Representative Image| Photo: GettyImages
എല്ലാവര്ക്കും സന്തോഷമാണ്... തുണി ഉണക്കാന്‍ സൗകര്യമായി....തണുപ്പില്‍നിന്നും ആശ്വാസമായി.... സൂര്യനെ കാണുമ്പോള്‍ തന്നെ എന്തൊരു സുഖം....
എന്നാല്‍ നല്ലവണ്ണം ശ്രദ്ധിച്ചാല്‍ കാണാവുന്ന മറ്റു ചില കാര്യങ്ങള്‍ കൂടി മഴ മാറി വരുന്ന സൂര്യന്‍ കൊണ്ടുവരും. നല്ലവണ്ണം വെള്ളം കുടിക്കുന്നുണ്ടല്ലോ, എങ്കിലും മൂത്രമൊഴിക്കുമ്പോള്‍ ഇപ്പോള്‍ ഒരു ചുടിച്ചില്‍.... എന്താണെന്നറിയില്ല കഴിഞ്ഞ ഒരാഴ്ചയായി പുളിച്ചുതികട്ടല്‍ നന്നായി ബുദ്ധിമുട്ടിക്കുന്നു.... രാവിലെ എണീക്കുമ്പോള്‍ വായ്ക്ക് ഒരു കയ്പുരസം ഉണ്ട്.
മഴക്കാലത്തിനിടയില്‍ നാല് അഞ്ച് ദിവസം വെയില്‍ വരുമ്പോള്‍ മിക്കവര്‍ക്കും ഉണ്ടായേക്കാവുന്ന ചെറിയ, ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണങ്ങളാണ് ഇവ. നമ്മുടെ ഭക്ഷണ രീതികളിലോ ജീവിതശൈലിയിലോ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പിന്നെ എന്തുകൊണ്ട് ഇത്തരം മാറ്റങ്ങള്‍ ശരീരത്തില്‍ പ്രകടമാകുന്നു?
ഇത്തരം സന്ദര്‍ഭങ്ങളിലാണ് നമുക്ക് ചുറ്റുമുള്ള പ്രകൃതി മനുഷ്യശരീരത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് ശ്രദ്ധിക്കാവുന്നത്, മനസ്സിലാക്കാവുന്നത്...
ആദ്യം വെയില്‍ കഴിഞ്ഞുള്ള മഴക്കാലത്തും തുടര്‍ന്നുവരുന്ന വെയിലിലും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെ മനസ്സിലാക്കാം. വേനല്‍ക്കാലത്ത് നല്ല ചൂടു പിടിച്ചിരിക്കുന്ന ഭൂമിയിലേക്ക് വീഴുന്ന മഴ.. ഇതിനെ, ചൂടുപിടിച്ച ദോശക്കല്ലിലേക്ക് തളിക്കപ്പെടുന്ന വെള്ളത്തോട് ഉപമിക്കാം. വെള്ളം വീഴുന്ന മാത്രയില്‍ അത് ആവിയായി മാറുന്നു. ഭൂമിയിലും ഇതുപോലെ തന്നെ സംഭവിക്കുന്നു. ഈ പ്രക്രിയ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളിലും പ്രത്യേകിച്ച് മനുഷ്യശരീരത്തില്‍ ഉള്‍പ്പുഴുക്ക് ഉണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നു. കൂടെ തന്നെ പുളിപ്പിക്കുന്ന തരത്തില്‍ ഒരു പരിണാമവും പ്രകൃതിയില്‍ സംഭവിക്കുന്നു.
മഴ തുടര്‍ന്നു നില്‍ക്കുമ്പോള്‍ ഇവയും തുടര്‍ന്നു നില്‍ക്കുന്നു. അതിനു ശേഷം വെയില്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ വെയിലിന്റെ ചൂടോടു ചേര്‍ന്ന് ഈ ഉള്‍പുഴുക്ക് കൂടുതല്‍ പ്രകടമാകുന്നു. ഇതു തന്നെയാണ് ശരീരത്തിലും സംഭവിക്കുന്നത്. അതുകൊണ്ടാണ് ചൂട് കൂടുതലായി ഉണ്ടാകുമ്പോള്‍ കാണുന്ന മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകുന്നത്.
ശരീരവും പ്രകൃതിയും അത്രയും ബന്ധപ്പെട്ടിരിക്കുന്നുവോ?
ഈ സംശയം തികച്ചും സ്വാഭാവികം മാത്രം പ്രകൃതിയുടെ ഒരു ചെറിയ ബിംബമായി ആണ് മനുഷ്യനെ കണക്കാക്കുന്നത്. നമുക്കുചുറ്റും എന്താണ് ഉള്ളത് അത് തന്നെയാണ് നമ്മുടെ ഉള്ളിലും. തീര്‍ച്ചയായും ചെറിയ രൂപം ആകുമ്പോള്‍ അതിന്റെ മട്ടിലും ഭാവത്തിലും വ്യത്യാസങ്ങള്‍ ഉള്ളപോലെ തോന്നാമെങ്കിലും പ്രകൃതിയും മനുഷ്യനും ഒന്നുതന്നെയാണ്. കടലിലെ വെള്ളം ഒരു ബക്കറ്റില്‍ ശേഖരിച്ചാല്‍ നിങ്ങള്‍ക്ക് അതില്‍ തിരമാലകളെ കണ്ടെത്താന്‍ സാധിക്കണമെന്നില്ല. എങ്കിലും അതിന് കടലില്‍നിന്നും വ്യത്യസ്തമായ ഒരു നിലനില്‍പ്പ് ഇല്ല തന്നെ. തിരിച്ച് കടലില്‍ ഒഴിക്കുകയാണെങ്കില്‍ ആ വെള്ളത്തിലും തിരകള്‍ പ്രകടമാകാന്‍ തുടങ്ങും.
ഈ ഒരു അവബോധം ആദ്യം ഓരോ മനുഷ്യനും നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്. എങ്കില്‍ മാത്രമേ പ്രകൃതിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് തന്റെ ജീവിത രീതികളിലും മാറ്റം വരുത്തി ശരീരത്തെ കര്‍മ്മ യോഗ്യമാക്കി നിലനിര്‍ത്താന്‍ സാധിക്കൂ...
മഴയുടെ ഇടയില്‍ ഉണ്ടാകുന്ന ചൂടിനെ എങ്ങനെ പ്രതിരോധിക്കാം?
പുറത്തുണ്ടാകുന്ന ചൂടിനെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ലല്ലോ. അതുകൊണ്ടുതന്നെ ശരീരത്തിന് അകത്തേക്ക് ഭക്ഷണത്തിന്റെ രൂപത്തില്‍ കടന്നുവരുന്ന ഉഷ്ണഗുണത്തെ തീര്‍ച്ചയായും നമുക്ക് നിയന്ത്രിക്കാനാവും.
ചൂട് കുറയ്ക്കാനായി നാരങ്ങാവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കുടിക്കുന്നവരുണ്ട്. ഇത് സത്യത്തില്‍ നാരങ്ങയിലെ പുളിയെക്കൊണ്ടും ഉപ്പ് കൊണ്ടും ശരീരത്തിനകത്ത് ഉഷ്ണഗുണം കൂടുന്നതിന് കാരണമാകും. ഉപ്പുമാങ്ങ, കടുമാങ്ങ, അച്ചാറുകള്‍ ഇവ ഉപയോഗിക്കുമ്പോളും ഇത് തന്നെ സംഭവിക്കുന്നു. വളരെ ചൂടുള്ള വെള്ളം കുടിക്കുന്നതും കുളിക്കാന്‍ ഉപയോഗിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. മാംസം, മുതിര, മുട്ട, മത്സ്യം പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് സ്വാഭാവികമായി ഉഷ്ണഗുണം ആണുള്ളത്. ഇവയുടെ ഉപയോഗം കുറയ്ക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും. കൂടെ തന്നെ തണുപ്പ് ഗുണം കൂടുതലായുള്ള കുമ്പളങ്ങ, വെള്ളരിക്ക പോലുള്ള പച്ചക്കറികള്‍ കൂടുതലായി ഉപയോഗിക്കുന്നതും നല്ലതാണ്. പുളിപ്പിച്ച മാവ് കൊണ്ടുള്ള പലഹാരങ്ങള്‍ തല്‍ക്കാലം ഒഴിവാക്കാം. ചിറ്റമൃത് കൊത്തമല്ലി, രാമച്ചം ഇവ ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. യവം, ഗോതമ്പ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നെയ്യ് (ചൂടാക്കാതെ) ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതും നല്ലതാണ്. എന്നാല്‍ നെയ്യ് ഉപയോഗിക്കുമ്പോള്‍ അതിനെ ദഹിപ്പിക്കാനുള്ള ശേഷി തന്റെ അഗ്‌നിക്ക് ഉണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്
വെയില്‍ കൊണ്ട് ശീലമില്ലാത്തവര്‍ ഉദാഹരണമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ തീര്‍ച്ചയായും ഈ വെയിലിനെ ഒഴിവാക്കേണ്ടതാണ്. പകല്‍ ഉറങ്ങുന്നതും അതിയായി വ്യായാമം ചെയ്യുന്നതും നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.
അവിപത്തി ചൂര്‍ണ്ണം എന്ന ഔഷധം തന്റെ ശരീര ബലത്തിന് അനുസരിച്ചുള്ള അളവ് വൈദ്യ നിര്‍ദ്ദേശപ്രകാരം മനസ്സിലാക്കി സേവിച്ച് വയറിളക്കുന്നതും മഴക്കാലം കഴിയുന്ന സമയത്തെ ആരോഗ്യസംരക്ഷണത്തിന് പ്രയോജനപ്രദമാണ്.
(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ പഞ്ചകര്‍മ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)
Content Highlights: Hot sunlight sometimes during rainy season makes some health issues, Health, Ayurveda