Screengrab
പ്രമേഹത്തിന്റെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന് ഭീഷണിയായി സ്‌ട്രോക്ക്. പ്രായമായവരുടെ രോഗമെന്ന് അറിയപ്പെട്ടിരുന്ന സ്‌ട്രോക്ക് ഇന്ന് ചെറുപ്പകാരിലും കൂടിവരുകയാണ്. ജീവിതശൈലിയിലെ പ്രശ്‌നങ്ങളാണ് ചെറുപ്പക്കാരിലും സ്‌ട്രോക്ക് വര്‍ധിക്കാന്‍ ഇടയാകുന്നതെന്ന് ലോക സ്‌ട്രോക്ക് ദിനത്തില്‍ മാതൃഭൂമി സംഘടിപ്പിച്ച വെബിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പ്രമേഹവും കൊളസ്‌ട്രോളും ഹൃദ്രോഗങ്ങളുമൊക്കെ സ്‌ട്രോക്കിന് വഴിയൊരുക്കുന്നതാണ്. സ്‌ട്രോക്ക് ശരീരത്തിന്റെ ചലനങ്ങളെയും പ്രവര്‍ത്തനങ്ങളെയും മോശമായി ബാധിക്കും. പരസഹായത്തോടെ ജീവിക്കേണ്ടി വരുന്നത് രോഗികളില്‍ മാനസിക സംഘര്‍ഷമുണ്ടാകാനും ഇടയാക്കുമെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
സ്‌ട്രോക്ക് വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ അത് വരാതെ നോക്കുന്നതാണ് നല്ലത്. ഇതിനായി ആരോഗ്യകരമായ ജീവിതശൈലി പാലിക്കണം. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യുക, മദ്യപാനം, പുകവലി എന്നീ ശീലങ്ങള്‍ ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരുക എന്നിവ പാലിക്കണം. രോഗിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും ആത്മവിശ്വാസം നല്‍കി ജീവിക്കാന്‍ പ്രേരണ നല്‍കാനും കുടുംബം ശക്തമായ പിന്തുണ നല്‍കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ലോക സ്‌ട്രോക്ക് ദിനമായ വെള്ളിയാഴ്ച രാവിലെ 11 മുതല്‍ 12 വരെയാണ് വെബിനാര്‍ സംഘടിപ്പിച്ചത്. കൊച്ചി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ സീനിയര്‍ ന്യൂറോളജിസ്റ്റായ ഡോ. ജോയ് എം.എ., സീനിയര്‍ ന്യൂറോസര്‍ജന്‍ ഡോ. തരുണ്‍ കൃഷ്ണന്‍ ബി.എസ്. എന്നിവരാണ് വെബിനാറില്‍ പങ്കെടുത്തത്. അനു സോളമന്‍ മോഡറേറ്ററായി.
Content Highlights: World Stroke Day 2021, Lifestyle diseases and Strokes in young adults, Health