Photo: gettyimages.in
കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന പേര് നല്‍കിയ കൊറോണ വൈറസ് ചൈനയ്ക്ക് പുറത്തേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പടരുകയാണ്. 2019 ഡിസംബര്‍ അവസാനം ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 നിലവില്‍ 75 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. 91,313 പേര്‍ രോഗബാധിതരാണ്. മരണം 3118 പിന്നിട്ടു. 2870 പേരും മരിച്ചത് ചൈനയിലാണ്.
ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും ദക്ഷിണകൊറിയയില്‍ 28 പേരും രോഗം ബാധിച്ച് മരണപ്പെട്ടു. യു.എസ്.എയിലും ജപ്പാനിലും ആറു മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ മൂന്നും ഹോങ്കോങ്ങില്‍ രണ്ടും ഓസ്‌ട്രേലിയ, ഫിലിപ്പിന്‍സ്, തയ്‌വാന്‍, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈനയില്‍ രോഗം വ്യാപിക്കുന്നതിന്റെ തോത് കുറയുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. എന്നാല്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇപ്പോള്‍ രോഗവ്യാപനം ശക്തിപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്-19 ആഗോളതലത്തില്‍ വ്യാപിക്കാനും വൈറസ് വ്യാപനം ശക്തമാകാനും വളരെ ഉയര്‍ന്ന സാധ്യതയാണ്(very high) ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള അറിയിപ്പാണിത്.
ഇന്ത്യയില്‍ കോവിഡ്-19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. മൂന്നു കേസുകളാണ് ആകെ കണ്ടെത്തിയത്. രോഗത്തെക്കുറിച്ച് ആഗോളതലത്തില്‍ സൂചന ലഭിച്ചയുടന്‍ തന്നെ ശക്തമായ മുന്നൊരുക്കം നടത്താന്‍ കേരള ആരോഗ്യവകുപ്പിന് സാധിച്ചു. നിപയെ പ്രതിരോധിച്ച അനുഭവം ഈ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി. അതിനാല്‍ തന്നെ യാതൊരു പാളിച്ചയുമില്ലാതെ വൈറസ് ബാധയെ നമുക്ക് തടയാന്‍ സാധിച്ചു.
ഇന്ത്യയില്‍ കോവിഡ്-19 വീണ്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ആറു പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഡല്‍ഹിയിലും തെലങ്കാനയിലുമുള്ള ഓരോ പൗരന്‍മാരിലും ജയ്പ്പൂരില്‍ ഇറ്റലിയില്‍ നിന്നെത്തിയ ഒരു ടൂറിസ്റ്റിനും പരിശോധനാഫലം പോസിറ്റീവായിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ്-19 വ്യാപിച്ചതോടെ ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തിനും ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യാക്കാരില്‍ വലിയൊരു ശതമാനവും മലയാളികളാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും ധാരാളം മലയാളികളുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് ധാരാളം ആളുകള്‍ യാത്ര ചെയ്യുന്നുമുണ്ട്.
ഇറ്റലിയില്‍ മരണസംഖ്യ ഉയരുന്നു
ഇറ്റലിയില്‍ 2036 പേരില്‍ രോഗം വ്യാപിച്ചിട്ടുണ്ട്. 52 പേരാണ് മരിച്ചത്. രോഗവ്യാപനത്തിലും മരണനിരക്കിലും ഇറാന് മുന്‍പിലാണ് ഇപ്പോള്‍ ഇറ്റലിയുടെ സ്ഥാനം. ഇറ്റലിയില്‍ നിന്നും രോഗബാധയുള്ള നാടുകള്‍ വഴിയും നാട്ടിലെത്തുന്ന ആളുകളെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്.
മലയാളികള്‍ ജാഗ്രത പാലിക്കണം
കേരളത്തില്‍ നിലവില്‍ രോഗബാധ ഇല്ലെങ്കിലും അതിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിന് പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. ഗള്‍ഫിലും ചൈനയിലുമൊക്കൊയുള്ള മലയാളികളുടെ വലിയ സാന്നിധ്യമാണ് ഒരു കാരണം. ബിസിനസ്സ് ആവശ്യത്തിനും വിനോദസഞ്ചാരത്തിനും മറ്റുമായി വലിയ തോതില്‍ മലയാളികള്‍ ചൈനയിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും യാത്ര നടത്തുന്നുണ്ട്. ഇപ്പോള്‍ രോഗഭീഷണിയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യാക്കാരില്‍ വലിയൊരു ശതമാനവും മലയാളികളാണ്. ഇത് രോഗവ്യാപനത്തിനുള്ള സാധ്യത കൂട്ടുന്നതാണ്. ചൈനയ്ക്ക് പിന്നാലെ ഇറാനില്‍ മരണനിരക്ക് കൂടിവരുകയാണ്. മലയാളികള്‍ ധാരാളമുള്ള ഗള്‍ഫ് രാജ്യങ്ങളിലും രോഗം കൂടുതല്‍ ആളുകളിലേക്ക് ബാധിക്കുന്നുണ്ട്. ഇത് കേരളത്തിന് ഭീഷണിയാണ്. പഠനാവശ്യത്തിനും ആത്മീയ യാത്രകളുടെ ഭാഗമായും ഇറ്റലിയിലേക്ക് കേരളത്തില്‍ നിന്ന് ധാരാളം ആളുകള്‍ യാത്ര ചെയ്യുന്നുണ്ട്. ഇതും മലയാളികള്‍ക്ക് രോഗഭീഷണിയാണ്.
ജീവിതശൈലി രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് മലയാളികളിലാണെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട അപകടഘടകം. കേരളത്തില്‍ അഞ്ചിലൊരാള്‍ക്ക് പ്രമേഹമുണ്ട്. കൊളസ്ട്രോള്‍, അമിത ബി.പി. എന്നിവയും മലയാളികളില്‍ വലിയ തോതില്‍ കാണപ്പെടുന്നവയാണ്. വൃക്കരോഗവും ഹൃദ്രോഗവുമെല്ലാം മലയാളികളില്‍ വലിയ തോതില്‍ കണ്ടുവരുന്നവയാണ്. ഇതെല്ലാം വലിയ തോതില്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കാനിടയാക്കും. ഇത്തരത്തില്‍ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ പകര്‍ച്ചവ്യാധികള്‍ക്ക് അടിമപ്പെടുന്നു. ജീവിതശൈലീ രോഗങ്ങളും മറ്റ് ഗുരുതര രോഗങ്ങളും ഉള്ളവര്‍ക്ക് കൊറോണ വൈറസ് ബാധയെ കൃത്യമായി പ്രതിരോധിക്കാന്‍ സാധിക്കില്ല. അത് മരണത്തിന് ഇടയാക്കും. ആരോഗ്യപരമായി ദുര്‍ബലരെയാണ് വൈറസ് പെട്ടെന്ന് കീഴടക്കുക. കൊറോണ് വൈറസ് മൂലം ഇതുവരെ മരണപ്പെട്ടവരില്‍ കൂടുതലും 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.
ഗള്‍ഫ് മേഖലയിലെ കോവിഡ്-19 വ്യാപനം
ജനുവരി 29 നാണ് യു.എ.ഇയില്‍ കോവിഡ്-19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. വുഹാനില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലു പേരിലാണ് രോഗം ആദ്യം കണ്ടെത്തിയത്. മറ്റ് മൂന്നു പേരില്‍ കൂടി പിന്നീട് പരിശോധനാഫലം പോസിറ്റീവായി. കൊറോണ ബാധിതനുമായി അടുത്തിടപഴകിയ ഒരു ഇന്ത്യാക്കാരനിലും രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ചതോടെ ചൈന, ഇറാന്‍, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ യു.എ.ഇ. റദ്ദാക്കിയിരുന്നു. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. നിലവില്‍ യു.എ.ഇയില്‍ ഇതുവരെ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇറാനില്‍ മരണം 66 ആയി
വളരെ ശ്രദ്ധിക്കേണ്ട കാര്യം ഇറാനിലെ രോഗവ്യാപനമാണ്. കോവിഡ്-19 ഇറാനില്‍ പിടിമുറുക്കുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇറാനില്‍ ഫെബ്രുവരി 19 നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1501 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 66 പേര്‍ മരിച്ചതായി രാജ്യത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വൈറസ് ബാധയെത്തുടര്‍ന്ന് വെള്ളിയാഴ്ച പള്ളികളിലെ പ്രാര്‍ഥന ഒഴിവാക്കി. ഇറാനില്‍ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് ഇപ്പോഴും ദൂരൂഹമാണ്. വൈസ് പ്രസിഡന്റ് മസൗമെ എബ്തെക്കര്‍, ആരോഗ്യമന്ത്രി ഇറാജ് ഹരീര്‍ച്ചി എന്നിവര്‍ക്കും രണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.
ദക്ഷിണകൊറിയയും ജപ്പാനും
ദക്ഷിണകൊറിയയില്‍ 5186 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 28 പേര്‍ മരിച്ചു. അമ്പതിലധികം രാജ്യങ്ങള്‍ ദക്ഷിണകൊറിയയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തത്സമയ വിസ സംവിധാനം നിര്‍ത്തിവെച്ചെങ്കിലും ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് സാധാരണ വിസയ്ക്ക് അപേക്ഷിക്കാമെന്ന് എംബസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
274 പേര്‍ക്കാണ് ജപ്പാനില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആറുമരണങ്ങളും നടന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നല്‍കിവരുന്ന തത്സമയ വിസ സൗകര്യം ഇന്ത്യ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇക്കാര്യം ടോക്യോവിലെ ഇന്ത്യന്‍ എംബസിയാണ് അറിയിച്ചത്.
ഒരാള്‍ക്ക് കോവിഡ്-19; മുന്‍കരുതലെടുത്ത് സൗദി അറേബ്യ
രോഗബാധയ്ക്കെതിരായ മുന്‍കരുതലായി കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് മക്ക, മദീന സന്ദര്‍ശിക്കുന്നതില്‍ നിന്ന് സൗദി അറേബ്യ താത്കാലിക വിലക്കേര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് സാന്നിധ്യം ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് സൗദി ലക്ഷ്യമിടുന്നത്.
ബഹ്റൈനില്‍ രോഗബാധ 49 പേര്‍ക്ക്
ഇറാനില്‍ നിന്നും വന്ന യാത്രക്കാര്‍ക്കാണ് കൊറോണ ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. 49 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 24 നാണ് രോഗം ആദ്യമായി ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളില്‍ വെച്ചുതന്നെ ബഹ്റൈന്‍ നിരീക്ഷിക്കുന്നുണ്ട്. മുന്‍കരുതല്‍ എന്ന നിലയ്ക്ക് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും ബഹ്റൈനിലേക്കും തിരിച്ചുമുള്ള ഫ്ളൈറ്റുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇറാനില്‍ നിന്നും തിരിച്ചെത്തിയവര്‍ സ്വന്തം രീതിയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കുവൈത്തില്‍ 56 പേര്‍ക്ക്
ഫെബ്രുവരി 26 നാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 56 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലെ മഷാദ് സിറ്റിയില്‍ നിന്നും ഒഴിപ്പിച്ച 700 പേരില്‍ നിന്നാണ് രോഗമുള്ളവരെ തിരിച്ചറിഞ്ഞത്. രോഗബാധയുള്ളവരുടെ നിലവിലെ സ്ഥിതി തൃപ്തികരമാണ്.
ഇറാക്കില്‍ 26 പേര്‍ക്ക്
ഫെബ്രുവരി 24 നാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 26 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നജാഫ് സിറ്റിയിലെ ഇറാനിയന്‍ വിദ്യാര്‍ഥിയിലാണ് രോഗബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇറാനില്‍ നിന്നും അടുത്തിടെ രാജ്യത്തെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളിലാണ് പിന്നീട് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ബാഗ്ദാദിന് സമീപം കിര്‍കുക്കിലാണ് ഇത് കണ്ടെത്തിയത്. അന്നുമുതല്‍ വിദേശ പൗരന്‍മാരെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇറാക്ക് വിലക്കേര്‍പ്പെടുത്തി. ഇറാനുമായും കുവൈത്തുമായുമുള്ള അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തു.
ഇസ്രായേലില്‍ 12 പേര്‍
ഫെബ്രുവരി 21 നാണ് ഇസ്രായേലില്‍ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 12 പേരില്‍ രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് ആഡംബരക്കപ്പലില്‍ നിന്നും ഒഴിപ്പിച്ച 11 പേരിലാണ് കൊറോണ ബാധിച്ചവരെ ആദ്യമായി കണ്ടെത്തിയത്. രോഗം ബാധിച്ചവര്‍ ടെല്‍ ഹഷോമറിലെ ഷേബ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചും ഐസൊലേഷന്‍ യൂണിറ്റുകള്‍ തയ്യാറാക്കിയും ആളുകളുടെ കൂടിച്ചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും രോഗവ്യാപനത്തെ ചെറുക്കുകയാണ് ഇസ്രായേല്‍.
ഒമാനില്‍ ആറു പേര്‍ക്ക്
ഫെബ്രുവരി 24 നാണ് ഒമാനില്‍ ആദ്യമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ആറു പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്നും രാജ്യത്തെത്തിയ രണ്ടു സ്ത്രീകളിലാണ് രോഗം കണ്ടെത്തിയത്. രോഗികളുടെ നില തൃപ്തികരമാണ്. ഇറാനിലേക്കുള്ള എള്ളാ യാത്രാവിമാനങ്ങളും ഒമാന്‍ റദ്ദാക്കിയിട്ടുണ്ട്.
സിംഗപ്പൂര്‍(102), ഹോങ്കോങ് (95), യു.എസ്.എ.(105), ഫ്രാന്‍സ്(191), ജര്‍മ്മനി(165), തായ്ലന്‍ഡ്(43), ഹോങ്കോങ് (100)തായ്വാന്‍ (42), സ്പെയിന്‍(120), ഓസ്ട്രേലിയ(31), മലേഷ്യ(29), യു.കെ.(40), വിയറ്റ്നാം(16) എന്നിങ്ങനെയാണ് മറ്റു ചില രാജ്യങ്ങളിലെ രോഗബാധിതരുടെ കണക്ക്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനില്‍ രണ്ടും നേപ്പാളിലും ശ്രീലങ്കയിലും അഫ്ഗാനിസ്ഥാനിലും ഓരോ കേസുകള്‍ വീതവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
രോഗത്തെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്
നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തുകയാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്.
- രോഗം ബാധിച്ച സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക.
- കഴുകാത്ത കൈകള്‍കൊണ്ട് കണ്ണുകള്‍, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരുത്.
- സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക, ഇരുപത് സെക്കന്‍ഡോളം കൈകള്‍ കഴുകണം.
- പനിയുള്ളവരുമായി അടുത്തിടപഴകാതിരിക്കുക.
- പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
- അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക.
- പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയംചികിത്സ ചെയ്യാതെ വൈദ്യസഹായം തേടുക.
- രോഗമുള്ളവരുമായി കഴിയുന്നത്ര അകലം പാലിക്കേുക. ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.
- പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരുമായി അടുത്തിടപഴകരുത്.
- രോഗബാധിത പ്രദേശങ്ങളില്‍ക്കൂടി യാത്രചെയ്യേണ്ടിവരികയാണെങ്കില്‍ ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കുക.
- പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ വൈദ്യസഹായം തേടണം
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ, മുക്ക് പൊത്തിപ്പിടിക്കുക.
- ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.
ഡോ. എം. മുരളീധരന്‍
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
നിയുക്ത സംസ്ഥാന വൈസ് പ്രസിഡന്റ്
Content Highlights: corona virus spreading middle east kerala people needs to know