ഫോട്ടോ: വിവേക് ആർ. നായർ
സ്വാഭാവികമായി വന്നുചേരുന്നതും അടിച്ചേല്‍പ്പിക്കപ്പെടുന്നതുമായ നിരവധി മാറ്റങ്ങളാല്‍ കാലം എല്ലായ്‌പ്പോഴും സ്വയം അടയാളപ്പെടുത്തിക്കൊണ്ടിരിക്കും. ജീവിതസാഹചര്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക- സാമ്പത്തിക സ്ഥിതിവിശേഷങ്ങള്‍, അമിത മത്സരത്തിന്റെ സംഘര്‍ഷങ്ങള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ നേരിട്ടോ അല്ലാതെയോ ആരോഗ്യമേഖലയേയും സ്വാധീനിക്കുന്നു.
ഉത്തരവാദിത്വങ്ങളുടെ പട്ടിക
ആരോഗ്യരംഗത്തെ വെല്ലുവിളികള്‍ കൂടുന്നതിനനുസരിച്ച്, അടിസ്ഥാനസിദ്ധാന്തങ്ങളില്‍ വെള്ളം ചേര്‍ക്കാതെ, പ്രയോഗതലങ്ങളില്‍ മാറി ചിന്തിക്കാനുള്ള ബാധ്യത ആയുര്‍വേദത്തിനുണ്ട്.
രോഗനിര്‍ണയോപാധികളുടെ സാങ്കേതികമികവുകളെ സ്വാംശീകരിക്കുക, ഔഷധമേഖലകളില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറാവുക, വിവിധ സ്‌പെഷ്യാലിറ്റി/ സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ക്ക് ഊര്‍ജം പകരുക, ഗവേഷണ പദ്ധതികള്‍ നിര്‍വചിച്ച് നടപ്പിലാക്കുക, അണുബാധയടക്കമുള്ള വെല്ലുവിളികള്‍ക്കെതിരേ കവചമൊരുക്കുക, ശരീരത്തിനോടൊപ്പം മനസ്സിനും ശാന്തിപകരുന്ന ചികിത്സകള്‍ പ്രചരിപ്പിക്കുക, പ്രകൃതിയെ വരുംതലമുറകള്‍ക്കായി സംരക്ഷിച്ച് നിര്‍ത്തുക... ഇങ്ങനെ ഉത്തരവാദിത്വങ്ങളുടെ പട്ടിക നീളുന്നു.
സ്വീകരിക്കണം നൂതനരീതികള്‍
പരിചിതമല്ലാത്ത രോഗങ്ങള്‍ ആശങ്കയുണ്ടാക്കുന്ന ദുരിതകാലങ്ങളില്‍, അത്യാധുനിക രോഗനിര്‍ണയ സംവിധാനങ്ങളെ ആയുര്‍വേദ വിജ്ഞാനത്തോട് ചേര്‍ത്തുവയ്ക്കേണ്ടതുണ്ട്. തന്മാത്രാടിസ്ഥാനത്തില്‍ വൈദ്യശാസ്ത്രചിന്തകള്‍ പുരോഗമിക്കുന്ന കാലഘട്ടത്തില്‍, ത്രിദോഷ സിദ്ധാന്തങ്ങള്‍ക്കൊപ്പം, നൂതന സംവിധാനങ്ങളും സ്വീകരിക്കപ്പെടണം. ഈ പോരുഗോമനപരമായ ആശയം ഇപ്പോള്‍ തന്നെ ആയുര്‍വേദം സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. രോഗകാരണങ്ങളെ ബഹിഷ്‌കരിക്കലാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാന സ്വഭാവം. സൂക്ഷ്മജീവികളടക്കം ഗുരുതര രോഗകാരണങ്ങളാകുന്ന സാഹചര്യത്തില്‍ സ്ഥൂലത്തില്‍നിന്ന് സൂക്ഷ്മതയിലേക്ക് രോഗകാരണങ്ങളെക്കൂടി തിരിച്ചറിയാന്‍ ആയുര്‍വേദവും ശക്തമാകേണ്ടതുണ്ട്.
പരമ്പരാഗത ഔഷധ കല്പനകളെ ഗുണയുക്തമായി നിലനിര്‍ത്തുന്നതിനൊപ്പം ആതുരസൗഹൃദപ്രധാനമായ നവീന മരുന്നുകല്പനകളും കൂടുതല്‍ പ്രചരിക്കേണ്ടതുണ്ട്. മിതമായ മാത്രയില്‍ രോഗസൗഖ്യം പ്രദാനം ചെയ്യാന്‍ കഴിയുന്ന, കഴിക്കാന്‍ എളുപ്പമുള്ള ഔഷധ കല്പനകള്‍കൂടി കാലം ആവശ്യപ്പെടുന്നുണ്ട്. ഈ ദിശയിലുള്ള ഗവേഷണങ്ങള്‍ ആയുര്‍വേദ ഔഷധനിര്‍മാണ മേഖലയില്‍ ആരംഭിച്ചുകഴിഞ്ഞുവെന്നത് ശുഭസൂചനകളാണ് നല്‍കുന്നത്. ഇതോടൊപ്പം ഗുണനിലവാര പരിശോധനകള്‍ കര്‍ക്കശമാക്കുകയും അന്താരാഷ്ട്രതലത്തിലുള്ള പരിശോധനകള്‍ക്ക് സ്വയം സജ്ജമാകുകയും ചെയ്യണം.
ആയുര്‍വേദം നിത്യജീവിതത്തില്‍
ഒരു ശരാശരി മനുഷ്യന്റെ നിത്യജീവിതത്തില്‍ എല്ലാ മേഖലകളിലും ആയുര്‍വേദത്തിന്റെ സ്വാധീനം കാണാന്‍ കഴിയും. ജീവിതമെന്തെന്ന് നിര്‍വചിക്കുന്ന ഈ വേദശാസ്ത്രം ജീവിതചര്യകളെയും പട്ടികതിരിച്ചവതരിപ്പിക്കുന്നു. ആരോഗ്യമെന്നത് ചില്ലുകുപ്പികളിലെ മരുന്നിന്റെ രാസഘടകങ്ങളല്ലെന്ന തിരിച്ചറിവാണ് ആയുര്‍വേദം നല്‍കുന്നത്. അപ്പോള്‍ ആയുര്‍വേദമനുശാസിക്കുന്ന, പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യകള്‍ക്ക് പ്രാധാന്യം കൈവരുന്നു. ദിനചര്യ, ഋതുചര്യ, ശരിയായ വ്യായാമം, നല്ല ഭക്ഷണശീലങ്ങള്‍, ആവശ്യത്തിനുള്ള ഉറക്കം, മാനസിക സംഘര്‍ഷം ലഘൂകരിക്കല്‍ ഇവയെല്ലാം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനവിഭാഗങ്ങളിലേക്ക് എത്തിക്കേണ്ടത് ആവശ്യമാണ്.നാവിന് രുചിനല്കുന്നതിനപ്പുറത്തേക്ക് നല്ല ഭക്ഷണങ്ങളെ സ്വീകരിക്കാനുള്ള സന്മനസ്സിലേക്ക് നമ്മളുയരണം. ആമാശയമെന്നത് രോഗങ്ങളുടെ പ്രവേശനകവാടമാകരുത്. മിതവും ഹിതവുമായ ആഹാരംതന്നെയാണ് മഹാ ഔഷധമെന്ന് വരുംതലമുറകള്‍ തിരിച്ചറിയേണ്ടതുണ്ട്.
ജീവിതശൈലീരോഗങ്ങളെ തടയാന്‍
ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാന്‍ ആയുര്‍വേദത്തിലുള്ള സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സമാന്തര ശാസ്ത്രങ്ങളുമായി ചേര്‍ന്നുകൊണ്ടുള്ള നൂതന ഗവേഷണങ്ങള്‍ ജീവിതശൈലീരോഗങ്ങള്‍ക്കെതിരെയുള്ള മരുന്നുകളുടെ ശക്തിയെ കൂടുതല്‍ വര്‍ധിപ്പിക്കുന്നുണ്ട്. മാനസികസമ്മര്‍ദം, മാനസികരോഗങ്ങള്‍ എന്നിവയില്‍ തികച്ചും പ്രയോജനപ്രദമായ ചികിത്സാരീതികള്‍ ആയുര്‍വേദം, യോഗ, പ്രാണായാമം എന്നിവയിലുണ്ട്. തൊഴില്‍സ്ഥലങ്ങളിലെ സമ്മര്‍ദം കുറയ്ക്കാന്‍ തൊഴിലിടങ്ങളില്‍തന്നെ മാനസികാരോഗ്യം പ്രദാനംചെയ്യുന്ന പ്രത്യേക ആയുര്‍വേദ ക്ലിനിക്കുകള്‍ തുടങ്ങേണ്ടതുണ്ട്. ലഹരിവസ്തുക്കള്‍, അമിത മദ്യപാനം തുടങ്ങിയവയില്‍നിന്നുള്ള ശാശ്വത മോചനത്തിനും സാധ്യതകള്‍ ഏറെയാണ്.
പ്രതിരോധശക്തി കൂട്ടാന്‍
അണുബാധകള്‍ക്കെതിരേ പോരാടാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിവിധ പ്രയോഗ കല്പങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. ഉചിതമായ പഞ്ചകര്‍മ രസായന ചികിത്സകള്‍ വളരെ പ്രസക്തമാണ്. സൂക്ഷ്മാണുക്കള്‍ക്കെതിരേ സസ്യങ്ങളില്‍ നിന്ന് ഗവേഷണം നടത്തി കണ്ടെത്തുന്ന ഔഷധങ്ങള്‍ കാലത്തിന്റെ പ്രതീക്ഷ
യാണ്.
വര്‍ധിക്കുന്ന പ്രാധാന്യം
പ്രായ-ലിംഗ ഭേദമനുസരിച്ചുള്ള ആരോഗ്യപ്രശ്നങ്ങളിലും ആയുര്‍വേദത്തിന്റെ പ്രയോഗങ്ങള്‍ക്ക് പ്രസക്തിയുണ്ട്. കൗമാരക്കാരിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രതിവിധികള്‍ ആയുര്‍വേദത്തിലുണ്ട്. വാര്‍ധക്യരോഗങ്ങളില്‍, ആയുര്‍വേദത്തിന്റെ തലോടല്‍ പരിചിതമാണല്ലോ. സ്ത്രീകളുടെ ആരോഗ്യം, വന്ധ്യത, ശൈശവരോഗങ്ങള്‍ എന്നീ മേഖലകളില്‍ കുതിച്ചുചാട്ടംതന്നെ ആയുര്‍വേദം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
കംപ്യൂട്ടറും മൊബൈല്‍ ഫോണും നിത്യജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ ആയുര്‍വേദ നേത്രസംരക്ഷണം അതീവപ്രാധാന്യമുള്ളതാവുകയാണ്. ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും വിഷമയമാകുമ്പോഴാണ്, പൗരാണികായുര്‍വേദത്തിന്റെ വിഷചികിത്സയെ വീണ്ടും പ്രയോഗത്തില്‍ കൊണ്ടുവരേണ്ടത്. ശരീരത്തിലടിഞ്ഞുകൂടുന്ന വിഷസ്വഭാവമുള്ള ചയാപചയജന്യമാലിന്യങ്ങളെ യഥാസമയം നിര്‍ഹരിച്ച് ശരീരത്തെ നിര്‍മലമാക്കുന്നവയാണ് ശോധനചികിത്സകള്‍.
ഇതര വൈദ്യശാസ്ത്രങ്ങളെപ്പോലെ, ആയുര്‍വേദത്തിലും സ്പെഷ്യാലിറ്റികളുണ്ട്. ശസ്ത്രക്രിയാമേഖലയില്‍ ആയുര്‍വേദം കടന്നുവരുന്ന ഈ കാലഘട്ടത്തില്‍, ആയുര്‍വേദം അനുശാസിക്കുന്ന ഔഷധകല്പനകള്‍, കൂടുതല്‍ ശാക്തീകരിക്കേണ്ടതുണ്ട്. അനസ്തേഷ്യാ മരുന്നുകള്‍, മുറിവുണക്കുന്ന മരുന്നുകള്‍, അണുനാശകമരുന്നുകള്‍ എന്നിവയിലെല്ലാം നാളത്തെ ആയുര്‍വേദം കൂടുതല്‍ സാധ്യതകള്‍ ആവശ്യപ്പെടുന്നു. ആധുനിക ശാസ്ത്രസാങ്കേതികവിദ്യയും ആയുര്‍വേദകല്പനകളും സംയോജിക്കുമ്പോള്‍ അനാരോഗ്യത്തെ അകറ്റിനിര്‍ത്താന്‍ സാധിക്കുകതന്നെ ചെയ്യും.
(കണ്ണൂര്‍ പരിയാരം ഗവ. ആയുര്‍വേദ കോളേജിലെ മെഡിക്കല്‍ സൂപ്രണ്ട് ആണ് ലേഖകന്‍)
Content Highlights: Karkkadakam 2021, Changes in Ayurveda treatments, Health, Ayurveda