കുടുംബ ജീവിതത്തിൽ പരിഗണന വേണ്ടത് കൂട്ടുകാരിക്കോ ഭാര്യക്കോ?


ജിജോ സിറിയക്

3 min read
Read later
Print
Share

ചങ്ങാത്തം ഒരനുഗ്രഹം തന്നെയാണ്. നമ്മളെ നമ്മളായിരിക്കുന്ന അവസ്ഥയിൽ മനസ്സിലാക്കുന്ന ആത്മമിത്രം...സന്തോഷവും സന്താപവും പങ്കിടുന്ന, സ്നേഹത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന ഒരാൾ. ജീവിതയാത്രയുടെ ഇടയ്ക്കു കയറിവരുന്ന പങ്കാളിക്ക് ഈ രീതിയിൽ നമ്മളെ ഉൾക്കൊള്ളാനായെന്നു വരില്ല.

തുടക്കം ഭർത്താവിന്റെ ഫ്രൻഡിനെ ചൊല്ലിയുള്ള കലഹമായിരുന്നു. സംഗതി വിവാഹമോചനത്തിന്റെ വക്കിലെത്തി. കോടതി ചുമതലപ്പെടുത്തിയ കൗൺസിലർക്കുമുന്നിൽ അവൾക്ക് ഒറ്റപ്പരാതിയെ ഉണ്ടായിരുന്നുള്ളൂ, പ്ലസ് ടു അധ്യാപകനായ ഭർത്താവ് ഒപ്പം ജോലിചെയ്യുന്ന അധ്യാപികയുമായി അമിത അടുപ്പം പുലർത്തുന്നു. മദ്യപിക്കാത്ത, ദുശ്ശീലങ്ങളൊന്നുമില്ലാത്തയാളാണ് തന്റെ ഭർത്താവെന്നും മറ്റുപ്രശ്നങ്ങളൊന്നുമില്ലെന്നും അവൾ പറഞ്ഞു.

ഭർത്താവാകട്ടെ അവൾ ഒരുസംശയരോഗിയാണെന്ന നിലപാടിലായിരുന്നു. ഒപ്പം പഠിപ്പിക്കുന്ന അധ്യാപിക തന്റെ ബെസ്റ്റ് ഫ്രൻഡാണ്. മോശമായ യാതൊന്നും തങ്ങൾക്കിടയിലില്ല. അവരുടെ ഭർത്താവിനും സഹപ്രവർത്തകർക്കുമൊക്കെ ഇക്കാര്യത്തിൽ തെറ്റിദ്ധാരണയില്ല. പക്ഷേ ഭാര്യ മാത്രം ഇതിനെ നല്ലരീതിയിൽ കാണുന്നില്ല - ഇതായിരുന്നു അയാൾക്ക് പറയാനുണ്ടായിരുന്നത്.

കൂടെക്കിടക്കുന്ന തനിക്കില്ലാത്ത പരിഗണന കൂട്ടുകാരിക്ക് നൽകുന്നു എന്നതാണ് പ്രശ്നമെന്ന് യുവതി പറഞ്ഞു. കാലത്തെഴുന്നേൽക്കുമ്പോൾ തന്നോടൊരുവാക്കു മിണ്ടും മുൻപേ ഭർത്താവ് ഫ്രൻഡിന് ഗുഡ്‌മോണിങ് സന്ദേശമയക്കും. ബന്ധം മോശമോ നല്ലതോ എന്നതല്ല, ഭർത്താവ് കാര്യങ്ങൾ പങ്കുവെയ്ക്കുന്നതും കൂടുതൽ സംസാരിക്കുന്നതും കൂട്ടുകാരിയോടാണ്.

ഇത് കുറയ്ക്കണമെന്നു പറഞ്ഞ തന്നെ പുച്ഛിക്കുന്നു.... തനിക്കൊപ്പം മരുന്നുവാങ്ങാൻ പോലും വരാൻ സമയമില്ലാത്ത ഭർത്താവ് കൂട്ടുകാരിക്ക് ചുമ വന്നപ്പോൾ മരുന്ന് തയ്യാറാക്കാനുള്ള ആടലോടകവും മുയൽചെവിയനുമൊക്കെ തിരക്കി അടുത്ത പറമ്പുകളിൽ നടക്കുന്നു, ഇങ്ങനെ പോയി അവരുടെ സങ്കടങ്ങൾ....

