാണ് ഒരുദിവസം അഷറഫ് എത്തിയത്. ധൈര്യമുണ്ടോ എന്ന ഒറ്റച്ചോദ്യം മാത്രമാണ് അഷറഫിന്റെ ഭാഗത്തുനിന്നുണ്ടായത്. അലിക്കുള്ളിലെ തലശ്ശേരിക്കാരൻ ഉണർന്നു. ഒരുപെട്ടിയും കൈയിലുള്ള പണവുമെടുത്ത് ഒരു സന്ധ്യക്ക്‌ അഷറഫിനൊപ്പം ബ്രഹ്മി അതിർത്തിയിലെത്തി. പോയാൽ പോകട്ടെയെന്ന് ഉറപ്പിച്ച് ആയിരം ദിർഹം അഷറഫിന് കൈമാറി. അത്‌ ആരെയോ ഏൽപ്പിച്ച് അഷറഫ് മടങ്ങി. രാത്രി 10 മണിയോടെ ഒരു അറബിയും മറ്റൊരാളും സ്റ്റേഷനറി സാധനങ്ങൾ നിറച്ച വാഹനത്തിൽ അലിക്കടുത്തെത്തി. മറ്റൊന്നും ചിന്തിച്ചില്ല. അതിൽ കയറിയിരുന്നു. 11 മണിയോടെ ഒരു കുറ്റിക്കാടിനുസമീപം വാഹനം നിർത്തി. രണ്ടുപേരെയും ഇറക്കി അറബി വാഹനം ഓടിച്ചുപോയി. കുപ്പായം ഊരിപ്പിടിച്ച് കൂരാക്കൂരിരുട്ടിലൂടെ ആ മരുഭൂമിയിലെ ഊടുവഴിയിൽ മുന്നിലെ ആളുടെ പാദം പിന്തുടർന്ന് അലി നടന്നു. നുഴഞ്ഞുകയറ്റക്കാർ വെടിയേറ്റ് മരിച്ചതുൾപ്പെടെയുള്ള പഴയ വാർത്തകൾ അലിയുടെ ഉള്ളിൽ ഇരച്ചെത്തിക്കൊണ്ടിരുന്നു. മരണത്തിലേക്കുള്ള വഴിയാണോ ഇതെന്നുപോലും ചിന്തിച്ചുപോയിട്ടുണ്ടെന്ന് അലി. ഒരുമണിക്കൂറിലേറെ നടന്നു. അത് അവസാനിച്ചത് ആദ്യം കണ്ട അറബിയുടെ അതേ വാഹനത്തിനു മുന്നിലായിരുന്നു. അപ്പോഴാണ് അലിക്ക് മനസ്സിലായത് താൻ മസ്കറ്റിൽ എത്തിയിരിക്കുന്നുവെന്ന്.

നിയമപ്രകാരം മസ്കറ്റിലെത്തി വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നവർക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുകയെന്ന സത്യമറിഞ്ഞ് അലി വീണ്ടും ഞെട്ടി. ഇടിവെേട്ടറ്റവനെ പാമ്പുകടിച്ച അവസ്ഥ. പണിയറിയുന്നവന് പട്ടിണി കിടക്കേണ്ടിവരില്ല. പരിചയക്കാർ വഴി അൽ ഖ്വയറിലെ നൂറുക്കയുടെ ഹോട്ടലിൽ ജോലിക്ക് കയറി. നുഴഞ്ഞുകയറ്റക്കാരന്റെ ദം ബിരിയാണി ഒന്നരക്കൊല്ലത്തോളം മസ്കറ്റ് രുചിച്ചു. അതിനിടയിൽ അലി മകൻ അസ്കറിനെ മസ്കറ്റിലെത്തിച്ചു. അവനൊരു ജോലിയും തരപ്പെടുത്തി. വേദനയുടെ പ്രളയം ചില നല്ല കാര്യങ്ങളും ജീവിതത്തിൽ അവശേഷിപ്പിക്കുമെന്ന് വിശ്വസിക്കാനാണ് അലി ഇപ്പോൾ ഇഷ്ടപ്പെടുന്നത്. നാട്ടിലേക്ക് രക്ഷപ്പെടാൻ വഴിതേടിയുള്ള യാത്രയിൽ അലിക്ക് കൂട്ടായി അസ്കറും ഒരുപാട് അലഞ്ഞു.

