കുടല്‍ പ്രവര്‍ത്തനരഹിതം, കോവിഡിനു പിന്നാലെ വന്ന രോഗം; ഫാറൂഖിനിത് രണ്ടാം ജന്മം


2 min read
Read later
Print
Share

ഫറൂഖ് ഡോക്ടർമാരോടൊപ്പം

കൊച്ചി: 'കൈവിട്ടു പോയെന്ന് ഉറപ്പായിടത്തുനിന്നാണ്‌ ഇക്കയെ ഞങ്ങൾക്ക് തിരിച്ചു തന്നത്. ദൈവത്തിനും ഡോക്ടർമാരോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവുന്നതല്ല.' മുപ്പത്തെട്ടുകാരനായ ഫാറൂഖിന്റെ കൈപിടിച്ച് പ്രിയതമ ബുഷ്റ പറഞ്ഞു തുടങ്ങി. കോവിഡ് ബാധിച്ചവരിൽ രക്തയോട്ടം നിലച്ച് കുടൽ പ്രവർത്തനരഹിതമാകുന്ന അതീവഗുരുതരമായ അവസ്ഥയിൽ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സ തേടിയ ഫാറൂഖ് മാസങ്ങൾക്ക് ശേഷം തിരികെ ജീവിതത്തിലേക്ക് മടങ്ങി എത്തുകയാണ്.

ചെറുകിട കച്ചവടക്കാരനായ ഫാറൂഖ് കോവിഡ് മുക്തനായതിന് ശേഷം കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. വിദഗ്ദ്ധ പരിശോധന ആവശ്യമാണെന്ന് അറിയിച്ചതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തുകയും അവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അടിയന്തരമായി സിടി സ്ക്കാൻ പരിശോധന നടത്തിയ ഡോക്ടർമാരാണ് കോവിഡ് ബാധിച്ചവരിൽ രക്തയോട്ടം നിലച്ച് കുടൽ പ്രവർത്തനരഹിതമാകുന്ന അതീവഗുരുതരമായ അവസ്ഥയാണ് ഫറൂഖിന്റെതെന്ന് കണ്ടെത്തുന്നത്.

രക്തയോട്ടം നിലച്ച് പ്രവർത്തനരഹിതമായ കുടലിന്റെ ഭാഗം മുറിച്ചു മാറ്റുക എന്നതാണ് വഴിയെന്നും അണുബാധ ഉണ്ടായതിനാല് തന്നെ ശസ്ത്രക്രിയ വൈകിപ്പിക്കരുതെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഭാരിച്ച ചികിത്സാ തുക താങ്ങാനാകാത്തത് കൊണ്ട് ശസ്ത്രക്രിയ തൃശൂർ മെഡിക്കൽ കോളേജിൽ നടത്തുകയായിരുന്നു. മെയ് മാസം നടത്തിയ രണ്ട് ശസ്ത്രക്രിയകളിലൂടെ കുടലിന്റെ നല്ലൊരു ഭാഗം മുറിച്ചു മാറ്റിയതിന് ശേഷം രണ്ട് മാസത്തോളം അവിടെ തന്നെ തുടരേണ്ടി വന്നു.

ഇതിനിടെ കടുത്ത പനി ബാധിച്ചത് കൂടാതെ, കുടലിനകത്തിട്ടിരുന്ന സ്റ്റിച്ച് പൊട്ടകയും ഇതോടെ സ്ഥിതി ഗുരുതരമായതോടെ വീണ്ടുമൊരു ശസ്ത്രക്രിയ പ്രായോഗികമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അവസാനശ്രമമെന്ന നിലയ്ക്ക് കൂടുതൽ വിദഗദ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റിക്കോളൂ എന്ന അറിയിച്ചതിനെ തുടർന്നാണ് ഫാറൂഖിനെ ആസ്റ്റർ മെഡ്സിറ്റിയിലെത്തിക്കുന്നത്.

'ഇവിടെ ആദ്യത്തെ നാല് ദിവസം ഐ.സി.യുവിലായിരുന്നു. ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ചികിത്സാ മാർഗങ്ങളായിരുന്നു സ്വീകരിച്ചത്. ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് സ്ഥിതി വീണ്ടും വഷളായതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു. കഴിഞ്ഞ മാസം 16-ന് ശസ്ത്രക്രിയ നടത്തിയ ശേഷം എട്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഈ മാസം രണ്ടിനാണ് ഡിസ്ചാർജ് ചെയ്തത്. ഇപ്പോൾ ഭക്ഷണം കഴിച്ചു തുടങ്ങി, നടക്കാനും സംസാരിക്കാനും ഒന്നും ബുദ്ധിമുട്ടില്ല...'-നിറഞ്ഞ സന്തോഷത്തോടെ ബുഷ്റ പറഞ്ഞു.

കടുത്ത അണുബാധയും, കുറഞ്ഞ രക്തസമ്മദ്ദവും കൂടാതെ വെന്റിലേറ്റർ സഹായത്തോടെ ശ്വസിക്കുന്ന അവസ്ഥയിലുമാണ് ഫാറൂഖിനെ കൊണ്ടുവരുന്നത്. ആദ്യത്തെ ദിവസങ്ങളിൽ ഇവയൊക്കെ നിയന്ത്രിച്ച് വെന്റിലേറ്റർ ഒഴിവാക്കാൻ സാധിച്ചുവെങ്കിലും സ്റ്റിച്ച് പൊട്ടിയതിനെ തുടർന്നുണ്ടായ കുടലിലെ ചോർച്ച പരിഹരിക്കാൻ ശസ്ത്രക്രിയ അല്ലാതെ വേറെ മാർഗമൊന്നുമുണ്ടായിരുന്നില്ല. ആഴ്ച്ചകളെടുത്താണ് ശസ്ത്രക്രിയ നടത്താൻ ആവശ്യമായ ആരോഗ്യസ്ഥിതിയിലേക്ക് ഫാറൂഖ് എത്തുന്നത്.

രക്തയോട്ടം നിലച്ചതിനെ തുടർന്ന് ചുരുങ്ങിപ്പോയ കുടലും, കുടലിലെ ചോർച്ചയും കുടൽ മുറിച്ച് മാറ്റാതെ തന്നെ പരിഹരിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്നും ഗ്യാസ്ട്രോ സർജറി വിഭാഗം തലവൻ ഡോ. കെ. പ്രകാശ് പറഞ്ഞു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ശ്വാസകോശം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാറുണ്ടെങ്കിലും കുടലിനെ ബാധിക്കുന്നത് അപൂർവ്വമാണ്. ബാധിച്ചാൽ തന്നെ ജീവൻ തിരികെ ലഭിക്കാനുള്ള സാധ്യതകൾ വിരളമാണ്. രാജസ്ഥാനിലും പാശ്ചാത്യ രാജ്യങ്ങളിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഭുരിഭാഗം രോഗികളും മരണപ്പെടുകയാണുണ്ടായിട്ടുള്ളത്.

ഡോ. പ്രകാശിന് പുറമെ ഗ്യാസ്ട്രോ സർജറി വിഭാഗം വിദഗ്ദ്ധരായ ഡോ. കമലേഷ്, ഡോ. വിപിൻ, ഡോ. സിദ്ധാർത്ഥ്, അനസ്തീഷ്യ ആന്റ് ക്രിട്ടിക്കൽ കെയർ വിഭാഗം തലവൻ ഡോ. സുരേഷ് ജി. നായർ, ഡോ. ജോബിൻ എന്നിവരടങ്ങിയ മെഡിക്കൽ ടീമാണ് ഫാറൂഖിനെ ജീവിതത്തിലേക്ക് തിരിച്ചു നടത്തിയത്.

Content Highlights:Severe intestinal dysfunction months long struggle Farooq is the second born

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram