-
നവജാതശിശുക്കള്‍ക്ക് അമൃതാണ് അമ്മയുടെ മുലപ്പാല്‍. കുഞ്ഞിന് വേണ്ട എല്ലാ പോഷകങ്ങളും മുലപ്പാലിലൂടെയാണ് ലഭിക്കുന്നത്. എന്നാല്‍ ചില അമ്മമാര്‍ പ്രമേഹത്തിന് ചികിത്സ തേടുന്നവരാകാം. ചിലര്‍ ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതരാകാം. ചിലരാകട്ടെ ടൈപ്പ് ടു ഡയബറ്റിസ് ബാധിച്ചവരുമാകാം. എന്നാല്‍ മറ്റു ചിലരാകട്ടെ ഗര്‍ഭകാലത്തുണ്ടാകുന്ന ജെസ്റ്റേഷണല്‍ ഡയബറ്റിസ് ബാധിച്ചവരുമാകാം.
അമ്മ പ്രമേഹ രോഗിയാണെങ്കില്‍ കുഞ്ഞിന് മുലയൂട്ടുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
- പ്രമേഹ ബാധിതരായാലും അമ്മമാര്‍ നിര്‍ബന്ധമായും കുഞ്ഞിനെ മുലയൂട്ടണം. കൃത്യമായ ഇടവേളകളിലോ കുഞ്ഞിന് വിശക്കുമ്പോഴോ മുലയൂട്ടണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ ഇത് നല്ലതാണ്.
- മുലയൂട്ടല്‍ കാലത്തും കൃത്യമായി രക്തത്തിലെ പഞ്ചസാര നില പരിശോധിക്കണം. ഷുഗര്‍ നിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് അത്യാവശ്യമാണ്.
- മുലയൂട്ടല്‍ കാലത്ത് ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സകളും ഭക്ഷണക്രമവും വ്യായാമരീതികളും ജീവിതശൈലിയും പാലിച്ചിരിക്കണം.
- മുലയൂട്ടല്‍ കാലത്തെ ഷുഗര്‍ നിയന്ത്രണത്തിന് ഏറ്റവും മികച്ചത് ഇന്‍സുലിനാണ്. ഇത് കുഞ്ഞിന്റെ ശരീരത്തിലെത്തില്ല. കുഞ്ഞിന്റെ വയറ്റിലെത്തുമ്പോള്‍ തന്നെ ഇത് നശിച്ചുപോകും. എന്നാല്‍ മെറ്റ്ഫോര്‍മിന്‍ പോലുള്ള ഗുളികകള്‍ പൊതുവായി ഉപയോഗിക്കുന്നുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. ചില ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ ചെറിയ അംശം കുഞ്ഞിന്റെ ശരീരത്തിലെത്താം. അതിനാല്‍ കുഞ്ഞിന്റെ ശരീരത്തില്‍ ഷുഗര്‍ കുറയുന്ന ലക്ഷണങ്ങള്‍ എന്തെങ്കിലും കാണുന്നുണ്ടോയെന്ന് നിരീക്ഷിക്കണം.
- മുലയൂട്ടല്‍ കാലത്ത് സ്വന്തം ഇഷ്ടപ്രകാരം മരുന്നുകള്‍ ഉപയോഗിക്കരുത്.
- മുലയൂട്ടല്‍ കാലത്ത് ഡോക്ടറുടെ അഭിപ്രായം തേടാതെ പ്രമേഹത്തിനുള്ള ചികിത്സ നിര്‍ത്തരുത്.
- മുലയൂട്ടുമ്പോള്‍ അമ്മയുടെ ശരീരത്തിലെ അധിക കലോറി ഊര്‍ജം ചെലവഴിക്കപ്പെടുമെന്നതിനാല്‍ അമ്മയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ സമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ വരാതെ നോക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ കുഞ്ഞിന് മുലയൂട്ടുന്നതിന് മുന്‍പ് അമ്മ ഭക്ഷണം കഴിച്ചിരിക്കണം. അമ്മയുടെ രക്തത്തിലെ ഷുഗര്‍ നിലയില്‍ വ്യത്യാസം ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. ഈ പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ ഡോക്ടറെ കണ്ട് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തേടണം.
- ഓരോ തവണ മുലയൂട്ടുമ്പോഴും അന്‍പത് ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അമ്മയില്‍ നിന്നും നഷ്ടപ്പെടുമെന്നാണ് കണക്ക്. അതിനാല്‍ അമ്മ എപ്പോഴും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കുഞ്ഞിലേക്കും കൈമാറ്റം ചെയ്യപ്പെടും.
- പ്രമേഹമുള്ള അമ്മമാരില്‍ മുലയൂട്ടല്‍ കാലത്ത് സ്തനവീക്കമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകാറുണ്ട്. എങ്കിലും മുലയൂട്ടല്‍ നിര്‍ത്തേണ്ടതില്ല. പകരം ഡോക്ടറെ കണ്ട് വേണ്ട ചികിത്സ തേടാം.
- ടൈപ്പ് വണ്‍, ടൈപ്പ് ടു ഡയബറ്റിസ് ബാധിതര്‍ ഗര്‍ഭകാലത്ത് ഡോക്ടറെ കണ്ട് ആവശ്യമായ മുന്‍കരുതലെടുത്ത് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തണം.
- ചിലരില്‍ ഗര്‍ഭകാലത്ത് മാത്രമായി പ്രമേഹം ഉണ്ടാകാറുണ്ട്. ഈ അവസ്ഥയാണ് ജെസ്റ്റേഷണല്‍ ഡയബറ്റിസ്. ഈ സമയത്ത് ഗൈനക്കോളജിസ്റ്റിനെ കണ്ട് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തേടണം. പ്രസവശേഷവും ഇക്കൂട്ടരില്‍ പ്രമേഹം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ ഷുഗര്‍ നില പരിശോധിച്ച് പ്രമേഹമില്ലെന്ന് ഉറപ്പുവരുത്തണം.
- പ്രസവശേഷം ആറുമാസം മുലപ്പാല്‍ മാത്രമേ കുഞ്ഞിന് നല്‍കാവൂ. അമ്മയ്ക്കും കുഞ്ഞിനും ഇത് ഗുണകരമാണ്. ഗര്‍ഭകാലത്ത് കൂടിയ ശരീരഭാരം ആറുമാസത്തിനകം പഴയനിലയിലെത്താന്‍ ഇത് സഹായിക്കും.
ഡോ. അശ്വിന്‍ മുകുന്ദന്‍
ചീഫ് കണ്‍സള്‍ട്ടന്റ്
ഡോ. മോഹന്‍സ് ഡയബറ്റിസ് സ്പെഷ്യാലിറ്റിസ് സെന്റര്‍, കോഴിക്കോട്
ഡോ. മഞ്ജു വി.കെ.
ഗൈനക്കോളജിസ്റ്റ്
ഇ.എസ്.ഐ. ഹോസ്പിറ്റല്‍ കൊല്ലം
Content Highlights: World Breastfeeding Week 2020 If i have Diabetes can i Breastfeed my baby