ഒരു വർഷം മുമ്പുള്ള സായാഹ്നം. തൃക്കരിപ്പൂർ മുറാദ് സ്റ്റുഡിയോയിൽ കരിവെള്ളൂർ രാജനെ കാണാൻ ചെറുവണ്ടിയിൽ അമ്മിക്കല്ല് വില്പന നടത്തുന്ന ശെൽവരാജ് വന്നു. “സർ, ഇപ്പോ അമ്മിക്കല്ലിന് ചെലവ് വളരെ കുറവ്. വണ്ടിയിൽ വയ്ക്കാൻ ഒരു പരസ്യ സി.ഡി. ഉണ്ടാക്കിത്തരണം” -തമിഴ് കലർന്ന മലയാളത്തിൽ അയാൾ പറഞ്ഞു.
അമ്മിക്കല്ലിനെന്താ പരസ്യവാചകം. എങ്കിലും വെല്ലുവിളി രാജൻ ഏറ്റെടുത്തു. പണ്ടുകാലത്ത് ഇടവഴികളിൽ പോലും മുഴങ്ങികേട്ട അമ്മികൊത്താനുണ്ടോ എന്ന ചോദ്യം മുതൽ സിസേറിയൻ പ്രസവം വരെ നീളുന്ന പരസ്യ സി.ഡി തന്റെ വിസ്മയശബ്ദത്തിൽ രാജൻ തയ്യാറാക്കിക്കൊടുത്തു.
ഒരുമാസംകഴിഞ്ഞ് ശെൽവരാജ് വീണ്ടും വന്നു. കച്ചവടത്തെക്കുറിച്ചന്വേഷിച്ച രാജനോട് അയാൾ പറഞ്ഞ മറുപടിയാണ് വിചിത്രം. “അമ്മിക്കല്ലിന് ചെലവ് കുറവുതന്നെ. എന്നാൽ പോകുന്ന സ്ഥലങ്ങളിൽനിന്നെല്ലാം പരസ്യ സി.ഡി.യുടെ കോപ്പി നാട്ടുകാർ ചോദിക്കുന്നുണ്ട്. 100 സി.ഡി. ഉണ്ടാക്കിത്തരണം.” ശബ്ദംകൊണ്ട് നാലുപതിറ്റാണ്ടായി വിസ്മയം തീർക്കുന്ന കരിവെള്ളൂർ രാജന്റെ അനുഭവച്ചെപ്പിലെ ഒരു ചെറിയ സംഭവം മാത്രമാണിത്.
മലയാളികൾ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം ആഘോഷങ്ങളിലും തിരഞ്ഞെടുപ്പുകളിലും രാജന്റെ ശബ്ദമുണ്ടാകും. പഠനത്തിൽ മിടുക്കനായിരുന്നു കരിവെള്ളൂർ പലിയേരിക്കൊവ്വലിലെ എ.വി.രാജൻ. എന്നാൽ ജീവിത സാഹചര്യങ്ങൾ ആറാം ക്ലാസിനപ്പുറം പഠിക്കാൻ രാജനെ അനുവദിച്ചില്ല. പിന്നെ നേരെ പോയത് കരിവെള്ളൂർ ബസാറിലെ ബീഡിക്കമ്പനിയിലേക്ക്. ബീഡിതെറുപ്പിനൊപ്പം എല്ലാ തൊഴിലാളികൾക്കും കേൾക്കാനായി മൈക്കിലൂടെ പത്രം വായിക്കുന്ന ജോലിയും രാജൻ ഏറ്റെടുത്തു. ഇതോടെ രാജന്റെ ശബ്ദത്തിന്റെ സൗന്ദര്യം നാട്ടുകാരറിയാൻ തുടങ്ങി. അതോടെ കരിവെള്ളൂർ ലീന ടാക്കീസിനുവേണ്ടി ജീപ്പിൽ മൈക്ക് കെട്ടി സിനിമാപരസ്യം ചെയ്യുന്ന ജോലിയും കിട്ടിത്തുടങ്ങി. ഒരുപകൽ മുഴുവൻ ജീപ്പിൽ അനൗൺസ് ചെയ്താൽ 15 രൂപ കിട്ടും. ഒരാഴ്ച ബീഡിതെറുത്താൽ 20 രൂപയേ കിട്ടൂ. അതോടെ അനൗൺസ്‌മെന്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.
പയ്യന്നൂർ റാങ് ദ് വ്യൂ സ്റ്റേഡിയത്തിൽ നടന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെൻറിൽ കളിപറയാൻ തുടങ്ങിയതോടെയാണ് രാജന്റെ ശബ്ദവിസ്മയം പുറംലോകം അറിയാൻ തുടങ്ങിയത്. ആദ്യകാലത്ത് നേരിട്ട് അനൗൺസ്‌മെന്റ് നടത്തിയിരുന്നത് പിന്നീട് കാസറ്റിലും സി.ഡി.യിലും ചിപ്പിലുമാക്കി മാറിയപ്പോഴും രാജന്റെ ശബ്ദത്തിന് മാറ്റം വന്നില്ല. മലയാളികൾ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം രാജന്റെ ശബ്ദസാന്നിധ്യമുണ്ടാകും. ആഘോഷങ്ങൾ നടക്കുമ്പോൾ അതിന്റെ പരിപാടിക്കൊപ്പം അല്പം ചരിത്രംകൂടി ചേർക്കുന്നത് രാജന്റെ അനൗൺസ്മെന്റിന് മാധുര്യം കൂട്ടി. തിരഞ്ഞെടുപ്പ് കാലം രാജന് വിശ്രമമില്ലാക്കാലമാണ്.
രാജന് വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും ശബ്ദത്തിനോ വാക്കുകൾക്കോ അതില്ല. ഏത് പക്ഷത്തുനിന്നുള്ള സ്ഥാനാർഥിയായാലും അവരുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടായിരിക്കും രാജന്റെ പ്രചാരണം. അമ്പലങ്ങളോ പള്ളികളോ ആണെങ്കിൽ അവയുടെ ചരിത്രംകൂടി ചേർത്തായിരിക്കും അനൗൺസ്‌മെന്റ്. പ്രചാരണവാചകങ്ങൾ മുഴുവൻ രാജൻ സ്വന്തമായി തയ്യാറാക്കി ഹൃദിസ്ഥമാകും.
കണ്ണൂർ, കാസർകോട് ജില്ലകളിലെ ഭൂരിഭാഗം പെരുങ്കളിയാട്ടങ്ങളിലും ജനക്കൂട്ടത്തെ സ്വാഗതംചെയ്യുന്നത് രാജന്റെ ശബ്ദമായിരിക്കും. ശാന്തയാണ് ഭാര്യ. മൂത്ത മകൻ രശാന്ത് രാജ് അച്ഛനൊപ്പം ഈ രംഗത്തുണ്ട്. മറ്റൊരു മകൻ ശരത് രാജ് പട്ടാളത്തിലാണ്. ശബ്ദവിസ്മയത്തിന്റെ നാലുപതിറ്റാണ്ട് പൂർത്തിയാക്കിയ രാജനെ ജന്മനാട് ആദരിക്കുന്നുണ്ട്. യുവകലാസാഹിതിയാണ് സ്റ്റേഹാദരം സംഘടിപ്പിക്കുന്നത്. െസപ്റ്റംബർ അവസാനവാരത്തിലാണ് പരിപാടി നിശ്ചയിച്ചിരി
ക്കുന്നത്.