കർക്കടക മാസത്തിൽ എണ്ണ തേച്ചു കുളിക്കണം, കർക്കിടക കഞ്ഞി കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്?


ഡോ. ശ്രീപാർവതി ആർ.

2 min read
Read later
Print
Share

കാലങ്ങളായി ആചരിക്കപ്പെടുന്നവയാണ് എന്നതുകൊണ്ട് എല്ലാ ആചാരങ്ങളും അന്ധമായവ ആകണമെന്നില്ല

Representative Image| Photo: GettyImages

ർക്കടക മാസം അല്ലേ, എണ്ണ തേച്ചു കുളിക്കണം, കർക്കടക കഞ്ഞിയും സൂപ്പും ഒക്കെ കഴിക്കണം...

ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ പലർക്കും തോന്നിയേക്കാവുന്ന സ്വാഭാവികമായ ഒരു സംശയം ഇതിന്റെയൊക്കെ ആവശ്യകത എന്താണ്?കർക്കടകത്തിനു മാത്രം എന്താണിത്ര പ്രത്യേകത? മറ്റു മാസങ്ങളിൽ ഇത് ചെയ്യേണ്ട എന്നാണോ?

ഈ നിർദ്ദേശങ്ങളുടെ വിശദീകരണത്തിലേക്ക് പോകാം.

പ്രകൃതി എല്ലാ സാഹചര്യങ്ങളിലും മനുഷ്യശരീരത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യൻ അതിനെക്കുറിച്ച് ബോധവാൻ ആയാലും ഇല്ലെങ്കിലും. ചൂടു കാലത്തിന് ശേഷം ആയിരിക്കും മഴ പെയ്യുന്നത്. ചൂടുകാലത്ത്, നമുക്കറിയാം, സൂര്യന്റെ തീക്ഷ്ണ രശ്മികൾ കൊണ്ട് പ്രകൃതി ആകെ വരണ്ടിരിക്കുകയായിരിക്കും. പാടങ്ങളും ജലസ്രോതസ്സുകളും എല്ലാം. ഇതുപോലെതന്നെ നമ്മുടെ ശരീരത്തിലും വരൾച്ച അഥവാ രൂക്ഷത എന്ന ഗുണത്തിന്റെ വൃദ്ധി സംഭവിക്കുന്നുണ്ട്. മഴ തിമിർത്തു പെയ്യുന്ന സന്ദർഭങ്ങളിൽ സൂര്യന്റെ സാന്നിധ്യം ഇല്ലാത്തതിനാലും വെള്ളത്തിന്റെ സ്വാഭാവികമായ തണുപ്പ് കൊണ്ടും ശരീരത്തിൽ ശീത ഗുണവും വർദ്ധിക്കുന്നു. ഇങ്ങനെ ശരീരത്തിലുണ്ടാകുന്ന രൂക്ഷം ശീതം എന്നീ ഗുണങ്ങളുടെ വർധനവ് കൊണ്ട് വാതദോഷത്തിന് കോപം ഉണ്ടാകുകയും ചെയ്യും. പൊതുവേ വാതസംബന്ധമായ രോഗങ്ങൾ ഉള്ളവരാണെങ്കിൽ ഈ സമയത്ത് വേദനകൾ കൂടുതൽ ആകുന്നതായി കാണാം. ആരോഗ്യമുള്ളവരിലും ഈ വർധനവ് ഉണ്ടാകും. എന്നാൽ രോഗം ആയോ ലക്ഷണം ആയോ പ്രകടമാകുന്നില്ല എന്നുമാത്രം.

ഇതിനെ പരിഹരിക്കാൻ ഞാൻ എന്തു ചെയ്യണം?

ശീതം രൂക്ഷം എന്നീ ഗുണങ്ങൾ ആണല്ലോ വർധിച്ചത്. അവയ്ക്ക് വിപരീതമായവ പ്രയോഗിച്ചാൽ അവ തനിയെ കുറഞ്ഞു കൊള്ളും. തണുപ്പിന് വിപരീതമായ ചൂടും രൂക്ഷതയ്ക്ക് വിപരീതമായ എണ്ണമയവും. ഇവ രണ്ടും ചേരുന്ന ഒരു വസ്തുവാണ് നല്ലെണ്ണ. അതിനാൽ തന്നെ നല്ലെണ്ണ തേച്ച് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഈ ഗുണങ്ങൾ കുറയാനും അതുവഴി വർധിച്ച വാതത്തിന് ശമനവും സംഭവിക്കും. ഇതിനുവേണ്ടിയാണ് കർക്കിടകമാസത്തിൽ നല്ലെണ്ണ തേച്ച് കുളിക്കാൻ അനുശാസിക്കുന്നത്.

കൂടാതെ ഉത്തരായനം അവസാനിക്കുന്ന വേനൽക്കാലം - വേനൽ കാലത്തിന്റെ സ്വഭാവവിശേഷതകൾ കൊണ്ട് അത് പ്രകൃതിയിലേയും മനുഷ്യന്റെയും ബലത്തെ വളരെയധികം ക്ഷീണിപ്പിക്കുന്നു ചൂടും രൂക്ഷതയും കൂടുന്നതാണ് ഇതിന് കാരണം.

വേനൽക്കാലത്തിന് ശേഷമുള്ള കാലമാകട്ടെ (ദക്ഷിണായനം) ബലത്തെ തിരിച്ചുതരുന്ന കാലഘട്ടമാണ്. ഉത്തരായനത്തിൽ ക്ഷയിച്ച് ബലത്തെ പുനസ്ഥാപിക്കാൻ തുടങ്ങുന്ന കാലമാണ് വർഷകാലം. ഔഷധകഞ്ഞി, നവരയരി ചോറ്, എണ്ണതേച്ചുകുളി എന്നിവ ശാരീരികബലം മെച്ചപ്പെടുത്താനുള്ള മാർഗങ്ങളാണ്. അതുകൊണ്ട് ഇവയും കർക്കടകമാസത്തിൽ ആചരിക്കപ്പെടുന്നു.

കാലങ്ങളായി ആചരിക്കപ്പെടുന്നവയാണ് എന്നതുകൊണ്ട് എല്ലാ ആചാരങ്ങളും അന്ധമായവ ആകണമെന്നില്ല. ആരോഗ്യസംരക്ഷണത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നവയാണ് പലപ്പോഴും ഇത്തരം ആചാരങ്ങൾ...

(കൂറ്റനാട് അഷ്ടാം​ഗം ആയുർവേദ മെഡിക്കൽ കോളേജിലെ പഞ്ചകർമ വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Karkkadakam 2021, Karkkadakam lifestyle, Health, Ayurveda

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram