Representative Image|Gettyimages.in
ചിലപ്പോള്‍ പി.പി.ഇ. കിറ്റിന് ക്ഷാമമുണ്ടാകാം, ഗ്ലൗസുകള്‍ ലഭിക്കാതെയാകാം, രോഗികള്‍ വന്നുകൊണ്ടേ ഇരിക്കുന്ന ദിവസങ്ങളും ഏറെയായിരുന്നു... എങ്കിലും ഈ പ്രതിസന്ധിഘട്ടത്തില്‍ 'കോവിഡ് ഡ്യൂട്ടിയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനമായാണ് എന്നും തോന്നിയിട്ടുള്ളത്... ഗവ. മെഡിക്കല്‍കോളേജിലെ ഡോ. ബി. ശ്രീറാമിന്റെ വാക്കുകളാണിത്.

മാര്‍ച്ച് 24- നാണ് ജില്ലയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് മാസങ്ങള്‍ക്കകം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടി. ഇതോടെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് കരുതല്‍വാസ കേന്ദ്രമാരംഭിച്ചു. 2020 ഓഗസ്റ്റ് മുതല്‍ ആരംഭിച്ച ഗവ. മെഡിക്കല്‍കോളേജ് സി.എഫ്.എല്‍.ടി.സി. യുടെ നോഡല്‍ ഓഫീസറായിരുന്നു ഡോ. ബി. ശ്രീറാം. പിന്നീട് മാസങ്ങള്‍ക്കകംതന്നെ കോവിഡ് ഡ്യൂട്ടിയിലും പ്രവേശിച്ചു. അന്നുമുതല്‍ ഇപ്പോഴും തുടരുന്നു അത്...
ജില്ലയില്‍ കോവിഡ് വ്യാപനത്തിന്റെ എല്ലാ പ്രതിസന്ധികളിലും മുന്നില്‍നിന്ന ഡോക്ടര്‍മാരിലൊരാള്‍ കൂടിയാണ് ഡോ. ശ്രീറാം. പി.പി.ഇ. കിറ്റിട്ടാണ് രോഗികളെ പരിചരിക്കുന്നത്. എന്നാല്‍, കോവിഡ് ഭേദമായതിനുശേഷവും ആശുപത്രിയിലെത്തുമ്പോള്‍ ശബ്ദത്തിലൂടെ തന്നെതിരിച്ചറിഞ്ഞ എത്രയോപേരുണ്ടെന്ന് പറയുന്നു ഡോ. ശ്രീറാം. നിലവില്‍ ഗവ. മെഡിക്കല്‍കോളേജ് സി.എഫ്.എല്‍.ടി.സി. ഇല്ലെങ്കിലും ജില്ലാ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിയില്‍ ഇപ്പോഴും ഡോ. ശ്രീറാമുണ്ട്. ഇതിനിടെ 2021 മാര്‍ച്ചില്‍ ഡോ. ശ്രീറാമിനും കോവിഡ് ബാധിച്ചു. രോഗം ഭേദമായതിന്നുശേഷം വീണ്ടും പതിവു പോലെ അദ്ദേഹം ഡ്യൂട്ടിയില്‍ പ്രവേശിച്ചു.
യുവാക്കളടക്കമുള്ളവര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇത് ഇവരുടെ ബന്ധുക്കളെ അറിയിക്കുന്നത് ഏറെ വേദനയേറിയ കാര്യമായിരുന്നെന്നും ഡോക്ടര്‍ പറയുന്നു. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം അസി. പ്രൊഫസറായ ഡോ. ബി. ശ്രീറാം തിരുവില്വാമല കുത്താമ്പുള്ളി സ്വദേശിയാണ്. വി. ബാലചന്ദ്രന്‍, രേണുക എന്നിവരുടെ മകനാണ്.
പാലക്കാട് നഗരത്തിലാണിപ്പോള്‍ താമസം. എസ്.ബി.െഎ. ജീവനക്കാരിയായ ശര്‍മിളയാണ് ഭാര്യ. ഇഷാന്‍, ഇവന്‍ശിക എന്നിവരാണ് മക്കള്‍.
Content Highlights: National Doctor's day 2021 Dr. B Sreeram C.F.L.T.C Nodal Officer Covid duty experience