Photo: AFP
കോവിഡ് കാലം തുടങ്ങിയ സന്ദര്‍ഭത്തില്‍ ഓണ്‍ലൈനിലായിരുന്നു പഠനവും ജോലിയും എല്ലാം. വീട്ടിലെല്ലാവരും സദാസമയവും ഉള്ളപ്പോള്‍ സ്വാഭാവികമായും വീട്ടിലെ ജോലികള്‍ അധികമാകും. പ്രത്യേകിച്ചും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഓണ്‍ലൈന്‍ ജോലിഭാരത്തിനൊപ്പം അധികമായ വീട്ടുജോലിയും കൂടിയായപ്പോള്‍ അവരുടെ ശാരീരിക- മാനസികാരോഗ്യത്തെ ബാധിക്കുകയുണ്ടായി. രാത്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാകട്ടെ വിശ്രമിക്കാനുള്ള സമയം കുറഞ്ഞു.
ഇന്നത്തെ സ്ഥിതിവിശേഷം മറ്റൊന്നാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പരിചിതമായതോടെ, ഓഫ്‌ലൈന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഓണ്‍ലൈനിലേക്ക് കയറേണ്ട അവസ്ഥയാണ് പലര്‍ക്കുമുള്ളത്. സ്വകാര്യജീവിതവും ഔദ്യോഗികജീവിതവും തമ്മില്‍ വേര്‍തിരിവില്ലാത്ത ഒരവസ്ഥ. വീട്ടിലെത്തിയാലും ഓണ്‍ലൈനില്‍ കുടുങ്ങിയിരിക്കുന്ന കുട്ടികളെ ശ്രദ്ധിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. വയോധികര്‍ക്ക് മക്കള്‍ വീട്ടിലെത്തിയാലും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കാതെ വരുന്നു. ഇത് ഉദ്യോഗസ്ഥരുള്ള വീടുകളിലെ ഒരു സാധാരണ കാഴ്ചയാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി, വീട്ടുകാരുടെ സന്തോഷത്തിനുവേണ്ടി, നമ്മുടെ തന്നെ ആരോഗ്യത്തിനുവേണ്ടി ഈ നവസാധാരണതയ്ക്ക് ആരോഗ്യകരമായ, സുഖകരമായ ഒരു പരിഹാരം അതാത് വീട്ടിലെ പരിതസ്ഥിതിക്കനുസരിച്ച് എല്ലാവരും ഒത്തൊരുമിച്ചിരുന്ന് കണ്ടെത്തേണ്ടതാണ്.
- ഓണ്‍ലൈനായാലും ഓഫ്‌ലൈനായാലും ജോലിസമയം പരിമിതപ്പെടുത്തണം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇത് തികച്ചും ആവശ്യമാണ്.
- വീട്ടില്‍ തന്നെയിരിക്കുന്ന കുട്ടികള്‍ക്കാണെങ്കിലും മറ്റുള്ളവര്‍ക്കാണെങ്കിലും ആരോഗ്യകരമായ ഒരു ദിനചര്യ ചിട്ടപ്പെടുത്തണം.
- വളരെ വൈകി എഴുന്നേല്‍ക്കുന്നതും വളരെ വൈകി കിടക്കുന്നതും ഒഴിവാക്കുക.
- ആരോഗ്യസ്ഥിതിയ്ക്കും ശീലത്തിനും അനുസരിച്ച് തലയില്‍ എണ്ണ തേച്ച് കുളിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. കാല്‍വെള്ളയില്‍ എണ്ണതേയ്ക്കുന്നതും നല്ലതാണ്.
- ഓണ്‍ലൈന്‍ ക്ലാസിനുവേണ്ടി തന്നെ മൊബൈല്‍-ടാബ് ഉപയോഗം ഉള്ളതിനാല്‍ മറ്റു സമയങ്ങളില്‍ അവയുടെ ഉപയോഗം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം.
- എട്ടരയ്ക്ക് ക്ലാസുണ്ടെങ്കില്‍ എട്ട് മണിക്ക് എഴുന്നേറ്റുവരുന്ന ധാരാളം കുട്ടികളുണ്ട്. സ്‌കൂളില്‍ പോകുന്ന കാലത്തെ പോലെ തന്നെ രാവിലെ എഴുന്നേറ്റ്, കുളിച്ച്, ഭക്ഷണം കഴിച്ച് ക്ലാസിലിരിക്കുവാന്‍ ശ്രദ്ധിക്കുക.
- എല്ലാവരും ലളിതമായ, ലഘുവായ ആഹാരരീതി പിന്‍തുടരുക. വിശക്കുന്ന നേരത്ത് തന്നെ ഭക്ഷണം കഴിക്കുക.
- ഇഷ്ടമുള്ളതെന്തും കൊടുത്ത് വ്യായാമമില്ലാതെ കുട്ടികള്‍ അമിതവണ്ണമുള്ളവരാകുന്ന കാഴ്ച ഇന്ന് അത്യപൂര്‍വ്വമല്ല. ആഹാരത്തിന്റെ അളവ്, ഭക്ഷണസമ്പ്രദായം എന്നിവ ആരോഗ്യപ്രദമാക്കാന്‍ ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പകരം പുറത്തിറങ്ങി ഓടിക്കളിക്കാനും വ്യായാമം ചെയ്യാനും കുട്ടികളെ പ്രേരിപ്പിക്കുക.
- ദഹിക്കാനെളുപ്പമുള്ളതും സുഗമമായ മലശോധനയ്ക്ക് സഹായിക്കുന്നതുമായ ഭക്ഷണരീതി സ്വീകരിക്കുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
- ആഹാരം കഴിക്കുന്ന സമയത്ത് മൊബൈല്‍ഫോണും ടി.വിയും മാറ്റിവച്ച് വീട്ടിലുള്ള എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുക.
- പാചകത്തിലും വീടുവൃത്തിയാക്കുന്നതിലും മറ്റും കുട്ടികള്‍ ഉള്‍പ്പെടെ വീട്ടിലെ അംഗങ്ങള്‍ എല്ലാവരും പങ്കുചേരാന്‍ ശ്രമിക്കുക.
- ഒഴിവുസമയങ്ങളില്‍ വീട്ടില്‍ കുട്ടികളും മുതിര്‍ന്നവരും വയോധികരുമെല്ലാം ചേര്‍ന്ന് കൃഷി ചെയ്യാം; അതല്ലെങ്കില്‍ കാരംസ് പോലുള്ള കളികളില്‍ ഏര്‍പ്പെടാം.
- ഉറങ്ങാന്‍ കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുതന്നെ മൊബൈല്‍ഫോണ്‍, ടി.വി., കംപ്യൂട്ടര്‍ തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
- ഓരോരുത്തരും സ്വന്തം ആരോഗ്യസ്ഥിതിയ്ക്കനുസരിച്ച് വ്യായാമം, യോഗ, ധ്യാനം തുടങ്ങിയവ ശീലിക്കുക. വീട്ടിലുള്ള എല്ലാവരും ഒത്തൊരുമിച്ചിരുന്ന് ചെയ്താല്‍ അത് പരസ്പരം പ്രോത്‌സാഹനജനകവുമാകും.
- ഭയവും ആശങ്കകളും ഇല്ലാതാക്കി മനസ്സിന് പരമാവധി ശാന്തത കൈവരിക്കാന്‍ ശ്രമിക്കുക. ആരോഗ്യത്തിന് വേണ്ടത് ശ്രദ്ധയാണ്, ഭയമല്ല.
Content Highlights: Health tips for a healthy living, Online class, Work from home, Health