Representative Image | Photo: Gettyimages.in
ദിനംപ്രതി കൂടുന്ന ചൂടിനൊപ്പം പെരുകുകയാണ് രോഗങ്ങളും. വ്യക്തിശുചിത്വവും പരിസരശുചിത്വവും കൃത്യമായി പാലിച്ചില്ലെങ്കില്‍ രോഗം ഏതു വഴിയിലൂടെയുമെത്താം. ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം, ചെങ്കണ്ണ് തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് ഉഷ്ണകാലരോഗങ്ങളില്‍ മുഖ്യം. തൊലിപ്പുറത്തെ ഫംഗസ് ബാധ, മൂത്രനാളിയിലെ അണുബാധ, ചൂടുകുരു എന്നിവയും ഉഷ്ണകാല അസുഖങ്ങളില്‍പ്പെടുന്നു.
വേണം, മൊബൈല്‍ ഫോണ്‍ നിയന്ത്രണം
ചെങ്കണ്ണ്, കണ്‍വരള്‍ച്ച, കണ്‍കുരു, കണ്ണിനുണ്ടാവുന്ന അലര്‍ജി എന്നിവയാണ് ഉഷ്ണകാലത്തുണ്ടാകുന്ന നേത്രസംബന്ധമായ പ്രധാന അസുഖങ്ങള്‍. അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ കൂടുതലായി പതിക്കുന്ന ഇക്കാലത്ത് തിമിരബാധയ്ക്കുള്ള സാധ്യതകള്‍ കൂടും. റെറ്റിനയെ ബാധിക്കുന്ന ഏജ് റിലേറ്റഡ് മാക്യുലാര്‍ ഡി ജനറേഷന്‍ (എ.ആര്‍.എം.പി.), കണ്ണിന്റെയുള്ളില്‍ പാടപോലെ തെളിയുന്ന ടെറീജിയം തുടങ്ങിയ അസുഖങ്ങളും ബാധിക്കാനുള്ള സാധ്യത ഏറെയാണ്.
സ്മാര്‍ട്ട് ഫോണിന്റെ ഉഷ്ണകാലത്തുള്ള അമിതോപയോഗം നേത്രരോഗങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തലശ്ശേരി കോംട്രസ്റ്റ് കണ്ണാസ്പത്രി മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ശ്രീനി എടക്ലോണ്‍ പറഞ്ഞു. കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും സ്‌ക്രീനില്‍ സൂക്ഷിച്ചുനോക്കിയിരുന്നാല്‍ സ്വതവേ വരണ്ടിരിക്കുന്ന കണ്ണുകള്‍ കൂടുതല്‍ വരളാനേ ഇതുപകരിക്കൂ. എ.സി.യിലും ശക്തിയില്‍ കറങ്ങുന്ന ഫാനിന്റെ കീഴിലും ഇരുന്ന് ഇവ ഉപയോഗിച്ചാലും ഇതുതന്നെയാകും ഫലം -അദ്ദേഹം പറഞ്ഞു.
ശ്രദ്ധിക്കാം, ഇക്കാര്യങ്ങള്‍
മറ്റുള്ളവര്‍ ഉള്‍ഭയത്തോടെ കാണുന്ന രോഗമെന്ന നിലയിലാണ് ചെങ്കണ്ണിന്റെ സ്ഥാനം. കണ്ണില്‍ പൊടിവീണതുപോലുള്ള അസ്വസ്ഥത, നീരൊലിപ്പ്, ചുവപ്പുനിറം തുടങ്ങിയ ലക്ഷണങ്ങളോടെ തുടങ്ങുന്ന ചെങ്കണ്ണ് അതിവേഗം വ്യാപിക്കുന്ന അസുഖമാണ്. ചെങ്കണ്ണ് നിശ്ചിതസമയം കൊണ്ട് മാറുന്നതും ഗുരുതരമല്ലാത്തതുമായ അസുഖമാണെന്ന ധാരണയാല്‍ സ്വയം ചികിത്സ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തും. ചെങ്കണ്ണുള്‍പ്പടെയുള്ള അസുഖങ്ങള്‍ തടയാന്‍ ഇക്കാര്യങ്ങള്‍ മുന്‍കരുതലായെടുക്കാം.
- അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് കണ്ണിനെ രക്ഷിക്കാന്‍ പുറത്തിറങ്ങുമ്പോള്‍ കുട, കൂളിങ് ഗ്ലാസ്, തൊപ്പി എന്നിവ ഉപയോഗിക്കാം.
- സ്വിമ്മിങ് പൂളിലും കുളത്തിലും നീന്തുന്നവര്‍ ഗൂഗിള്‍ ധരിക്കണം.
- തോര്‍ത്ത്, തൂവാല എന്നിവ പരസ്പരം കൈമാറി ഉപയോഗിക്കരുത്
- ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റും ഗ്ലാസും ധരിക്കണം
- ഉഷ്ണകാലത്ത് കണ്ണുകള്‍ ഇടക്കിടെ കഴുകുന്നത് ചിലപ്പോള്‍ ഗുണത്തെക്കാളേറെ ദോഷംചെയ്യും.
- പൈപ്പുവെള്ളത്തിലും ശുദ്ധമല്ലാത്ത വെള്ളത്തിലും കണ്ണ് കഴുകുന്നത് ദോഷമാണ്.കഴുകുന്നുവെങ്കില്‍ തിളപ്പിച്ചാറി തണുത്ത വെള്ളം മാത്രം ഉപയോഗിക്കുക
- കണ്ണിലെ വരള്‍ച്ച മാറാനുള്ള തുള്ളിമരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക
- നേത്രശസ്ത്രക്രിയകള്‍ കഴിഞ്ഞവര്‍ പുറത്തിറങ്ങുമ്പോള്‍ കറുത്ത കണ്ണട ധരിക്കുന്നത് സുരക്ഷിതമാണ്.