കുഞ്ഞിനെ കണ്‍മണിയെന്നു സ്‌നേഹത്തോടെ വിളിക്കാറുണ്ട് നമ്മള്‍. അവരുടെ കണ്ണിന്റെ കരുതലിലും ഇതേ സ്‌നേഹം കാണിക്കാന്‍ മറക്കരുത്.
കുഞ്ഞ് ജനിക്കുമ്പോഴേ തുടങ്ങണം കണ്ണിന്റെ പരിചരണവും. നവജാതശിശുക്കള്‍ക്ക് മുതിര്‍ന്നവരുടെ അത്ര കാഴ്ചശക്തി ഉണ്ടാവില്ല. പക്ഷേ പിറന്നുവീഴുമ്പോള്‍തന്നെ അവര്‍ അനങ്ങുന്ന വസ്തുവിനെ നോക്കിത്തുടങ്ങണം. വളര്‍ച്ചക്കനുസരിച്ച് കാഴ്ചശക്തി മെച്ചപ്പെട്ടുകൊണ്ടിരിക്കും.
ഒരു വയസ്സാവുമ്പോഴേക്കും മുതിര്‍ന്നവരുടെ അത്രയും കാഴ്ചശക്തി ഉണ്ടാകും. ഒന്നരമാസമാവുമ്പോഴേക്ക് അമ്മയുടെ മുഖത്തേക്ക് കുഞ്ഞ് കണ്ണുറപ്പിച്ചുതുടങ്ങും. ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ഇങ്ങനെ ചെയ്യുന്നില്ലെങ്കില്‍ കാഴ്ചശക്തിക്ക് തകരാറുണ്ടോ എന്ന് പരിശോധിക്കണം.
കണ്ണിലെ പഴുപ്പ്
പിറന്നുവീഴുമ്പോഴേ ചിലപ്പോള്‍ കുഞ്ഞിന്റെ കണ്ണില്‍നിന്ന് മഞ്ഞകലര്‍ന്ന ദ്രാവകം വരുന്നത്് കാണാം. ഇങ്ങനെ വന്നാല്‍ അണുവിമുക്തമായ പഞ്ഞിയോ മൃദുവായ തുണിയോ കൊണ്ട് കണ്ണ് വൃത്തിയാക്കിക്കൊടുക്കണം. ഒരു കണ്ണ് തുടച്ച തുണികൊണ്ട് മറ്റേ കണ്ണില്‍ തുടയ്ക്കാതിരിക്കുക. കുളിപ്പിക്കുമ്പോള്‍ ശുദ്ധജലം ഉപയോഗിച്ച് ശ്രദ്ധയോടെ കണ്ണുകള്‍ കഴുകുന്നതും നല്ലതാണ്.
ആദ്യമാസങ്ങളില്‍തന്നെ ഒരു കണ്ണിന് ഇടയ്ക്കിടയ്ക്ക് കണ്‍പീളപോലെ വരുന്നതുകാണാം. കണ്ണില്‍നിന്ന് മൂക്കിലേക്കുള്ള നാളം വികസിക്കാത്തതിനാല്‍ കണ്ണുനീര്‍ കെട്ടിക്കിടന്ന് അവിടെ സൂക്ഷ്മാണുക്കള്‍ വളരുന്നതാണ് ഇതിന് കാരണം. പഴുപ്പ് കണ്ടാല്‍ ആന്റിബയോട്ടിക് തുള്ളിമരുന്നുകള്‍ ഉപയോഗിക്കാം. കുളിപ്പിക്കുമ്പോഴും മറ്റും മൂക്കിന്റെ വശങ്ങളില്‍ തടവുന്നതും നല്ലതാണ്. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് ഈ പ്രശ്‌നം കൂടുതല്‍ കാണുന്നത്. ഇതിനുശേഷവും പ്രശ്‌നം തുടരുന്നുണ്ടെങ്കില്‍ നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടണം.
കണ്‍കുരു ഉണ്ടാവുക, പൊടിവീഴുക, കണ്ണ് ചൊറിച്ചില്‍ എന്നിവയൊക്കെ കുഞ്ഞുങ്ങളില്‍ പതിവായി കാണുന്ന പ്രശ്‌നങ്ങളാണ്. ഇവയൊന്നും ഒട്ടും പേടിക്കേണ്ടതില്ല. വലിയ ബുദ്ധിമുട്ടുണ്ടാക്കാതെ ഈ പ്രശ്‌നങ്ങള്‍ കടന്നുപോവും. കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങിക്കൊടുക്കുമ്പോഴും കണ്ണിന്റെ കാര്യത്തിലൊരു ശ്രദ്ധ വേണം. കൂര്‍ത്തമുനകളും അരികുകളുമുള്ള കളിപ്പാട്ടംകൊണ്ട് കണ്ണിന്റെ അകത്ത് മുറിവുണ്ടാവാമെന്ന് മറക്കേണ്ട.
കാഴ്ചക്കുറവ് കാണാതെ പോവരുത്
നിസ്സാരലക്ഷണങ്ങളോടെയാവും കുഞ്ഞുങ്ങളിലെ കാഴ്ചക്കുറവിന്റെ തുടക്കം. കളിപ്പാട്ടങ്ങള്‍ക്കായി ആവശ്യത്തിലധികം തപ്പിത്തടയുന്നുണ്ടെങ്കില്‍ അവന്റെ മേല്‍ ഒന്നുകണ്ണുവെച്ചേക്കണം. നടക്കുമ്പോള്‍ തട്ടിത്തടഞ്ഞു വീഴുന്നതും കാഴ്ചക്കുറവിന്റെ ലക്ഷണമാവാം.സ്‌കൂളിലൊക്കെ പോയിത്തുടങ്ങുമ്പോള്‍ ടീച്ചര്‍ ബോര്‍ഡിലെഴുതുന്നത് വായിക്കാനുള്ള പ്രയാസം, പുസ്തകം അകലത്തില്‍ പിടിച്ച് വായിക്കുന്ന ശീലം, അടുത്ത് പിടിച്ച് വായിക്കുന്നത്്, അക്ഷരങ്ങളും വരികളും വളഞ്ഞിരിക്കുന്നതായി പറയുക എന്നിവയൊക്കെ കണ്ടാലും ശ്രദ്ധിക്കണം. വായിക്കുമ്പോള്‍ കണ്ണുവേദന, കണ്ണുനീര്‍ വരിക, തലവേദന എന്നിവയും കാഴ്ചക്കുറവിന്റെ ലക്ഷണങ്ങളാവാം. ഈ തകരാറുകള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങണം.
ആവശ്യമായ പോഷകാഹാരം കിട്ടിയില്ലെങ്കിലും കുഞ്ഞിന്റെ കാഴ്ചക്ക് പ്രശ്‌നങ്ങളുണ്ടാവാം. ചില കുട്ടികള്‍ക്ക് വൈകുന്നേരമാവുമ്പോള്‍ കാഴ്ച മങ്ങുന്നതായി തോന്നും. വിറ്റാമിന്‍ എ.യുടെ അഭാവം ഭക്ഷണത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണിത്. വിറ്റാമിന്‍ എ.യുടെ കലവറയായ നെല്ലിക്ക, കാരറ്റ്, ബ്രൊക്കോളി, പപ്പായ, മാങ്ങ എന്നിവയൊക്കെ കഴിക്കാന്‍ കുഞ്ഞിനെ ശീലിപ്പിക്കുകയാണ് ഉത്തമപരിഹാരം.
കാഴ്ചശക്തി പരിശോധിക്കാം
കുഞ്ഞിന്റെ കാഴ്ചശക്തി വളരെ നേരത്തെത്തന്നെ പരിശോധിപ്പിച്ച് തുടങ്ങണം. അതിന്് അക്ഷരങ്ങള്‍ എഴുതിത്തുടങ്ങുന്നതുവരെയോ വായിച്ചുതുടങ്ങുന്നതുവരെയോ കാത്തിരിക്കേണ്ടതില്ല, കാരണം മൂന്നുവയസ്സാവുമ്പോഴേക്കും കുഞ്ഞുങ്ങളില്‍ കാഴ്ചത്തകരാറുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
കോങ്കണ്ണ്, ഹ്രസ്വദൃഷ്ടി,ദീര്‍ഘദൃഷ്ടി തുടങ്ങിയവയൊക്കെ ഈ സമയത്തേ കണ്ടെത്താം. ഹ്രസ്വദൃഷ്ടിയുള്ള കുഞ്ഞുങ്ങള്‍ക്ക് അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാനാവും. പക്ഷേ അകലെയുളളവയുടെ കാഴ്ച മങ്ങിയിരിക്കും. അനുയോജ്യമായ കണ്ണട ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം. ഇതിനുനേരെ വിപരീതമായ അവസ്ഥയാണ് ദീര്‍ഘദൃഷ്ടി. ഈ പ്രശ്‌നം കുഞ്ഞ് വളര്‍ന്നുവരുന്നതിനനുസരിച്ച് കുറഞ്ഞുവരാറുണ്ട്. കുട്ടികളില്‍ ഏറ്റവും സാധാരണമായ മറ്റൊരു നേത്രവൈകല്യമാണ് കോങ്കണ്ണ്. ഇത് ആറുമാസത്തിനുശേഷവും തുടരുകയാണെങ്കില്‍ ഡോക്ടറുടെ സഹായം തേടണം.
Content Highights: eye care