വീണ്ടും നുഴഞ്ഞുകയറ്റം

അതിനിടയിൽ യു.എ.ഇ. പൊതുമാപ്പ് പ്രഖ്യാപിച്ചതായി വാർത്തയെത്തി. അതിൽ പരിഗണിക്കണമെങ്കിൽ മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ വീണ്ടും അതിർത്തി നുഴഞ്ഞുകടക്കണം. മീനും ഇറച്ചിയും കൊണ്ടുപോകുന്ന ശീതീകരിച്ച വാഹനത്തിൽ ഒരു നുഴഞ്ഞകയറ്റക്കാരൻ ഐസായി മരിച്ച വാർത്ത പുറത്തുവന്ന കാലമായിരുന്നു അത്. കയ്പുനീർ കുടിച്ച് മരണഭയം മാറിയ അലിയെ സഹായിക്കാൻ ഒരു ഒമാനി തയ്യാറായി. അസ്കറോട് യാത്ര പറഞ്ഞ് രാത്രി 10 മണിക്ക് ഒരു വാഹനത്തിൽ അതിർത്തിയിലേക്ക്. ഒരുമണിയോടെ മരുഭൂമിയിലെ ഇരുട്ടിൽ ഇറക്കി ഒമാനി പോയി. സഹായിക്കൊപ്പം ധൈര്യംമാത്രം വെളിച്ചമാക്കി വീണ്ടും മുൾവഴികളിലൂടെയുള്ള നടത്തം. ഒരു ഖബർസ്ഥാനിലാണ് ആ നടത്തം അവസാനിച്ചത്. അവിടെ കുറച്ച് വിശ്രമിച്ച് വീണ്ടും നടത്തം. ഒരു പൊന്തക്കാട്ടിൽ ഒളിച്ചിരിക്കാൻ സഹായി നിർദേശിച്ചു. അതിനുശേഷം അദ്ദേഹം മുന്നിലെ ഇരുട്ടിലേക്ക് ടോർച്ച് തെളിച്ചു. തിരിച്ചും ഒരു വെളിച്ചം തെളിഞ്ഞു. മുന്നിൽ വഴി തെളിഞ്ഞതിന്റെ സന്ദേശമായിരുന്നു അത്. പുലർച്ചെ നാലരയോടെ ഒരു മലഞ്ചെരുവിലെത്തി. മറ്റൊരു അറബി വാഹനവുമായി വന്ന് കൂട്ടിക്കൊണ്ടുപോയി അബുദാബിക്കുള്ള ബസ് കയറ്റിവിട്ടു. യാത്രച്ചെലവിനുള്ള പണം നൽകിയാണ് അദ്ദേഹം മടങ്ങിയതെന്ന് അലി ഓർക്കുന്നു.

രാജു ചങ്ങലയിൽ

നേരെപോയത് അബുദാബിയിലെ ഇന്ത്യൻ എംബസിയിലേക്കായിരുന്നു. രാവിലെത്തന്നെ അവിടെ നാടുപിടിക്കാനുള്ള ആളുകളുടെ വലിയ നിര. പ്രതീക്ഷയോടെ അലിയും അതിലൊരാളായി. ആൾക്കൂട്ടത്തിൽനിന്ന് മാറി ആ കാഴ്ചകണ്ട് അദ്ദേഹം ഞെട്ടി. അറബിപോലീസുകാർക്കിടയിൽ കൈയിൽ ചങ്ങലയുമായി രാജു. അധികൃതർക്ക് മുന്നിലെത്തിയാൽ തന്റെയും ഗതി അതായിരിക്കുമെന്ന് അലി ഉറപ്പിച്ചു. നിലയുറയ്ക്കാതെ വീഴുമെന്നായപ്പോൾ നിരയിൽനിന്ന് മാറി തലയിൽ കൈവെച്ച് കുറച്ചുനേരം മണ്ണിലിരുന്നു. ആരൊക്കെയോ നീട്ടിയ വെള്ളം കുടിച്ചെങ്കിലും ദാഹം കൂടിക്കൊണ്ടിരുന്നു. മറ്റൊന്നും ആലോചിച്ചില്ല. പഴയ സുഹൃത്തുക്കളെത്തേടി കണ്ടുപിടിച്ചു. കാണാതായ അലിയെ വീണ്ടും കണ്ട് അവർ ഞെട്ടി. അലി വിളമ്പിയ ബിരിയാണിയുടെ മണത്തിനുപകരം അവരുടെ ഉള്ളിൽ നിറഞ്ഞത് മറ്റെന്തോ ആയിരുന്നു. കരളലിയിക്കുന്ന അലിയുടെ കഥകേട്ട് എത്രയും പെട്ടെന്ന് അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ അവർ തീരുമാനിച്ചു.

കടൽ നീന്തിക്കടന്ന്

എല്ലാ വഴിയും അടഞ്ഞെന്ന് തോന്നിക്കഴിഞ്ഞാൽ മുന്നിൽ തെളിയുന്ന വഴി എത്രമാത്രം ദുഷ്കരമായാലും അത് തിരഞ്ഞെടുക്കാൻ അലി തീരുമാനിച്ചു. ഗുജറാത്തിലേക്കും തിരിച്ചും സാധനങ്ങൾ കടത്തുന്ന ഉരുകളിലെ ബംഗാളികൾക്കിടയിലേക്ക് അന്വേഷണം നീണ്ടു. അങ്ങനെ പാചകക്കാരന്റെ വേഷത്തിൽ അലി അതിൽ കയറിക്കൂടി. കടലിന്റെ മടിത്തട്ടിലെ ആ അടുക്കളയിൽ ദിവസങ്ങളോളം അലി ബിരിയാണി വെച്ചുവിളമ്പി. അറബിക്കടലിലെ കാറ്റ് ആ മണം തലശ്ശേരിയിലുമെത്തിച്ചു. ദുരിതക്കടൽ നീന്തിക്കടന്ന് അലി തിരിച്ചുവരികയാണെന്ന് അത് നാട്ടുകാരോടെല്ലാം വിളിച്ചുപറഞ്ഞു. ഗുജറാത്തിന്റെ പുറംകടലിൽ ചെറുതോണിയിലേക്ക്് അലിയെ ഇറക്കുമ്പോൾ പിന്നിൽനിന്ന് ബംഗാളി വിളിച്ചുചോദിച്ചു- അലീ സാബ്... ആപ് കാ മസാലോം ക മൊഹബത്ത് ക്യാഹേ? ഉപ്പുള്ള കണ്ണീർ അപ്പോൾ അലിയുടെ കാഴ്ചമറച്ചു. കലർപ്പില്ലാത്തതുമാത്രം രുചിച്ച നാവ് വാക്കുകൾ വരാതെ വിറച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram