ഡോ.പി.കെ വാര്യർ
നൂറാം വയസ്സിലും കര്‍മനിരതന്‍, കൃത്യനിഷ്ഠയുള്ള ജീവിതം, മനുഷ്യത്വത്തിന്റെ ആള്‍രൂപം. കോട്ടയ്ക്കലിന്റെ യശസ് ലോകഭൂപടത്തിലേക്കുയര്‍ത്തിയ ആയുര്‍വേദ മഹര്‍ഷി. ചുരുക്കി പറഞ്ഞാല്‍ ഡോ.പി.കെ വാര്യര്‍.
ആയുസിനെക്കുറിച്ചുള്ള വേദമായ ആയുര്‍വേദം ജനകീയമാക്കിയതില്‍ ഈ വൈദ്യകുലപതിക്കുള്ള പങ്ക് എടുത്തു പറയേണ്ടതാണ്. കേരളത്തിലെ ആയുര്‍വേദ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമായത് ഇദ്ദേഹത്തിന്റെ നിസ്വാര്‍ഥ സേവനത്തിലൂടെയാണ്. മരുന്നുകമ്പനികളുടെ പിടിയിലമരുമ്പോള്‍ ലോകത്തിന്റെ ആരോഗ്യത്തിന് എവിടെയും സ്ഥാനമില്ലാതാകുകയാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഉണ്ടാക്കുന്ന മരുന്നുകള്‍ എങ്ങനെയെങ്കിലും വിറ്റു കാശാക്കുക എന്ന അപകടകരമായ ചിന്താഗതിക്ക് അദ്ദേഹം എന്നും എതിരാണ്.
വിദ്യാഭ്യാസവും കുടുംബവും
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ എന്ന ഗ്രാമത്തില്‍ ഒരു ഇടത്തരം കുടുംബത്തില്‍ 1921 ജൂണ്‍ 5 നാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ ജനിക്കുന്നത്. ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനാണ് ഇദ്ദേഹം.
കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ ആണ് അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്നം പി.എസ് വാര്യര്‍ ആയുര്‍വേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1942 ല്‍ അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാകുകയും അതിന്റെ ഭാഗമമാകുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മകഥയായ 'സ്മൃതിപര്‍വം' കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.
വരപ്രസാദമായി ലഭിച്ചത് അമ്മാവന്റെ സിദ്ധികള്‍
ബഹുമുഖ വ്യക്തിത്വമുള്ള ആയുര്‍വേദ പണ്ഡിതനായിരുന്നു പി.കെ വാര്യരുടെ അമ്മാവനായ വൈദ്യരത്നം ഡോ.പി.എസ് വാര്യര്‍. ആയുര്‍വേദത്തിലും അലോപ്പതിയിലും അദ്ദേഹം പ്രാവീണ്യം നേടിയിട്ടുണ്ട്. ഗുരുകുല സമ്പ്രദായത്തിലാണ് അദ്ദേഹം ആയുര്‍വേദ പഠനം നടത്തിയത്. 1902ല്‍ അദ്ദേഹം മലപ്പുറം ജില്ലയില്‍ സ്ഥാപിച്ചതാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല.

ഇന്ത്യയിലും വിദേശത്തുമുള്ള രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സാവിധികള്‍ ലഭ്യമാക്കുന്ന വിശ്വസനീയമായ സ്ഥാപനമാണ് ഇത്. ആയുര്‍വേദ മരുന്നുകള്‍ ചിട്ടകളൊന്നും തെറ്റിക്കാതെ പരിശുദ്ധമായി ഉണ്ടാക്കി രോഗികള്‍ക്ക് നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് 1933ല്‍ വൈദ്യരത്നം എന്ന സ്ഥാനം നല്‍കി ആദരിച്ചു. 1944 ലാണ് പി.എസ് വാര്യര്‍ അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ആര്യവൈദ്യശാലയെ ചാരിറ്റബിള്‍ ട്രസ്റ്റ് ആയി നടത്തിക്കൊണ്ടു പോകുന്ന ദൗത്യം ഏറ്റെടുത്ത് ഭംഗിയാക്കുകയാണ് ഡോ.പി.കെ വാര്യര്‍. ആദ്യത്തെ മാനേജിംഗ് ട്രസ്റ്റിയായി 1944ല്‍ ചുമതലയേറ്റത് ഡോ. പി.കെ വാര്യരുടെ മൂത്ത ജ്യേഷ്ഠനായ പി.മാധവവാര്യരായിരുന്നു. 1953 ല്‍ നാഗ്പൂരില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചതിനു ശേഷം ഡോ.പി.കെ വാര്യര്‍ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ആര്യവൈദ്യശാലയില്‍ ഇന്നത്തെ രീതിയിലുള്ള പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാധവ വാര്യര്‍ ആയിരുന്നു. അര ദശാബ്ദക്കാലത്തിലേറെയായി ആര്യവൈദ്യശാലയുടെ നെടുംതൂണാണ് ഡോ.പി.കെ വാര്യര്‍. ലോകോത്തര നിലവാരത്തിലേക്ക് ഈ സ്ഥാപനത്തെ ഉയര്‍ത്തിയ അദ്ദേഹം കഴിവുറ്റ ഭരണ സാരഥിയും അമ്മാവനെപ്പോലെ തന്നെ നിപുണനായ വൈദ്യനുമാണ്.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
തുടക്കത്തില്‍ കോട്ടയ്ക്കല്‍ എന്ന ഗ്രാമത്തില്‍ ക്ലിനിക്കിന്റെ രൂപത്തില്‍ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് പടര്‍ന്ന് പന്തലിച്ച് വിവിധ വിഭാഗങ്ങളിലായി എല്ലാ തരത്തില്‍പ്പെട്ട രോഗങ്ങള്‍ക്കുമുള്ള ചികിത്സാ വിധികളുമുള്ള മഹത്തായ ആസ്പത്രിയായി മാറിയിരിക്കുന്നു. ആയുര്‍വേദ മരുന്നുകളും വിദഗ്‌ദ്ധോപദേശവും രോഗികള്‍ക്ക് നല്‍കാന്‍ ഇവര്‍ സദാ സന്നദ്ധരാണ്.

ആധുനിക രീതിയിലുള്ള രണ്ട് മരുന്നു നിര്‍മാണ വിഭാഗങ്ങള്‍ ഇവിടെയുണ്ട്. മലപ്പുറം ജില്ലയിലെ കോട്ടക്കലിലും പാലക്കാട് ജില്ലയിലെ കഞ്ചിക്കോടുമാണ് മരുന്നുകള്‍ ഉദ്പാദിപ്പിക്കുന്നത്. ഏകദേശം അഞ്ഞൂറോളം ആയുര്‍വേദ മരുന്നുകള്‍ ഇവിടെ ഉദ്പാദിപ്പിക്കുന്നുണ്ട്. തളര്‍വാതം, സന്ധിവാതം, സ്‌പോണ്ടിലൈറ്റിസ് എന്നിവയ്‌ക്കെല്ലാം ഫലപ്രദമായ ചികിത്സ ഇവിടെ ലഭ്യമാണ്. ആയുര്‍വേദവുമായി ബന്ധപ്പെട്ട ബുക്കുകളും പ്രസിദ്ധീകരിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതു കൂടാതെ കഥകളി പഠിപ്പിക്കാനും അവതരിപ്പിക്കാനുമായി പി.എസ്.വി നാട്യസംഘം എന്ന ഒരു കഥകളി അക്കാദമിയും ആര്യവൈദ്യശാലയുടെ ഭാഗമായി നടത്തുന്നുണ്ട്.
പി.കെ വാര്യരുടെ അഭിപ്രായത്തില്‍ ആയുര്‍വേദം ഒരു ചികിത്സാരീതി മാത്രമല്ല. അതില്‍ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് വിശ്വസിച്ച് കര്‍മനിരതനായ വ്യക്തിയാണ് അദ്ദേഹം. നിരവധി വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സാരീതികള്‍ക്ക് വ്യക്തമായ പങ്കുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും ഗവേഷണം, ചികിത്സ, പഠനം എന്നീ ആവശ്യങ്ങള്‍ക്കായി പലരും ഇവിടെയെത്തിച്ചേര്‍ന്നു. പ്രധാനപ്പെട്ട ഇന്ത്യന്‍ നഗരങ്ങളായ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് ആര്യവൈദ്യശാലയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അടൂര്‍, അഹമ്മദാബാദ്, ആലുവ, ബാംഗ്‌ളൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, എറണാകുളം, ജാംഷഡ്പൂര്‍, കണ്ണൂര്‍, കൊല്‍ക്കത്ത, കോട്ടയ്ക്കല്‍, കോഴിക്കോട്, മാംഗളൂര്‍, മുംബൈ, മൈസൂര്‍, ന്യൂഡല്‍ഹി, തിരുവനന്തപുരം, തൃശൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെല്ലാം ഈ സ്ഥാപനത്തിന് ശാഖകളുണ്ട്. 1025 ഇനം ഔഷധ സസ്യങ്ങളും കല്യാണ സൗഗന്ധികം, അര്‍ജുന വൃക്ഷം എന്നിങ്ങനെ പുസ്തകങ്ങളില്‍ മാത്രം വായിച്ചു പരിചയമുള്ള പല തരം ചെടികളും ഇവിടെയുണ്ട്. സെന്റര്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്റ്സ് റിസര്‍ച്ച് എന്ന ഔഷധ സസ്യപരിപാലന കേന്ദ്രത്തില്‍ വംശനാശഭീഷണി നേരിടുന്ന നിരവധി ഔഷധ സസ്യങ്ങളുണ്ട്.
വാര്യരുടെ പേരില്‍ ഒരു ഔഷധ സസ്യം

പുരസ്‌കാരങ്ങള്‍, അംഗീകാരങ്ങള്‍

1. 1997 ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് 'ആയുര്‍വേദ മഹര്‍ഷി' എന്ന സ്ഥാനം നല്‍കി ആദരിച്ചു
2. 1999 ഇന്ത്യ ഗവണ്‍മെന്റ് 'പദ്മശ്രീ' നല്‍കി ആദരിച്ചു
3. വിജയവാഡയിലെ 'അക്കാദമി ഓഫ് ആയുര്‍വേദ' അദ്ദേഹത്തിന് 'മില്ലേനിയം ഗോള്‍ഡ് മെഡല്‍ ' നല്‍കി ആദരിച്ചു
4. മഹാരാഷ്ട്ര ഗവര്‍ണ്ണറായിരുന്ന പി.സി. അലക്‌സാണ്ടറില്‍ നിന്നും മുപ്പതാമത് ധന്വന്തരി അവാര്‍ഡ് 2001 ല്‍ ലഭിച്ചു
5. ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് ലഭിച്ചു
6. ആയുര്‍വേദ ഡോക്ടര്‍മാരുടെ അക്കാദമി ഏര്‍പ്പെടുത്തിയ 'ആദി സമ്മാന്‍ പുരസ്‌കാര്‍' 2001 ല്‍ ലഭിച്ചു
7. മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് നല്‍കി കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ 2002 ല്‍ അദ്ദേഹത്തെ ആദരിച്ചു
8. 2003ല്‍ പി.എസ് ജോണ്‍ മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ചു
9. ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ച്വറേഴ്‌സ് ഓര്‍ഗനൈസേഷന്‍ 2003ല്‍ 'പതഞ്ജലി പുരസ്‌കാരം' നല്‍കി ആദരിച്ചു
10. 2004ല്‍ സി.അച്യുതമേനോന്‍ അവാര്‍ഡ് ലഭിച്ചു
11. 2010ല്‍ പദ്മഭൂഷന്‍ നല്‍കി ആദരിച്ചു
12. കാലിക്കറ്റ് സര്‍വ്വകലാശാല 1999 -ല്‍ ബഹുമാനസൂചകമായി ഡി. ലിറ്റ് നല്‍കി
13. 2009 ല്‍ അഷ്ടാംഗരത്‌ന അവാര്‍ഡ് ലഭിച്ചു.
Content Highlights: Veteran ayurveda physician Padmashri PK Warrier 100th Birthday