ചേലാകര്‍മം ഇരകള്‍ കേരളത്തിലും, ഇടനിലക്കാരുണ്ട് ഓണ്‍ലൈനില്‍


5 min read
Read later
Print
Share

മാതൃഭൂമി സംഘം നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും ചേലാകര്‍മം നടത്തുന്നതായി കണ്ടെത്തി. ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞ് കുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ഈ പ്രാകൃതാചാരത്തിന് ഇരകളാക്കുന്നു.

കോഴിക്കോട്: ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ജനനനേന്ദ്രീയം അംഗവിച്ഛേദം ചെയ്ത് ചേലാകര്‍മം നടത്തുക. ആഫ്രിക്കയിലെ ഗോത്രവര്‍ഗങ്ങളിലും മറ്റും നിലനില്‍ക്കുന്ന ക്രൂരമായ ആചാരം കേരളത്തിലും.

മാതൃഭൂമി സംഘം നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും ചേലാകര്‍മം നടത്തുന്നതായി കണ്ടെത്തി. ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞ് കുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ഈ പ്രാകൃതാചാരത്തിന് ഇരകളാക്കുന്നു. സമുദായത്തിന്റെ പിന്തുണയില്ലാതെയാണ് ഈ ദുരാചാരം.

ഇതിനുപിന്നില്‍ ഏതെങ്കിലും ഗ്രൂപ്പുകളോ സംഘടനകളോ ഉണ്ടോയെന്ന് വ്യക്തമല്ല. ഇടപാടുകള്‍ തികച്ചും രഹസ്യമായാണ്. ചേലാകര്‍മത്തിനെതിരേ അവബോധം നടത്തുന്ന സഹീയോ എന്ന സന്നദ്ധസംഘടനയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

ഭാര്‍ഗവീനിലയം പോലൊരു ക്ലിനിക്ക്
കോഴിക്കോട് ബീച്ചിനോടുചേര്‍ന്ന് ഒറ്റനോട്ടത്തില്‍ കണ്ണില്‍പ്പെടാത്തരീതിയില്‍ താര്‍പ്പായ കെട്ടിമറച്ചിരിക്കുന്ന ഓടുമേഞ്ഞ പഴയ വീട്. ഇവിടെയാണ് ഇത് നടത്തുന്ന ക്ലിനിക്ക്. പരിസരവാസികള്‍ക്കുപോലും ഇവിടെ ചേലാകര്‍മം നടത്തുന്നതായി അറിവില്ല. ക്ലിനിക്കിന്റെ വെബ്സൈറ്റിലും ചേലാകര്‍മത്തെക്കുറിച്ച് സൂചനകളൊന്നുമില്ല. ഫോണ്‍വഴി ബന്ധപ്പെടുന്നവര്‍ക്ക്, വിശ്വാസയോഗ്യമാണെന്ന് ഉറപ്പായാല്‍ ചെയ്തുകൊടുക്കുമെന്നു മാത്രം. ആവശ്യക്കാരെന്ന നിലയിലാണ് ക്ലിനിക്കിന്റെ വെബ്സൈറ്റില്‍ കണ്ട നമ്പറില്‍ ഞങ്ങള്‍ ആദ്യം ബന്ധപ്പെട്ടത്. അടുത്തദിവസം കാണാമെന്ന് ഡോക്ടര്‍ അറിയിച്ചു. പിറ്റേന്ന് ക്ളിനിക്കിലെത്തി. ഉള്ളിലേക്ക് കടന്നയുടന്‍ വാതിലടച്ചു കര്‍ട്ടനിട്ട് മറച്ചു.

വൃത്തിഹീനമായ ചുറ്റുപാടില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന വീടിന് ക്ലിനിക്കിന്റെ സ്വഭാവത്തെക്കാളേറെ ദൂരുഹതയുടെ മണമായിരുന്നു. ഒരു ക്ലിനിക്കിനു വേണ്ട സൗകര്യങ്ങളൊന്നും ഇവിടെയില്ല. ചികിത്സയ്ക്കിടെ എന്തെങ്കിലും അപകടങ്ങള്‍ പറ്റിയാല്‍ മറ്റ് ആസ്?പത്രികളിലേക്ക് കൊണ്ടുപോവാനുള്ള സംവിധാനം പോലുംഇല്ല. സന്ദര്‍ശകര്‍ക്ക് കാണാന്‍ സാധിക്കാത്തതരത്തില്‍ പച്ച നിറമുള്ള കര്‍ട്ടനുകളിട്ട് മറച്ചിട്ടുണ്ട്.

വനിതാ ഡോക്ടറെന്ന് പരിചയപ്പെടുത്തിയ യുവതിയും പ്രായമുള്ള ഒരു ഡോക്ടറുമാണ് വന്നത്. മുഖവുരയില്ലാതെ ഡോക്ടര്‍ നേരിട്ട് കാര്യത്തിലേക്ക് കടന്നു. ആവശ്യം വ്യക്തമാക്കിയപ്പോള്‍ ചേലാകര്‍മം ചെയ്തുതരാമെന്ന് സങ്കോചം കൂടാതെ പറഞ്ഞു. വീട്ടുകാരെ അറിയിക്കാത്തതിനാല്‍ പേടിയുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ആര്‍ത്തവമാണെന്ന് പറഞ്ഞൊഴിഞ്ഞാല്‍ മതിയെന്നായിരുന്നു മറുപടി. ഇത്തരം കാര്യങ്ങള്‍ വീട്ടില്‍ പറയരുത്, അറിഞ്ഞാല്‍ അവര്‍ സമ്മതിക്കില്ലെന്നും ഡോക്ടര്‍ ഉപദേശിച്ചു.

''സ്ത്രീകളുടെ ചേലാകര്‍മം കേരളത്തില്‍ അത്ര പുതിയ കാര്യമൊന്നുമല്ല. ജനിച്ച് അധികമാകാത്ത പെണ്‍കുട്ടികളുമായി രക്ഷിതാക്കള്‍ വരാറുണ്ട്. വിവാഹം കഴിഞ്ഞതും കഴിയാത്തതുമായ സ്ത്രീകളുമായി പലരും എത്താറുണ്ട്. ചിലര്‍ ഭര്‍ത്താക്കന്‍മാരുടെയും അമ്മായിഅമ്മമാരുടെയുമൊപ്പമാണ് വരാറുള്ളതെന്നും ഡോക്ടര്‍ പറഞ്ഞു.

സിവില്‍ സര്‍ജനായി മുക്കത്തെ സര്‍ക്കാര്‍ ആസ്?പത്രിയില്‍ ജോലിചെയ്യുമ്പോള്‍ രഹസ്യമായി ചേലാകര്‍മം നടത്തിയിട്ടുണ്ടെന്നും ഡോക്ടറുടെ വെളിപ്പെടുത്തല്‍. അവിടെ പ്രസവത്തിനിടെ താത്പര്യപ്പെട്ടുവരുന്നവര്‍ക്കൊക്കെ ഇത് ചെയ്തുകൊടുത്തിട്ടുണ്ട്. ഒരുപാട് സ്ത്രീകള്‍ ബീച്ചിലെ ക്ലിനിക്കില്‍ ചേലാകര്‍മത്തിനായി വരാറുണ്ട്. ''സ്ത്രീകള്‍ ചേലാകര്‍മം ചെയ്താല്‍ ലൈംഗിക സംതൃപ്തിയും കുടുംബജീവിതത്തില്‍ സന്തോഷവും ലഭിക്കും.''-ഡോക്ടര്‍ പറഞ്ഞു.

കൂടുതല്‍ സംശയങ്ങള്‍ ചോദിച്ചപ്പോള്‍ വിശ്വാസംവരുന്നില്ലെങ്കില്‍ അവിടെ ചേലാകര്‍മത്തിനായി പെണ്‍കുട്ടികളെയുമായി വരാറുള്ള അന്‍സാരി എന്നയാളുടെ ഫോണ്‍ നമ്പര്‍ തരാമെന്നും അന്വേഷിക്കൂവെന്നുമായി മറുപടി. ഇവിടെ എത്രയോ പേര്‍ വന്നു ഇതുവരെ ആര്‍ക്കും ഒരു പ്രശ്നങ്ങളുമുണ്ടായിട്ടില്ലെന്ന് വനിതാ ഡോക്ടര്‍ പറഞ്ഞു. 4000 രൂപയാണ് ഫീസ്. തങ്ങളുടെ അടുത്ത് വൈവാഹിക കൗണ്‍സലിങ്ങിന് വരുന്നവരോട് ചേലാ കര്‍മം നിര്‍ദേശിക്കാറുണ്ട്. അതവരുടെ ലൈംഗികജീവിതവും വിവാഹജീവിതവും ആനന്ദപ്രദമാക്കും എന്നും ഇവര്‍ അവകാശപ്പെട്ടു.

ഇടനിലക്കാരുണ്ട്, ഓണ്‍ലൈനില്‍
ഇന്റര്‍നെറ്റിലെ ഒരു ഫോറം വഴിയാണ് തിരുവന്തപുരത്ത് സ്ത്രീകള്‍ക്ക് ചേലാകര്‍മം നടത്തുന്നുണ്ടെന്ന വിവരം അറിഞ്ഞത്. ഇടനിലക്കാരെന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടവരുമായി ഞങ്ങള്‍ ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ടു. ഒട്ടേറെ ക്ലിനിക്കുകളില്‍ ഇത് നടത്തുന്നുണ്ടെന്നും ചെലവ് കുറഞ്ഞരീതിയില്‍ പാരമ്പര്യമായി സ്ത്രീകള്‍ക്ക് ചേലാകര്‍മം നടത്തുന്നവരെ ഏര്‍പ്പാടാക്കാമെന്നുമായിരുന്നു മറുപടി. നല്ല ആസ്?പത്രികളാണെങ്കില്‍ 6000 മുതല്‍ 8000 രൂപവരെയാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ചേലാകര്‍മം നടത്തുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. 28,000 രൂപയും അനസ്തേഷ്യാ ചാര്‍ജുമാണ് െബംഗളുരുവില്‍ ആവശ്യപ്പെട്ടത്.

പ്രാകൃതം, മരണത്തിനും കാരണമാകാം
ആഫ്രിക്ക, ഈജിപ്ത്, യെമന്‍ എന്നിവടങ്ങളിലെ ഗോത്രവര്‍ഗക്കാരുടെയിടയില്‍ നിലനില്‍ക്കുന്ന ക്രൂരമായ ആചാരമാണ് ചേലാകര്‍മം. ഏകദേശം 20 കോടി പെണ്‍കുട്ടികളും സ്ത്രീകളും ചേലാകര്‍മത്തിനിരയായിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. പിഞ്ചുകുട്ടികള്‍ മുതല്‍ 15 വയസ്സുവരെയുള്ളവരെ ഇരയാക്കപ്പെടുന്നു. രക്തസ്രാവം, അണുബാധ, പ്രസവത്തിലെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇതുകൊണ്ടുണ്ടാവുന്നു. പ്രാകൃതരീതയില്‍ ചെയ്യുമ്പോള്‍ മരണത്തിനുവരെ കാരണമായിട്ടുണ്ട്. ഇന്ത്യയില്‍ ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സുനിത തിവാരി സുപ്രീം കോടതിയില്‍ പൊതുതാത്പര്യഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടും നാല് സംസ്ഥാന സര്‍ക്കാരുകളോടും മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്.

ചേലാകര്‍മം ക്രിമിനല്‍ കുറ്റമാണെന്ന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മേനകാഗാന്ധി രണ്ടുമാസം മുമ്പ് പറഞ്ഞിരുന്നു. അവസാനിപ്പിച്ചില്ലെങ്കില്‍ കേന്ദ്രം പ്രത്യേക നിയമം മൂലം ഈ ആചാരം നിരോധിക്കുമെന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍, ഇതിനുശേഷവും ഒന്നും സംഭവിച്ചിട്ടില്ല.

മനുഷ്യത്വരഹിതം- ലോകാരോഗ്യസംഘടന

ലൈംഗിക പെരുമാറ്റരീതിയുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങളാണ് മിക്കപ്പോഴും ചേലാകര്‍മത്തിന് പ്രേരണയാകുന്നത്. വിവാഹത്തിനുമുമ്പ് കന്യകാത്വവും വിവാഹശേഷം വിശ്വസ്തതയും ഉറപ്പാക്കുകയാണ് ചേലാകര്‍മത്തിന്റെ ലക്ഷ്യം. സ്ത്രീകളുടെ ലൈംഗികതൃഷ്ണ കുറയ്ക്കാനും അങ്ങനെ വിവാഹപൂര്‍വവും വിവാഹബാഹ്യവുമായ ലൈംഗികവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കാനും ഇത് സഹായകമാവുമെന്നാണ് വിശ്വാസം.
ആരോഗ്യത്തോടെയും സുരക്ഷിതമായും ശാരീരിക വൈകല്യങ്ങളില്ലാതെയും കഴിയാനുള്ള വ്യക്തിയുടെ അവകാശത്തിന്റെ ലംഘനമാണ് ഈ ആചാരം. പീഡനത്തില്‍നിന്നും ക്രൂരവും മനുഷ്യത്വരഹിതവും അപമാനിതവുമായ പ്രവൃത്തിയില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണിതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ചേലാകര്‍മം നാലുതരം

ടൈപ് വണ്‍ എ, ടൈപ്പ് വണ്‍ ബി, ടു, ത്രി എന്നിങ്ങനെ നാലുതരത്തിലുള്ള സ്ത്രീ ചേലാകര്‍മമാണ് നടക്കുന്നത്. ഇതില്‍ കേരളത്തില്‍ ടൈപ്പ് വണ്ണാണ് കൂടുതലും.
ടൈപ് 1: യോനീച്ഛദത്തിലെ തൊലി നീക്കം ചെയ്യുക. അരമണിക്കൂര്‍ സമയമെടുക്കുമെന്ന് ക്‌ളിനിക്കുകാര്‍
ടൈപ് 2: യോനീച്ഛദവും ലാബിയ മിനോറയും നീക്കുന്ന രീതി
ടൈപ് 3: ലാബിയ മിനോറ പൂര്‍ണമായം നീക്കി, തുന്നിക്കെട്ടി ലൈംഗിക ബന്ധം തടയുന്നരീതി. ഈ പ്രക്രിയയിലൂടെ ആര്‍ത്തവരക്തവും മൂത്രവും പോകുവാനുള്ള സുഷിരം മാത്രം നല്‍കുന്നു.

ശിക്ഷിക്കാന്‍ വകുപ്പുകളുണ്ട് നിയമം ഇപ്പോഴുമില്ല

  • ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ നാലു വകുപ്പുകള്‍ ചേലാകര്‍മം കുറ്റകൃത്യമാണെന്ന് വ്യക്തമാക്കുന്നു. അവ ഇങ്ങനെ:
  • 320 (മാരകമായി മുറിവേല്‍പ്പിക്കല്‍)
  • 323 (മുറിവേല്‍പ്പിക്കുന്നതിന് സ്വയം സന്നദ്ധമാകുന്നതിനുള്ള ശിക്ഷ
  • 324 (മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചോ മാരകമായ രീതിയിലോ മുറിവേല്‍പ്പിക്കാന്‍ സന്നദ്ധതകാട്ടുക)
  • 325 (മാരകമായ മുറിവേല്‍പ്പിക്കാന്‍ സ്വയം സന്നദ്ധത പ്രകടിപ്പിക്കുന്നതിനുള്ള ശിക്ഷ)
  • പോക്‌സോ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും (കുട്ടികള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമം), ഒമ്പത് (ക്രൂരമായ ലൈംഗികാതിക്രമം) 19 (അറിഞ്ഞിട്ടും പറയാതിരിക്കുക) വകുപ്പുകളും പ്രകാരം ഇത് കുറ്റകൃത്യമാണ്.

ജമാ അത്തെ ഇസ്ലാമി
''സ്ത്രീകളുടെ ചേലാകര്‍മത്തെപ്പറ്റി ഖുര്‍ആനിലോ പ്രവാചകചര്യകളിലോ ഇന്നുവരെ പരാമര്‍ശിച്ചുകണ്ടിട്ടില്ല. മുസ്ലിം സമുദായത്തിനിടയില്‍ അത്തരമൊരു ആചാരമുള്ളതായും കേട്ടുകേള്‍വിയില്ല. ലോകത്ത് നാല് പ്രധാന സുന്നികര്‍മ ശാസ്ത്രസരണികളും ഒരു ഷിയാ കര്‍മ ശാസ്ത്രസരണിയുമുണ്ട്. ഇതില്‍ ഒന്നിലും സ്ത്രീകളുടെ സുന്നത്തിനെപ്പറ്റി പരാമര്‍ശിക്കുന്നില്ല. ഇതുകൊണ്ടുതന്നെ ഈ ആചാരം ഇസ്ലാമികമല്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂഢധാരണകളും മതത്തെ വികലമാക്കാനേ സഹായിക്കൂ
ശൈഖ് മുഹമ്മദ് കാരക്കുന്ന് ''

പോപ്പുലര്‍ ഫ്രണ്ട്

''സ്ത്രീകളുടെ സുന്നത്ത് ഇസ്ലാമികമല്ല. ഇത്തരം ആചാരത്തെപ്പറ്റി കേട്ടറിവില്ല. ഖുര്‍ ആനിന്റെയോ ഹദീസുകളുടെയോ അടിസ്ഥാനത്തിലല്ലാതെ ഉദയംകൊള്ളുന്ന ചില ചിന്താധാരണകളും ഇസ്ലാമിനെ മറ്റുചില തലങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. നന്മകളെയും തിന്മകളെയും നിഷ്‌കര്‍ഷിക്കുന്നുണ്ട് ഇസ്ലാം. അതില്‍ സ്ത്രീകളുടെ ചേലാകര്‍മം ഒരിടത്തുപോലും കടന്നുവരുന്നില്ല.
നസറുദ്ദീന്‍ എളമരം''

ഡോ ഫസല്‍ ഗഫൂര്‍, എം.ഇ.എസ്.

''ഇസ്ലാം വരുന്നതിനേക്കാള്‍ മുമ്പുള്ള കാലത്തെ പ്രാകൃതാചാരം മാത്രമാണിത്. സുഡാനിലും നൈജീരിയയിലുമൊക്കെ ഈ പ്രാകൃതരീതി തുടരുന്നവരുണ്ട്. അതിന്റെ ഭാഗമായിമാത്രമേ കാണുന്നുള്ളൂ. പുരുഷന്മാരുടെ ചേലാകര്‍മംപോലും സ്വമേധയാ തീരുമാനിക്കുന്നതാണ്. സ്ത്രീകളുടെ സുന്നത്ത് ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. ഇന്ത്യയില്‍ ദാവൂദിബോറ വിഭാഗത്തില്‍ ഈ രീതിയുണ്ട്. എന്നാല്‍, പ്രതിഷേധത്തെത്തുടര്‍ന്ന് അവര്‍ക്കിടയിലും ഇത് ഇല്ലാതാവുകയാണ് ''

വി.പി. സുഹറ, നിസ
''ഇസ്ലാമികമായി ഇതിന് അടിസ്ഥാനമില്ല. സ്ത്രീകളുടെ ലൈംഗികതയെ അടിച്ചമര്‍ത്താനുള്ള മാര്‍ഗം മാത്രമാണിത്. ആഫ്രിക്കയില്‍ മുമ്പ് നടന്നിരുന്നത് ഇപ്പോള്‍ ഇവിടെ വരുന്നത് എതിര്‍ക്കപ്പെടേണ്ടതാണ് . ഇത് മനുഷ്യാവകാശ ലംഘനമാണ്''

ആരിഫ ജൊഹാരി(സാഹിയോ ഫൗണ്ടേഷന്‍)

''ഈ ദുരാചാരം സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനാണ്. ഞാനുമിതിന് ഇരയാണ്. ചേലാകര്‍മത്തിനനുകൂലമായി പറയുന്ന അവകാശവാദങ്ങളൊന്നും സ്ത്രീയുടെ ജനനേന്ദ്രിയം ഛേദിക്കുന്നതിന് ന്യായമാകില്ല. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ചേലാകര്‍മം ഇന്ത്യയില്‍ നിന്നും തുടച്ച് നീക്കണം ''

ജാമിദ, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി
''ഇത് ഇസ്ലാമികമല്ല. ഖുര്‍ആനിലെ 114 അധ്യായങ്ങളില്‍ ഒരിടത്തും ഇതേപ്പറ്റി പറഞ്ഞിട്ടില്ല. സ്ത്രീകളുടെ കാര്യത്തില്‍ ഇത് പെണ്‍കുട്ടികളോട് ചെയ്യുന്ന ക്രൂരതയായിമാത്രമേ കാണാനാവൂ''

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram