എങ്ങനെയാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്? സൂചനകള്‍ എന്തൊക്കെ?


ഡോ. സജിത്ത് സുകുമാരന്‍

3 min read
Read later
Print
Share

ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. ഭാവിയില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്

Representative Image| Photo: GettyImages

രീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണ കേന്ദ്രമാണ് മസ്തിഷ്‌കം. ശരീരഭാരത്തിന്റെ രണ്ട് ശതമാനം മാത്രം ഭാരമുള്ള മസ്തിഷ്‌കത്തിലേക്കാണ് രക്തത്തിന്റെ 15-20 ശതമാനവും വിതരണം ചെയ്യപ്പെടുന്നത്. രക്തം തടസ്സപ്പെട്ടാല്‍ സ്ഥിതി സങ്കീര്‍ണമാകും. അതാണ് സ്‌ട്രോക്ക് അഥവാ ബ്രെയിന്‍ അറ്റാക്ക്.

രക്തക്കുഴലില്‍ തടസ്സം

തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളില്‍ തടസ്സം രൂപപ്പെട്ട് രക്തപ്രവാഹം നിലയ്ക്കുകയോ കുറയുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സ്‌ട്രോക്കാണ് ഇസ്‌കീമിക് സ്‌ട്രോക്ക്.

തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന പ്രധാനവഴി കഴുത്തിന് ഇരുവശങ്ങളിലെ ധമനികളും നട്ടെല്ലിനുള്ളിലൂടെ പോകുന്ന വെര്‍ട്ടിബ്രോ ബാസിലാര്‍ രക്തക്കുഴലുമാണ്. പ്രധാന രക്തക്കുഴലുകളിലോ അതിനോട് അനുബന്ധമായി തലച്ചോറിലുള്ള എണ്ണമറ്റ ചെറുരക്തക്കുഴലുകളിലോ തടസ്സങ്ങള്‍ രൂപപ്പെടാം. കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് പ്രധാനകാരണം. അതോടെ ആ രക്തക്കുഴലിലൂടെ രക്തം ലഭിക്കേണ്ട കോശങ്ങള്‍ നശിച്ചുതുടങ്ങും. ഏത് ഭാഗത്തേക്കുള്ള രക്തക്കുഴലിലാണ് തടസ്സം ഉണ്ടായത്, അതിന് അനുസരിച്ച് ആ ഭാഗത്തെ കോശങ്ങളാണ് നശിക്കുക.

ത്രോംബോട്ടിക് സ്‌ട്രോക്ക്: ധമനിയുടെ ഉള്‍ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടി പ്ലാക്ക് രൂപപ്പെടുകയും അതില്‍ വിള്ളല്‍ വീഴുമ്പോള്‍ രക്തക്കട്ടകള്‍ ഉണ്ടായി രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നതാണ് ത്രോംബോട്ടിക് സ്‌ട്രോക്ക്. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനികളായ കരോട്ടിഡ് ധമനി, വെര്‍ട്ടിബ്രോ ബേസിലാര്‍ ധമനി എന്നിവയിലും തലച്ചോറിലെ ചെറുരക്തക്കുഴലുകളിലും ഇത്തരം തടസ്സങ്ങള്‍ രൂപപ്പെടാം.

ഒഴുകിയെത്തുന്ന രക്തക്കട്ടകള്‍: ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തെ രക്തക്കുഴലില്‍ രൂപപ്പെട്ട രക്തക്കട്ട അവിടെനിന്ന് ഇളകി തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ വന്ന് തടസ്സം സൃഷ്ടിക്കാം. ഇതാണ് എംബോളിക് സ്‌ട്രോക്ക്. സാധാരണമായി ഹൃദയത്തിലെയോ കഴുത്തിലെയോ ധമനികളില്‍നിന്നാണ് രക്തക്കട്ടകള്‍ തലച്ചോറിലെ രക്തക്കുഴലിലേക്ക് ഒഴുകിയെത്താറ്.

രക്തക്കുഴല്‍ പൊട്ടുമ്പോള്‍

മസ്തിഷ്‌കത്തിലെ രക്തക്കുഴലുകള്‍ പൊട്ടിയത് കാരണവും സ്‌ട്രോക്ക് സംഭവിക്കാം. ഇതാണ് ഹെമറാജിക് സ്‌ട്രോക്ക്. ഇത് രണ്ടുതരത്തില്‍ തലച്ചോറിലെ കോശങ്ങളെ ബാധിക്കും. രക്തസ്രാവത്തെ തുടര്‍ന്ന് രക്തം കെട്ടിക്കിടക്കുകയും സമീപത്തെ മസ്തിഷ്‌ക കോശങ്ങള്‍ നശിക്കുകയും ചെയ്യും. മാത്രമല്ല രക്തസ്രാവത്തെതുടര്‍ന്ന് കോശങ്ങളിലേക്ക് രക്തം എത്താതെ അവയും നശിക്കും. രക്തം കെട്ടിക്കിടക്കുന്നത് കാരണം മര്‍ദം കൂടുകയും രക്തക്കുഴലുകള്‍ ഞെരുങ്ങി രക്തപ്രവാഹം വീണ്ടും കുറയുകയും ചെയ്യും.

