കോവിഡ് കാലമാണ്; പ്രതിരോധശേഷി മെച്ചപ്പെടുത്താം ഈ കർക്കടകത്തിൽ


ഡോ. ഷർമദ് ഖാൻ

5 min read
Read later
Print
Share

കർക്കടകം കരുതലോടെയാകട്ടെ

ഫോട്ടോ: വിവേക് ആർ. നായർ

രോഗങ്ങളകറ്റി ആരോഗ്യമുണ്ടാക്കുവാൻ കർക്കടകത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. അധികം പണച്ചെലവില്ലാതെ ചെയ്യാവുന്ന നിരവധി ആരോഗ്യ സംരക്ഷണ ഉപാധികൾ ആയുർവേദത്തിൽ പറയുന്നുണ്ട്. അതിലൊന്നാണ് ഔഷധക്കാപ്പി.

ഔഷധക്കാപ്പി

തുളസിയില, പനികൂർക്കയില, മല്ലി, ജീരകം, ചുക്ക്, കരുപ്പെട്ടി ഇവ ചേർത്തുണ്ടാക്കിയ ഔഷധക്കാപ്പി കഫരോഗങ്ങളകറ്റുവാൻവളരെ നല്ലതാണ്. ഔഷധങ്ങൾ ഉണക്കി പൊടിച്ചെടുത്ത് തേയില, കാപ്പിപ്പൊടി എന്നിവയ്ക്ക് പകരം ഇട്ട് തിളപ്പിച്ച് വറ്റിച്ചാൽ മതിയാകും.ഇലകൾ ഉണക്കാതെയും ചേർക്കാം. ഗ്രീൻടീ, ചായ, കാപ്പി എന്നിവയ്ക്കു പകരം രാവിലെയും വൈകുന്നേരവും ചെറുചൂടോടെ ഔഷധക്കാപ്പി ഉപയോഗിക്കാം. എരിവ് കുറച്ചാണ് കുട്ടികൾക്ക് വേണ്ടി തയ്യാറാക്കേണ്ടത്.

അസിഡിറ്റി കൂടുതലുള്ളവർ ആഹാരശേഷമേ കുടിക്കാവൂ. അല്ലാത്തവർ ആഹാരത്തിന് അര മണിക്കൂർ മുമ്പ് കുടിച്ചാൽ കൂടുതൽ പ്രയോജനം ലഭിക്കും. തണുപ്പും ദഹനക്കേടും അകറ്റി ശരീരത്തിൽ ആവശ്യത്തിന് ചൂട്, വിശപ്പ് എന്നിവയുണ്ടാക്കുന്നു. അതോടൊപ്പം പകർച്ചവ്യാധികളെ അകറ്റുവാനാവശ്യമായ രോഗപ്രതിരോധശേഷി മെച്ചപ്പെടുന്നു.

ഔഷധക്കാപ്പിയ്ക്ക് ചുക്ക്കാപ്പി, പനിക്കാപ്പി, കരുപ്പെട്ടിക്കാപ്പി എന്നൊക്കെ പേരുണ്ട്. നെയ്യ് ചേർത്ത് ഉപയോഗിക്കുകയും ചെയ്യാം.തൊണ്ടവേദന, ജലദോഷം, പനി, ചുമ എന്നിവയ്ക്ക് വളരെ കാലങ്ങളായി കേരളീയരുടെ പ്രാഥമിക ഔഷധം ഇതാണ്. ഇപ്പോൾ ഈ ലക്ഷണങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ വിലയിരുത്തേണ്ടതുണ്ട്. ചികിത്സയേക്കാൾ പ്രതിരോധമാണ് കോവിഡിനെ തുരത്തുവാനാവശ്യമായത്. കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധിപ്രതിരോധത്തിന് പറ്റിയ ഏറ്റവും ചെലവു കുറഞ്ഞ ഔഷധ പാനീയമാണ് ചുക്ക് കാപ്പി.

അമൃതോത്തരം കഷായ ചൂർണ്ണം, ദശമൂല കടുത്രയം കഷായ ചൂർണ്ണം, ഷഡംഗചൂർണ്ണം എന്നീ ഔഷധങ്ങളുപയോഗിച്ച് മധുരം ആവശ്യമുള്ളവർ കരുപ്പെട്ടി ചേർത്ത് കുടിച്ചാലും ഔഷധക്കാപ്പിയുടെ പ്രയോജനം ലഭിക്കും.

എന്താണ് പഥ്യം?

കർക്കടകത്തിൽ പൊതുവെ പഥ്യത്തിന് വലിയ പ്രാധാന്യം നൽകണം. ആയുർവേദ ചികിത്സയ്ക്ക് പോകുന്നവർ വളരെ വിഷമത്തോടെ കേൾക്കുന്ന ഒരു വാക്കാണ് പഥ്യം. കർക്കടകത്തിൽ ഇത്തിരി കഞ്ഞി വെച്ചു കുടിക്കാം എന്ന് കരുതിയാലും പഥ്യം നോക്കണമെന്ന് പറഞ്ഞ് വിഷമിപ്പിച്ചു കളയുമെന്ന പരാതി പൊതുവേയുണ്ട്. പഥ്യപ്പിഴവ് കാട്ടിയാൽ രോഗം മറുത്തെടുക്കും എന്ന് കൂടി കേൾക്കുന്ന ഒരാൾ, അങ്ങനെയെങ്കിൽ പഥ്യവും വേണ്ട, ആയുർവേദവും വേണ്ട എന്ന് തീരുമാനിക്കുകയാണ് പതിവ്. എന്നാൽ ആയുർവേദക്കാർ മാത്രമല്ല പഥ്യം പറയുന്നത്. എല്ലാ ചികിത്സാ വിഭാഗങ്ങളും പഥ്യം പറയുന്നുണ്ട്.

എന്തൊക്കെ ഉപയോഗിക്കാനും കഴിക്കാനും പാടില്ല എന്ന് പറയുന്നതല്ല പഥ്യം. ഓരോ രോഗാവസ്ഥയിലും എന്തൊക്കെ ഉപയോഗിക്കണമെന്ന് പറയുന്നതാണ് പഥ്യം. ഉപയോഗിക്കാൻ പാടില്ലാത്തവയെ അപഥ്യം എന്നാണ് പറയുന്നത്.

രോഗത്തിലും രോഗാവസ്ഥയിലും ആരോഗ്യത്തിലും ഉപയോഗിച്ചാൽ സുഖം ലഭിക്കുന്നതിനെ പഥ്യമെന്നും അസുഖം വർദ്ധിക്കുവാൻ തക്കവിധം ദോഷമുണ്ടാക്കുന്നവയെ അപഥ്യമെന്നും പറയുന്നു.

പഥ്യവും അപഥ്യവും രണ്ടുവിധമുണ്ട്. പഥ്യാഹാരം, അപഥ്യാഹാരം എന്നതുപോലെ പഥ്യവിഹാരം, അപഥ്യവിഹാരം എന്നിവയുമുണ്ട്. വിഹാരത്തെ തൽക്കാലം ശീലം എന്നു മനസ്സിലാക്കണം.

ഉദാഹരണത്തിന് പ്രമേഹരോഗികൾക്ക് മധുരമില്ലാത്തവ പഥ്യാഹാരവും, മധുരമുള്ളത് അപഥ്യ ആഹാരവുമാണ്. അതുപോലെ വ്യായാമം പഥ്യവിഹാരവും ശരീരം അനങ്ങാതെ ഇരുന്നുളള ജോലി അപഥ്യവിഹാരവുമാണ്. അതുപോലെയാണ് കർക്കടകത്തിൽ എളുപ്പം ദഹിക്കുന്നതേ കഴിക്കാവു എന്നത് പഥ്യമാണ്.

എല്ലാ രോഗത്തിലും പഥ്യമായ ആഹാരവും വിഹാരവും ശീലിച്ചാൽ രോഗം കുറയുമെന്നു മാത്രമല്ല ചികിത്സയും വേഗം അവസാനിപ്പിക്കാം. ഏതെങ്കിലും രോഗത്തിന് ഹിതകരമല്ലാത്ത അതായത് അപഥ്യമായ ആഹാരമോ വിഹാരമോ ഉപയോഗിച്ചാൽ അത് രോഗവർധനവിന് കാരണമാകുകയും ചികിത്സ ഫലിക്കാതെ വരികയും അല്ലെങ്കിൽ ഫലം ലഭിക്കാൻ താമസിക്കുകയെങ്കിലും ചെയ്യും.

എന്തിനും മരുന്നു മാത്രം മതി, പഥ്യാപഥ്യങ്ങൾ നോക്കണ്ട എന്ന് വിചാരിച്ചാൽ രോഗശമനത്തിനായി ഉപയോഗിക്കേണ്ട മരുന്നിന്റെ അളവ് സ്വാഭാവികമായും കൂടുതൽ വേണ്ടിവരും.

ചില ആയുർവേദ മരുന്ന് ഉപയോഗിക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ എല്ലാ ആയുർവേദ മരുന്നുകൾക്കും കർശന നിർദ്ദേശങ്ങൾ അനിവാര്യമാണ് എന്ന് പറയാനാകില്ല. അത് തീരുമാനിക്കേണ്ടത് ശാസ്ത്രം ശരിയായി പഠിച്ച് ചികിത്സ നിശ്ചയിക്കുന്നവരാണ്. എന്നാൽ ഇന്ന് ചികിത്സ തേടിയെത്തുന്നവരെ കാത്തിരിക്കുന്ന, മുൻകൂട്ടി പ്രിൻറ് ചെയ്ത നീണ്ട ലിസ്റ്റ് വെട്ടിയും തിരുത്തിയും ഭക്ഷണം കഴിക്കുവാൻ പോലും രോഗിയെ അനുവദിക്കാതെ, ചികിത്സകൻ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആൾക്കാർ നമുക്കിടയിലുണ്ട്. നിർഭാഗ്യവശാൽ വിദ്യാഭ്യാസവും വിവേകവുമുള്ള ചിലരെങ്കിലും ഇത്തരം വ്യാജ ചികിത്സാ കേന്ദ്രങ്ങളിലൊക്കെ ചെന്നു പെടാറുമുണ്ട്.

മത്സ്യമാംസാദികൾ പൂർണ്ണമായി ഉപേക്ഷിച്ച് സസ്യാഹാരം മാത്രം നിർദ്ദേശിക്കുന്ന രീതിയൊന്നും ആയുർവേദത്തിൽ ഇല്ല. കർക്കടകത്തിൽ പോലും. ചില പ്രത്യേക പാചക രീതികളിലൂടെ എളുപ്പം ദഹിക്കാനിടയില്ലാത്ത ഒന്നിനെ എളുപ്പം ദഹിക്കുന്നതാക്കി മാറ്റാനാകും. ഇറച്ചി വറുത്തു കഴിക്കുന്നതിനേക്കാൽ കറി വെച്ചു കഴിച്ചാൽ ദഹിക്കും. വീണ്ടും വീണ്ടും എണ്ണയിൽ വഴറ്റി പാകം ചെയ്താൽ ഒട്ടും ദഹിക്കാത്തതായി മാറുകയും ചെയ്യും. എളുപ്പം ദഹിക്കുന്നതാണെന്ന് കരുതി പനിയുള്ളവർ പോലും കഴിക്കുന്ന ബിസ്കറ്റ്, ബ്രഡ്, റസ്ക്, ബൺ എന്നിവ ദഹിക്കുവാൻ യഥാർത്ഥത്തിൽ വളരെ പ്രയാസമാണ്. അവ ദഹനക്കുറവുള്ളപ്പോൾ ഒഴിവാക്കുന്നതാണ് ബുദ്ധി.

ചില രോഗങ്ങളുള്ളവർ ചില മത്സ്യങ്ങൾ കഴിക്കരുത്. മറ്റ്ചിലർക്ക് ചില മാംസവിഭവങ്ങൾ നിർദ്ദേശിച്ചിട്ടുമുണ്ട്. സസ്യാഹാരത്തിൽ തന്നെ പലതും കഴിക്കാനും മറ്റ് ചിലത് ഒഴിവാക്കാനും പറയുന്നുണ്ട്.

ചുരുക്കത്തിൽ പഥ്യമായവ പാലിക്കേണ്ടതും അപഥ്യമായവ ഒഴിവാക്കേണ്ടതുമാണ്. അതെന്താണെന്ന് തീരുമാനിക്കുന്നത് രോഗത്തിന്റെയും രോഗിയുടെയും അവസ്ഥയും ചികിത്സാ സാധ്യതകളും മനസ്സിലാക്കിയാണ്.അവശരിയായി നിർദ്ദേശിക്കുവാൻ ശരിയായ ചികിത്സകർക്ക് സാധിക്കും.

കർക്കടകത്തിൽ വളരെ സൂക്ഷിച്ചു മാത്രം ഭക്ഷണം കഴിക്കുക. അഗ്നിബലം അഥവാ ദഹനശക്തി നഷ്ടമാകാതെ സൂക്ഷിക്കുക. അപ്രകാരമായാൽ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാം.

കർക്കടക കഞ്ഞി

പഞ്ചകർമ്മ ചികിത്സയ്ക്ക് പകരമായി കർക്കടകത്തിൽ നിർബന്ധമായി ഉപയോഗിക്കേണ്ടതാണ് കർക്കടക കഞ്ഞി. പഞ്ചകർമ്മ ചികിത്സ ചെയ്യുവാൻ സാമ്പത്തിക ശേഷി ഇല്ലാത്തവരും കോവിഡ് പോലുള്ള പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ അതിന് സാധിക്കാത്തവരും കർ ക്കടക കഞ്ഞി ഉപയോഗിക്കുകയെങ്കിലും വേണം.

ഒരു നേരത്തെ സാധാരണ ഭക്ഷണത്തിനുപകരം കർക്കടകക്കഞ്ഞി ഉപയോഗിക്കാം. 7, 14, 21 ദിവസങ്ങൾ വരെയാണ് ഉപയോഗിക്കാവുന്നത്. ഒരു നേരമാണ് കഴിക്കുന്നതെങ്കിൽ പ്രഭാതത്തിൽ ആയിരിക്കുന്നതാണ് നല്ലത്. പ്രഭാതത്തിലും രാത്രിയിലുമായി രണ്ട് നേരമാക്കിയാൽ അത്രയും നല്ലത്. പോഷണം ആവശ്യമുള്ളവർ ഞവരയരിയ്ക്കൊപ്പവും അല്ലാത്തവർ ഉണക്കലരിയ്ക്കൊപ്പവും ചെറുപയറും ആശാളിയും കൂടാതെ പഞ്ചകോല ചൂർണ്ണമോ (തിപ്പലി, തിപ്പലിവേര്, കാട്ടുമുളകിൻ വേര്, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ്, ചുക്ക് ) ദശപുഷ്പങ്ങളോ (മുക്കുറ്റി,ചെറൂള അഥവാ ബലിപ്പൂവ്, ഉഴിഞ്ഞ,തിരുതാളി,പൂവാംകുറുന്നൽ, കറുക, നിലപ്പന, വിഷ്ണുക്രാന്തി, കയ്യുണ്യം അഥവാ കയ്യോന്നി, മുയൽചെവിയൻ)ചേർത്ത് കഞ്ഞിയുണ്ടാക്കി ഉപയോഗിക്കാം. ദശപുഷ്പങ്ങളിൽ ഏതെങ്കിലും ഒന്നു വീതം ചേർത്ത് കഞ്ഞി വയ്ക്കുന്നവരും ഒന്നിൽ കൂടുതൽ മരുന്നുകൾ ചേർക്കുന്നവരും പത്തെണ്ണവും ചേർത്ത് കഞ്ഞി വെയ്ക്കുന്നവരുമുണ്ട്. ഇതിന് സൗകര്യമില്ലാത്തവർക്ക് മാർക്കറ്റിൽ റെഡിമെയ്ഡായി പായ്ക്കറ്റിൽ ലഭിക്കുന്നതും അതിലുള്ള നിർദ്ദേശമനുസരിച്ച് ഉപയോഗിക്കാം. ചിലയിടങ്ങളിൽ കഞ്ഞി തന്നെ റെഡിമെയ്ഡായി കിട്ടാറുണ്ട്.

KARKKADAKA kANJI
കര്‍ക്കടക കഞ്ഞി

തേങ്ങാപ്പാൽ ചേർത്തോ അല്പം നെയ്യ് താളിച്ച് ചേർത്തോ ചെറുചൂടോടെ വേണം കഞ്ഞി കുടിക്കുവാൻ. ചുവന്നുള്ളി, ജീരകം തുടങ്ങിയവ കൂടി ചേർത്താൽ ദഹനം വർദ്ധിക്കും. കർക്കടക കഞ്ഞിയ്ക്കൊപ്പമോ അവ സേവിക്കുന്ന ദിവസങ്ങളിലോ മത്സ്യമാംസാദികൾ ഒഴിവാക്കുന്നതാണ് നല്ലത്.

കർക്കടകത്തിൽ കഴിക്കുന്നതെന്തും എളുപ്പം ദഹിക്കുന്നതും ക്രമേണ നമ്മുടെ ദഹനശേഷി വർദ്ധിപ്പിക്കുന്നതും അതിലൂടെ രോഗങ്ങളെയകറ്റി ആരോഗ്യമുണ്ടാക്കുന്നതുമായിരിക്കണം.കേരളത്തിൽ കർക്കടകമാസത്തിൽ ഇലകൾ ഉപയോഗിച്ച് കറികൾ, തോരൻ തുടങ്ങിയവ കൂടുതലായി ഉപയോഗിച്ചു വരുന്നു. മത്സ്യ മാംസാദികൾ കുറയ്ക്കുകയും ചെയ്യും.

പത്തില വിഭവങ്ങൾ

കർക്കടകത്തിലെ പഥ്യമെന്ന നിലയിലാണ് ഇലക്കറികൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നത്. ചില ഔഷധ ഗുണമുള്ള ഇലകൾ നിർബന്ധമായും ഉപയോഗിക്കണമെന്ന് കേരളീയ ആയുർവേദ ചികിത്സകർ ഉപദേശിക്കുന്നു.

അതിനായി ഉപയോഗിക്കുന്ന ഇലകളെ പൊതുവെ പത്തിലകൾ എന്ന് വിളിക്കുന്നു. കേരളത്തിൽ പലയിടത്തും പത്തിലകൾ എന്നപേരിലറിയപ്പെടുന്നത് ഒരേ തരം ഇലകൾ അല്ല.എന്നാൽ എല്ലായിടത്തും പത്തോളം ഇലകൾ ഇതിനായി ഉപയോഗിക്കുന്നുമുണ്ട്. അതിനാൽ തന്നെ കേരളത്തിലാകമാനം ഉപയോഗത്തിലിരിക്കുന്ന ഇലകൾ പത്തെണ്ണത്തിലധികം വരുമെന്ന് മനസ്സിലാക്കണം. നമുക്ക് ചുറ്റും പ്രാദേശികമായി സാധാരണയായി കാണുന്ന കുമ്പളം, മത്തൻ, ചേമ്പിന്റെയും ചേനയുടെയും താള്, തകര, തഴുതാമ, പയർ, ചുവന്ന ചീര, വെളുത്ത ചീര, കോവൽ, ഐവിരലിക്കോവൽ , (നെയ്യുണ്ണി /നെയ്യുർണി ) വെള്ളരി തുടങ്ങിയ ഇലകൾ തോരൻ വെച്ച് ഉപയോഗിക്കാം. ഇവയാണ് പത്തിലകൾ എന്നറിയപ്പെടുന്നവയിൽ പ്രമുഖമായിട്ടുള്ളവ.

പത്തിലയിൽപ്പെടാത്ത മറ്റ് പല ഇലകളും പലവിധത്തിൽ ഉപയോഗിച്ച് വരുന്നുണ്ട്. മുരുക്ക്, വട്ട, വാഴ, പൂവരശ്, ചീലാന്തി, കറുവ എന്നിവയുടെ ഇലകളിൽ അട ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണ്.

ഭക്ഷണത്തിന് രുചി കിട്ടുന്നതിനും നന്നായി വിശപ്പുണ്ടാകുന്നതിനും കഴിക്കുന്നതെന്തും ദഹിക്കുന്നതിനും ഗ്യാസിന്റെ അസുഖം കുറയുന്നതിനും രക്തചംക്രമണം ശരിയാക്കുന്നതിനും മലശോധന ശരിയായി ലഭിക്കുന്നതിനും സന്ധികൾക്ക് അയവുണ്ടാകുന്നതിനും ശരീരത്തിലെ നീര് കുറയുന്നതിനും ശരിയായ ഉറക്കം ലഭിക്കുന്നതിനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഇലകൾ ചേർത്ത ആഹാരം നല്ലതാണ്. തളിരിലകളാണ് ഉപയോഗിക്കേണ്ടത്.

കട്ടിയുള്ള ഇലകൾ വെള്ളത്തിൽ പുഴുങ്ങി അല്പം പിഴിഞ്ഞ ശേഷം ചെറുതായി നുറുക്കി തേങ്ങയും ജീരകവും പച്ചമുളകും ചേർത്ത് തോരൻ വെച്ച് കഴിക്കാം. ചൊറിയണം( ആനക്കൊടിത്തൂവ) സൂക്ഷിച്ച് പറിച്ചെടുത്ത് വെള്ളത്തിൽ പുഴുങ്ങിയാൽ പിന്നെ ചൊറിയുകയില്ല. ഏറ്റവും പോഷണവും രുചികരവും ആണ് ചൊറിയണത്തിന്റെ ഇല.

വാതരോഗമോ, ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവരോ സ്ഥിരമായി ഇലകൾ കഴിക്കേണ്ടതില്ല. രക്തത്തിൽ ഹീമോഗ്ലോബിൻ കുറഞ്ഞ് വിളർച്ച രോഗം ഉള്ളവർക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഇരുമ്പുചട്ടിയിൽ ചുവന്ന ചീര പാകപ്പെടുത്തി കഴിക്കാം. ഇതുപോലെ മറ്റ് ഇലകളും പല രീതിയിൽ പാകം ചെയ്യാം.

തോരനും കറിയും മാത്രമല്ല അട, കട്ലറ്റ്, പായസം തുടങ്ങി പലതും ഉണ്ടാക്കി കഴിക്കാം. വിലകൂടിയ മറ്റെന്തു വാങ്ങി ഉപയോഗിക്കുന്നതിനേക്കാളും ഗുണമേന്മയുള്ള ഇലകളെ ബുദ്ധിപൂർവ്വം ഉപയോഗിക്കുവാനായി വീട്ടിലെ തന്നെ മുതിർന്നവരോട് പഴയകാല അറിവുകളെ കുറിച്ച് അന്വേഷിച്ചാൽ മതിയാകും.

ചുരുക്കിപ്പറഞ്ഞാൽ കർക്കടകത്തിൽ പ്രത്യേകം ശ്രദ്ധിച്ചാൽ നിലവിലുള്ള രോഗങ്ങളെ ശമിപ്പിക്കുവാനും ആരോഗ്യത്തിന് നവോന്മേഷമുണ്ടാക്കുവാനും സാധിക്കും. അതിനായി പഞ്ചകർമ്മ ചികിത്സകളാണ് ഏറ്റവും പ്രയോജനപ്പെടുന്നത്. അത് ചെയ്യുവാൻ സാധിക്കാത്തവർ കർക്കടകക്കഞ്ഞി ഉപയോഗിക്കണം. അതിനും സാധിക്കാത്തവർ പത്തില ക്കറികളെങ്കിലും ഉപയോഗിക്കണം. എന്തായാലും കർക്കടകത്തിൽ മഴക്കാല രോഗങ്ങളേയും പകർച്ചവ്യാധികളേയും തടയുന്നതിന് പ്രത്യേക പഥ്യക്രമങ്ങൾ ആവശ്യമാണ്.

(തിരുവനന്തപുരം നേമം ഗവ.ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസറാണ് ലേഖകൻ)

Content Highlights: Karkkadakam 2021, How to boost immunity, Ayurveda tips to boost immunity, Health, Ayurveda

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram