Image credit: Twitter
രാജ്യത്ത് കോവിഡ് 19 കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ മാസ്‌കിനും സാനിറ്റൈസറുകള്‍ക്കുമുണ്ടായ ക്ഷാമം മറികടക്കാന്‍ എയിംസ് ഡോക്ടര്‍മാര്‍ രംഗത്ത്. സാനിറ്റൈസറുകള്‍, താത്കാലിക ആവശ്യത്തിനായുള്ള പ്ലാസ്റ്റിക് ഫെയ്‌സ് ഷീല്‍ഡുകള്‍ എന്നിവ സ്വന്തമായി നിര്‍മ്മിക്കുകയാണ് ന്യൂഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍.
കോവിഡ് 19 ബാധിച്ച രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ ധരിക്കേണ്ട പ്രത്യേക കിറ്റാണ് പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്‌സ് (പി.പി.ഇ.). മാസ്‌ക്, ഐ ഷീല്‍ഡ്, ഷൂസ് കവര്‍, ഗൗണ്‍, ഗ്ലൗസ് എന്നിവ അടങ്ങുന്നതാണ് പി.പി.ഇ.
എഥനോള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഗ്ലിസറോള്‍, ഡിസ്റ്റില്‍ഡ് വാട്ടര്‍ എന്നിവയാണ് ഹാന്‍ഡ് സാനിറ്റൈസറുകളില്‍ അടങ്ങിയിരിക്കുന്നത്.
കോവിഡ് 19 രോഗികളെ പരിചരിക്കാന്‍ ആവശ്യമായ ഇവയുടെ കുറവിനെത്തുടര്‍ന്നാണ് മൈക്രോബയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സാനിറ്റൈസറുകളും ഫെയ്‌സ് മാസ്‌കുകളും ലബോറട്ടറിയില്‍ നിര്‍മ്മിക്കുന്നത്.
''റിസ്‌ക് എടുക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. ആശുപത്രി അധികൃതര്‍ പി.പി.ഇ. വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അവ മതിയാവുന്നില്ല. അതിനാല്‍ പകരം മാര്‍ഗം തേടാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രി അധികൃതരുമായി സംസാരിച്ച ശേഷമാണ് ഇത്തരമൊരു സംവിധാനം ആരംഭിച്ചതെന്നും ലബോറട്ടറി മെഡിസിന്‍ പ്രൊഫസറും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം ഇന്‍ചാര്‍ജുമായ ഡോ. പുര്‍വ മാധുര്‍ പറയുന്നു. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഇവ തയ്യാറാക്കുന്നത്.
നിലവില്‍ രാജ്യത്ത് 171 പേരെ കോവിഡ് 19 ബാധിച്ചിട്ടുണ്ട്. മൂന്നു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Content Highlights: CoronaVirus AIIMS doctors use self made hand sanitisers plastic masks