കുടുംബ ജീവിതത്തിൽ വഴക്കിടാനും പഠിക്കണം


ജിജോ സിറിയക്

4 min read
Read later
Print
Share

വിവാഹജീവിതത്തിൽ വഴക്കുകൾ സ്വാഭാവികമാണ്. പക്ഷേ, ഓരോ വഴക്കും കൂടുതൽ സ്നേഹിക്കാനുള്ള പ്രചോദനമായി മാറണം. വഴക്കിട്ടിരിക്കുമ്പോഴാണ് നാം പങ്കാളിയെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് തിരിച്ചറിയുന്നത്.

'ങ്ങൾ പതിനഞ്ച് വർഷമായി ഒരുമിച്ചുറങ്ങിയിട്ട്, രണ്ടുമുറികളിൽ, രണ്ടുലോകങ്ങളിൽ കഴിയുന്നു' -ഒരു സ്ത്രീ തന്റെ സ്വകാര്യദുഃഖം പങ്കുവെച്ചതാണ്. ഭാര്യയും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥർ, ഒരു മകളുള്ളത് ​ബെംഗളൂരുവിൽ എൻജിനീയർ. പുറമേനിന്നു നോക്കിയാൽ സന്തുഷ്ടകുടുംബം. ഉള്ളിലാകട്ടെ ഹൃദയംകൊണ്ട് കിലോമീറ്ററുകൾ അകന്നുള്ള ജീവിതം.

ഒരു ചെറിയ വഴക്കാണ് ആവരുടെ ദാമ്പത്യത്തെ ശോകമാക്കിയത്. മകൾക്കന്ന് പത്തുവയസ്സ് തികഞ്ഞിട്ടില്ല. ഒരുദിവസം വൈകീട്ട് രണ്ടുപേരും തമ്മിൽ വഴക്കിട്ടു. നിസ്സാരകാര്യത്തെ ചൊല്ലിയുള്ള വഴക്കായിരുന്നു. സന്ധ്യക്ക് പതിവുള്ള പ്രാർത്ഥന ചൊല്ലിയില്ല. ഭക്ഷണം കഴിച്ച് മകൾക്കും കൊടുത്ത് അവൾ നേരത്തേ കിടന്നു. ഭർത്താവ് പിന്നീട് അരികത്തുവന്ന് കിടന്നെങ്കിലും അവൾ മൈൻഡ് ചെയ്തില്ല.

രാത്രി എപ്പോഴോ ഭർത്താവ് തന്നെ ചേർത്തുപിടിച്ചിരിക്കുന്നത് അവളറിഞ്ഞു. വഴക്കിട്ട് വേദനിപ്പിക്കുന്ന വർത്തമാനങ്ങളൊക്കെപ്പറഞ്ഞിട്ട് സ്നേഹിക്കാൻ വന്നിരിക്കുന്നു, അവൾക്ക് അരിശം കയറി.

ബെഡ്ഡിൽ കിടന്നുകൊണ്ടുതന്നെ ഭർത്താവിനെ ചവിട്ടി. അത് തീർത്തും അപ്രതീക്ഷിതമായിരുന്നു. നെഞ്ചിൽ ചവിട്ടേറ്റ് അയാൾ താഴേക്കുവീണു. ഇതിനിടെ തല കട്ടിലിന്റെ സൈഡിൽ ഇടിച്ചു, തറയിൽ അനക്കമില്ലാതെ അയാൾ കിടന്നു.

നല്ല ആരോഗ്യമുള്ള ഭർത്താവ് തന്നെ വിഷമിപ്പിക്കാൻ അനങ്ങാതെ കിടക്കുകയാണെന്ന് അവൾ കരുതി. അവിടെക്കിടക്കട്ടെ എന്നുമനസ്സിൽ പറഞ്ഞ് അവൾ തിരിഞ്ഞുകിടന്നുറങ്ങി. പിന്നീടെപ്പോഴോ ബോധം തെളിഞ്ഞ അയാൾ ബദ്ധപ്പെട്ട് അടുത്തമുറിയിൽ പോയി കിടന്നു. അതിൽപ്പിന്നൊരിക്കലും അയാൾ ബെഡ് റൂമിൽ കയറിയിട്ടില്ല, അവളോട് സ്നേഹത്തോടെ ഒരുവാക്ക് പറഞ്ഞിട്ടില്ല.

'ഞാനാണ് തെറ്റുകാരി, എന്റെ ഈഗോയും അറിവില്ലായ്മയുമാണ് എല്ലാറ്റിനും കാരണം. ഇതുമനസ്സിലാക്കാൻ വൈകി. പിന്നീട് കാലുപിടിച്ചു മാപ്പുപറഞ്ഞു, പക്ഷേ, ഭർത്താവ് ക്ഷമിച്ചില്ല'

ഇപ്പോൾ മകൾക്ക് കല്യാണപ്രായമായി, നീ പറ്റിയചെറുക്കനെ കണ്ടെത്തി കെട്ടിച്ചോ, പൈസ എത്രവേണമെന്ന് പറഞ്ഞാൽ തരാം, പിന്നെ ചടങ്ങുകളിൽ അപ്പന്റെ റോൾ ഭംഗിയാക്കുകയും ചെയ്യാം...ഇതിനപ്പുറമൊന്നും അയാൾ പറയുന്നില്ല.

അടുത്ത ബന്ധുക്കൾക്കുപോലും ഇവരുടെ വിവാഹജീവിതത്തിലെ വലിയവിള്ളലിനെക്കുറിച്ചറിയില്ല. അവൾ ധ്യാനകേന്ദ്രത്തിൽ പരിചയപ്പെട്ട ഒരു വൈദികനോട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം വീട്ടിലെത്തി സംസാരിച്ചെങ്കിലും ഭർത്താവ് അയഞ്ഞില്ല. 'ജീവിതത്തിലെ നല്ലകാലം ഇങ്ങനെ പോയില്ലേ, ഇനിയും അങ്ങനെത്തന്നെ പോട്ടെ, ഞാനിവിടെ കഴിയുന്നതും ചെലവിനു നൽകുന്നതും ഭർത്താവായി അഭിനയിക്കുന്നതും എന്റെ ഔദാര്യമാണ്, നിർബന്ധിച്ചാൽ ഞാൻ വീടുവിട്ട് വല്ല ലോഡ്ജിലും പോയി താമസിക്കും'- അങ്ങനെ ഒത്തുതീർപ്പുശ്രമം പരാജയപ്പെട്ടു.

ദാമ്പത്യജീവിതത്തിലെ കൈവിട്ടുപോയ ഒരു കലഹത്തെക്കുറിച്ചാണ് വിവരിച്ചത്. ഒരുനിമിഷത്തെ പക്വതയില്ലാത്ത പ്രതികരണം രണ്ടുജീവിതങ്ങളെയും ഒരു കുടുംബത്തെയുമാണ് തകർത്തത്. ഇങ്ങനെ നിസ്സാര പ്രശ്നങ്ങളെച്ചൊല്ലി വിവാഹജീവിതത്തിന്റെ സന്തോഷം ബലികഴിച്ച ഒട്ടേറെപ്പേർ ചുറ്റുമുണ്ട്.
വിവാഹജീവിതത്തിൽ വഴക്കുകൾ സ്വാഭാവികമാണ്. പക്ഷേ, ഓരോ വഴക്കും കൂടുതൽ സ്നേഹിക്കാനുള്ള പ്രചോദനമായി മാറണം. വഴക്കിട്ടിരിക്കുമ്പോഴാണ് നാം പങ്കാളിയെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് തിരിച്ചറിയുന്നത്. രമ്യതപ്പെടുംവരെ നെഞ്ചിൽ നിറയുന്ന ഭാരം, മനസ്സിലെ വിങ്ങൽ.. അതാണ് സ്നേഹത്തിന്റെ യഥാർത്ഥ അടയാളം.

രണ്ടുവ്യക്തികളും വ്യക്തിത്വങ്ങളുമാണ് വിവാഹത്തിൽ ഒന്നിക്കുന്നത്. വ്യത്യസ്തമായ ജീവിതസാഹചര്യം, കുടുംബപശ്ചാത്തലം, വിദ്യാഭ്യാസം, തൊഴിൽ...തുടങ്ങി വൈജാത്യങ്ങൾ ഒട്ടേറെയുണ്ടാകും. എന്നാൽ ദാമ്പത്യത്തിൽ ഒന്നിക്കുമ്പോൾ ഈ വേർതിരിവുകളെയെല്ലാം അലിയിച്ചുകളയുന്നത് പരസ്പരമുള്ള പ്രണയം തന്നെയാണ്. എങ്കിലും വഴക്കുകൾ സ്വാഭാവികമായി ഉണ്ടാകും. സർഗാത്മകമായി വഴക്കടിക്കാനും അതിനെ സ്നേഹത്തിൽ ആഴപ്പെടുന്നതിനുള്ള അവസരമാക്കാനും മനസ്സുവെച്ചാൽ കഴിയും.

വീട് കോൺക്രീറ്റ് ചെയ്യുമ്പോൾ ഒരു കമ്പിവെച്ച് കുത്തുന്ന പതിവുണ്ട്. ഓരോകുത്തും കോൺക്രീറ്റ് നന്നായി സെറ്റാകാനും ഉറപ്പുണ്ടാകാനും ഉപകരിക്കും. എന്നാൽ അമിതമായി കുത്തിയിളക്കിയാൽ സംഗതി പാളും. വഴക്കുകൾ ദാമ്പത്യബന്ധം നന്നായി സെറ്റാകുന്നതിനുള്ള കുത്തുകളാണ്. അത് വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിൽ സ്നേഹത്തിന്റെ ചോർച്ചയും ബന്ധത്തിന്റെ തകർച്ചയും സംഭവിക്കും.

ആശയവിനിമയത്തിലെ പ്രശ്നങ്ങളാണ് പലപ്പോഴും വഴക്കിന് വഴിമരുന്നിടുന്നത്. ഞാൻ പറഞ്ഞത് മനസ്സിലാക്കുന്നില്ല, അല്ലെങ്കിൽ എന്നെ മനസ്സിലാക്കുന്നില്ല തുടങ്ങിയ പരിഭവങ്ങളാകും തീപ്പൊരിയാവുക... പിന്നെ മാലപ്പടക്കം പോലെ പൊട്ടാൻ തുടങ്ങും.

ഇത്തരം കലഹങ്ങൾ മനസ്സിൽ കെട്ടിനിൽക്കുന്ന വികാരങ്ങൾ ഒഴുക്കിക്കളയാനുള്ള ചാലുകളാണെന്ന് തിരിച്ചറിയണം. വീർപ്പുമുട്ടി വിനാശകരമായി പൊട്ടിത്തെറിക്കുന്നതിനേക്കാൾ നല്ലത് പ്രഷർകുക്കറിൽനിന്ന് കുറേശ്ശെ ആവിപുറന്തള്ളുംപോലെ മനസ്സിലെ സംഘർഷങ്ങൾ ഒഴുക്കിവിടുന്നതാണ്. പക്ഷേ, സേഫ്റ്റിവാൽവില്ലാത്ത കുക്കർ പൊട്ടിത്തെറിക്കുംപോലെ വികാരങ്ങളുടെ വിക്ഷോഭത്തിൽ ബന്ധങ്ങൾ പൊട്ടിത്തെറിക്കരുത്.

കലഹിക്കുമ്പോൾ നമ്മുടെ വാദങ്ങൾ ഉച്ചത്തിൽ പറഞ്ഞുറപ്പിക്കാൻ ചിലർ വ്യഗ്രതകാട്ടും. ഈ തിരക്കിൽ പങ്കാളി പറയുന്നത് കേൾക്കാനോ,മനസ്സിലാക്കാനോ തയ്യാറാകില്ല. ഞാനാണ് ശരി, ഞാൻ മാത്രമാണ് ശരി... എന്റെ വാദം ജയിക്കണം എന്നിങ്ങനെ ചിന്തിച്ചാണ് വഴക്കിടുന്നതെങ്കിൽ അത് സംഹാരാത്മകമായി മാറും. സൃഷ്ടിപരമായി കലഹിക്കുന്നവർ മറുവശത്തുനിന്ന് പറയുന്നത് അതേപടി ഉൾക്കൊള്ളാൻ ശ്രമിക്കും.

ഒരാൾ ഒച്ച ഉയർത്തിയാൽ അതിനുമേൽ ഒച്ചവെയ്ക്കാൻ ശ്രമിക്കരുത്. കൂടുതൽ സ്നേഹമുള്ളയാൾ അപ്പോൾ നിശ്ശബ്ദത പാലിക്കണം. പറഞ്ഞത് വീണ്ടും വീണ്ടും പറയുക, പഴയസംഭവങ്ങൾ മാന്തിപ്പുറത്തിട്ട് പങ്കാളിയെ വേദനിപ്പിക്കുക, തെറിവാക്കുകൾ ഉപയോഗിച്ച് നിശ്ശബ്ദരാക്കുക, കുടുംബക്കാരെക്കുറിച്ചും മറ്റും മോശമായി സംസാരിക്കുക തുടങ്ങിയവയൊക്കെ വഴക്കിന്റെ 'മൂല്യം' കെടുത്തും. ചിലർ വഴക്കടിക്കുമ്പോൾ വയലന്റാവുകയും വീട്ടിലെ ഉപകരണങ്ങൾ തകർക്കുകയും പങ്കാളിയെ ശാരീരികമായി ആക്രമിക്കുകയും ചെയ്യും. ഇത് ആ വ്യക്തിയുടെ മാനസികപ്രശ്നത്തിന്റെ സൂചനയാണ്. ചിലപ്പോൾ ചികിത്സതന്നെ വേണ്ടിവരും.

പരസ്പരം ചെറുതാക്കാനോ, ആധിപത്യം സ്ഥാപിക്കാനോ അല്ല വഴക്കിടുന്നത്, നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനാണെന്ന ബോധ്യം എപ്പോഴും ഉണ്ടാകണം. വഴക്കിനിടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ പങ്കാളിക്ക് നമ്മെക്കുറിച്ചുള്ള പ്രതീക്ഷകളും നമ്മുടെ പോരായ്മകളും വേർത്തിരിച്ചെടുക്കാൻ കഴിയും.

മക്കളുടെ മുമ്പിൽ വഴക്കിടുന്നത് അവരുടെ ആത്മവിശ്വാസം തകർക്കും. ഭാര്യയും ഭർത്താവും പിന്നീട് രമ്യതയിലാകും. എന്നാൽ ആ വഴക്ക് സൃഷ്ടിച്ച മാനസികമുറിവും അരക്ഷിതാവസ്ഥയും കുഞ്ഞുങ്ങളുടെ മനോനില മാറ്റിമറിക്കാം. വഴക്കിലേക്ക് മക്കളെ വലിച്ചിടുക, അവരേക്കൊണ്ട് സാക്ഷി പറയിക്കുക തുടങ്ങിയവ ഒഴിവാക്കണം.

ബെഡ്‌റൂമും ഭക്ഷണമേശയും ഒരിക്കലും വഴക്കിന് വേദിയാക്കില്ലെന്ന് നേരത്തേതന്നെ തീരുമാനമെടുക്കണം. വഴക്കിന് ഒരിക്കലും ഒരു ദിവസത്തിനപ്പുറം ആയുസ്സ് നൽകരുത്. അകലുമ്പോഴുള്ള വേദനയും വിമ്മിഷ്ടവും കുറേദിവസം കഴിയുമ്പോൾ ശീലമാകും. പിന്നെ മാനസികമായ അകൽച്ചയെ നിർവികാരതയോടെ സമീപിക്കാനാകും.

പ്രശ്നങ്ങൾ തണുത്തശേഷം വഴക്കിനെക്കുറിച്ച് രണ്ടുപേരും തുറന്നുവിലയിരുത്തുന്നത് നല്ലതാണ്. എന്തിനാണ് വഴക്കിട്ടത്, വഴക്കിനിടെ എന്തൊക്കെപ്പറഞ്ഞു, എന്താണ് ഇനി ചെയ്യേണ്ടത്... തുടങ്ങിയവ ചർച്ചചെയ്യാം.

ഇത് സ്വയം ന്യായീകരണത്തിനുള്ള വേദിയാക്കരുത്. പുതിയൊരു വഴക്കിന് തിരികൊളുത്തുന്ന സാഹചര്യത്തിലേക്ക് പോവുകയുമരുത്. വഴക്കിനിടെ വേദനിപ്പിച്ചെങ്കിൽ കൈകൾ ചേർത്തുപിടിച്ച് ക്ഷമപറയാം. 'സോറി, ഞാനപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ പറഞ്ഞുപോയതാണ്, നിനക്ക് വിഷമമായെന്നറിയാം, ക്ഷമിക്കൂ...' എന്നുപറയുമ്പോൾ നമ്മൾ ചെറുതാവുകയല്ല, വലുതാവുകയാണ്. പങ്കാളിയുടെ എന്തെങ്കിലും സംസാരം നമ്മളെ മുറിവേൽപ്പിച്ചെങ്കിൽ അതും തുറന്നു പറയാം.

ചെറിയ വഴക്കുകളിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും വലിച്ചിടുന്നത് ദോഷം ചെയ്യും. ഗൗരവപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കിൽ യോഗ്യതയുള്ള ഒരു കൗൺസിലറെ സന്ദർശിക്കാൻ മടിക്കേണ്ട. ഏറ്റവും പ്രധാനം നമ്മുടെ ജീവിതപങ്കാളിയും കുടുംബവുമാണന്നെ കാര്യം കലഹിക്കുന്ന നിമിഷങ്ങളിൽ മറക്കാതിരിക്കുക.

കലഹങ്ങൾ പരസ്പരം കൂടുതൽ മനസ്സിലാക്കാനും അതനുസരിച്ച് നമ്മളെ പാകപ്പെടുത്താനുമുള്ള അവസരമാക്കണം. അങ്ങനെ വരുമ്പോൾ വഴക്കുകൾക്കിടയിൽ ഇടവേള കൂടിവരുന്നതും പരസ്പരബന്ധം കൂടുതൽ ഊഷ്മളമാകുന്നതും സ്വയം ബോധ്യപ്പെടും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
beach

3 min

മഴക്കാലത്ത് ഇടയ്ക്ക് വെയില്‍ വരുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Aug 27, 2021


mathrubhumi

1 min

പുഷ് അപ്പ് ചെയ്ത് ദീർഘായുസ്സ് നേടാം

Nov 7, 2017