വാദപ്രതിവാദങ്ങൾ നീണ്ടപ്പോൾ കൗൺസിലർ പറഞ്ഞു, രണ്ടുപേരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. ജീവിതത്തിൽ എല്ലാവർക്കും ഒരു ബെസ്റ്റ് ഫ്രൻഡ് ഉണ്ടാകും. അത് പുരുഷനോ സ്ത്രീയോ ആകാം,പക്ഷേ വിവാഹജീവിതത്തിൽ നിങ്ങളുടെ ബെസ്റ്റ് ഫ്രൻഡ് ജീവിതപങ്കാളിയാണ്.
ഉള്ളും ഉള്ളതും പങ്കുവെയ്ക്കാനുള്ളതാണ് വിവാഹജീവിതം. ശാരീരിക, മാനസിക, ആത്മീയ തലങ്ങളിലുള്ള സംയോജനമാണത്. ഇതിൽ വിടവുകൾ വരാൻ പാടില്ല.

പുതിയകാലത്ത് പല കുടുംബങ്ങളിലും അസ്വസ്ഥതയുടെ മുള്ളുകൾ വിതയ്ക്കുന്ന ഒന്നാണ് സൗഹൃദങ്ങൾ. ഭർത്താവിന് ചിലപ്പോൾ ബാല്യം തൊട്ടുള്ള കൂട്ടുകാരുമായി ആത്മബന്ധമുണ്ടാകും. ഒഴിവുസമയം അവർക്കൊപ്പമാകും ചെലവിടുക. സ്വകാര്യങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കുന്നത് അവരോടാകും.

കല്യാണത്തിനുമുമ്പുള്ള ശീലം പിന്നീടും തുടരുന്നതാകും അത്. രാത്രി കൂട്ടുകാർക്കൊപ്പം സമയം ചെലവിട്ട് വൈകിയെത്തുന്ന ഭർത്താവിനെച്ചൊല്ലി സങ്കടപ്പെടുന്നവർ ഒട്ടേറെയുണ്ട്. സ്ത്രീകൾക്കും ഇത്തരം ചങ്ങാതിക്കൂട്ടങ്ങളുണ്ടാകും. ഒരുമിച്ച് പഠിച്ചവർ, ഹോസ്റ്റലിൽ ഒരുമിച്ച് കഴിഞ്ഞവർ തുടങ്ങി സ്വന്തം പിതാവും സഹോദരങ്ങളുമൊക്കെയായി ആഴത്തിലുള്ള ആത്മബന്ധം പുലർത്തുന്നവരുണ്ടാകും.

ഇതൊക്കെ നല്ലതുതന്നെ. എന്നാൽ പങ്കാളിയുമായുള്ള ബന്ധത്തിന്റെ ഇഴയടുപ്പം കുറയുന്ന ഒരുബന്ധവും ഉണ്ടാകാൻ പാടില്ലെന്നത് വിവാഹജീവിതത്തിൽ പരമപ്രധാനമാണ്. കൂടപ്പിറപ്പിനേക്കാൾ കൂട്ടായ്മയുള്ള സൗഹൃദങ്ങളുണ്ടാകാം. അതേപോലെത്തന്നെ അടുപ്പം അതിരുവിട്ട് പ്രണയത്തിലേക്കും ശാരീരിക കാമനകളിലേക്കുമൊക്കെ കൂപ്പുകുത്താനും സാധ്യത ഏറെയാണ്. ഫ്രൻഡ്ഷിപ്പിന്റെ ലേബലൊട്ടിച്ചുള്ള വേലിച്ചാട്ടങ്ങളെ തള്ളിക്കളയാം. പക്ഷേ, നല്ല സൗഹൃദത്തിൽ തുടങ്ങി പിന്നീട് അഴിയാക്കുരുക്കായി മാറുന്ന ബന്ധങ്ങൾ കരുതിയിരിക്കേണ്ടതു തന്നെയാണ്.

ചങ്ങാത്തം ഒരനുഗ്രഹം തന്നെയാണ്. നമ്മളെ നമ്മളായിരിക്കുന്ന അവസ്ഥയിൽ മനസ്സിലാക്കുന്ന ആത്മമിത്രം...സന്തോഷവും സന്താപവും പങ്കിടുന്ന, സ്നേഹത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന ഒരാൾ. ജീവിതയാത്രയുടെ ഇടയ്ക്കു കയറിവരുന്ന പങ്കാളിക്ക് ഈ രീതിയിൽ നമ്മളെ ഉൾക്കൊള്ളാനായെന്നു വരില്ല.

ഭാര്യയുടെയും ഭർത്താവിന്റെയും താത്പര്യങ്ങൾ പരസ്പരവിരുദ്ധവുമാകും. ചിലർ പറയുംപോലെ ഒരേ വേവ്‌ലങ്തിലാകില്ല ചിന്തകളും ആദർശങ്ങളും ജീവിതവീക്ഷണവും. പക്ഷേ, കാലക്രമേണ സൗഹൃദത്തിന്റെ ഒരുലയം ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്വാഭാവികമായി രൂപപ്പെടും. അതൊരു പരിണാമ പ്രക്രിയയാണ്.

ഭർത്താവിലൂടെ ഭാര്യയും ഭാര്യയിലൂടെ ഭർത്താവും പരിണാമത്തിനു വിധേയരാകും. അതിന് രണ്ടുപേരും പ്രത്യേകം മനസ്സുവെയ്ക്കണം.പരസ്പരം സംസാരിക്കാനും ഓഫീസിലെ വിശേഷങ്ങൾ പങ്കുവെയ്ക്കാനും ചെറിയ യാത്രകൾ പോകാനും അപ്രതീക്ഷിത സമ്മാനങ്ങൾ നൽകാനുമൊക്കെ നമുക്ക് കഴിയണം.

ചിലപ്പോൾ പങ്കാളിയുടെ താത്പര്യങ്ങൾക്കുവേണ്ടി നമ്മുടെ ചില ഇഷ്ടങ്ങൾ ഒഴിവാക്കേണ്ടിവന്നേക്കാം. ചില ചെടികൾ സ്വയമേവ വളർന്നു പൂവിടും, മറ്റുചിലവ നമ്മൾ നട്ടുനനച്ച് വളമിട്ട് വളർത്തേണ്ടി വരും.ദാമ്പത്യത്തിലെ സൗഹൃദത്തിന്റെ കാര്യവും ഇതുപോലെ തന്നെയാണ്.

വളർന്നുകിട്ടിയാൽ രക്ഷപെട്ടു.പിന്നെ സ്നേഹവും സൗഹൃദവും പ്രണയവുമെല്ലാം പരസ്പരപൂരകമാകുന്ന മനോഹരമായ അവസ്ഥ സംജാതമാകും. പങ്കാളിക്കൊപ്പം സമയം പങ്കിടുന്നത് ആനന്ദകരമായി മാറും. കളിതമാശകളും പരിഭവങ്ങളും എന്തിന് ചെറിയവഴക്കുകൾപോലും രസകരമായി മാറും.

ഉറ്റ സൗഹൃദം പങ്കാളിയിൽനിന്ന് വഴിമാറി മറ്റൊരാളിലേക്ക് പോകുമ്പോൾ ഈ ലയം നഷ്ടപ്പെടും. സൗഹൃദത്തിൽ സൃഷ്ടിക്കപ്പെടുന്ന വിടവ് ദാമ്പത്യത്തിന്റെ മറ്റുഭാവങ്ങളിലും അകലങ്ങൾ കൊണ്ടുവരും. അതോടെ പ്രശ്നങ്ങൾ തുടങ്ങും. സൗഹൃദം നഷ്ടപ്പെട്ട ദാമ്പത്യം മധുരമില്ലാത്ത ഐസ്‌ക്രീം പോലെയാകും. തണുപ്പും പതയും മാത്രമേ ബാക്കി കാണൂ.

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സൗഹൃദം കുടുംബത്തിലും ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കും. മക്കളുടെ വളർച്ചയിൽ ഇത് ഏറെ പ്രധാനമാണ്. കുടുംബത്തിലെ സൗഹൃദാന്തരീക്ഷത്തിന്റെ തണൽവിട്ട് വഴിവിട്ട സ്നേഹക്കുരുക്കുകളിലേക്ക് ചുവടുവെയ്ക്കാൻ അവർ മടിക്കും. സ്നേഹസൗഹൃദങ്ങൾ നിറഞ്ഞ കുടുംബത്തിലെത്തുന്ന മറ്റുള്ളവർക്കും അത് ഊർജം പകരും. ഭാര്യയും ഭർത്താവും ബെസ്റ്റ് ഫ്രൻഡാണെങ്കിൽ സ്വാഭാവികമായും അവർക്ക് നല്ല കുടുംബസൗഹൃദങ്ങൾ ധാരാളമുണ്ടാവും.

ആരാണ് നിങ്ങളുടെ ബെസ്റ്റ് ഫ്രൻഡ്..? സ്വയം ചോദിക്കുക. തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുക. ഒപ്പം ജീവിതപങ്കാളിയെ ചേർത്തുപിടിക്കുക, അവരാണ് നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത്.

family life, best friend, healthy relationship

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram