Representative Image| Photo: GettyImages
ലിംഗഭേദമെന്യേ ആരെയും ബാധിക്കാവുന്ന രോഗമാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക്. ശരീരത്തിന്റെ ഏതെങ്കിലും ഒരു വശം പ്രവര്‍ത്തനരഹിതമായി തളര്‍ന്നുപോകുന്നതിനാല്‍ പക്ഷവധം എന്നും പേരുണ്ട്.
ത്രിദോഷങ്ങളില്‍ പ്രധാനിയായ വാതം കോപിച്ച് ശരീരത്തിന്റെ ഇടതോ വലതോ ഭാഗത്തെ ദോഷകരമായി ബാധിച്ച്, പ്രവര്‍ത്തനരഹിതമാക്കുന്ന അവസ്ഥയാണിത്. ബാധിതഭാഗത്തെ സന്ധിബന്ധങ്ങളെല്ലാം അയഞ്ഞ്, പ്രവര്‍ത്തനശേഷി നശിച്ച് മാംസശോഷം സംഭവിക്കും.
ശരീരത്തിന്റെ ഒരുവശം തളര്‍ന്നുപോകുന്നതിനെ 'ഹെമിപ്ലീജിയ' എന്നാണ് ആധുനിക വൈദ്യം പറയുന്നത്. ശരീരത്തിലെ ഏതെങ്കിലും ഭാഗത്തെ പേശികള്‍ ചലിപ്പിക്കുന്നതിനും സ്പര്‍ശം അറിയുന്നതിനുമുള്ള ശേഷി പൂര്‍ണമായും നശിക്കുന്നതാണ് തളര്‍ച്ച അഥവാ പരാലിസിസ്. മസ്തിഷ്‌കം, സുഷുമ്‌നാകാണ്ഡം, നാഡികള്‍ എന്നിവ ഉള്‍പ്പെട്ട നാഡീവ്യവസ്ഥയ്ക്ക് (Nervous system) ഉണ്ടാകുന്ന തകരാറുകളാണ് ഇതിന്റെ അടിസ്ഥാന കാരണം. പേശികളെ ബാധിക്കുന്ന ചിലതരം രോഗങ്ങളും (ഉദാ: മയാസ്തീനിയ-ഗ്രാവിസ്) ഇത്തരം അവസ്ഥയ്ക്ക് കാരണമാകാം.
വര്‍ധിച്ച രക്തസമ്മര്‍ദം, കൊഴുപ്പ് പറ്റിപ്പിടിച്ച് ധമനികളുടെ ഉള്‍ഭിത്തി കട്ടിയാകല്‍, ഹൃദയ വാല്‍വുകളുടെ തകരാറുകള്‍ എന്നിവയും സ്‌ട്രോക്കുണ്ടാകാനുള്ള കാരണങ്ങളാകുന്നു. തികച്ചും അപ്രതീക്ഷിതവും പെട്ടെന്ന് സംഭവിക്കുന്നതുമായ പക്ഷാഘാതങ്ങളില്‍ രക്തസമ്മര്‍ദത്തിനുതന്നെയാണ് മുഖ്യപങ്ക്.
പ്രാണവായു ഏറ്റവും കൂടുതല്‍ ആവശ്യമുള്ള മസ്തിഷ്‌കത്തിന് സദാ രക്തം ലഭിക്കാനുള്ള സംവിധാനമുണ്ട്. തലച്ചോറിലേക്കുള്ള പ്രധാന ധമനിയിലൂടെ 60 ശതമാനം രക്തം ലഭിക്കുമ്പോള്‍ ബാക്കിയുള്ള 40 ശതമാനം ചുറ്റുമുള്ള കൊളാറ്ററല്‍ സര്‍ക്കുലേഷനിലൂടെയാണ് ലഭ്യമാകുക.
നിമിഷനേരത്തേക്കെങ്കിലും പ്രാണവായുവിന്റെ അഭാവം ഉണ്ടായാല്‍ മസ്തിഷ്‌കകോശങ്ങള്‍ക്ക് അപരിഹാര്യമായ തകരാറ് സംഭവിക്കും. മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെയും നാഡീഞരമ്പുകളുടെ ശേഷിയെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. രക്തക്ഷയം നിമിത്തം ഉണ്ടാകുന്ന പക്ഷാഘാതം ചികിത്സിച്ച് സുഖപ്പെടുത്തല്‍ അതീവ ദുഷ്‌കരമാണ്.
രക്തം കട്ടിയാകുന്നതുമൂലം ധമനികളിലെ രക്തപ്രവാഹത്തിന് തടസ്സം നേരിട്ടാലും പക്ഷാഘാതം ഉണ്ടാകാം. എന്നാല്‍ ഇവിടെ, രക്തത്തില്‍തന്നെയുള്ള ചില രാസപദാര്‍ഥങ്ങള്‍ രക്തക്കട്ടയെ അലിയിച്ചുകളയുകയോ ഒഴുകിയെത്തുന്ന രക്തത്തിന്റെ സമ്മര്‍ദത്താല്‍ കൊഴുപ്പുകട്ട ചിതറിപ്പോവുകയോ ചെയ്യാം. അതിനാല്‍ ഇത്തരം പക്ഷാഘാതം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്വയം വിട്ടുമാറുന്നതാണ്.
സ്‌ട്രോക്ക് ഉണ്ടാകുന്നതിന് അമിത മനഃസംഘര്‍ഷങ്ങളും ആകാംക്ഷയും ദുഃഖവുമെല്ലാം കാരണമാകും. സ്‌ട്രോക്ക് ഉണ്ടാകുംമുന്‍പ് രോഗിക്ക് ചിന്താശൈഥില്യവും സംഭവിച്ചുകാണാറുണ്ട്.
പക്ഷാഘാത ചികിത്സയില്‍ ആയുര്‍വേദത്തിന് നിര്‍ണായക പങ്കുവഹിക്കാനുണ്ട്. അനുയോജ്യമായ തൈലങ്ങള്‍ പുരട്ടി വിയര്‍പ്പിക്കുന്ന സ്നേഹ-സ്വേദ പ്രയോഗങ്ങള്‍ക്ക് നാഡികളുടെ ആവരണമായ മൈലിന്‍ഷീത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കും.
നസ്യം, ശിരോവസ്തി, ശിരോധാര തുടങ്ങിയ ക്രിയാക്രമങ്ങള്‍ക്ക് മസ്തിഷ്‌ക കോശങ്ങളെ കര്‍മക്ഷമമാക്കാന്‍ ഒരു പരിധിവരെ കഴിയുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം പുനരുജ്ജീവിപ്പിക്കാനും അവയ്ക്ക് കഴിയുന്നു. വാതത്തിന്റെ ആസ്ഥാനമായ പക്വാശയത്തിലേക്ക് വീര്യം എത്തുന്ന കഷായവസ്തിപോലുള്ളവയ്ക്കും നിര്‍ണായകപങ്കാണുള്ളത്.
ദേഹബലം, ശരീരപ്രകൃതി, പ്രായം, ദോഷകോപം, രോഗത്തിന്റെ പഴക്കം എന്നിവയെല്ലാം നിരീക്ഷിച്ച് വിദഗ്ധ നിര്‍ദേശത്തില്‍ ചികിത്സയ്ക്ക് വിധേയമായാല്‍ പക്ഷാഘാതത്തില്‍ നിന്ന് മുക്തി നേടാം.
തലയില്‍ അനുയോജ്യമായ നീര്‍പ്പിടിത്തമുള്ള എണ്ണകളുടെ ഉപയോഗം ഉറപ്പുവരുത്തണം. രക്തസമ്മര്‍ദം ഇടയ്ക്കിടെ പരിശോധിക്കണം. രക്തത്തിലെ കൊഴുപ്പിന്റെ (Lipids) നിലവാരം സാധാരണനിലയിലാണെന്നുറപ്പിക്കണം. രക്തം കട്ടപിടിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും മനഃസംഘര്‍ഷം കുറയ്ക്കുകയും ചെയ്താല്‍ പക്ഷാഘാതത്തെ പ്രതിരോ
ധിക്കാം.
(തൃശ്ശൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ആണ് ലേഖകന്‍)
Content Highlights: World Stroke Day 2021, Ayurveda Management for Stroke Paralysis, Health