തലച്ചോറിലേക്ക് രക്തം പോകുന്ന രക്തധമനിയില്‍ തടസ്സമുണ്ടാകുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. രക്തപ്രവാഹം കിട്ടാതെ തലച്ചോറിലെ കോശങ്ങള്‍ നശിച്ചു പോവുകയാണ് ചെയ്യുന്നത്. പക്ഷാഘാതം, സ്‌ട്രോക്ക്, ബ്രെയിന്‍ അറ്റാക്ക് എന്നിങ്ങനെ പല പേരുകളിലാണ് ഈ രോഗം അറിയപ്പെടുന്നത്. ഹാര്‍ട്ട് അറ്റാക്കും കാന്‍സറും കഴിഞ്ഞാല്‍ മരണകാരണമാകുന്ന മൂന്നാമത്തെ പ്രധാന രോഗമാണിത്. ലോക പക്ഷാഘാത ദിനത്തില്‍ രാജഗിരി ആശുപത്രിയിലെ പ്രശസ്ത ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജിസ്റ്റ് ഡോ.ജിജി കുരുട്ടുകുളം പക്ഷാഘാതം സംബന്ധിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു
''കാന്‍സറിനെപ്പറ്റിയും ഹാര്‍ട്ട് അറ്റാക്കിനെപ്പറ്റിയുമൊക്കെ ഇന്ന് അത്യാവശ്യം ബോധവല്‍ക്കരണമുണ്ടായിട്ടുണ്ട്, എന്നാല്‍ സ്‌ട്രോക്കിനെക്കുറിച്ച് കൃത്യമായ ബോധവല്‍ക്കരണം ഇല്ലെന്നതാണ് വസ്തുത. ഈ അസുഖത്തെപ്പറ്റിയും ചികിത്സയെയും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ചുമൊക്കെ ബോധവല്‍ക്കരണം നടത്തുന്നതിനാണ് ലോക പക്ഷാഘാതദിനം ആചരിക്കുന്നത്.''
ഹൃദയാഘാതത്തിന്റെ അതേകാരണങ്ങള്‍ തന്നെയാണ് പക്ഷാഘാതത്തിനും കാരണമാകുന്നതെന്ന് ഡോക്ടര്‍ പറയുന്നു. ''പുകവലി, രക്താതി സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ കൂടുന്നത്, ഡയബറ്റിസ്, ജീവിതരീതി, വ്യായാമക്കുറവ് എന്നിവമൂലം രക്തക്കുഴലില്‍ കൊഴുപ്പടിഞ്ഞ് ബ്ലോക്കുണ്ടാകുന്നു. ഒപ്പം ഹൃദയത്തിനുണ്ടാകുന്ന തകരാറുകള്‍ മൂലം ഹൃദയത്തില്‍ രക്തക്കട്ട ഉണ്ടായി അതു തലച്ചോറിലേക്കു പോയി സ്‌ട്രോക്ക് സംഭവിക്കുന്നു.
ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാം, പക്ഷേ ഒരു സ്‌ട്രോക്കിന്റെ ലക്ഷണങ്ങളുടെ കാര്യത്തില്‍ പലര്‍ക്കും അവബോധം കുറവാണ്. ഫാസ്റ്റ് എന്ന നാലു വാക്കുകള്‍ മാത്രം ഓര്‍ക്കാന്‍ ശീലിച്ചാല്‍ മതി. അതിലെ എഫ് എന്നാല്‍ ഫേസ്: അതായത് മുഖത്തിന്റ ഒരുവശം കോടിപ്പോവുകയോ മറ്റോ ചെയ്യുന്ന അവസ്ഥയാണിത്. എ അഥവാ ആം: ഒരു കൈ പൊക്കാനോ ചലിപ്പിക്കാനോ കഴിയാതിരിക്കുന്നതാണിത്. എസ് അഥവാ സ്പീച്ച്: പറയുന്നത് അവ്യക്തമാകുകയോ കുഴഞ്ഞു സംസാരിക്കുകയോ ചെയ്യുക. ടി എന്നാല്‍ ടൈം: തലച്ചോറിനു കേടു സംഭവിച്ചാല്‍ ഓരോ സമയവും വിലപ്പെട്ടതാണ് ഇതു വ്യക്തമാക്കുന്നത്. കൂടാതെ പെട്ടെന്ന് കാഴ്ച്ച നഷ്ടടപ്പെടുക, പെട്ടെന്നുണ്ടാകുന്ന ശക്തമായ തലവേദനയും കുഴഞ്ഞു വീഴലുമൊക്കെപ്രധാന ലക്ഷണങ്ങളാണ്.
പുകവലി പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കൂടുതല്‍ സമയം ഇരിക്കുന്നത് പുകവലിയേക്കാള്‍ അപകടകരമാണെന്നാണ് പറയാറുള്ളത്. ഇടയ്ക്കിടെ നടക്കുക, കൊളസ്‌ട്രോള്‍- ഷുഗര്‍ തുടങ്ങിയവ നിയന്ത്രിക്കുക, കൊഴുപ്പു കൂടിയ ഭക്ഷണം കുറയ്ക്കുക. ഇറച്ചിയും മീനും കഴിക്കണമെങ്കിലും അളവു കുറയ്ക്കണം. വറുത്ത പലഹാരങ്ങളും എണ്ണപ്പലഹാരങ്ങളും ഒഴിവാക്കുക. എല്ലാ കാര്യങ്ങളെയും അമിതമായി വൈകാരികമായി സമീപിക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകളിലൂടെയൊക്കെ ഒരുപരിധിവരെ രോഗത്തെ തടയാന്‍ കഴിയും.
സ്‌ട്രോക്ക് ഉണ്ടായൊരു വ്യക്തി പൂര്‍വ അവസ്ഥയിലേക്ക് തിരിച്ചെത്തല്‍ തലച്ചോറിന്റെ എത്രഭാഗം കേടുവന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഫിസിയോ തെറാപ്പി, സ്പീച് തെറാപ്പി, സ്വാളോയിങ് തെറാപ്പി തുടങ്ങിയവയിലൂടെ രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാം. ഒപ്പം നല്ല വായുസഞ്ചാരമുള്ള മുറികളില്‍ ഇരുത്തുകയും കിടപ്പിലായവരാണെങ്കില്‍ എല്ലാ രണ്ടുമണിക്കൂറു കൂടുമ്പോഴും തിരിച്ച് കിടത്തുന്നതും വീല്‍ ചെയറില്‍ കൊണ്ടുനടത്തുന്നതുമൊക്കെ പെട്ടെന്ന് രോഗത്തില്‍ നിന്നു മുക്തമാക്കും.
Content Highlights: dr jiji kuruttukulam on Stroke Symptoms and causes