പ്രധാനമായും അമിത ബി.പിയാണ് ഇത്തരം പൊട്ടലിലേക്ക് നയിക്കുന്നത്. ഇത് കൂടാതെ തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് ജന്മനാ ഉണ്ടാകുന്ന തകരാറുകളും ഹെമറാജിക് സ്ട്രോക്കിന് കാരണമാകാം.

സ്ട്രോക്ക് ഉണ്ടായ ഭാഗത്തെ അടിസ്ഥാനമാക്കി ഹെമറാജിക് സ്ട്രോക്കിനെ രണ്ടായി തരംതിരിക്കാം.

ഇന്‍ട്രാസെറിബ്രല്‍ ഹെമറേജ്: തലച്ചോറിനുള്‍ഭാഗത്തെ രക്തക്കുഴലുകള്‍ പൊട്ടി കോശങ്ങള്‍ നശിക്കുന്നതാണ് ഇന്‍ട്രാസെറിബ്രല്‍ ഹെമറേജ്.

സബ് അരക്നോയിഡ് ഹെമറേജ്: തലച്ചോറിന്റെ ഉപരിതലത്തിലെ രക്തക്കുഴല്‍ പൊട്ടി തലച്ചോറിന്റെ ഉപരിതലത്തിനും തലയോട്ടിക്കും ഇടയിലുള്ള സബ് അരക്നോയിഡ് ഭാഗത്ത് രക്തസ്രാവം ഉണ്ടാകുന്നതാണ് സബ് അരക്നോയിഡ് ഹെമറേജ്.

എന്താണ് മിനിസ്‌ട്രോക്ക്?

മസ്തിഷ്‌കത്തിലെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തപ്രവാഹം അല്പനേരത്തേക്ക് കുറയുന്ന അവസ്ഥയാണ് ട്രാന്‍സിയന്റ് ഇസ്‌കീമിക് സ്‌ട്രോക്ക് (ടി.ഐ.എ.) അഥവാ മിനി സ്‌ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ താത്കാലികമായി രക്തക്കട്ട അടിയുക, രക്തമൊഴുക്ക് അല്പം കുറയുക തുടങ്ങിയവയാണ് കാരണങ്ങള്‍.

തടസ്സമുണ്ടാക്കിയ രക്തക്കട്ടകള്‍ അലിഞ്ഞോ ചെറുകഷണങ്ങളായോ സ്വാഭാവികമായി തടസ്സം നീങ്ങുന്നതുകൊണ്ടാണ് വലിയ അപകടത്തിലേക്ക് നീങ്ങാതെ രക്ഷപ്പെടുന്നത്. സാധാരണമായി മിനി സട്രോക്ക് തലച്ചോറില്‍ ക്ഷതങ്ങള്‍ വരുത്താറില്ല. എന്നാല്‍ അത് ഗുരുതരമായ സ്‌ട്രോക്കിലേക്കുള്ള മുന്നറിയിപ്പായി കണക്കാക്കേണ്ടതുണ്ട്.

സംസാരിക്കാന്‍ അല്പം പ്രയാസം നേരിടുക, ചലന പ്രശ്നങ്ങള്‍, ഇരട്ട ദൃശ്യങ്ങള്‍, കാഴ്ച അല്പനേരം മറയുക, ശരീരത്തിന്റെ ഒരുവശത്ത് ബലക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. മിക്കപ്പോഴും കുറച്ച് സമയത്തിനുള്ളില്‍തന്നെ ഈ അസ്വസ്ഥതകള്‍ മാറും. ചിലരില്‍ ഒരു മണിക്കൂര്‍ വരെ അസ്വസ്ഥതകള്‍ നിലനില്‍ക്കാം.

ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. ഭാവിയില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

പ്രധാന സൂചനകള്‍

ശരീരഭാഗങ്ങള്‍ക്ക് പെട്ടെന്ന് തളര്‍ച്ചയും മരവിപ്പും. മുഖം, കൈകള്‍, കാലുകള്‍ എന്നിവിടങ്ങളിലാണ് തളര്‍ച്ചയും ബലക്ഷയവും പ്രധാനമായും ബാധിക്കുക.

  • സംസാരിക്കാന്‍ ബുദ്ധിമുട്ടും ആശയക്കുഴപ്പവും. ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖം കോടിപ്പോവുന്നതും വായയുടെ ഒരു കോണില്‍ നിന്ന് മാത്രമായി ഉമിനീര് ഒഴുകുന്നതും സ്‌ട്രോക്ക് ലക്ഷണമാകാം.
  • പെട്ടെന്ന് കാഴ്ച മറയുന്നതായി അനുഭവപ്പെടുക. ദൃശ്യങ്ങള്‍ രണ്ടായി കാണുക.
  • ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക. കാലുകള്‍ കുഴഞ്ഞുപോകുന്നതായി അനുഭവപ്പെടുക. ഇരിക്കാനോ നിവര്‍ന്ന് നില്‍ക്കാനോ കഴിയാതാവുക.
  • തീവ്രമായ തലവേദന അനുഭവപ്പെടാം. തലവേദന സാധാരണമായി ഹെമറേജിക് സ്ട്രോക്കിലാണ് കാണപ്പെടുന്നത്.
  • സബ് അരക്‌നോയിഡ് ഹെമറാജില്‍ അതിതീവ്രമായ തലവേദന എതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അനുഭവപ്പെടും. ഇതോടൊപ്പം ഛര്‍ദിയോ ബോധക്ഷയമോ സംഭവിക്കാം.
ലക്ഷണങ്ങളും സങ്കീര്‍ണതകളും വ്യത്യാസപ്പെടുന്നത് എന്തുകൊണ്ട്?

  • മസ്തിഷ്‌കത്തിന്റെ വലിയ ഭാഗമായ സെറിബ്രത്തിന് രണ്ട് അര്‍ധഗോളമുണ്ട്. ഇടത്തെ അര്‍ധ ഗോളത്തില്‍ സ്‌ട്രോക്ക് ഉണ്ടായാല്‍ ശരീരത്തിന്റെ വലതുഭാഗത്തെയാണ് ബാധിക്കുക. നേരെ തിരിച്ചും. ശരീരത്തിന്റെ വലതുഭാഗം തളരുന്നതിനെ റൈറ്റ് ഹെമിപ്ലീജിയ എന്നും ഇടതുഭാഗം തളരുന്നതിനെ ലെഫ്റ്റ് ഹെമിപ്ലീജിയ എന്നും പറയും.
  • സെറിബ്രത്തില്‍ രണ്ട് അര്‍ധഗോളങ്ങളില്‍ നാലിവീതം ലോബുകളുണ്ട്. തലച്ചോറിന്റെ മുന്‍വശത്തുള്ള ഫ്രോണ്ടല്‍ ലോബില്‍ സ്‌ട്രോക്ക് ഉണ്ടായാല്‍ സംസാരശേഷിയെയും ചിന്താശേഷിയെയുമെല്ലാം ബാധിക്കാം. പാരിയേറ്റല്‍ ലോബിലാണ് സ്‌ട്രോക്ക് വന്നതെങ്കില്‍ സ്പര്‍ശം, വേദന എന്നിവ തിരിച്ചറിയുന്നതിനെ ബാധിക്കാം. ഓക്‌സിപിറ്റല്‍ ലോബിനെ ബാധിച്ചാല്‍ കാഴ്ച തകരാറിലാകാം. ടെമ്പറല്‍ ലോബിലാണെങ്കില്‍ കേള്‍വിയെയും ഓര്‍മയെയും ബാധിക്കാം.
  • സെറിബെല്ലത്തെ ബാധിച്ചാല്‍ ശരീരത്തിന്റെ ഏകോപനം, ബാലന്‍സ് എന്നിവ തകരാറിലാകാം.
  • ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, ശ്വാസോച്ഛ്വാസം, ഉറക്കം തുടങ്ങിയവയെല്ലാം നിയന്ത്രിക്കപ്പെടുന്നത് ബ്രെയിന്‍ സ്റ്റെമ്മിലാണ്. അവിടെ സ്‌ട്രോക്ക് ഉണ്ടായാല്‍ സങ്കീര്‍ണതകള്‍ ഗുരുതരമാകാം.
നിയന്ത്രിക്കാവുന്ന കാരണങ്ങള്‍

സ്‌ട്രോക്കിന് ഇടയാക്കുന്ന കാരണങ്ങളില്‍ നമുക്ക് നിയന്ത്രിക്കാവുന്നതും അല്ലാത്തവയുമുണ്ട്. പ്രായം, പാരമ്പര്യഘടകങ്ങള്‍ എന്നിവയൊക്കെ നമ്മുടെ നിയന്ത്രണത്തിലല്ല. എന്നാല്‍ അമിത ബി.പി, പ്രമേഹം, അമിത കൊളസ്‌ട്രോള്‍, മാനസിക സംഘര്‍ഷം, അമിതവണ്ണം എന്നിവയെല്ലാം വലിയൊരു പരിധിവരെ സ്വയം നിയന്ത്രിക്കാവുന്നതാണ്.

(തിരുവനന്തപുരം ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിലെ ന്യൂറോളജി വിഭാഗത്തിലെ കോംപ്രിഹന്‍സീവ് സ്‌ട്രോക്ക് കെയര്‍ പ്രോഗ്രാം പ്രൊഫസറും സീനിയര്‍ സ്‌ട്രോക്ക് ന്യൂറോളജിസ്റ്റുമാണ് ലേഖകന്‍)

തയ്യാറാക്കിയത്:
സി.സജില്‍

Content Highlights: World Stroke Day 2021, What is Stroke, How does a stroke occur, Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram