കോവിഡ് -19 നെ ചെറുത്ത് തോൽപിക്കുന്ന കേരളത്തിലെ കുടുംബശ്രീകൾ


ഡോ.ഡി.മാവൂധ്, രഞ്ജന മേരി വര്‍ഗീസ്‌

3 min read
Read later
Print
Share

കോവിഡ് കാലത്തെ സർക്കാരിന്റെ പദ്ധതിയായ ഫ്രീ ഫുഡ് കിറ്റ് വിതരണ പദ്ധതി സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കളിലും എത്തിക്കുന്നതിനായി സംസ്ഥാനം ഉടനീളമുള്ള കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങുകയും അതിനായി നാലായിരത്തോളം വരുന്ന കുടുംബശ്രീയുടെ ചെറുകിട ഉത്പാദക യൂണിറ്റുകൾ പ്രവർത്തന സജ്ജമാവുകയും 85 ലക്ഷത്തോളം തുണി സഞ്ചികൾ ഇത്തരത്തിൽ നിർമ്മിച്ച് വിപണിയിൽ ഇറക്കുകയും ഉണ്ടായി.

-

ന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി കോവിഡ് -19 മഹാമാരിയെ ഫലപ്രദമായി ചെറുത്തു തോൽപിക്കാൻ കേരളത്തിന് മാത്രമേ സാധ്യമാകുന്നുള്ളൂ എന്നത് വളരെ ബഹുമതി അർഹിക്കുന്ന ഒരു കാര്യം തന്നെയാണ്. തനതായ പങ്കാളിത്ത ഭരണക്രമവും ഉന്നത ശ്രേണിയിലുള്ള സാമൂഹിക പശ്ചാത്തലവും പ്രാദേശികമായ സ്വയം ഭരണ സംഘങ്ങളും ഫലപ്രദമായ കുടുംബശ്രീ പ്രവർത്തനങ്ങളും, ഒരു വ്യാവസായിക സംസ്ഥാനം അല്ലാതിരുന്നിട്ട് കൂടിയും ശക്തമായ സാമ്പത്തിക സ്രോതസ്സാൽ നില കൊള്ളുന്നതുമായ ഒരു സംസ്ഥാനം എന്ന നിലയിൽ കോവിഡ് -19 ന് എതിരേയുള്ള നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ സാമൂഹികമായ ഒരു കർത്തവ്യത്തിന്റെ തലങ്ങളിലേയ്ക്ക് എത്തിച്ചേരുവാൻ ഇന്ന് നമുക്ക് സാധിച്ചിരിക്കുന്നു.

ഫലപ്രദമായ പൊതുവിതരണ സമ്പ്രദായവും, സ്വയം സഹായ സംഘങ്ങളും സമൂഹത്തിലെ അവരുടെ ആഴമേറിയ സ്വാധീനവും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സേവകരുടെയും എണ്ണത്തിലും പ്രവൃത്തിയിലും സമ്പുഷ്ടമാക്കപ്പെട്ട അവരുടെ സേവനങ്ങളും എല്ലാം തന്നെ സർക്കാരിന്റെ ഉദ്യമങ്ങളെ യഥാസമയം കൃത്യമായ രീതിയിൽ നടപ്പാക്കുന്നതിനും അതുവഴി കോവിഡ് എന്ന മഹാമാരിയുടെ ചങ്ങലക്കണ്ണി പൊട്ടിച്ചെറിയുന്നതിനും സാധ്യമായ ഘടകങ്ങൾ ആണ്. അന്താരാഷ്‌ട്ര മാധ്യമങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങളും ഈ പ്രവർത്തനങ്ങളെ കേരളാ മോഡൽ വികസനം എന്ന നാമധേയത്താൽ വാഴ്ത്തുന്നു. അതുപോലെ സർക്കാരിന്റെ കൃത്യവും അനുകരണീയവുമായ ഇടപെടൽ വഴി ലോക ശ്രദ്ധ തന്നെ നമ്മിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു.

മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കേരളത്തിന്റെ പ്രവർത്തനങ്ങളെ ലോകജനത ശ്ലാഘിച്ചുകൊണ്ടിരിക്കുന്നു. വാർത്താപ്രാധാന്യം നേടിത്തന്ന ഈ പ്രവൃത്തികൾ അനുകരിക്കുന്നതിനായി ഇതര സംസ്ഥാനങ്ങളും രാജ്യങ്ങൾ തന്നെയും സാകൂതം വീക്ഷിക്കുന്നത് അഭിമാനകരമാണ്.

കുടുംബശ്രീ

1998-ൽ സ്ഥാപിതമായ കേരള സംസ്ഥാനത്തിലെ ദാരിദ്ര്യ നിർമാർജനസംഘടനകൾ സ്ത്രീകളുടെ കൂട്ടായ്മയായ അയൽക്കൂട്ടങ്ങളിൽ നിന്നും പരിണമിച്ചവയാണ്. രാജ്യത്തെ ഇതര സ്വയം സഹായ സംഘങ്ങളിൽ നിന്നും വിഭിന്നമായി സാമ്പത്തികവും സാമൂഹികവുമായ ഉന്നതി ലക്ഷ്യം വെയ്ക്കുന്ന രീതിയിൽ മാറ്റങ്ങൾ കൈവരിക്കുന്നതിനായി രൂപീകൃതമായ സംഘടനകൾ ആണിവ. കൂടാതെ തുടക്കത്തിൽ തന്നെ പ്രാദേശിക ഭരണ സ്ഥാപനങ്ങളുമായി ഇടപഴകി മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുവാൻ തുടക്കം മുതൽ ശ്രദ്ധിച്ചിരുന്നു. 2015-ൽ കുടുംബശ്രീയിൽ നിന്നും 14,000 സ്ത്രീകൾ പ്രാദേശിക ഭരണ തെരഞ്ഞെടുപ്പിനെ നേരിടുവാൻ സജ്ജരായി മുമ്പോട്ട് വരികയും മത്സരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ ഓരോ കോണിലും ഉള്ള അവരുടെ സാന്നിധ്യം ജനാധിപത്യപരമായ ഒരു ഭരണക്രമത്തിന് ആക്കം കൂട്ടി. അത് പ്രാദേശിക ഭരണ ക്രമത്തെ ത്രസിപ്പിക്കുകയും ഉജ്വലമായ പ്രാദേശിക ഭരണം കാഴ്ച വെയ്ക്കുന്നതിന് ഇടയാക്കുകയും ചെയ്തു.

ഇത് സമൂഹത്തിന്റെ താഴെത്തലങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവിടുത്തെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും അതുവഴി ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയെ സംബന്ധിച്ച അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും ഇടയാക്കി. ഈ അവബോധവും ജനങ്ങളുമായുള്ള അവരുടെ സന്നിവേശവും നമ്മുടെ രാജ്യം കടന്നുപോകുന്ന ഈ സന്നിഗ്ദ്ധാവസ്ഥയിൽ വിലമതിക്കാനാവാത്ത സംഗതിയായി മാറിയിരിക്കുന്നു. അങ്ങനെ കുടുംബശ്രീയിലൂടെ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളും അവരുടെ സന്ദേശങ്ങളും കാലതാമസം കൂടാതെ എല്ലാ ഇടങ്ങളിലും കൃത്യമായി എത്തിക്കൊണ്ടിരിക്കുന്നു. കുടുംബശ്രീയിലെ അംഗങ്ങൾ ഓരോരുത്തരും അണുനാശിനി നിർമ്മാണത്തിലും മുഖാവരണ നിർമ്മാണത്തിലും ഏർപ്പെടുക വഴി അവയുടെ ലഭ്യത വർധിപ്പിക്കുകയും ചെയ്തിട്ടിണ്ട്.

നമ്മുടെ സംസ്ഥാനത്തിന്റെ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ വഴി ഉത്പാദിപ്പിക്കപ്പെടുന്ന വ്യക്ത്യാധിഷ്ഠിതമായ മുഖാവരണങ്ങൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നുവെന്നത് തന്നെ വളരെ ശ്ലാഘനീയമായ സംഗതിയാണ്. അയൽക്കൂട്ടങ്ങൾ വഴി നിർമ്മിക്കപ്പെട്ടിട്ടുള്ള 41.88 ലക്ഷം പുനരുപയോഗപ്രദമായ മുഖാവരണങ്ങളും 5886 ലിറ്ററോളം വരുന്ന അണുനാശിനി നിർമാണങ്ങളും ആരോഗ്യ പ്രവർത്തക സംഘങ്ങൾക്ക് ലഭ്യമാക്കുവാൻ ഇതുവരെ സാധിച്ചിട്ടുണ്ട്. ഈ കൊറോണക്കാലത്ത് ഈ പദ്ധതികൾ വഴി സംസ്ഥാനമൊട്ടാകെയുള്ള സ്ത്രീജനങ്ങൾ 2.3 കോടി രൂപ സമ്പാദിച്ചു.

അതുപോലെ വയോധികരുടെ ആരോഗ്യ സംരക്ഷണത്തിനും അവരുടെ സേവനപരിചരണത്തിനും മറ്റുമായി ഈ കൊറോണക്കാലത്ത് കുടുംബശ്രീകൾ അക്ഷീണം പ്രവർത്തിച്ച് പോരുന്നു. കോവിഡ് കാലത്തെ സർക്കാരിന്റെ പദ്ധതിയായ ഫുഡ് കിറ്റ് വിതരണ പദ്ധതി സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കളിലും എത്തിക്കുന്നതിനായി സംസ്ഥാനം ഉടനീളമുള്ള കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങുകയും അതിനായി നാലായിരത്തോളം വരുന്ന കുടുംബശ്രീയുടെ ചെറുകിട ഉത്പാദക യൂണിറ്റുകൾ പ്രവർത്തന സജ്ജമാവുകയും 85 ലക്ഷത്തോളം തുണി സഞ്ചികൾ നിർമ്മിച്ച് വിപണിയിൽ ഇറക്കുകയും ഉണ്ടായി. ഇതിനായി കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ദർഘാസുകൾ ക്ഷണിക്കുകയും അതുവഴി വാങ്ങിയ തുണിത്തരങ്ങൾ പ്രസ്തുത യൂണിറ്റുകൾക്ക് ന്യായ വിലയ്ക്ക് ലഭ്യമാക്കുവാനും സാധിച്ചു. 15 കിലോയോളം തൂക്കം വരുന്ന സാധനങ്ങൾ വിതരണം ചെയ്യുവാൻ പാകമാകുന്ന വലിപ്പത്തിൽ ഇപ്രകാരം നിർമ്മിച്ച സഞ്ചികൾ സർക്കാരിന്റെ 'പ്ലാസ്റ്റിക്കേ വിട' പദ്ധതി പൂർണവിജയം ആക്കുകയും ചെയ്തു.

ഏതാണ്ട് 22.5 ലക്ഷത്തോളം അംഗങ്ങൾ ഉള്ള 1.9 ലക്ഷം വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തന സജ്ജമായ കുടുംബശ്രീ യൂണിറ്റുകൾക്ക് ജനങ്ങളുടെ ഇടയിൽ വേഗം പ്രവർത്തനസജ്ജം ആകുവാനും അതുവഴി വളരെ വേഗം കോവിഡിന്റെ ഭയാനകതയെ സംബന്ധിച്ച അവബോധവും, സർക്കാരിന്റെ ഇത് സംബന്ധിച്ച സന്ദേശങ്ങളും താഴെത്തട്ടിൽ എത്തിക്കുവാനും അവർക്ക് സാധിക്കുന്നു. സംസ്ഥാനത്തെ സ്വയംഭരണ സംവിധാനങ്ങളുടെ മേൽനോട്ടത്തിൽ കുടുംബശ്രീയുടെ ത്രിതല സംവിധാനം ഉപയോഗിച്ച് 1200 ഓളം സമൂഹ അടുക്കളകൾ കേരളത്തിൽ ഉടനീളം വെറും മൂന്ന് ദിവസം കൊണ്ട് സജ്ജമാക്കുവാനും അതുവഴി കൊറോണക്കാലത്ത് നിരീക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം നൽകുവാനും അവർക്ക് വേണ്ട ആരോഗ്യ പരിചരണവും മറ്റും ഉറപ്പാക്കുവാനും വളരെ വേഗം സാധിച്ചു.

6 മാസം മുതൽ 3 വർഷം വരെ പ്രായമുള്ള കുട്ടികൾക്ക് പോഷകാഹാരം പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായി അമൃതം എന്ന പോഷകാഹാര സമൃദ്ധമായ ആഹാരം നിർമ്മിച്ച് അംഗനവാടി വഴി അമ്മമാരിൽ എത്തിക്കുന്നതിനും കുടുംബശ്രീകൾ ശ്രദ്ധ ചെലുത്തുന്നു. ഇപ്രകാരമുള്ള സന്നദ്ധ സേവന പ്രവർത്തനത്തിലൂടെയും അതുവഴി ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞും പ്രവർത്തിക്കുന്ന കുടുംബശ്രീകളുടെ സന്നദ്ധ പ്രവർത്തകർ കോവിഡ് -19 കാലത്തും പ്രവർത്തനനിരതരാവുകയും ജനങ്ങളുടെ പ്രത്യേകിച്ചും കുട്ടികളുടെയും വയോധികരുടെയും ക്ഷേമസൗഖ്യങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഭാവി സംബന്ധിച്ച്- അടുത്തതെന്ത്!

സാമ്പത്തികമായ മാന്ദ്യം നിലനിൽക്കുന്ന ഈ വേളയിൽ സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങൾക്ക് വിധേയമാകുന്ന രീതിയിൽ കുടുംബശ്രീകളെ സജ്ജരാക്കുകയും അതുപോലെ സാമൂഹികമായ സുരക്ഷാസംവിധാനം ഒരുക്കി ആരോഗ്യമേഖലകളിൽ കൂടി കുടുംബശ്രീകൾക്ക് പങ്കാളിത്തം ലഭ്യമാകത്തക്ക വിധത്തിൽ പദ്ധതികൾ സജ്ജീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

author
(ഡോ.ഡി.മാവൂധ്, ഡയറക്ടര്‍, സ്കൂള്‍ ഓഫ് മാനേജ്‌മന്റ്‌ സ്റ്റഡീസ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജി, കൊച്ചി. രഞ്ജന മേരി വര്‍ഗീസ്‌, അസോസിയേറ്റ് ഡീന്‍, സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ്‌ ഓൺട്രപ്രണർഷിപ്പ്, കൊച്ചി)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram