-
മണ്ണും മനുഷ്യനും- ആയുര്‍വേദത്തിന് ഇത് വെറുമൊരു ആലങ്കാരിക പ്രയോഗമല്ല. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കേണ്ട ഒരു ഇരുകാലി ജന്തു മാത്രമാണ്, ആയുര്‍വേദ വീക്ഷണപ്രകാരം മനുഷ്യന്‍. അല്ലെങ്കില്‍ പ്രകൃതിയുടെ ഒരു ഭാഗം അഥവാ പ്രകൃതിതന്നെയാണ്, മനുഷ്യന്‍. അതുകൊണ്ടുതന്നെ പ്രകൃതിയിലെ ഓരോ സൂക്ഷ്മ വ്യതിയാനങ്ങളും മനുഷ്യശരീരത്തിലും പ്രതിഫലിക്കുന്നു. മണ്ണിലും വിണ്ണിലും കാറ്റിലും മഴയിലും ഉണ്ടാകുന്ന ഓരോ വ്യത്യാസവും മനുഷ്യന്റെ ജീവകലകളെയും സ്വാധീനിക്കുന്നു. ഇപ്രകാരം, പ്രകൃതിയോട് പൊരുത്തപ്പെട്ട് ദിനരാത്രങ്ങള്‍ ചെലവഴിക്കുന്നതിനെ തന്നെയാണ്, ആയുര്‍വേദം ജീവിതം എന്ന് വിളിക്കുന്നത്. ഈ പൊരുത്തപ്പെടല്‍, ഒരു പൊരുത്തക്കേടായി മാറുമ്പോള്‍ ആരോഗ്യം രോഗമായി മാറുകയും ചെയ്യുന്നു.
ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും തുല്യ പ്രാധാന്യം നല്‍കുന്നുണ്ട്. ഭാരതീയ വൈദ്യശാസ്ത്രങ്ങള്‍ അതുകൊണ്ടുതന്നെ ഓരോ കാലാവസ്ഥയിലും എങ്ങനെ ജീവിക്കണമെന്ന് മനുഷ്യനെ നിരന്തരം ഓര്‍മപ്പെടുത്തുന്നുമുണ്ട്. ഈ ഓര്‍മപ്പെടുത്തലിന്റെ ശാസ്ത്രസമാഹാരം തന്നെയാണ്, ആയുര്‍വേദം അനുശാസിക്കുന്ന ഋതുചര്യകള്‍. ഓരോ ഋതുവിലും (സാധാരണമായി രണ്ടുമാസങ്ങള്‍ കൂടുന്നതാണ് ഒരു ഋതു) മനുഷ്യന്‍ ശീലിക്കേണ്ട ആഹാരങ്ങള്‍, വിഹാരങ്ങള്‍, ഔഷധങ്ങള്‍ എന്നിവ ആയുര്‍വേദം പ്രത്യേകം വിവരിക്കുന്നു. സ്ഥൂലപ്രകൃതിയിലും സൂക്ഷ്മകോശങ്ങളിലും കാലം വരുത്തുന്ന മാറ്റങ്ങള്‍ക്കനുസരിച്ചാണ് ഓരോ ഋതുവിലെയും ജീവിതശൈലി എന്താവണമെന്നുള്ള ആയുര്‍വേദത്തിന്റെ കുറിപ്പടി തയ്യാറാക്കുന്നത്.
കര്‍ക്കടകം മഴക്കാലമാണ്. അന്തരീക്ഷം തണുത്ത് വിറങ്ങലിച്ച് നില്‍ക്കുന്നു. തോടുകളും പുഴകളും നിറഞ്ഞൊഴുകുന്നു. മനുഷ്യന്‍ ചൊരിയുന്ന മാലിന്യങ്ങള്‍ ഏറ്റെടുത്ത് ചോലകള്‍പോലും മലിനമാകുന്നു. ഇങ്ങനെയുള്ള ഒരു കാലാവസ്ഥയില്‍ മനുഷ്യന്റെ രോഗപ്രതിരോധശേഷി ഗണ്യമായി കുറയുന്നു. പകര്‍ച്ചവ്യാധി സാധ്യതകള്‍ വര്‍ധിക്കുന്നു. മഴക്കാല രോഗങ്ങള്‍ എന്ന വാള്‍ നമ്മുടെ ആരോഗ്യമേഖലയ്ക്ക് മുകളില്‍ തൂങ്ങിനില്‍ക്കുന്നു. നിശ്ചയമായും കരുതല്‍ കൂടുതല്‍ വേണ്ട, വര്‍ഷാന്ത്യ മാസം തന്നെയാണ് ചിങ്ങപ്പുലരിക്ക് മുന്‍പുള്ള 'കള്ളക്കര്‍ക്കടകം.' മഴക്കാലമായതിനാല്‍, പൊതുസ്ഥലങ്ങളില്‍ ഉള്ള തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ കുറയുന്നു. വ്യാധിപീഡകളില്‍നിന്നും രക്ഷ നേടുവാനായി വീട്ടിലിരിക്കുന്ന മനുഷ്യന്‍, തന്റെ ആരോഗ്യത്തിനുവേണ്ടി പ്രത്യേകം അനുഷ്ഠിച്ചിരുന്ന ചില ശാസ്ത്രീയ ജീവിതചര്യകളാണ് ഒറ്റവരിയില്‍ ആയുര്‍വേദം അനുശാസിക്കുന്ന കര്‍ക്കടക ചികിത്സ.
ആയുര്‍വേദ ചികിത്സാരീതിയനുസരിച്ച് ദഹനശക്തിയുടെ കുറവ്, അഥവാ ചയാപചയപ്രവര്‍ത്തനങ്ങളുടെ വൈകല്യം ആണ് മിക്ക രോഗങ്ങള്‍ക്കും കാരണം. വര്‍ഷകാലത്ത്, ശരീരത്തിന്റെ സ്വാഭാവിക ദഹനശക്തിക്ക് മങ്ങലേല്‍ക്കുന്നു. ഇത് മറ്റുപല രോഗങ്ങളിലേക്കും നയിക്കുന്നു. കൂടാതെ, മനുഷ്യശരീരത്തിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ത്രിദോഷങ്ങള്‍ക്ക് (വാതം, പിത്തം, കഫം) വികൃതി കൂടി സംഭവിക്കുന്ന കാലമാണ് മഴക്കാലവും കര്‍ക്കടകവും. ചുരുക്കത്തില്‍ മലിനമാകുന്ന പ്രകൃതി, ഗണ്യമായി കുറയുന്ന ശരീരത്തിന്റെ രോഗപ്രതിരോധശക്തി, പകര്‍ച്ചവ്യാധി സാധ്യതകള്‍, ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനമാന്ദ്യം, ത്രിദോഷ കോപത്തിനനുകൂലമായ പശ്ചാത്തലം എന്നിവയെല്ലാം സംഗമിക്കുന്ന കാലമാണ് കര്‍ക്കടകം.
കര്‍ക്കടകത്തിലെ ഋതുചര്യ
ഇനി നമുക്ക് കര്‍ക്കടകകോപത്തെ എങ്ങനെ ആയുര്‍വേദത്തിലൂടെ നേരിടാമെന്ന് പരിശോധിക്കാം. ഋതുചര്യകള്‍ വിശദമായി പ്രതിപാദിക്കുന്ന ആയുര്‍വേദശാസ്ത്രത്തിലെ വര്‍ഷകാല ഋതുചര്യയാണ് കര്‍ക്കടകത്തില്‍ കൂടുതലും യോജിക്കുന്നത്. ഈ കാലത്തില്‍ കഴിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ലഘുവും എളുപ്പം ദഹി ക്കുന്നവയുമായിരിക്കണം. കട്ടി കൂടിയതും ദഹിക്കാന്‍ സമയം കൂടുതല്‍ എടുക്കുന്നതുമായ ഭക്ഷണങ്ങള്‍ മിതപ്പെടുത്താന്‍ ശ്രദ്ധിക്കണം. പഴകിയ ഭക്ഷണങ്ങള്‍, റഫ്രിജറേറ്ററില്‍ വെച്ച ഭക്ഷണങ്ങള്‍, തണുപ്പുള്ള ഭക്ഷണങ്ങള്‍ എന്നിവയുടെ മേല്‍ ഒരു നിയന്ത്രണം ഉണ്ടാവണം. നല്ലവണ്ണം കത്തുന്ന ഒരു അടുപ്പുപോലെയായിരിക്കണം ആമാശയത്തിന്റെ പ്രവര്‍ത്തനം.
ശുദ്ധിയാകട്ടെ അന്തരീക്ഷവും
ആഹാരത്തിലെ ജാഗ്രത, അനുബന്ധകാര്യങ്ങളിലും കാണിക്കേണ്ട കാലമാണ് കര്‍ക്കടക മാസം. ചൂടുവെള്ളമാണ് കുടിക്കുവാന്‍ നല്ലത്. മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, രാമച്ചം, പര്‍പ്പടകപ്പുല്ല് ഇവയിട്ട് തിളപ്പിച്ചുണ്ടാക്കുന്ന പാനീയം, ഈ കാലാവസ്ഥയില്‍ വളരെയധികം പ്രയോജനപ്രദമാണ്. കുട്ടികള്‍, അണുബാധസാധ്യത ഉള്ളവര്‍ എന്നിവര്‍ക്ക് ത്രിഫല അല്ലെങ്കില്‍ വേപ്പിന്‍ പട്ട/ ഇലയും മഞ്ഞള്‍ എന്നിവ ചേര്‍ത്ത് തിളിപ്പിച്ച വെള്ളം തല കുളിക്കുവാനും ദേഹം കഴുകാനും ഉപയോഗിക്കാവുന്നതാണ്. കുളികഴിഞ്ഞ് നെറുകയില്‍ രാസ്‌നാദി ചൂര്‍ണം തിരുമ്മുന്നത് മലയാളികളുടെ ശീലമാണല്ലോ.
ദേഹ ശുദ്ധിയെപ്പോലെ പ്രധാനമാണ് ഭൂമിശുദ്ധിയും അന്തരീക്ഷശുദ്ധിയും. മികച്ച മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, വായുശുദ്ധിക്കുവേണ്ടി വൈകുന്നേരങ്ങള്‍ ഗൃഹാന്തരീക്ഷം, ആയുര്‍വേദ ഔഷധങ്ങള്‍ ചേര്‍ത്ത് ധൂപനം ചെയ്യാം. വെളുത്തുള്ളി, മഞ്ഞള്‍, കടുക്, വയമ്പ്, കുന്തിരിക്കം, ഗുഗുലു പോലുള്ള മരുന്നുകള്‍ പൊടിച്ച് നെയ്യ് ചേര്‍ത്ത് പുകയ്ക്കുന്നത് നല്ലതാണ്. അപരാജിതാ ചൂര്‍ണം പോലെയുള്ള പുകയ്ക്കാനുള്ള ഔഷധങ്ങള്‍ക്ക് മുമ്പത്തെക്കാളും ഇന്ന് പ്രസക്തി കൂടുതലാണ്.
കര്‍ക്കടകത്തില്‍ മേല്പറഞ്ഞ ജീവിതചര്യകള്‍ക്കൊപ്പം ചേര്‍ത്തുവയ്‌ക്കേണ്ട ചികിത്സകളും ആവശ്യമായി വരും. മഴക്കാലത്ത് വാത സംബന്ധിയായ രോഗങ്ങള്‍ക്ക് ബലം കൂടുന്നതിനാല്‍ എണ്ണതേയ്പ്പ് (അഭ്യംഗം) പോലെയുള്ള ചികിത്സകളും ചെയ്യേണ്ടതാണ്. വ്യത്യസ്തമായ സ്നേഹ- സ്വേദന ചികിത്സകള്‍, ശരീരശുദ്ധി വരുത്തുന്ന ശോധനാചികിത്സകള്‍, രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന രസായന ചികിത്സകള്‍ എന്നിവ ഓരോരുത്തരുടെയും ദേഹ സ്വഭാവമനുസരിച്ച് വൈദ്യ മേല്‍നോട്ടത്തില്‍ ചെയ്യേണ്ട കാലംകൂടിയാണ് കര്‍ക്കടകമാസം.
എല്ലാവര്‍ക്കും ഒരേ ചികിത്സയല്ല
കര്‍ക്കടക ചികിത്സകള്‍ എല്ലാവര്‍ക്കും ഒരുപോലെയല്ല ചെയ്യേണ്ടത്. ഓരോരുത്തരുടെയും ശാരീരിക -മാനസിക പ്രകൃതി, ദഹന വ്യവസ്ഥയുടെ സ്വഭാവം, തൊഴില്‍ സ്വഭാവം, അനുബന്ധമായി കാണുന്ന മറ്റ് ജീവിതശൈലിരോഗങ്ങള്‍, എന്നിവയെല്ലാം പരിഗണിച്ചശേഷമാണ് ചികിത്സകള്‍ തീരുമാനിക്കുന്നത്. പ്രായവും ഒരു പ്രത്യേക സംഗതിയാണ്. പാടത്ത് പണിയെടുക്കുന്നയാള്‍ക്കും ഓഫീസില്‍ ജോലിചെയ്യുന്ന ആള്‍ക്കും വ്യത്യസ്തമായാണ് ഇപ്രകാരമുള്ള ചികിത്സകള്‍ ചെയ്യേണ്ടത്. പ്രമേഹം, അമിതമായ രക്തസമ്മര്‍ദവും കൊഴുപ്പും, ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്ക് രോഗ-രോഗീ ചിന്തനങ്ങള്‍ക്ക് ശേഷമാണ് ആയുര്‍വേദം കര്‍ക്കടകചികിത്സ വിധിക്കുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രീയ ചികിത്സകള്‍ക്ക് വിധേയരാവാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സാരീതികളിലെ നല്ല വശങ്ങളെ കാറ്റില്‍ പറത്തുന്ന, വാണിജ്യ പാക്കേജുകളെ നിരുത്സാഹപ്പെടുത്തേണ്ടതും പ്രധാനമാണ്.
അകവും പുറവും ശുദ്ധമാക്കുന്ന ജീവിതനിര്‍ദേശങ്ങളാണ്, കര്‍ക്കടകചികിത്സയിലൂടെ ആയുര്‍വേദം മുന്നോട്ട് വയ്ക്കുന്നത്. മാനസികസമ്മര്‍ദം കുറയ്ക്കുന്ന ചികിത്സകളായ ശിരോധാര, ശിരോവസ്തി, നസ്യം എന്നിവയ്ക്കും അതിന്റെതായ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും മഴയെയും മഴക്കാലത്തെയും വെള്ളത്തെയും വെള്ളപ്പൊക്കത്തെയും ഭയപ്പെടേണ്ട അവസ്ഥയില്‍ എത്തിയിട്ടുണ്ട് ഒരു ശരാശരി മലയാളി. പ്രകൃതിയ്‌ക്കൊപ്പം ജീവിക്കുകയും പ്രകൃതിയുടെ ഭാഗമാണ് താനുമെന്ന് തിരിച്ചറിയുകയും വേണം. ഇതാണ് ഋതുചര്യകളിലൂടെ ആയുര്‍വേദം ഓര്‍മിപ്പിക്കുന്നത്. വെയിലില്‍ വിയര്‍ത്തും മഴയില്‍ നനഞ്ഞും മഞ്ഞില്‍ തണുത്തും പ്രകൃതിയുടെ കൈയുംപിടിച്ച് കര്‍മനിരതനായി കാലം കഴിക്കുന്നതിന്റെ പേരാണ് ആരോഗ്യ ജീവിതം. അത് നമുക്കും
പാലിക്കാം.
കോവിഡ് കാലത്തെ ഔഷധക്കഞ്ഞി
കര്‍ക്കടകമാസത്തില്‍ ദഹനവ്യവസ്ഥയെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന മരുന്നുകഞ്ഞികള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. നല്ല ഞവര അരിയോ, സാധാരണ കഞ്ഞിവയ്ക്കാനുപയോഗിക്കുന്ന അരിയോ, നല്ലവണ്ണം വേവിച്ച് ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്ത് പാകം ചെയ്ത് കഴിക്കാവുന്നതാണ്. ചുക്ക്, കുരുമുളക്, കൊത്തമല്ലി, ഉലുവ, ജീരകം എന്നിവപോലെയുള്ള അടുക്കളമരുന്നുകള്‍ക്ക് ഇപ്രകാരം തയ്യാറാക്കുന്ന ഔഷധക്കഞ്ഞികളില്‍ പ്രത്യേക പ്രാധാന്യം ഉണ്ട്. കഞ്ഞിയില്‍ ചെറിയ ഉള്ളി നെയ്യില്‍ വറുത്ത് ചേര്‍ത്ത് അല്പം ഇന്തുപ്പും ചേര്‍ത്ത് ഉപയോഗിക്കാം. നാവിന്റെ രുചിയും വയറിന്റെ ആരോഗ്യവും ഒരുപോലെ ശ്രദ്ധിക്കുന്ന ശാസ്ത്രീയ മരുന്നു കഞ്ഞിക്കൂട്ടുകള്‍ ആണ് ഏറ്റവും അനുയോജ്യം.
ഓരോ രോഗസാധ്യതകള്‍ക്കുള്ള പ്രത്യേക മരുന്നുകഞ്ഞികളും ലഭ്യമാണ്. ഇപ്പോഴത്തെ കോവിഡ് മഹാമാരിക്കാലത്ത്, നമ്മുടെ ശ്വസനപഥത്തിന് ശക്തി കൂട്ടുന്ന, രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന ഔഷധക്കൂട്ടുകള്‍ ചേര്‍ത്തും കഞ്ഞി തയ്യാറാക്കാം. ചെറിയ പഞ്ചമൂല ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന കഞ്ഞി ശ്വാസസംബന്ധിയായ രോഗങ്ങള്‍ക്ക് നല്ലതാണ്. മലര്, ചുക്ക്, കൊത്തമല്ലി, തിപ്പലി എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന കഞ്ഞിയില്‍ ഇന്തുപ്പ് ചേര്‍ത്ത് കഴിക്കുന്നത് രുചികരവും ദഹനവ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നതുമാണ്. ജീരകം, കുരുമുളക്, ചുക്ക്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന കഞ്ഞിയും ഇപ്രകാരം ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ജ്വരസംബന്ധിയായ അവസ്ഥകളില്‍ ഫലപ്രദമാണ്.
(തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
Content Highlights: Karkkidakam 2021, Karkkidaka Chikithsa and Lifestyle, Ayurveda, Health