ഒരുങ്ങണം, കര്‍ക്കടക ചികിത്സയ്ക്ക്


ഡോ. ജിഗീഷ് പി.പി.

4 min read
Read later
Print
Share

തിരക്കുപിടിച്ച ജീവിതത്തില്‍ കുറച്ചുദിവസങ്ങള്‍ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി മാറ്റിവെക്കേണ്ടത് അത്യാവശ്യമാണ്. ആയുര്‍വേദ വിധി പ്രകാരം കര്‍ക്കടകമാണ് അതിന് ഉത്തമം

പ്രകൃതിയോടിണങ്ങിനിന്നുകൊണ്ട് ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിനാണ് ആയുര്‍വേദം പ്രാധാന്യം നല്‍കുന്നത്. കാലാവസ്ഥയ്ക്കനുസരിച്ച് ഭൂമിയിലും സകല ജീവജാലങ്ങളിലും അന്തരീക്ഷത്തിലും മാറ്റങ്ങള്‍ ഉണ്ടാകാമെന്നും അവ ആരോഗ്യത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കുമെന്നും ആയുര്‍വേദം പറയുന്നു. ഋതുക്കള്‍ക്കനുസരിച്ച് ചെടികള്‍ പൂക്കുന്നതും കായ്ക്കുന്നതുംപോലെ മനുഷ്യരിലും കാലത്തിന്റെ പ്രത്യേകതകള്‍ പ്രകടമാകാം. അത്തരം മാറ്റങ്ങള്‍ ശരീരത്തിന് ഹാനികരമായി മാറാതിരിക്കാന്‍ ജീവിതചര്യയില്‍ വരുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ഋതുചര്യ എന്നപേരില്‍ ആയുര്‍വേദം വിവരിക്കുന്നു. ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള മാതൃകകളെ അതത് ദേശത്തെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയില്‍ ഔചിത്യപൂര്‍വം ഭേദപ്പെടുത്തിവേണം ആചരിക്കാന്‍.

കാലത്തെ ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നീ ആറ് ഋതുക്കളായി വിഭജിച്ചിരിക്കുന്നു. കേരളത്തിലെ കാലാവസ്ഥയില്‍ ചിങ്ങം, കന്നി, തുലാം എന്നിവയെ ശരത് ഋതുവായിട്ടും വൃശ്ചികം, ധനു, മകരം എന്നിവയെ ഹേമന്തമായിട്ടും കുംഭം, മീനം, മേടം എന്നിവയെ ഗ്രീഷ്മം ആയിട്ടും ഇടവം, മിഥുനം, കര്‍ക്കടകം ഇവയെ വര്‍ഷമായിട്ടും കണക്കാക്കാം.ശരീരബലം കുറയുന്നതും ത്രിദോഷങ്ങള്‍ (വാത, പിത്ത,കഫങ്ങള്‍) ദുഷിക്കുന്നതും അഗ്നി മന്ദീഭവിക്കുന്നതുമായ കാലമാണ് വര്‍ഷം. ആയതിനാല്‍ ആരോഗ്യസംരക്ഷണത്തിന് പ്രത്യേകം ഊന്നല്‍ കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടാകണം മറ്റ് ഋതുക്കളിലും പ്രത്യേകമായ ചര്യകള്‍ ആവശ്യമാണെങ്കിലും കാലവര്‍ഷത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന കര്‍ക്കടകത്തിലെ ചികിത്സയ്ക്ക് പ്രാധാന്യം കൈവന്നത്. പണ്ട്, കാര്‍ഷികവൃത്തി മുഖ്യ വരുമാനമാര്‍ഗമായിരുന്ന സമയത്ത്, മഴമൂലം താരതമ്യേന ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന കാലമായതിനാല്‍ ചികിത്സ സൗകര്യപ്രദമായിരുന്നതും ഒരു കാരണമാകാം. മലയാളികളെ സംബന്ധിച്ചിടത്തോളം ചിങ്ങം മുതലാണല്ലോ പുതുവര്‍ഷം. അതിനുമുന്‍പേ ആരോഗ്യരക്ഷയ്ക്കുള്ള തയ്യാറെടുപ്പായും കര്‍ക്കടക ചികിത്സയെ കണക്കാക്കാം. എന്തായാലും തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കുറച്ച് ദിവസമെങ്കിലും ശ്രമിക്കുന്നത് പ്രസക്തമാണ്.

പഞ്ചകര്‍മ ചികിത്സ

യഥാവിധി നെയ്യ് സേവിച്ച് വിയര്‍പ്പിച്ചശേഷം ഛര്‍ദിപ്പിക്കുക (വമനം), വയറിളക്കുക (വിരേചനം), മലദ്വാരത്തിലൂടെയുള്ള ഔഷധപ്രയോഗങ്ങള്‍ (കഷായവസ്തി, തൈലവസ്തി), മൂക്കിലൂടെയുള്ള ഔഷധപ്രയോഗം (നസ്യം) എന്നീ പഞ്ചകര്‍മചികിത്സകള്‍ ശരീരത്തെ ശുദ്ധമാക്കി രോഗങ്ങളില്‍നിന്ന് സംരക്ഷിക്കുന്നു. പഞ്ചകര്‍മങ്ങളില്‍ എല്ലാ കര്‍മങ്ങളും എല്ലാവര്‍ക്കും ആവശ്യമാകണമെന്നില്ല. ഓരോരുത്തരുടെയും ശരീരത്തിന്റെ അവസ്ഥ അടിസ്ഥാനമാക്കി ആവശ്യമായ ശുദ്ധിക്രമങ്ങള്‍ മാത്രം ചെയ്താല്‍ മതിയാകും. ചുരുങ്ങിയപക്ഷം അവിപത്തി ചൂര്‍ണം മുതലായവ ഉപയോഗിച്ച് വയറിളക്കുന്നത് നേത്രരോഗങ്ങള്‍, കരള്‍രോഗങ്ങള്‍, ഉദരരോഗങ്ങള്‍ ഇവയെ പ്രതിരോധിക്കാന്‍ സഹായിക്കും.

അഭ്യംഗം

വര്‍ഷകാലം വാതരോഗങ്ങളുടെ കാലമാണ്. അതിനാല്‍ രാവിലെയോ വൈകിട്ടോ, ഭക്ഷണം ദഹിച്ചശേഷം, യുക്തമായ എണ്ണ തലയിലും ദേഹത്തും തേച്ച് തലോടുന്നത് നാഡീരോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. ഏകദേശം 30 മിനിറ്റുമുതല്‍ 45 മിനിറ്റുവരെ ഇപ്രകാരം അഭ്യംഗം ചെയ്യാം. എണ്ണ ചെറുതായി ചൂടാക്കുന്നത് നന്ന്. എണ്ണ തേച്ചശേഷം പതിവായി ചെയ്തുവരുന്ന വ്യായാമമുറകളും തുടരാവുന്നതാണ്. വിയര്‍പ്പ് മാറിയശേഷം ചെറുചൂടുവെള്ളത്തില്‍ കുളിക്കാം. വെള്ളം തിളപ്പിക്കുന്നതിനായി കുറുന്തോട്ടി, ത്രിഫല, നാല്പാമരം എന്നിവ ഉപയോഗിക്കാം. ഈ രീതി കര്‍ക്കടകമാസം മുഴുവനും പിന്തുടരാവുന്നതാണ്. തുടര്‍ന്ന് ദിനചര്യയില്‍ ഉള്‍പ്പെടുത്താവുന്നതുമാണ്. ചികിത്സ എന്ന രീതിയില്‍ അഭ്യംഗം 7, 14 ദിവസങ്ങള്‍ ചെയ്തുവരുന്നു.

കിഴി, പിഴിച്ചില്‍

കര്‍ക്കടക ചികിത്സയില്‍ ഏറ്റവും പേരുകേട്ടവയാണ് ഇവ; പ്രത്യേകിച്ച് ഞവരക്കിഴിയും പിഴിച്ചിലും. ശരീരത്തിന് ബലം നല്‍കുന്നവയില്‍ മികച്ചതും തൊഴില്‍ജന്യമായി ശരീരത്തിനുണ്ടാകുന്ന പ്രയാസങ്ങളെ തീര്‍ക്കുന്നതുമാണ്. പാലും കുറുന്തോട്ടി കഷായവും ചേര്‍ത്ത് വേവിച്ച ഞവരച്ചോറ് കിഴികെട്ടി ഇതേ മിശ്രിതത്തില്‍തന്നെ ചൂടാക്കി ചെയ്യുന്നു. സാധാരണ 7- 14 ദിവസങ്ങള്‍ ചെയ്തുവരുന്നു. നിരവധി ഗുണങ്ങള്‍ ഉള്ളതാണെങ്കിലും ശരീരം തടിച്ചവര്‍, ശരീരത്തില്‍ നീര്‍ക്കെട്ട് ഉള്ളവര്‍ എന്നിവര്‍ക്ക് ഞവരക്കിഴി ദോഷം ചെയ്യും. ഞവരക്കിഴി ചെയ്യുന്നപോലെത്തന്നെ രോഗാവസ്ഥയനുസരിച്ച് അല്ലെങ്കില്‍ ശരീരപ്രകൃതിക്കനുസരിച്ച് ഉപയോഗിച്ചുവരുന്ന ചൂര്‍ണക്കിഴി, ഇലക്കിഴി, നാരങ്ങാക്കിഴി തുടങ്ങിയവയുമുണ്ട്.

ഒരു നിശ്ചിത അളവില്‍ ചൂടാക്കിയ എണ്ണയോ കുഴമ്പോ നെയ്യോ ധാരയായി വീഴ്ത്തുന്ന ചികിത്സയാണ് പിഴിച്ചില്‍ അഥവാ പിഴിഞ്ഞുവീഴ്ത്തല്‍. എണ്ണകളുടെ ബാഹ്യ പ്രയോഗത്തില്‍ ഏറ്റവും മുഖ്യമാണിത്. വാതരോഗങ്ങള്‍ക്ക് അത്യുത്തമം. മേല്‍പ്പറഞ്ഞ ചികിത്സയ്ക്കുശേഷം ശുദ്ധിക്കായി ഒരുദിവസം വയറിളക്കുകയോ വസ്തി ചെയ്യുകയോ വേണ്ടതാണ്. ശരീരസ്ഥിതി അനുസരിച്ച് പൊടി തിരുമ്മല്‍(ഉദ്വര്‍ത്തനം), ശിരസ്സില്‍ ധാര, തല പൊതിച്ചില്‍ എന്നീ ക്രിയാക്രമങ്ങളും കര്‍ക്കടക ചികിത്സയുടെ ഭാഗമായി ചെയ്തുവരുന്നു.

ഔഷധക്കഞ്ഞിയും മറ്റ് കല്പനകളും

ഇന്ന് കര്‍ക്കടക ചികിത്സയുടെ പേരില്‍ ഏറ്റവും അറിയപ്പെടുന്നത് കര്‍ക്കടക കഞ്ഞിയാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം കഞ്ഞി ആഹാരക്രമത്തിലെ ഭാഗമാണ്. ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കഞ്ഞി കഴിക്കുക എന്നത് ശീലവുമാണ്. ത്രിദോഷങ്ങളും ദുഷിക്കുന്ന കാലമായ വര്‍ഷത്തില്‍ ആഹാരം ശരീരത്തിലെ ഘടകങ്ങളായി മാറുന്ന വ്യവസ്ഥ മന്ദീഭവിക്കുന്നതാണ്. മാത്രമല്ല, കാലത്തിന്റെ സവിശേഷതകൊണ്ട് സസ്യങ്ങളിലും മറ്റും രാസഘടകങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളുമുണ്ട്. ഇവയെ പരിഹരിക്കാനും ദഹനത്തെ ത്വരിതപ്പെടുത്താനും ശരീരത്തിലെ വിഷാംശത്തെ നീക്കംചെയ്യാനുമുള്ള മാര്‍ഗമാണ് മരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന കഞ്ഞികള്‍.
കഞ്ഞികളുടെ വകഭേദങ്ങളെക്കുറിച്ചും അവയുടെ നിര്‍മാണരീതികളെക്കുറിച്ചും ആയുര്‍വേദശാസ്ത്രത്തില്‍ വിവരിക്കുന്നുണ്ടെങ്കിലും അത്തരം നിഷ്‌കര്‍ഷകള്‍ ഒന്നും കര്‍ക്കടക കഞ്ഞിയില്‍ പാലിക്കപ്പെടാറില്ല. അരിയോടൊപ്പം ഔഷധങ്ങള്‍ നേരിട്ട് ചേര്‍ത്തോ കിഴികെട്ടിയിട്ടോ തയ്യാറാക്കുകയേ ചെയ്യാറുള്ളൂ. ധാന്യങ്ങളില്‍ ഏറ്റവും ഉത്തമമായ നവരയരിയോ പൊടിയരിയോ തവിടുകളയാത്ത ഉണക്കലരിയോ ഉപയോഗിക്കാം. ഗോതമ്പ്, ചാമ, യവം നവധാന്യങ്ങള്‍ ഇവയും ലഭ്യതയനുസരിച്ച് ഉപയോഗിക്കാം. ഏകദേശം 100 -150 ഗ്രാം ഓരോ തവണയും കഞ്ഞിവയ്ക്കാന്‍ ആവശ്യമാണ്. കൂടെ പൊടിച്ചുചേര്‍ക്കാനുള്ള ഔഷധക്കൂട്ടുകള്‍ താഴെ പറയുന്നു

  • ആശാളി, ജീരകം,തവിഴാമ, ചെറുതിപ്പലി.
  • എള്ള്, കുറുന്തോട്ടി, കരിങ്കുറിഞ്ഞി, തക്കോലം, ചുക്ക്, ശതകുപ്പ, മഞ്ഞള്‍, ജീരകം.
  • ചുക്ക്, ജീരകം, കുറുന്തോട്ടി
  • ചുക്ക്, ജീരകം, അയമോദകം, ഉലുവ, മഞ്ഞള്‍, കുരുമുളക്.
ഇത്തരത്തിലുള്ള ഏതെങ്കിലും കൂട്ടുകള്‍ പൊടിച്ച് ഏകദേശം 30-50 ഗ്രാംവരെ ചേര്‍ക്കണം. അരി വെന്തശേഷം നാളികേരപ്പാല്‍ ചേര്‍ത്ത് അത് വീണ്ടും തിളപ്പിച്ച് ഉപയോഗിക്കുന്നത് രുചികരമാകും. ദശപുഷ്പങ്ങളുടെ നീര്, പഴയ ശര്‍ക്കര ഇവയും ചിലപ്പോള്‍ ചേര്‍ക്കാറുണ്ട്. ശരീരാവസ്ഥയും രോഗവും പരിഗണിച്ചുകൊണ്ട് യുക്തമായത് തിരഞ്ഞെടുക്കാം.
ദിവസവും ഒരുനേരമെങ്കിലും ഔഷധക്കഞ്ഞി ശീലിക്കണം. രുചിക്കനുസരിച്ച് അധികം പുളി, എരിവ്, ഉപ്പ് എന്നിവയില്ലാത്ത കറികള്‍ കൂടെ ഉപയോഗിക്കാം. പത്തില (തകര, ചേമ്പ്, ചേന, നെയ്യുണ്ണി, മത്തന്‍, കുമ്പളം, തഴുതാമ ഇവയുടെ ഇലകള്‍) തോരനാക്കി ഉപയോഗിക്കാം. 7, 14, 21 ദിവസങ്ങള്‍ ഇപ്രകാരം മരുന്നുകഞ്ഞി സേവിക്കാം. വയര്‍ ശുദ്ധീകരിക്കുന്നതിനുള്ള മുക്കുടികള്‍ സേവിക്കുന്ന സമ്പ്രദായവും ഉണ്ട്. കറിവേപ്പില, മഞ്ഞള്‍, മാതളത്തോട്, ജീരകം, കുരുമുളക്, ഇന്തുപ്പ് ഇവ പുഴുങ്ങി അരച്ച് മോരില്‍ കലക്കി ഇപ്രകാരം ഉപയോഗിക്കാം. അവസാനമായി ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ സൂപ്പും ഉപയോഗിക്കാം.

രസായനം ശരീരശുദ്ധി വന്നശേഷം

അനുയോജ്യമായ രസായനങ്ങള്‍ തിരഞ്ഞെടുത്ത്, അവ രണ്ടോ മൂന്നോ മാസംവരെ തുടരുന്നത് കാലികമായ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. ഒരു നേരത്തെ ആഹാരം ഒഴിവാക്കിയോ അല്ലെങ്കില്‍ ആഹാരത്തിന്റെ അളവ് കുറച്ചോ രസായനങ്ങള്‍ ഉപയോഗിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • രാവിലെ നേരത്തേ എഴുന്നേല്‍ക്കുക.
  • കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുക.
  • ദാഹത്തിന് തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുക.
  • ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ ഒഴിവാക്കുക.
  • ഭക്ഷണം ചൂടോടെ കഴിക്കുക.
  • രാത്രിയിലെ ഭക്ഷണം ഉറങ്ങുന്നതിന് രണ്ടുമണിക്കൂര്‍
  • മുന്‍പെങ്കിലും കഴിക്കുക.
  • ദിവസവും 5-6 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക.
  • പകലുറക്കം, രാത്രി ഉറക്കമൊഴിയുക എന്നിവ ഒഴിവാക്കുക.
  • അധികമായ വ്യായാമം ഒഴിവാക്കുക.
  • വിശപ്പ് വന്നശേഷംമാത്രം ഭക്ഷണം കഴിക്കുക.
  • ദിവസവും താമസിക്കുന്നിടത്ത് മഞ്ഞള്‍, വയമ്പ്, ഗുല്‍ഗുലു തുടങ്ങിയവ കത്തിച്ച് പുകയ്ക്കുക.
  • ചെരുപ്പില്ലാതെ പുറത്തിറങ്ങാതിരിക്കുക.
  • അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • ശുചിത്വം പാലിക്കുക.
(കോട്ടക്കല്‍ വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ വിഭാഗം പ്രൊഫസറാണ് ലേഖകന്‍)

Content Highlights: Karkkadakam 2021, what is Karkidaka Chikitsa Panchakarma, Health, Ayurveda

ആരോഗ്യമാസിക വാങ്ങാം

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram