കോവിഡ് കാലത്തെ കര്‍ക്കടകം; ഭക്ഷണത്തില്‍ വേണം ശ്രദ്ധ


ശുഭശ്രീ പ്രശാന്ത്

3 min read
Read later
Print
Share

ഇന്ന് കര്‍ക്കടകത്തിനൊപ്പം കൊറോണ വൈറസിനെയും നമുക്ക് നേരിടണം

Representative Image| Photo: GettyImages

പ്രകൃതിയും മനുഷ്യനും പുനര്‍നിര്‍മ്മാണത്തിലേര്‍പ്പെടുന്ന കാലമാണ് കര്‍ക്കടകം. ഇടമുറിയാതെ പെയ്യുന്ന മഴയില്‍ ഈറനണിഞ്ഞു പ്രകൃതി സുന്ദരിയാകുമ്പോള്‍ മനുഷ്യനുള്‍പ്പെടെയുള്ള പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ക്കു ജീവന്റെ നിലനില്‍പ്പിനായി കരുതല്‍ ഭക്ഷണത്തിന്റെ കെട്ടഴിക്കേണ്ടി വരുന്നു. എന്നാല്‍ ഈ കര്‍ക്കിടകത്തില്‍ കോവിഡും ഒപ്പമുണ്ട്.
പണ്ട് ചക്കയും മാങ്ങയും തുടങ്ങി പലതും ഉണക്കിയും ഉപ്പിലിട്ടും സൂക്ഷിച്ചിരുന്നത് കര്‍ക്കിടത്തിലേക്കായിരുന്നു. മടിയുടെ പുതപ്പു മൂടുന്ന കാലഘട്ടത്തില്‍ മനസിനും ശരീരത്തിനും ഉണര്‍വേകാന്‍ രാമായണ പാരായണം, കേഷത്രദര്‍ശനം, എണ്ണതേച്ചുകുളി, ആയുര്‍വേദ ചികിത്സകള്‍ എന്നിങ്ങനെ പലതും ശീലിച്ചു പോന്നു.
മാറിയ പുതിയ കാലഘട്ടത്തില്‍ കരുതല്‍ ഭക്ഷണശേഖരങ്ങള്‍ ഒന്നും ഇല്ല. എന്നാല്‍ ഇന്ന് കര്‍ക്കിടകത്തിനൊപ്പം കോവിഡിനെയും കൂടി പ്രതിരോധിക്കണം. അന്ന് പഞ്ഞ കര്‍ക്കിടകം എന്ന് വിശേഷിപ്പിച്ചിരുന്ന ഈ മാസത്തെ എങ്ങനെ തള്ളി നീക്കും എന്ന ചിന്ത പലരെയും അസ്വസ്ഥതപ്പെടുത്താറുണ്ടാകാം. എന്നാല്‍ ഇന്ന് കര്‍ക്കടകത്തിനൊപ്പം കൊറോണ വൈറസിനെയും നമുക്ക് നേരിടണം.
അന്തരീക്ഷ താപനിലയിലെ വ്യതിയാനങ്ങള്‍ പൊതുവേ പുതപ്പിനുള്ളില്‍ മൂടിക്കിടക്കാന്‍ മനസിനെ പ്രേരിപ്പിക്കുന്നു. മനസിന്റെ ഈ ഉത്സാഹക്കുറവ് ശരീരത്തെയും ബാധിക്കുന്നു. മടിപിടിച്ച മനസും ശരീരവും രോഗങ്ങളുടെ വാസസ്ഥലമാകുന്നു. ദഹനവും രക്തചംക്രമണവും കുറയുന്നത് കാരണം വാതസംബന്ധമായ രോഗങ്ങളും ഏറിവരുന്നു. നല്ല ആഹാരക്രമീകരണവും വ്യായാമവും കര്‍ക്കടകത്തിലെ ആലസ്യം അകറ്റി ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും; ഒപ്പം കോവിഡിന്റെ പ്രതിരോധത്തിനും നമുക്ക് സഹായകമാകും.
ഭക്ഷണം ശ്രദ്ധയോടെ
കര്‍ക്കിടകത്തിലെ ഈ കാലയളവില്‍ എളുപ്പം ദഹിക്കുന്ന ഭക്ഷ്യവസ്തുക്കളും, മലബന്ധം തുടങ്ങിയവ തടയാന്‍ സഹായിക്കുന്നതുമായവ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, മുഴുധാന്യങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കാം.
തക്കാളി, വെള്ളരിക്ക, മത്തന്‍, കുമ്പളം, ബീറ്റ്‌റൂട്ട്, ഇഞ്ചി, വെളുത്തുള്ളി, പപ്പായ, കിവി, അത്തിപ്പഴം, വാഴപ്പഴം, ഉലുവ, ചണപയര്‍, ചിയാവിത്തുകള്‍, ഫ്‌ളാക് സീഡ്, മുളപ്പിച്ച ചെറുപയര്‍, മുതിര, ചമ്പാവരി, കുപ്പച്ചീര, തഴുതാമ, കറിവേപ്പില, പുതിന തുടങ്ങിയവ ഉത്തമം. കൂടാതെ പ്രോബിയോട്ടിക്സായ തൈര്, യോഗര്‍ട്ട് തുടങ്ങിയവയും ഉപയോഗിക്കാം. മത്സ്യ- മാംസാദികള്‍ ഈ കാലയളവില്‍ മിതമായി ഉപയോഗിക്കുക. ഇക്കാലത്ത് ഉണ്ടാകുന്ന രക്തത്തിന്റെ ഹൈപ്പര്‍ അസിഡിറ്റി കുറയ്ക്കാന്‍ ആല്‍ക്കലൈന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ സഹായിക്കും.
മലബന്ധമുണ്ടാക്കുന്ന എല്ലാ ആഹാരങ്ങളും ഒഴിവാക്കണം. മലബന്ധമുണ്ടായാല്‍ അതേത്തുടര്‍ന്ന് മറ്റുരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നാരുകള്‍ കൂടുതലുള്ള പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ധാരളമായി കഴിക്കാം. ദഹിക്കാന്‍ പ്രയാസമുള്ളതും കൊഴുപ്പുകൂടിയതും ഒഴിവാക്കുന്നതാണ് നല്ലത്.
ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ വൈകി രാത്രി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. രാത്രിയില്‍ മിതമായും കൊഴുപ്പില്ലാത്തവയും എളുപ്പം ദഹിക്കുന്നവയും തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
പ്രമേഹം, ഹൃദ്രോഗം പോലുള്ളവയുള്ളവര്‍ കൃത്യമായും ആഹാര ക്രമീകരണം ശ്രദ്ധിക്കണം. ഒപ്പം കോവിഡ് മാത്രമല്ല മറ്റു വൈറസുകളെയും പ്രതിരോധിക്കാന്‍ ശരീരത്തിന് സാധിക്കാനായി നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കൂടി ദിനം പ്രതി ഉപയോഗിക്കണം.
 • മുഴുധാന്യങ്ങളിലെ തവിടിലുള്ള സിങ്ക്, ബി വിറ്റാമിനുകള്‍, സെലിനിയം, കോപ്പര്‍ തുടങ്ങിയവ പ്രധിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
 • മുളപ്പിച്ച പയര്‍-പരിപ്പു വര്‍ഗങ്ങള്‍ നമ്മുടെ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കുക.
 • വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
 • ജലാംശം അധികമായുള്ള ഫലവര്‍ഗങ്ങള്‍ ഉത്തമം
 • ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി എന്നിവ സാധാരണ അളവില്‍ കറികളില്‍ ചേര്‍ത്തുപയോഗിക്കാം.
 • വെള്ളം ദിവസേന മൂന്ന് ലിറ്ററെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക.
 • മധുരം, എണ്ണ, അധികം കൊഴുപ്പടങ്ങിയ മാംസങ്ങള്‍ എന്നിവ നിയന്ത്രിക്കാം.
 • വീട്ടിനുള്ളില്‍ ചെയ്യാന്‍ സാധിക്കുന്ന വ്യായാമങ്ങള്‍ ചെയ്യാം.
 • നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ദിവസേനയുള്ള ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കണ്ട.
 • മാംസ്യം അനിവാര്യമായ ഘടകമാണ്. അതിനാല്‍ പയര്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍, മുട്ട, മത്സ്യം തുടങ്ങിവയും ഉപയോഗിക്കാം. (മത്സ്യ-മാംസാദികളും മുട്ടയും നന്നായി വേവിച്ചു മാത്രം ഉപയോഗിക്കുക).
 • എച്ച്.ഡി.എല്‍. കൊളസ്ട്രോളിന്റെ വര്‍ധവിനൊപ്പം, വിറ്റാമിന്‍ ഇ, സെലീനിയം, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന നട്‌സ് ദിവസേന ഒരുപിടി ഉപയോഗിക്കാം(വിവിധ തരം നട്‌സുകളുടെ മിശ്രിതം)
 • ഇലക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
ഉറക്കം
പൊതുവേ മൂടിപ്പുതച്ചുറങ്ങാന്‍ ഇഷ്ടപ്പെടുന്ന കാലമാണെങ്കില്‍ കൂടി പകല്‍ നേരത്തെ ഉണര്‍ന്ന് രാത്രിയില്‍ നേരത്തെ ഉറങ്ങാന്‍ ശീലിക്കുക. ഉച്ചയുറക്കം ഒഴിവാക്കുക. 8 മണിക്കൂര്‍ ഉറക്കം ശീലമാക്കുക.
വ്യായാമം
മഴയും തണുപ്പും കോവിഡും പലരേയും രാവിലെയുള്ള നടത്തം ഒഴിവാക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. വീട്ടിനുള്ളില്‍ നിന്നും ചെയ്യാവുന്ന വ്യായാമ മുറകള്‍ ശീലിക്കുന്നത് ഉത്തമം. ശരീരത്തിന് അയവ് ലഭിക്കാനും, കര്‍ക്കടകത്തിന്റെ ആലസ്യത്തെ അകറ്റാനും യോഗ ശീലിക്കുന്നതും നല്ലതാണ്. ദീര്‍ഘശ്വസനം, നാഡീശുദ്ധിപ്രാണായാമം തുടങ്ങിയ ശ്വസനക്രിയകളുടെ പരിശീലനവും ഉള്‍പ്പെടുത്താം.
ശുചിത്വം
തണുപ്പ് കൂടുതലുള്ള കാലമായതിനാലും ശക്തമായ മഴയുള്ളതിനാലും ജലജന്യ രോഗങ്ങള്‍, കോവിഡ്, ഡെങ്കിപ്പനി, സിക്ക, മറ്റു രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പരിസരശുചിത്വവും വ്യക്തിശുചിത്വവും അനിവാര്യമാണ്. ദിവസേന രണ്ടു നേരം കുളിക്കണം. കൈകാലുകള്‍ ശുചിയാക്കി സൂക്ഷിക്കണം. വീടും പരിസരവും മാലിന്യ മുക്തമാക്കണം.
കൃത്യമായ ആഹാരക്രമീകരണവും വ്യായാമവും പാലിക്കുന്നതുവഴി ഈ കര്‍ക്കടകത്തില്‍ ആരോഗ്യത്തോടെ ജീവിക്കാം.
(ആറ്റുകാല്‍ ദേവി ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ന്യൂട്രിഷനിസ്റ്റും ന്യൂട്രി യോപ്ലസ് ഡയറക്ടറുമാണ് ലേഖിക)
Content Highlights: Karkkadakam 2021, Karkkadakam food habits, Health, Ayurveda

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram