ഡോ. കെ.ഗിരീഷ്കുമാർ, ഡോ.ശാലിനി മേനോൻ, ഡോപ്പോ മീറ്റർ
കളമശ്ശേരി: പലപ്പോഴും ഉള്ളിലെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്ത മാനസികാവസ്ഥയിലായിരിക്കും നമ്മള്‍. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്നൊക്കെ പറയുന്നത് അപ്പോഴാണ്... പറഞ്ഞറിയിക്കാന്‍ പറ്റിയില്ലെങ്കിലും ഇനി സന്തോഷം അളന്നറിയാന്‍ പറ്റും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ ഗവേഷക ഡോ. ശാലിനി മേനോനാണ് സന്തോഷത്തിന്റെ തോത് അളന്നെടുക്കാന്‍ പറ്റുന്ന യന്ത്രം കണ്ടെത്തിയത്.
നാഡീതന്തുക്കള്‍ ഉത്പാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈന്‍ ആണ് സന്തോഷമുള്‍പ്പെടെയുള്ള മനുഷ്യവികാരങ്ങള്‍ നിര്‍ണയിക്കുന്നത്. ഡോപ്പമൈന്റെ അളവ് നിര്‍ണയിക്കുന്ന ഡോപ്പാ മീറ്റര്‍ എന്ന സെന്‍സര്‍ ഉപകരണമാണ് ഡോ. ശാലിനി മേനോന്റെ കണ്ടെത്തല്‍. ന്യൂറോളജിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്ന് ഡോ. ശാലിനി പറയുന്നു.
4,000 രൂപ മാത്രം ചെലവു വരുന്ന ഈ ചെറു ഉപകരണം ഉപയോഗിക്കാന്‍ എളുപ്പമാണ്.
പരിശോധനയ്ക്ക് രക്തസാമ്പിളിന്റെ ഒരു തുള്ളിയേ വേണ്ടൂ, രണ്ട് സെക്കന്‍ഡില്‍ ഫലം ലഭിക്കും.
പ്രോഗ്രാം ചെയ്യാവുന്ന ഇതിന്റെ ഡിസ്പോസിബിള്‍ ഇലക്ട്രോഡ് മാറി മാറി ഉപയോഗിച്ച് നിരവധി രോഗാവസ്ഥകള്‍ നിര്‍ണയിക്കാന്‍ കഴിയും. ഡോപ്പാ മീറ്ററിന്റെ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ. ഗിരീഷ് കുമാറിന്റെ മാര്‍ഗ നിര്‍ദേശത്തിലാണ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആര്‍. റിസര്‍ച്ച് അസോസിയേറ്റായ ഡോ. ശാലിനി മേനോന്‍ ഡോപ്പാ മീറ്റര്‍ എന്ന സെന്‍സറിന്റെ പ്രോട്ടോ ടൈപ്പ് വികസിപ്പിച്ചത്. കോഴിക്കോട്ടെ പ്രോച്ചിപ്പ് ടെക്നോളജിയുടെ സഹകരണവും ഉണ്ടായി. സര്‍ക്കാര്‍ അംഗീകാരമുള്ള സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ കെംസെന്‍സറിന്റെ സ്ഥാപകയാണ് ഡോ. ശാലിനി മേനോന്‍.
Content Highlights: Researchers invented Dopometer to measure happiness, Health, Wellness